UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മുത്തലാഖ്; മുസ്ലിം വ്യക്തിനിയമ ബോര്‍ഡിന്റെ അന്തസ്സ് കെട്ട വാദങ്ങള്‍

Avatar

ടീം അഴിമുഖം

പിന്തിരിപ്പന്‍, പുരുഷാധിപത്യപരം, ലജ്ജാകരം, പിന്നോക്കം – മുത്തലാക്കിനെ ന്യായീകരിക്കാന്‍ ഓള്‍ ഇന്ത്യാ മുസ്ലിം പഴ്‌സനല്‍ ലോ ബോര്‍ഡ് കഴിഞ്ഞയാഴ്ച സുപ്രിം കോടതിയില്‍ നിരത്തിയ ന്യായങ്ങളെ വിവരിക്കാന്‍ കടുത്ത ഈ നാലുവാക്കുകള്‍ പോലും അപര്യാപ്തം.

മുത്തലാക്ക് നിരോധിക്കപ്പെട്ടാല്‍ ഭാര്യയെ ഒഴിവാക്കാന്‍ അവരെ കൊലപ്പെടുത്തുകയോ ജീവനോടെ അഗ്നിക്കിരയാക്കുകയോ ചെയ്യാന്‍ പുരുഷന്മാര്‍ മടിക്കില്ലെന്നു പറയാനും ബോര്‍ഡ് മടിച്ചില്ല. നിയമപരമായ വിവാഹമോചനം നടത്തിയാല്‍ കോടതിയില്‍ പുരുഷന്‍ സ്ത്രീയുടെ സ്വഭാവശുദ്ധിയെ ചോദ്യം ചെയ്യുമെന്നും അത് സ്ത്രീയുടെ പുനര്‍വിവാഹ സാധ്യതകളെ ബാധിക്കുമെന്നുമായിരുന്നു അന്തസില്ലാത്ത മറ്റു കൂട്ടിച്ചേര്‍ക്കലുകള്‍.

വിവാഹം, തലാക്ക്, ബഹുഭാര്യത്വം എന്നിവ സമുദായത്തിന്റെ മതപരവും സാംസ്‌കാരികവുമായ അവകാശങ്ങളില്‍ ഇഴചേര്‍ന്നതാണെന്നും ഇവ മൗലികാവകാശ ലംഘനത്തിന്റെ പരിധിയില്‍ വരില്ലെന്നും അതിനാല്‍ വിഷയത്തില്‍ നിലപാടെടുക്കരുതെന്നും കോടതിയോട് ആവശ്യപ്പെടാനുള്ള തന്റേടവും ബോര്‍ഡ് കാണിച്ചു.

വിവാഹവും പിന്തുടര്‍ച്ചാവകാശവും സംബന്ധിച്ച ഇസ്ലാമിക് നിയമങ്ങള്‍ വനിതകളുടെ മൗലികാവകാശങ്ങള്‍ ലംഘിക്കുന്നുണ്ടോ എന്നു പരിശോധിക്കാന്‍ സുപ്രിം കോടതി തീരുമാനിച്ചത് ജൂണ്‍ 29നാണ്. നിലവിലുള്ള നിയമങ്ങള്‍ പരിഷ്‌കരിക്കുന്നതു സംബന്ധിച്ചും കോടതി തീരുമാനമെടുക്കും.

വിവാഹം, വിവാഹമോചനം, പിന്തുടര്‍ച്ചാവകാശം, ദത്തെടുക്കല്‍, ജീവനാംശം എന്നിവ സംബന്ധിച്ച് ഇന്ത്യയില്‍ ഓരോ മതത്തിനും പ്രത്യേക വ്യക്തിനിയമങ്ങളുണ്ട്. ഹിന്ദുനിയമങ്ങളില്‍ 1950ല്‍ ആരംഭിച്ച അഴിച്ചുപണി ഇന്നും തുടരുമ്പോള്‍ 1937ല്‍ നിലവില്‍ വന്ന മുസ്ലിം വ്യക്തിനിയമം ഇന്നും കാര്യമായ മാറ്റമില്ലാതെ തുടരുന്നു. ഇത് സ്ത്രീകള്‍ക്കെതിരാണെന്ന് ആക്ടിവിസ്റ്റുകള്‍ ദീര്‍ഘകാലമായി വാദിക്കുന്നു.

മുസ്ലിം വ്യക്തിനിയമം (ശരിയ) അനുസരിച്ച് മൂന്നുതവണ തലാക്ക് ചൊല്ലി വിവാഹബന്ധം വേര്‍പെടുത്താന്‍ പുരുഷന്മാര്‍ക്ക് അവകാശമുണ്ട്. തലാക്ക് എന്ന് മൂന്നുതവണ എഴുതിയ ഒരു കത്തയച്ചാലും മതി. മൂന്നുതവണ തലാക്ക് ചൊല്ലിയുള്ള വിവാഹമോചനം അംഗീകരിക്കുന്ന വളരെക്കുറച്ചു രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. അടുത്ത കാലത്തായി ഫോണിലൂടെയും മറ്റ് ആധുനിക വാര്‍ത്താവിനിമയ സൗകര്യങ്ങള്‍ ഉപയോഗിച്ചും തലാക്ക് നടത്തുന്നതും വര്‍ധിച്ചു. എസ്എംഎസ്, ഇ മെയില്‍, സ്‌കൈപ്പ്, വാട്‌സാപ്, ഫേസ് ബുക്ക് എന്നിവയെല്ലാം ഇതിനായി ഉപയോഗിക്കപ്പെട്ടു. ആധുനികതയെയും സാമൂഹിക പരിവര്‍ത്തനത്തെയും എതിര്‍ക്കുന്ന മുസ്ലിം വ്യക്തി നിയമബോര്‍ഡ് ഈ ആധുനിക സങ്കേതങ്ങളെ എതിര്‍ക്കുന്നില്ല എന്നതാണ് വിചിത്രം.

ട്രിപ്പിള്‍ തലാക്കിന് ഇരയായ ഉത്തരാഖണ്ഡില്‍ നിന്നുള്ള ഷൈര ബാനു ഈ രീതി നിരോധിക്കണമെന്നാവശ്യപ്പെട്ട് സുപ്രിം കോടതിയെ സമീപിച്ചതോടെയാണ് പ്രശ്‌നം വീണ്ടും സജീവചര്‍ച്ചാവിഷയമായത്. ബഹുഭാര്യാത്വവും നിക്കാഹ് ഹലാലയും നിരോധിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വിവാഹമോചിതരായ ദമ്പതികള്‍ പുനര്‍വിവാഹം ചെയ്യാന്‍ ആഗ്രഹിച്ചാല്‍ സ്ത്രീ മറ്റൊരു പുരുഷനെ വിവാഹം ചെയ്യുകയും അയാള്‍ക്കൊപ്പം കഴിയുകയും ചെയ്യണമെന്ന നിയമമാണ് നിക്കാഹ് ഹലാല.

2013ല്‍ 10 സംസ്ഥാനങ്ങളിലെ 4710 മുസ്ലിം വനിതകള്‍ക്കിടയില്‍ ഭാരതീയ മുസ്ലിം മഹിളാ ആന്ദോളന്‍ നടത്തിയ അഭിപ്രായ വോട്ടെടുപ്പില്‍ 92 ശതമാനം പേരും മൊഴിചൊല്ലലും ഏകപക്ഷീയമായ തലാക്കും നിരോധിക്കണമെന്ന് ആവശ്യപ്പെട്ടു.

കുടുംബനിയമങ്ങള്‍ പരിശോധിക്കാന്‍ 2012ല്‍ നിയമിക്കപ്പെട്ട ഉന്നതാധികാര സമിതി മൊഴിചൊല്ലല്‍, ഏകപക്ഷീയ വിവാഹമോചനം, ട്രിപ്പിള്‍ തലാക്ക് എന്നിവ പൂര്‍ണമായും നിരോധിക്കണമെന്നും 1939ലെ ഡിസൊലൂഷന്‍ ഓഫ് മുസ്ലിം മാരിയേജ് ആക്ടില്‍ മാറ്റം വരുത്തി ട്രിപ്പിള്‍ തലാക്കും ബഹുഭാര്യാത്വവും അസാധുവാക്കണമെന്നും വിവാഹമോചനത്തിനുശേഷം ജീവനാംശം നിര്‍ബന്ധമാക്കണമെന്നും ശുപാര്‍ശ ചെയ്തിരുന്നു. കഴിഞ്ഞ ജൂലൈയില്‍ സമിതി സര്‍ക്കാരിനു റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും ഇതുവരെ നടപടിയൊന്നുമായിട്ടില്ല.

പുരുഷാധിപത്യമുള്ള മുസ്ലിം പുരോഹിതവിഭാഗവും ജനപ്രതിനിധികളും തമ്മിലുള്ള ഒത്തുകളിമൂലമാണ് മുസ്ലിം പുരുഷന്മാര്‍ക്ക് അവര്‍ക്കിഷ്ടമുള്ളതുപോലെ നിയമവ്യാഖ്യാനം നടത്താനാകുന്നതെന്ന് ദീര്‍ഘകാലമായി ആക്ടിവിസ്റ്റുകള്‍ ആരോപിക്കുന്നു. ഈ അവിശുദ്ധബന്ധം തകരണമെങ്കില്‍ സുപ്രിം കോടതി ഈ വിഷയത്തില്‍ ഇടപെടുകയും തീരുമാനമെടുക്കുകയും ചെയ്‌തേ തീരൂ. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍