UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മുത്ത്വലാക്ക് ചൊല്ലേണ്ടത് മുല്ലമാരെ

Avatar

സാബിര്‍ കോട്ടപ്പുറം

(മുസ്ലീം പുരുഷന്‍ തന്റെ ഭാര്യയെ മുത്തലാക്ക് ചൊല്ലി വിവാഹ മോചനം നടത്തുന്ന ആചാരത്തെ എതിര്‍ത്തു കേന്ദ്ര ഗവണ്‍മെന്‍റ് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുകയാണ്. അതേ സമയം  മുത്തലാക്കിന് എതിരെയുള്ള പ്രചരണത്തെ മുസ്ലീം പുരോഹിതന്മാര്‍ ശക്തമായ വിമര്‍ശനമാണ് ഉയര്‍ത്തുന്നത്. പരിഷ്ക്കരണത്തിന്റെ പേരില്‍ വ്യക്തി നിയമങ്ങള്‍ മാറ്റി എഴുതാന്‍ സാധിക്കില്ലെന്ന്  കഴിഞ്ഞ സെപ്തംബര്‍ 2നു ആള്‍ ഇന്ത്യ മുസ്ലീം വ്യക്തി നിയമ ബോര്‍ഡ് കോടതി മുമ്പാകെ പറഞ്ഞിരുന്നു. ദാമ്പത്യ ബന്ധത്തില്‍ വിള്ളലുകള്‍ ഉണ്ടായാല്‍ ഭാര്യയെ ഒഴിവാക്കാന്‍ കുറ്റകൃത്യങ്ങള്‍ അവലംബിക്കുന്നതിനേക്കാള്‍ നല്ലത് വിവാഹ മോചനം തന്നെയാണ് എന്നു വ്യക്തി നിയമ ബോര്‍ഡ് പറഞ്ഞത് വിവാദമാവുകയും സ്ത്രീ സംഘടനകളില്‍ നിന്നു നിശിതമായ വിമര്‍ശനം ഏറ്റുവാങ്ങുകയും ചെയ്തിരുന്നു.) 

“ഒരു പുരുഷന് ഭാര്യയെ വേണ്ടാന്നു തോന്നിയാല്‍ മൂന്നു ത്വലാക്കും ചൊല്ലി എത്രയും പെട്ടെന്ന് പിരിയാന്‍ അവസരം കൊടുക്കുകയാണ് വേണ്ടത്, അല്ലാതെ കാലതാമസവും പണച്ചിലവും ഉണ്ടാകുമ്പോള്‍ അവന്‍ ഭാര്യയെ കൊല്ലാന്‍ വരെ സാധ്യത ഉണ്ട്, അവള്‍ കൊല്ലപ്പെടുന്നതിനെക്കാള്‍ നല്ലതല്ലേ മുത്തലാക്ക് ?”. സുപ്രീം കോടതിയോട് ഇങ്ങനെ ചോദിച്ചത് ഓള്‍ ഇന്ത്യ മുസ്ലിം പേര്‍സണല്‍ ലോ ബോര്‍ഡ് ആണ്. അനുവദനീയമാക്കപ്പെട്ട കാര്യത്തില്‍ ഒട്ടും പ്രോത്സാഹിപ്പിക്കപ്പെടാത്ത, അനുരഞ്ജനത്തിന്റെ എല്ലാ സാധ്യതകളും അവസാനിക്കുമ്പോള്‍ മാത്രം ചിന്തിക്കേണ്ട ത്വലാക്കിനെയാണ് മുസ്ലിം പേര്‍സണല്‍ ലോ ബോര്‍ഡ് പ്രാകൃത പുരുഷ കേന്ദ്രികൃതമായ വായനയിലൂടെ നിസാരവല്‍ക്കരിക്കുന്നത്. അവരുടെ മുന്നില്‍ ഇസ്ലാമും സ്ത്രീയും വിവാഹത്തിന്റെ പരിശുദ്ധിയും ബന്ധങ്ങള്‍ കൂട്ടിച്ചേര്‍ക്കാന്‍ പ്രവാചകന്‍ പഠിപ്പിച്ച മാതൃകള്‍ ഒന്നുമില്ല.  മുത്ത്വലാക്ക്, ഇടക്കെട്ട് പോലുള്ള അനിസ്ലാമിക പ്രവണതകളെ മതമായി അവതരിപ്പിക്കുകയാണ് ഇവര്‍ ചെയ്യുന്നത്. ചെരുപ്പിനനുസരിച്ച് കാല്‍ മുറിക്കുന്ന ദുരവസ്ഥ.

ഒരാള്‍ മൂന്നു ത്വലാക്കും ഒരുമിച്ച് ചൊല്ലുമ്പോള്‍ അതില്‍ അവന്റെ വൈകാരികതയ്ക്ക് വലിയ സ്ഥാനം ഉണ്ടാകും. പലപ്പോഴും ഈ വികാരം ശമിക്കുമ്പോള്‍ ത്വലാക്ക് ചൊല്ലിയത് തെറ്റായിപ്പോയെന്നു അവനു തോന്നും. അപ്പോള്‍ മുന്‍ ഭാര്യയുമായി അവനു വീണ്ടും വിവാഹിതനാകാന്‍ ഇടക്കെട്ട് എന്നൊരു സംവിധാനവും ഈ സൊ കോള്‍ഡ് മുല്ലാമാര്‍ വിഭാവനം ചെയ്യുന്നുണ്ട്. അവിടെയും സ്ത്രീ തന്നെ ഇര. അവള്‍ വേറെ ഒരുത്തനുമായി വിവാഹിതനായാലേ ആദ്യ ഭര്‍ത്താവുമായുള്ള വിവാഹം സാധ്യമാകൂ. അതിനൊരു താല്‍ക്കാലിക വിവാഹം നടത്തും. ‘അത്തരക്കാരില്‍ ശാപം ഉണ്ടാകട്ടെ ‘എന്ന് പ്രവാചകന്‍ പ്രാര്‍ത്ഥിച്ച ഇടക്കെട്ടാണ് ഇവിടെ ഇസ്ലാമിന്റെ പേരില്‍ നടക്കുന്നത്. മുത്ത്വലാക്കിന്റെ ഉപോല്‍പ്പന്നമാണ് ഈ ഇടക്കെട്ട്. എലിപ്പത്തായത്തിലെ ഉണ്ണിയെ പോലെ കാലവും രീതികളും വ്യവസ്ഥിതികളും മാറുന്നത് തിരിച്ചറിയാനോ അംഗീകരിക്കാനോ തയ്യാറാകാതെ സ്വയം തീര്‍ത്ത തുരുത്തില്‍ ഇന്ത്യയിലെ മുസ്ലിം സമൂഹത്തെ തളച്ചിടാനാണ് ചില മുല്ലാമാര്‍ ശ്രമിച്ച് കൊണ്ടിരിക്കുന്നത്. ലോകത്തെ ഒട്ടുമിക്ക മുസ്ലിം രാജ്യങ്ങളും, പാകിസ്ഥാനും ബംഗ്ലാദേശും ഉള്‍പ്പെടെ നിയമം കൊണ്ട് നിരോധിച്ച കാര്യങ്ങള്‍ക്ക് വേണ്ടിയാണ് ഇവര്‍ വാദിക്കുന്നത്. 

വിവാഹവും കുടുംബ ജീവിതവും ഏറ്റവും പവിത്രമായതും അതിനെ പ്രോത്സാഹിപ്പിക്കുന്ന രീതിയുമാണ് ഇസ്ലാം കാഴ്ച വെക്കുന്നത്. സന്യാസത്തെ ഇസ്ലാം പ്രോത്സാഹിപ്പിക്കുന്നില്ല. ഇനി ത്വലാക്കിന്റെ അഥവാ വിവാഹ മോചനത്തിന്റെ കാര്യം പരിശോധിച്ചാല്‍  ഒന്നും ചൊല്ലി രണ്ടുംചൊല്ലി മൂന്നും ചൊല്ലി എന്ന് ഒറ്റയടിക്ക് പറഞ്ഞു കൊണ്ട് സ്ത്രീയെ വഴിയില്‍ ഉപേക്ഷിച്ച് കളയാന്‍ പറ്റുന്ന ഒരു സംവിധാനമല്ല ത്വലാക്കിലൂടെ പ്രവാചകന്‍ കാണിച്ച് തന്ന മാതൃക. ഈ മൂന്നു ത്വലാക്ക് ഒറ്റയടിക്ക്  ചൊല്ലുക എന്നത്  തന്നെ ഏറ്റവും പരിഹാസ്യമായ അനാചാരമാണ്. “ഒരാള്‍ തന്റെ ഭാര്യയെ ഒറ്റയടിക്ക് മൂന്നു ത്വലാഖും ചെയ്തതായി ഒരിക്കല്‍ മുഹമ്മദ്‌നബി (സ) കേട്ടു. ഉടനെ രോഷത്തോടെ എഴുന്നേറ്റുകൊണ്ട് അദ്ദേഹം പറഞ്ഞു: `അല്ലാഹുവിന്റെ ഗ്രന്ഥത്തോടു കളിക്കുകയോ, അതും ഞാന്‍ നിങ്ങള്‍ക്കിടയിലുള്ളപ്പോള്‍!` ഈ നടപടിയില്‍ തിരുമേനിക്കുണ്ടായ കോപം കണ്ട് സദസ്യരിലൊരാള്‍ ചോദിച്ചുപോയി. ഞങ്ങളയാളെ വധിക്കട്ടെ തിരുദൂതരേ, എന്ന്.” (നസാഈ 3348). പ്രായോഗികമായ പല നടപടിക്രമങ്ങളാണ് ഇസ്ലാം വിശദീകരിക്കുന്നത്. ഒരാള്‍ക്ക് വിവാഹ ജീവിതവുമായി ഒരുതരത്തിലും മുന്നോട്ടു പോകാന്‍ സാധിക്കില്ല എന്ന് വന്നാല്‍ ആദ്യം തന്നെ വിവാഹ മോചനത്തെ കുറിച്ചല്ല ചര്‍ച്ച ചെയ്യേണ്ടത്. മറിച്ച് ഇക്കാര്യത്തെ കുറിച്ച് ഭാര്യയെ ഉപദേശിക്കുക, അതും നടന്നില്ലെങ്കില്‍ കിടപ്പറയില്‍മാറി കിടക്കുക, ഇങ്ങനെ പല നടപടി ക്രമങ്ങളും പറയുന്നു. അതൊന്നും ഫലവത്താകുന്നില്ലെങ്കിലും വിവാഹ ബന്ധം വേര്‍പ്പെടുത്താന്‍ തീരുമാനിക്കാന്‍ അനുവാദമില്ല. അനുരഞ്ജന ശ്രമങ്ങള്‍ നടത്താനാണ് വിശുദ്ധ ഖുര്‍ആന്‍ പറയുന്നത്. രണ്ടു പേരുടെയും പക്ഷത്ത് നിന്നും ആളുകളെ കണ്ടെത്തുകയും അവര്‍ പരമാവധി അനുരഞ്ജനത്തിലേക്ക് എത്തിക്കാനുള്ള ചര്‍ച്ചകള്‍ നടത്തുക. വിവാഹ ബന്ധം വേര്‍പ്പെടുത്താനായിരിക്കരുത് ഒരിക്കലും ഈ മധ്യസ്ഥന്‍മാര്‍ ശ്രമം നടത്തേണ്ടത് എന്ന് വ്യക്തമായും പറയുന്നുണ്ട് .

മധ്യസ്ഥ ശ്രമം പൂര്‍ണ്ണമായും പരാജയപ്പെടുകയും ബന്ധം വേര്‍പ്പെടുത്തല്‍ അല്ലാതെ വേറൊരു മാര്‍ഗവുമില്ല എന്ന സാഹചര്യം ഉണ്ടായാലും മാത്രമേ ത്വലാക്ക് എന്ന സംവിധാനത്തിലേക്ക് എത്തിപ്പെടുകയുള്ളൂ. അപ്പോഴും മുത്തലാക്ക് എന്ന് വിളിക്കുന്ന മൂന്നു ത്വലാക്കും ഒരുമിച്ച് ചൊല്ലി ഒഴിവാക്കലല്ല. പ്രധാനമായും രണ്ടു നിബന്ധനകള്‍ ഉണ്ട് . ഒന്ന് ആര്‍ത്തവകാലത്ത് ത്വലാക്ക് ചൊല്ലാന്‍ പാടില്ല. ദമ്പതികള്‍ ലൈംഗിക ബന്ധത്തിലെര്‍പ്പെടാത്ത ആര്‍ത്തവമില്ലാത്ത കാലത്ത് അല്ലെങ്കില്‍ സ്ത്രീ ഗര്‍ഭിണിയാണോ എന്നറിഞ്ഞതിനു ശേഷം മാത്രമേ ത്വലാക്ക് സാധ്യമാകൂ. ആര്‍ത്തവ കാലത്ത് സ്ത്രീകള്‍ക്കിടയില്‍ ഉണ്ടാകുന്ന മാനസിക വ്യതിയാനങ്ങള്‍ പരിഗണിച്ചും, ഗര്‍ഭിണി ആണെന്ന് അറിഞ്ഞാല്‍ ഉദരത്തില്‍ വളരുന്ന കുഞ്ഞിനെ ഓര്‍ത്തെങ്കിലും ഒരുമിക്കാനുള്ള സാധ്യതക്കും വേണ്ടിയാണ് ഇങ്ങനെ ഒരു നിബന്ധന വെച്ചത്. ഈ സാധ്യതകളിലും അവര്‍ ഒരുമിക്കുന്നില്ല എന്ന് കണ്ടാല്‍ രണ്ടു സാക്ഷികളുടെ സാന്നിധ്യത്തില്‍ ത്വലാക്ക് ചൊല്ലാം. പക്ഷെ അപ്പോഴും അവള്‍ വിവാഹ മോചിത ആകുന്നില്ല. മറിച്ച് ഇദ്ധ (iddat) കാലം ആരംഭിക്കുകയാണ് ചെയ്യുന്നത്. മൂന്നു ആര്‍ത്തവം പൂര്‍ത്തിയാകുന്ന വരെയുള്ള കാലയളവാണ് സാധാരണ ഗതിയില്‍ ഇദ്ധ കാലഘട്ടം. ഗര്‍ഭിണിയുടെ കാര്യത്തില്‍ പ്രസവിക്കുന്നത് വരെയാണ് ഈ കാലയളവ്‌ . ഈ കാലഘട്ടത്തില്‍ അവള്‍ ഭര്‍ത്താവിന്റെ വീട്ടില്‍ തന്നെയാണ് നില്‍ക്കേണ്ടത്. അവളുടെ ചിലവുകള്‍ വഹിക്കേണ്ടതും ഭര്‍ത്താവ് തന്നെയാണ്. മൊഴിചൊല്ലിയ ശേഷവും ഭാര്യ തന്റെ വീട്ടില്‍ തന്നെ, തന്റെ അടുത്തുതന്നെ ഉണ്ടാവുകയെന്നത് അയാളെ ഒരു പുനര്‍വിചിന്തനത്തിലേക്ക് നയിക്കാനുള്ള സാധ്യത അവശേഷിപ്പിക്കും. അതുകൊണ്ട് തന്നെ മനസ്സ് മാറുകയാണെങ്കില്‍ അവളെ തിരിച്ചെടുക്കാന്‍ അയാള്‍ക്ക് സാധിക്കും. ഇദ്ധ കാലയളവ് കഴിഞ്ഞിട്ടും പിരിയാന്‍ തന്നെയുള്ള തീരുമാനത്തിലാണ് ഉറച്ച് നില്‍ക്കുന്നതെങ്കില്‍ മാത്രമാണ് ത്വലാക്ക് പൂര്‍ണ്ണമാകുന്നത്. അത് തന്നെ വളരെ മാന്യവും അവകാശ ലംഘനം നടത്താതെയും ആകണമെന്ന് ഇസ്ലാം നിഷ്കര്‍ഷിക്കുന്നു. എന്നാല്‍ മുത്ത്വലാക്ക് വാദികള്‍ ഇവിടെ ത്വലാക്കിനെ കുട്ടിക്കളി ആക്കിയിരിക്കുന്നു. തുര്‍ക്കി, ടുണിഷ്യ, ഇറാക്ക്, ഇറാന്‍, ബംഗ്ലാദേശ്, അള്‍ജീരിയ തുടങ്ങിയ മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിലൊക്കെ നിയമം കൊണ്ട് തന്നെ നിരോധിച്ചിട്ടുണ്ട് ഈ മൂന്നു ത്വലാക്ക് ചൊല്ലുന്ന പരിപാടി. പാകിസ്ഥാനില്‍ പോലും മൂന്നു ത്വലാക്ക് ഒരുമിച്ച് ചൊല്ലാന്‍ സാധിക്കില്ല. ഒരു ത്വലാക്ക് ചൊല്ലുമ്പോള്‍ തന്നെ അത് സര്‍ക്കാരിനെ അറിയിക്കണം. സര്‍ക്കാര്‍ അവരുടെ ഭാര്യയുമായി ബന്ധപ്പെടുകയും മേല്‍ പറഞ്ഞ ഇദ്ധ കാലയളവ്‌ കഴിഞ്ഞാല്‍ മാത്രമേ പൂര്‍ണ്ണ വിവാഹ മോചനം സാധ്യമാകൂ.

മൂന്നു ത്വലാക്കും ഒരുമിച്ച്  ചൊല്ലിയാല്‍ അത് സാധുവല്ല എന്ന് ഹൈക്കോടതിയുടെയും സുപ്രീംകോടതിയുടെയും വിധികള്‍ ഉണ്ടെങ്കിലും നിയമവൃത്തങ്ങള്‍ക്കൊന്നും ഒന്നും ചെയ്യാന്‍ പറ്റാത്ത വിധത്തില്‍ മുത്തലാക്ക് വ്യാപകമായി നടക്കുന്നു. ഇവിടെ കോടതിയുടെ പരിമിതി ത്വലാക്ക് സാധുവല്ല എന്ന് കോടതിക്ക് പറയാമെന്നല്ലാതെ രണ്ടാളെയും ഒരുമിപ്പിച്ച് ജീവിപ്പിക്കാന്‍ കോടതിക്ക് സാധിക്കില്ലല്ലോ. ത്വലാക്ക് സാധുവല്ല എന്ന് പറഞ്ഞുകൊണ്ട് ഭാര്യക്ക് ചിലവിനോ നഷ്ടപരിഹാരമോ വാങ്ങിക്കൊടുക്കാനെ കോടതിക്ക് സാധിക്കൂ. ഭാര്യ എന്ന നിലയില്‍ ശാരിരിക, മാനസിക പരിഗണനകള്‍ ഒന്നും ലഭിക്കാതെ ചിലവിനു മാത്രം ലഭിക്കുന്നത് ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം അപമാനകരമാണ്. ആ അപമാനം സഹിക്ക വയ്യാതെ വരുമ്പോള്‍ അവളും ത്വലാക്കിനു സമ്മതിക്കേണ്ടി വരുന്നു. ചുരുക്കിപ്പറഞ്ഞാല്‍ ഒരു സുപ്രഭാതത്തില്‍ മുത്തലാക്ക് ചൊല്ലിയാലും ക്രമേണ അത് തന്നെ നടപ്പിലായി വരുന്നു. പാവപ്പെട്ടവരും വിദ്യാഭ്യാസം കുറഞ്ഞ സ്ത്രീകളുമാണ്  ഇതിന്റെ പ്രധാന ഇരകള്‍.

വിവാഹ മോചനത്തിലെ ദുരുപയോഗം മൂലം സ്ത്രീ സമൂഹം അനുഭവിക്കുന്ന കഷ്ടപ്പാടുകള്‍, അഗതികളാക്കപ്പെടുന്ന കുട്ടികള്‍ അതുണ്ടാക്കുന്ന സാമുഹിക പിന്നോക്കാവസ്ഥ ഇവയൊന്നും ഇവര്‍ കാണുന്നേ ഇല്ല. ബ്രിട്ടിഷ് കാലത്ത് ഉണ്ടാക്കപ്പെട്ട മുഹമ്മദന്‍ ലോയില്‍ കൈ വെച്ചാല്‍ മതം തകരുമെന്ന മൂഢവിശ്വാസവും കൊണ്ടാണ് ഇവര്‍ ജീവിക്കുന്നത്. 99.9% മുസ്ലിംകള്‍ അധിവസിക്കുന്ന മൊറോക്കോയില്‍ പതിറ്റാണ്ടുകളുടെ സമ്മര്‍ദ്ദ ഫലമായി അവിടത്തെ രാജാവിന്റെ നേതൃത്വത്തില്‍ പാര്‍ലമെന്റ് പാസ്സാക്കിയ പുതിയ ഫാമിലി കോഡ് (Family Code) ഇന്ത്യയിലെ മുസ്ലീംകള്‍ക്കും അനുകരണീയമാണെന്ന് തോന്നുന്നു. ഇസ്ലാമികാധ്യാപനങ്ങളുടെ ചട്ടക്കൂടില്‍ നിന്നുകൊണ്ട് തന്നെ വിവാഹത്തെയും വിവാഹ മോചനത്തെയും ബഹുഭാര്യത്വത്തെയുമൊക്കെ പുനര്‍ നിര്‍വചിക്കാനും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും കൂടുതല്‍ സുരക്ഷിതത്വം നല്‍കാനും ഈ കോഡിനു സാധിക്കുന്നു എന്നതുകൊണ്ട് തന്നെ പല മുസ്ലിം രാജ്യങ്ങളും ഈ കോഡിനെ ചുവടു പിടിച്ചുള്ള ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ട്. മൊറോക്കന്‍ ഫാമിലി കോഡിലെ പ്രധാന വ്യവസ്ഥകള്‍ ഇവയൊക്കെയാണ്. വിവാഹം നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യപ്പെടണം. പെണ്‍കുട്ടികളുടെ വിവാഹ പ്രായം പതിനെട്ടായി നിജപ്പെടുത്തുകയും അവരുടെ സമ്മതമില്ലാത്ത വിവാഹങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുകയും ചെയ്തു. വിവാഹ മോചനവും ബഹുഭാര്യത്വവും കോടതി മുഖാന്തിരം മാത്രം നടത്താന്‍ പറ്റുന്ന ഏര്‍പ്പാടാക്കി മാറ്റി. ഒരാണിന് വിവാഹ മോചനം ആവശ്യമാണെങ്കില്‍ ആദ്യം കോടതിയെ സമീപിക്കണം പിന്നീട് കോടതി രണ്ടു കുടുംബക്കാരെയും ഇടപെടുത്തുകയും അനുരഞ്ജനത്തിനുള്ള മാര്‍ഗ്ഗങ്ങള്‍ ആരായുകയും വിവാഹ ബന്ധം മുന്നോട്ടു കൊണ്ടുപോകാന്‍ എല്ലാവിധത്തിലും ശ്രമിക്കുകയും ചെയ്യും. യാതൊരു വിധത്തിലും അത് സാധ്യമാകുന്നില്ലെങ്കില്‍ മാത്രമേ വിവാഹ മോചനം അനുവദിക്കൂ, അതും ഭാര്യയുടെയും കുട്ടിയുടെയും സാമ്പത്തിക സംരക്ഷണം ഉറപ്പു വരുത്തിയതിനു ശേഷം മാത്രം. വിവാഹ വാഗ്ദാനങ്ങള്‍ പാലിക്കാത്ത പുരുഷനില്‍ നിന്നും സ്ത്രീക്ക് വിവാഹ മോചനം നേടാനുള്ള അവസരങ്ങള്‍ ഉറപ്പു വരുത്തുകയും നിയമം ചെയ്തു. ബഹുഭാര്യത്വവും കോടതി മുഖാന്തിരമാക്കി. മറ്റൊരു സ്ത്രീക്ക് എല്ലാ വിധ സംരക്ഷണവും നല്‍കാനുള്ള കഴിവും ആദ്യ ഭാര്യയുടെ സമ്മതവും കൂടി ഉണ്ടെങ്കില്‍ മാത്രമേ രണ്ടാം വിവാഹ ത്തിനു കോടതി അനുമതി ഉണ്ടാകൂ. “നിങ്ങള്‍ക്ക് തുല്യ നീതി നടപ്പിലാക്കാന്‍ പറ്റുമെന്ന് ഉറപ്പില്ലെങ്കില്‍ ഒന്നില്‍ തൃപ്തിപ്പെടുക” എന്ന ഖുര്‍ആന്‍ വചനത്തെ വിശദീകരിച്ചുകൊണ്ടാണ് ബഹുഭാര്യത്വത്തെ ഈ ഫാമിലി കോഡ് നിയന്ത്രിച്ചിരിക്കുന്നത്. മാത്രവുമല്ല എല്ലാ പ്രധാന നിയമങ്ങള്‍ക്കും വിശുദ്ധഖുര്‍ആന്റെയും ഹദീസുകളുടെയും മുഖവുരയും പിന്‍ബലവും ഉണ്ട്. മൊറോക്കോയിലെ ഇസ്ലാമിക പണ്ഡിതര്‍, വനിതാ പ്രവര്‍ത്തകര്‍, ബുദ്ധിജീവികള്‍,നിയമജ്ഞര്‍ തുടങ്ങിയവരുടെ കൂട്ടായ്മയാണ് ഇങ്ങനെയൊരു ഫാമിലി കോഡിനു രൂപം നല്‍കിയത്.

ഇന്ത്യയിലെ പ്രശ്നങ്ങളെ തിരിച്ചറിയാനും ചര്‍ച്ച ചെയ്യാനും സമുദായത്തിനകത്ത് തന്നെ ഇത്തരം കൂട്ടായ്മകളാണ് ഉണ്ടാകേണ്ടത്. ഇനിയുമെത്ര അകലെയാണ് സൂര്യന്‍?

(പ്രവാസിയാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍