UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മുത്തലാഖ് വിഷയത്തില്‍ തിരക്ക് കൂട്ടേണ്ട; നിയമത്തിനപ്പുറത്തേക്ക് പോകാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി

മുത്തലാഖുമായി ബന്ധപ്പെട്ട പരാതികള്‍ വരുന്ന മേയിലേക്ക് മാറ്റിവെക്കാന്‍ സുപ്രീം കോടതി തീരുമാനിച്ചു

മുത്തലാഖുമായി ബന്ധപ്പെട്ട പരാതികള്‍ വരുന്ന മേയിലേക്ക് മാറ്റിവെക്കാന്‍ സുപ്രീം കോടതി തീരുമാനിച്ചു. കേസുകള്‍ അഞ്ചംഗ ഭരണഘടന ബഞ്ച് പരിശോധിക്കും. മുത്തലാഖ് ഒരു പ്രധാനപ്പെട്ട പ്രശ്‌നം തന്നെയാണെന്നും എന്നാല്‍ അതില്‍ തിരക്ക് കൂട്ടേണ്ട കാര്യമില്ലെന്നും പരമോന്നത കോടതി നിരീക്ഷിച്ചു. കേന്ദ്ര സര്‍ക്കാര്‍ നിര്‍ണയിച്ച നിയമപരമായ പ്രശ്‌നങ്ങളെ കുറിച്ച് പരാമര്‍ശിക്കവെ, അതെല്ലാം ഭരണഘടനാപരമായ പ്രശ്‌നങ്ങളാണെന്നും ഒരു വലിയ ബഞ്ചാണ് അതൊക്കെ തീരുമാനിക്കേണ്ടതെന്നും സുപ്രീം കോടതി ഇന്ന് ഉത്തരവിട്ടു. പരാതിയുള്ളവര്‍ 15 പേജില്‍ കുറയാത്ത എഴുതി തയ്യാറാക്കിയ ഹര്‍ജികള്‍ സമര്‍പ്പിക്കാനും കോടതി ഉത്തരവിട്ടു.

സുപ്രസിദ്ധമായ ഷബാന ബാനു കേസിലെ വിധിയെ കുറിച്ച് ഒരു വനിത അഭിഭാഷക പരാമര്‍ശിച്ചപ്പോള്‍, ‘എല്ലാ കേസിലും രണ്ട് വാദങ്ങള്‍ ഉണ്ടാവും. കഴിഞ്ഞ 40 വര്‍ഷത്തെ കേസുകളാണ് ഞങ്ങള്‍ പരിശോധിക്കുന്നത്. നിയമത്തിനെ പിന്തുടരാന്‍ ഞങ്ങള്‍ ബാധ്യസ്തരാണ്. നിയമത്തിനപ്പുറത്തേക്ക് ഞങ്ങള്‍ പോകാനും കഴിയില്ല,’ എന്നാണ് പരമോന്നത കോടതി പറഞ്ഞത്.

മുത്തലാഖ്, നിഖാഹ് ഹലാല, മുസ്ലീങ്ങള്‍ക്കിടയിലെ ബഹുഭാര്യത്വം എന്നീ വിഷയങ്ങളിലെ നിയമപരമായ പ്രശ്‌നങ്ങളെ കുറിച്ച് മാത്രമേ കോടതി പരിശോധിക്കൂവെന്നും ഏകീകൃത സിവില്‍ കോഡിനെ കുറിച്ച് കോടതി ചര്‍ച്ച ചെയ്യില്ലെന്നും ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് ജെ എസ് ഖെഹാര്‍ അധ്യക്ഷനായുള്ള ബഞ്ച് ഇന്നലെ തന്നെ വ്യക്തമാക്കിയിരുന്നു. വസ്തുതകളിലല്ല നിയമം അനുശാസിക്കുന്ന കാര്യങ്ങളില്‍ മാത്രമേ കോടതിക്ക് താല്‍പര്യമുള്ളെന്നും ബഞ്ച് വ്യക്തമാക്കിയിരുന്നു.

ചീഫ് ജസ്റ്റിസിനെ കൂടാതെ ജസ്റ്റിസുമാരായ എന്‍ വി രമണ, ഡി വൈ ചന്ദ്രചൂഢ് എന്നിവര്‍ അടങ്ങുന്ന ബഞ്ചാണ് കേസില്‍ വാദം കേട്ടത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍