UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തളരില്ല ഈ നാടകയാത്ര

Avatar

ജെ. ബിന്ദുരാജ്

സമയം സന്ധ്യയോടടുക്കുന്നു. നാട്ടിന്‍പുറത്തെ മൈതാനത്തിന്റെ ഒരു കോണില്‍ ഏതാനും പേര്‍ കൂടി നില്‍പ്പുണ്ട്. എന്തിനോ ഉള്ള ഒരു തയാറെടുപ്പിലാണവര്‍. ചെറിയ മരത്തട്ടുകള്‍ കൂട്ടിച്ചേര്‍ത്ത് അതിന്മേല്‍ ടര്‍പോളിന്‍ വിരിച്ച് ചെറിയൊരു വേദിയൊരുക്കുകയാണ് അവര്‍. ടര്‍പോളിനു പിന്നിലായി കറുത്ത നിറത്തിലുള്ള ഒരു കര്‍ട്ടന്‍. വെളിച്ചം പകരാനായി ഏതാനും ചില ലൈറ്റുകളും മൈക്കുകളും ഉച്ചഭാഷിണിയായി രണ്ടു ബോക്‌സുകളും മാത്രം. കറുത്ത ടി ഷര്‍ട്ടും കറുത്ത പാന്റും ധരിച്ച് തോളില്‍ ഒരു തുണിസഞ്ചിയുമായി നില്‍ക്കുന്ന മിനുങ്ങിയ കഷണ്ടിത്തലയുള്ള ഒരു നാല്‍പതുകാരനാണ് വേദി ഒരുക്കുന്നതിന് നേതൃത്വം നല്‍കുന്നത്. മൈതാനത്ത് നടക്കുന്നതെന്തെന്ന് അറിയാനെത്തുന്ന നാട്ടുകൂട്ടങ്ങള്‍ അവിടവിടെയായി നില്‍ക്കുന്നു. പല തരം സംശയങ്ങള്‍, ചോദ്യങ്ങള്‍. ”എന്താണ് ഇവിടെ നടക്കാന്‍ പോകുന്നത്?” ”നാടകം” ”നാടകത്തിന് ഈ വേദി മതിയോ? തെരുവു നാടകത്തിന്റെ ലക്ഷണവുമില്ലല്ലോ ഇതിന്.” ഒടുവില്‍ വേദി തയ്യാറായതോടെ ഇരുട്ടായിരുന്നു. കഷണ്ടിക്കാരനൊപ്പം ഇപ്പോള്‍ മറ്റു കുറച്ചു പേര്‍ കൂടിയുണ്ട്. വേദിക്ക് മുന്നിലിട്ടിരിക്കുന്ന ടാര്‍പോളിനിലേക്ക് നാടകം കാണാനെത്തിയ കുട്ടികള്‍ കടന്നിരിക്കാന്‍ മൈക്കിലൂടെ കഷണ്ടിക്കാരന്റെ അഭ്യര്‍ത്ഥന. പിന്നിലെ കസേരകളിലിരുന്ന കുട്ടികള്‍ മടിച്ചുമടിച്ച് മുന്നോട്ട്. ”ഇത് അകലെയിരുന്ന് കാണേണ്ട നാടകമല്ല. അടുത്തിരുന്ന് നാടകത്തിന്റെ കൂടെ ഭാഗമാകേണ്ട നാടകങ്ങളാണ്,” ചിരിച്ചുകൊണ്ട് അയാളുടെ അറിയിപ്പ്. കാണികളുടെ സംശയം വര്‍ധിച്ചതേയുള്ളു. ഇങ്ങനേയും നാടകമോ? കഷണ്ടിക്കാരനൊപ്പം വന്നവര്‍ കൂടി വേദിയിലേക്ക് എത്തുന്നു. ”നാടകത്തിനു മുമ്പ് ഒരു നാടന്‍ പാട്ട് ആയാലെന്താ? ആദ്യമൊരു നാടന്‍ പാട്ട്,” കഷണ്ടിക്കാരന്‍ പറഞ്ഞു തീര്‍ന്നയുടനെ അയാള്‍ക്കൊപ്പം നിന്നവര്‍ കൈകളിലേന്തിയ മദ്ദളത്തിലും ടാംബെറിനിലും ഈണം മീട്ടിക്കൊണ്ട് പാടിത്തുടങ്ങി. അയാളും ഒപ്പം ചേര്‍ന്നു. ”വൈക്കം കായലോളംതല്ലുന്ന വഴിയേ…കൊയ്ത്തിനു വന്നവളേ…ഓ…കൊയ്ത്തിനു വന്നവളേ…” പാട്ടുകാര്‍ തന്നെ കൈകൊട്ടി ഈണം കൊടുക്കാന്‍ കൂടി തുടങ്ങിയതോടെ കാണികള്‍ക്ക് ശരിക്കും രസിച്ചു. അവരും പാട്ടില്‍ പങ്കുചേര്‍ന്നു. നാടകക്കാര്‍ക്കൊപ്പം നാടകത്തിന്റെ ഭാഗമായി കാണികള്‍ മാറുന്നതിന്റെ ആദ്യപടി. മുന്നിലുള്ള നടന്മാരുമായി കാണികള്‍ക്കുള്ള അകല്‍ച്ച പതുക്കെ പതുക്കെ ഇല്ലാതായി. പാട്ടു കഴിഞ്ഞപ്പോള്‍ ലളിതമായി ഇനി വരാനിരിക്കുന്ന നാടകങ്ങളെപ്പറ്റി ചെറു വിവരണം. പ്രൊഫഷണല്‍ നാടകസംഘക്കാരുടെ ഇടിവെട്ടു സ്വരമൊന്നും അതിനില്ല. കൊച്ചു കൊച്ചു നാടകങ്ങള്‍ക്കാണ് കാത്തിരിക്കേണ്ടത്. പത്തും പതിനഞ്ചും മിനിറ്റ് മാത്രം നീളുന്നവ. ടാഗോറും ആന്റണ്‍ ചെക്കോവും ജയപ്രകാശ് കൂളൂരും കുഞ്ഞുണ്ണി മാഷുമൊക്കെ എഴുതിയ നാടകങ്ങള്‍. വേദിക്കു മുന്നിലേക്ക് ഒരു ഡെസ്‌ക്കും ബെഞ്ചുമെത്തുന്നു. ”ഇതാണ് നമ്മുടെ പാലം. ഇതു പാലമല്ല എന്നറിയാം. പക്ഷേ ഈ പാലത്തിലാണ് നമ്മുടെ കഥ നടക്കാന്‍ പോകുന്നത്,” ഡെസ്‌ക് ചൂണ്ടിക്കാട്ടി മുന്നിലിരിക്കുന്ന പുതിയ തലമുറ കുട്ടികളെ നോക്കി ചിരിച്ചുകൊണ്ട് മറ്റൊരാളുടെ മൊഴി.

ജയപ്രകാശ് കൂളൂരിന്റെ പാലം എന്ന നാടകമാണ് അവിടെ അവതരിപ്പിക്കപ്പെടാന്‍ പോകുന്നത്. പാലത്തിന്റെ കാവലാളായ നിക്കറിട്ട പൊലീസുകാരനും പാലത്തില്‍ നിന്ന് മീന്‍ പിടിക്കാനെത്തുന്നയാളുമായി സൃഷ്ടിക്കപ്പെടുന്ന ബന്ധം അധികാരവ്യവസ്ഥിതിയും അഴിമതിയും തമ്മിലുള്ള ബന്ധത്തെയാണ് നര്‍മ്മരസത്തില്‍ പൊതിഞ്ഞ് അവതരിപ്പിക്കുന്നത്. ലോകത്തെങ്ങുമില്ലാത്ത ഭാഷയില്‍ ഇരുവരും ചേര്‍ന്ന് നടത്തുന്ന സംഭാഷണം കാണികളെ പൊട്ടിച്ചിരിപ്പിക്കുന്നതിനൊപ്പം ചിന്തയിലേക്ക് പറിച്ചുനടുന്നതോടെ നാടകം വിജയിക്കുന്നു. ”നാടകത്തിന് ഭാഷ പോലും ആവശ്യമില്ല. രംഗഭാഷയാണ് പ്രധാനം.” വലിയ കരഘോഷത്തോടെ നാടകത്തിലൂടെ നാടകപ്രവര്‍ത്തകരെ കാണികള്‍ ഏറ്റെടുക്കുന്നു. പിന്നീടങ്ങോട്ട് ചെറുനാടകങ്ങളുടെ കുത്തൊഴുക്കാണ്. ടാഗോറിന്റെ സൂക്ഷ്മ ചര്‍ച്ച, പോസ്റ്റ് ഓഫീസ്, രോഗികളുടെ മിത്രം, ഓശാരത്തില്‍ ഒരു സല്‍ക്കാരം, ശവസംസ്‌കാരം, കുഞ്ഞുണ്ണി മാഷിന്റെ ശിങ്കിടി, ശ്രീകാന്ത് ഷായുടെ 46 ക്രോമോസോമുകള്‍, തുപ്പേട്ടന്റെ ചക്ക എന്നിങ്ങനെ പോകുന്നു അവ. ഓരോ നാടകം അവസാനിക്കുമ്പോഴും നിലയ്ക്കാത്ത കൈയടി. ജോസ് ചിറമ്മലിന്റെ റൂട്ട്‌സ് നാടകപ്രസ്ഥാനത്തില്‍ പൊട്ടിമുളച്ച തീയേറ്റര്‍ സ്‌കെച്ചുകള്‍ എന്ന ലഘുനാടക അവതരണം 2001 മുതല്‍ തൃശൂര്‍ നാടകസംഘത്തിലെ അദ്ദേഹത്തിന്റെ ശിഷ്യന്മാരാണ് ഏറ്റെടുത്ത് മുന്നോട്ടുകൊണ്ടുപോകുന്നത്. റൂട്ട്‌സില്‍ നിന്ന് തിയേറ്റര്‍ ഐയിലേക്കും അവിടെ നിന്ന് തൃശൂര്‍ നാടക സംഘത്തിലേക്കുമെത്തിയ ഈ കലാസപര്യ കഴിഞ്ഞ 25 വര്‍ഷങ്ങള്‍ക്കുമേലെയായി അയ്യായിരത്തോളം വേദികള്‍ പിന്നിട്ടുകൊണ്ട് കേരളത്തിലെ നാടകപ്രസ്ഥാനത്തിനാകെ ചൂടും ചൂരും പകര്‍ന്ന് മുന്നോട്ടു പൊയ്‌ക്കൊണ്ടിരിക്കുകയാണിപ്പോള്‍. ”കേരളത്തിന്റെ ഏത് മുക്കിലും മൂലയിലും നാടകം കളിക്കാനാകുന്ന മട്ടിലാണ് തൃശ്ശൂര്‍ നാടക സംഘം നാടകത്തെ സജ്ജീകരിക്കുന്നത്. നാടകം അവര്‍ വൃത്തിയായും തുടര്‍ച്ചയായും അവതരിപ്പിക്കുന്നു. ഏറ്റവും പുതിയ അവതരണശൈലികള്‍ ആവിഷ്‌കരിക്കുന്നതിലൂടെ ഏറ്റവും പുതിയ കാഴ്ചക്കാരനെപ്പോലും അവര്‍ തങ്ങളോട് അടുപ്പിക്കുന്നു,” നാടകകൃത്ത് ജയപ്രകാശ് കുളൂര്‍ പറയുന്നു.

ബംഗാളി നാടകകൃത്തും സംവിധായകനുമായ ബാദല്‍ സര്‍ക്കാരിന്റെ ”മൂന്നാം നാടക സംസ്‌കാര”ത്തിന്റെ പുനര്‍ജനിയാണോ ഇതെന്ന് സംശയിച്ചേക്കാം. വ്യവസ്ഥിതിക്കെതിരായ നര്‍മ്മം കലര്‍ന്ന ആക്രമണങ്ങളില്‍ ബാദലിന്റെ സര്‍ഗപരമായ നക്സലൈറ്റ് ചായ്‌വുകള്‍ പലതും ഇവരിലും കണ്ടെത്തപ്പെട്ടേക്കാം. നാടകനടന്മാരായ കെ ബി ഹരിയും സി ആര്‍ രാജനുമാണ് തൃശൂര്‍ നാടകസംഘത്തിന്റെ അമരക്കാര്‍. ”കേരളത്തിനകത്തും പുറത്തുമൊക്കെ ഞങ്ങള്‍ നാടകങ്ങള്‍ അവതരിപ്പിക്കാറുണ്ട്. നാടകം അവതരിപ്പിക്കുന്ന വേദിയും സ്ഥലവുമൊക്കെ നോക്കി നാടകങ്ങളുടെ എണ്ണത്തിലും ചിലപ്പോള്‍ മാറ്റമുണ്ടാകും. കാണികളെ രസിപ്പിക്കുന്നതിനപ്പുറം കാഴ്ചകളിലെ ചിന്തകള്‍ അവരുടെ മനസ്സിലെത്തിക്കാന്‍ കൂടിയാണ് ഞങ്ങളുടെ ശ്രമം,” കെ ബി ഹരി പറയുന്നു. ഒരു തരം നാടക ആക്ടിവിസമാണ് നാടകസംഘത്തിന്റെ തീയേറ്റര്‍ സ്‌കെച്ച് അവതരണത്തിനു പിന്നില്‍ ജ്വലിച്ചുനില്‍ക്കുന്നതെന്ന് വ്യക്തം. ഇവര്‍ക്ക് നാടകാവതരണത്തിനായി സഞ്ചരിക്കുന്നതിന് വാഹനങ്ങളൊന്നുമില്ല. നാടകങ്ങളിലെ കലാകാരന്മാര്‍ ബസ്സിലും ട്രെയിനിലും ഓട്ടോറിക്ഷയിലും ചിലപ്പോള്‍ ഉള്‍ഗ്രാമങ്ങളിലേക്ക് കാല്‍നടയായി സഞ്ചരിച്ചുമൊക്കെയാണ് എത്തുന്നത്. ഓരോരുത്തരുടേയും കൈയില്‍ അവരുടെ വേഷങ്ങള്‍ക്കായുള്ള വസ്ത്രങ്ങളുണ്ടാകും. വലിയ മേക്കപ്പുകളൊന്നും തന്നെ ആവശ്യമില്ലാത്തതിനാല്‍ അതിനായുള്ള കോപ്പുകളൊന്നും കൊണ്ടു നടക്കേണ്ടതില്ല. ”തീയേറ്റര്‍ സ്‌കെച്ചസിനു മാത്രം വര്‍ഷത്തില്‍ 50ഓളം അവതരണങ്ങളുണ്ടാകും. ഒരു നാടക അവതരണത്തിന് ഞങ്ങളുടെ അഞ്ചെട്ട് പേരുടെ ജീവനോപാധിക്കായുള്ള ചെറിയ തുകയേ ഞങ്ങള്‍ വാങ്ങാറുള്ളു,” ഹരി പറയുന്നു.

നടന്മാര്‍ പലരും മറ്റ് നാടകങ്ങളിലും വേഷമിടുന്നവരാണെങ്കിലും തീയേറ്റര്‍ സ്‌കെച്ച്‌സ് അവതരിപ്പിക്കാന്‍ വേദി ലഭിച്ചാലുടനെ അവര്‍ മറ്റ് വേദികളുടെ തിരക്കുകളില്‍ നിന്നൊഴിഞ്ഞ് സ്വതന്ത്രരാകാറുണ്ടെന്നതാണ് ആ ലഘുനാടകങ്ങളോട് അവര്‍ പുലര്‍ത്തുന്ന സ്‌നേഹം വെളിവാക്കുന്നത്. അമ്പതുകാരനായ കെ ബി ഹരിക്കും 45-കാരനായ സി ആര്‍ രാജനും പുറമേ ജോസ് കെ റാഫേല്‍, സുധി വട്ടപ്പിള്ളി, പ്രതാപന്‍, ഒ സി മാത്യു, സുഗതന്‍, മല്ലു പി ശേഖര്‍, പ്രബലന്‍ വേലൂര്‍ എന്നിവര്‍ക്കൊപ്പം നാടകങ്ങള്‍ക്ക് സംഗീത ചിത്രങ്ങള്‍ വരച്ചുകൊണ്ട് ചിത്രകാരനായ ഒ സി മാര്‍ട്ടിനും ഇവര്‍ക്കൊപ്പമുണ്ട്. അവര്‍ ഓരോരുത്തരും ഓരോരോ നാട്ടുകാരാണെങ്കിലും തൃശൂര്‍ നാടകസംഘത്തിന്റെ ലേബലില്‍ അവര്‍ ജോസ് ചിറമ്മലിന്റെ സ്വപ്നങ്ങളുടെ സാക്ഷാല്‍ക്കാരത്തിനായുള്ള യാത്രയിലാണെന്നതാണ് വസ്തുത. ”യാത്രകളാണ് നാടക സംഘത്തിന്റെ ജീവന്‍. നാടകം, സ്വപ്നം, യാത്ര ചെയ്യാനുള്ള കൗതുകം എല്ലാം ചേര്‍ന്നപ്പോഴാണ് ആ സംഘം യാഥാര്‍ത്ഥ്യമായത്,” സി ആര്‍ രാജന്‍ പറയുന്നു.

ഇവരുടെ സഞ്ചാരത്തോടുള്ള ഈ കൗതുകം നാടിന്റെ സംസ്‌കൃതിയെ തൊട്ടറിയാന്‍ നാട്ടുകാരെ പ്രേരിപ്പിക്കുന്നുവെന്നിടത്താണ് നാടകസംഘത്തിന്റെ യാത്രകള്‍ സാര്‍ത്ഥകമാകുന്നത്. ”നാട്ടിന്‍പുറങ്ങള്‍ കേന്ദ്രീകരിച്ച് നാടക സംഘങ്ങളുണ്ടാക്കുകയെന്നത് ജോസേട്ടന്റെ (ജോസ് ചിറമ്മല്‍) സ്വപ്നമായിരുന്നു. നാട്ടിന്‍പുറത്തെ ആളുകളെ ചേര്‍ത്ത് അവര്‍ നാടകത്തില്‍ പരിശീലനം നല്‍കിയാണ് അദ്ദേഹം ദല്‍ഹിയില്‍ പണ്ട് മുദ്രാരാക്ഷസം അവതരിപ്പിച്ചത്,” രാജന്‍ പറയുന്നു. വിവിധ നാടകകാലങ്ങളിലൂടെ സഞ്ചരിച്ചവരാണ് നാടകസംഘത്തിലെ കലാകാരന്മാര്‍ ഒക്കെ തന്നെയും. ”സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഡ്രോയിങ് അധ്യാപകനായ ആന്റണി മാഷാണ് തന്നെ നാടകരംഗത്തേക്ക് എത്തിച്ചതെന്ന്” മികച്ച നടനുള്ള സംസ്ഥാന നാടക അവാര്‍ഡ് നേടിയതെന്ന് രാജന്‍ പറയുമ്പോള്‍ ക്ലാര്‍ക്കായിരുന്ന തന്നെ ആ ജോലി രാജിവച്ചൊഴിയാന്‍ പ്രേരിപ്പിച്ചത് ”ബാക്കി നിന്ന മോഹങ്ങളാണെന്ന്” കെ ബി ഹരി പറയുന്നു.

തൃശൂര്‍ കേരളവര്‍മ്മ കോളെജില്‍ ജോസ് ചിറമ്മല്‍ ആരംഭിച്ച കളിയരങ്ങായിരുന്നു രാജന്റെ നാടകമോഹങ്ങള്‍ക്ക് ചിറകു നല്‍കിയത്. ബിരുദത്തിന് സംസ്‌കൃതം പഠിക്കുന്ന കാലത്ത് സ്‌കൂള്‍ ഓഫ് ഡ്രാമയോടുള്ള മോഹം മൂത്ത് അവിടെയെത്തി. പക്ഷേ പഠനം പാതിവഴിക്കു നിര്‍ത്തി സൂവീരന്റെ (ബ്യാരി ഫെയിം) ബാക്‌സ്‌റ്റേജ് നാടകസംഘത്തിലെത്തി അദ്ദേഹം. നാട്ടിലേക്ക് തിരിച്ചു പോയി അവിടെ നാടകസംഘമുണ്ടാക്കണമെന്ന മോഹം തലയ്ക്കു പിടിച്ചത് അപ്പോഴാണ്. ബാദല്‍ സര്‍ക്കാരിന്റെ ഹട്ടാമലയ്ക്കപ്പുറം എന്ന വിഖ്യാതമായ നാടകം അവതരിപ്പിച്ചുകൊണ്ട് തൃശ്ശൂരില്‍ തീയേറ്റര്‍ ഐ എന്ന നാടക സംഘം പിറന്നത് അങ്ങനെയാണ്. തീയേറ്റര്‍ സ്‌കെച്ചസ് എന്ന നാടകാവതരണത്തിലേക്ക് പിന്നീടത് വളര്‍ന്നു. ”നാട്ടിന്‍പുറങ്ങളില്‍ ഞങ്ങളെ വിളിച്ചവിടങ്ങളിലെല്ലാം ഞങ്ങള്‍ പരിപാടികള്‍ അവതരിപ്പിച്ചു. സംഘമായി പോയി നാടകത്തിനുശേഷം സമാഹരിക്കുന്ന പണം ഉപയോഗിച്ച് അരിയും സാമഗ്രികളും വാങ്ങി പാചകം ചെയ്ത് ഭക്ഷിക്കുന്നതില്‍ വല്ലാത്തൊരു സന്തോഷം ഞങ്ങള്‍ക്കുണ്ടായിരുന്നു. ഓരോ പുതിയ ഇടങ്ങളിലേക്കുള്ള യാത്രയും ഓരോരോ അനുഭവങ്ങളായിരുന്നു,” രാജന്‍ ഓര്‍ക്കുന്നു. ഇന്ത്യയിലുടനീളം നീണ്ടു ഈ യാത്രകള്‍. ശാന്തിനികേതനിലെ മാവിന്‍ ചുവട്ടില്‍ ടാഗോറിന്റെ നാടകം അവതരിപ്പിച്ചതോര്‍ക്കുമ്പോള്‍ ഇപ്പോഴും ഇവരില്‍ വല്ലാത്തൊരു ഊര്‍ജപ്രവാഹമാണ്. ”ആ യാത്രയിലൊരു നാള്‍ ഞങ്ങള്‍ ബാദല്‍ സര്‍ക്കാരിന്റെ വീട്ടിലുമെത്തി. ഞങ്ങളെ വീട്ടില്‍ വിളിച്ചിരുത്തി സംസാരിച്ച അദ്ദേഹം നിങ്ങള്‍ക്കിത് ഇതേ മട്ടില്‍ മുന്നോട്ടു കൊണ്ടു പോകാനാകുമോ എന്നാണ് ആരാഞ്ഞത്. ഞങ്ങള്‍ക്കാവുന്ന മട്ടില്‍ ഞങ്ങളിത് മുന്നോട്ടു കൊണ്ടുപോകുമെന്ന് ഞങ്ങള്‍ മറുപടി നല്‍കി. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആനന്ദമാണ് ഇന്നും ആ കൂടിക്കാഴ്ച,” രാജന്‍ ഓര്‍ക്കുന്നു. പക്ഷേ കാലക്രമത്തില്‍ തീയേറ്റര്‍ ഐ ഇല്ലാതായി. കുറച്ചുകാലം ഇക്കൂട്ടര്‍ അവരുടേതായ നാടക പ്രവര്‍ത്തനങ്ങളില്‍ തന്നെ ഏര്‍പ്പെട്ട് ജീവിച്ചു. ആ സമയത്താണ് കെ ജി കൃഷ്ണമൂര്‍ത്തി നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയുടെ ടൂറിങ് തീയേറ്റര്‍ പ്രോജക്ടുമായി രംഗത്തു വരുന്നത്. നാടകത്തിന് വളരാന്‍ സാധ്യതയുള്ള ഗ്രാമങ്ങളില്‍ ചെന്ന് നാടകത്തെ പരിപോഷിപ്പിക്കുകയെന്ന ദൗത്യമാണ് ആ പദ്ധതിക്കുണ്ടായിരുന്നത്. പഴയ തീയേറ്റര്‍ ഐക്കാര്‍ ഈ പദ്ധതിക്കായി വീണ്ടും ഒരുമിച്ചു. ഇതിനെ തുടര്‍ന്നാണ് ഇടതു സര്‍ക്കാരിന്റെ കാലത്തെ മാനവീനയം യാത്ര. തൃശ്ശൂര്‍ നാടക സംഘമെന്ന പേരില്‍ പഴയ സര്‍ഗധനരായ സുഹൃത്തുക്കള്‍ അങ്ങനെ വീണ്ടുമൊരുമിച്ചു. 2010ല്‍ കൊച്ചി മുസിരിസ് ബിനാലെയുടെ വരവറിയിച്ചുകൊണ്ട് ഗ്രാമാന്തരങ്ങള്‍ തോറും തീയേറ്റര്‍ സ്‌കെച്ചുകളുമായി ഈ സംഘം യാത്ര നടത്തിയിരുന്നു.

കെ ബി ഹരിയെ സംബന്ധിച്ചിടത്തോളം ചേര്‍പ്പിലെ നാട്ടരങ്ങ് എന്ന തീയേറ്റര്‍ ഗ്രൂപ്പായിരുന്നു ആദ്യ കളരി. ജോസ് ചിറമ്മലിന്റെ റൂട്‌സില്‍ സംഘാടകന്റെ റോളിലായിരുന്നു ആദ്യമെങ്കിലും പതിയെ പതിയെ അഭിനേതാവിന്റെ റോളിലെത്തി. പിന്നെ രാജന്റെ അതേ പാതയിലൂടെ തന്നെയായിരുന്നു യാത്ര. 

ഇതിനിടയില്‍ വീഴ്ചകളുമുണ്ടായി. കടുത്ത നൈരാശ്യത്തില്‍ നാടകത്തിലേക്ക് ഇനിയില്ലെന്ന് കരുതിയിരുന്നു പലരും. പക്ഷേ ”ചില കാര്യങ്ങള്‍ നമുക്കൊരിക്കലും വിട്ടെറിഞ്ഞു പോരാനാവില്ലെന്ന്” രാജന്‍ പറയുന്നു. ”നാം അവയെ ഉപേക്ഷിച്ചാലും അവ നമ്മെ പിന്തുടര്‍ന്നു കൊണ്ടേയിരിക്കും.” യാത്രകള്‍ പുതിയ ചിന്തകളിലേക്ക് അവരെ പലരേയും കൊണ്ടുപോയിരിക്കുന്നു. തീയേറ്റര്‍ സ്‌കെച്ചുകളുമായുള്ള സഞ്ചാരങ്ങളും അവതരണങ്ങളും ”ടുവേര്‍ഡ്‌സ് ക്ലിനിക്കല്‍ തീയേറ്റര്‍” എന്ന പ്രോജക്ടിന് രൂപം നല്‍കാന്‍ രാജനെ പ്രേരിപ്പിച്ചിരിക്കുന്നു. ”പ്രാന്തവല്‍ക്കരിക്കപ്പെട്ട സമൂഹത്തിന് നാടകത്തിന് സാന്ത്വനമാകാന്‍ കഴിയുമെന്ന തോന്നലാണ് അതിനു പിന്നില്‍. ജുവൈനയില്‍ ഹോമുകളിലും മാനസികരോഗാശുപത്രികളിലും ജയിലുകളും സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്നകന്നു കഴിയുന്നവര്‍ക്കിടയിലും നാടകത്തെ എത്തിക്കുകയും അവര്‍ക്ക് സാന്ത്വനമാകുകയും ചെയ്യുകയാണ് ലക്ഷ്യം,” രാജന്‍ പറയുന്നു. പ്രോജക്ടിന് സര്‍ക്കാരിന്റെ അംഗീകാരം ലഭിച്ചാലും ഇല്ലെങ്കിലും താന്‍ ആ വഴി തെരഞ്ഞെടുക്കുകയാണെന്ന് വല്ലാത്തൊരു നിശ്ചയദാര്‍ഢ്യത്തോടെ രാജന്‍ പറയുന്നു. ഒരു വേദിയില്‍ നിന്ന് വാന്‍ഗോഗിനേയും മാര്‍കേസിനേയും മാര്‍ക്‌സിനേയും ചെക്കോവിനേയും ടാഗോറിനേയും ഗാന്ധിയേയുമൊക്കെ പറയുകയെന്നത് ഒരു ഭാഗ്യമാണ്. ”നാടകത്തെ ജീവിപ്പിക്കുന്നതും നിലനിര്‍ത്തുന്നതും ഇവരെപ്പോലെയുള്ള സംഘങ്ങളാണ്. അത് അംഗീകരിച്ചേ മതിയാകൂ,” ജയപ്രകാശ് കൂളൂര്‍ സാക്ഷ്യപ്പെടുത്തുന്നു. സര്‍ഗപരമായ ജീവിതയാത്ര ജനന്മയ്ക്കായി വേണമെന്ന് മോഹിക്കുന്ന ഈ കലാകാരന്മാരുടെ ജീവിതം നാടകത്തേയും മനുഷ്യനേയും ഒരേ സമയം ഈ ഭൂമിയില്‍ ജീവിപ്പിക്കുകയാണെന്നതാണ് സത്യം.

(സ്മാര്‍ട്ട് ഡ്രൈവ് മാസികയുടെ എഡിറ്ററാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍