UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സതീശന്‍ എന്നു വിളിക്കുന്ന ജയചന്ദ്രന്‍ ബി: ഉദ്യോഗസ്ഥധാര്‍ഷ്ഠ്യത്തെ തോല്‍പ്പിച്ച ഒരു സാധാരണക്കാരന്റെ കഥ

Avatar

രാകേഷ് നായര്‍

ഇതൊരു കോമണ്‍മാന്റെ പോരാട്ടകഥയാണ്. അധികാരമുള്ളവന്റെ അഹംഭവാത്തിനു മുന്നില്‍ ആത്മവിശ്വാസത്തോട നടത്തിയ ഒരു പോരാട്ടത്തിന്റെ കഥ. ഈ ജനാധിപത്യരാജ്യത്ത് പൗരന് അനുവദിക്കപ്പെട്ടുള്ള അവകാശങ്ങള്‍ നടപ്പിലാക്കി കിട്ടുന്നതിന് മറ്റൊരുത്തന്റെ കൈച്ചുരുട്ടില്‍ കറന്‍സി നോട്ടുകള്‍ തിരുകി വയ്‌ക്കേണ്ടി വരുന്ന ദൗര്‍ഭാഗ്യത്തെ ഇല്ലാതാക്കാന്‍ ജയചന്ദ്രന്‍ എന്ന ഹോട്ടല്‍ തൊഴിലാളി നടത്തിയ ഈ നിയമപോരാട്ടം സമൂഹത്തിലെ മറ്റനേകം പേര്‍ക്ക് ഊര്‍ജ്ജമാക്കാവുന്നതാണ്.

സേവനാവകാശ നിയമപ്രകാരം പതിനഞ്ച് പ്രവര്‍ത്തി ദിനങ്ങളില്‍ കൊടുക്കേണ്ട ഒരു ജനന സര്‍ട്ടിഫിക്കറ്റിനായാണ് ഏഴുമാസം ജയചന്ദ്രന്‍ അലഞ്ഞത്. എന്തുനിയമങ്ങളുണ്ടായാലും ഉദ്യോഗസ്ഥന്മാരുടെ ‘സേവനം’ തങ്ങള്‍ക്കുതോന്നും പ്രകാരമായിരിക്കുമെന്നതിന്റെ മറ്റൊരു തെളിവുകൂടിയാണ് ജയചന്ദ്രന്റെ അനുഭവം.

2014 ജനുവരി 15 നാണ് നെടുമങ്ങാട് സ്വദേശി ജയചന്ദ്രന്റെ മകന്‍ ഗൗരിശങ്കരന്‍ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ജനനസര്‍ട്ടിഫിക്കെറ്റിന് അപേക്ഷിക്കുന്നത്. ഗൗരീശങ്കരന്റെ ജനനം കോര്‍പ്പറേഷനില്‍ രജിസ്റ്റര്‍ ചെയ്യാത്തതിനാല്‍ അദ്ദേഹത്തോട് പിതാവ് ജയചന്ദ്രന്റെ സാക്ഷ്യപ്പെടുത്തിയ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റുകളും രണ്ട് ഗസറ്റഡ് ഓഫിസര്‍മാരില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റുകളും റേഷന്‍ കാര്‍ഡ് മുതലായ രേഖകളും സഹിതം ജനനസര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കാന്‍ കോര്‍പ്പറേഷന്റെ ഭാഗത്ത് നിന്ന് അറിയിച്ചു. ഗൗരീശങ്കരന്റെ ജനനസമയത്ത് വീട്ടുകാര്‍ക്ക് പറ്റിയൊരു പിഴവ് മൂലം പിതാവ് ജയചന്ദ്രന്റെ യഥാര്‍ത്ഥ പേരിനു പകരം വീട്ടില്‍ വിളിക്കുന്ന സതീശന്‍ എന്ന പേരാണ് ആശുപത്രി രജിസ്റ്ററില്‍ ചേര്‍ത്തിരുന്നത്. ( ജനിച്ചു വീണ ഗൗരീശങ്കരനെയും കൊണ്ട് ജയചന്ദ്രന് എസ് എ ടി ആശുപത്രിയിലേക്ക് പോകേണ്ടി വന്നതിനാല്‍, കുട്ടിയുടെ പിതാവിന്റെ പേര് തൈക്കാട് ഗവണ്‍മെന്റ് ആശുപത്രിയിലെ രജിസ്ട്രറില്‍ ബന്ധുക്കള്‍ പറഞ്ഞുകൊടുത്തപ്രകാരം സതീശന്‍ എന്നാണ് രേഖപ്പെടുത്തിയത്). ആയതിനാല്‍ മറ്റ് രേഖകള്‍ക്കൊപ്പം സതീശനും ജയചന്ദ്രനും ഒരാളെന്ന് തെളിയിക്കുന്ന വില്ലേജ് ഓഫിസറുടെ സര്‍ട്ടിഫിക്കറ്റും ഹാജരാക്കണമെന്ന് ഗൗരീശങ്കരന് നിര്‍ദ്ദേശം കിട്ടിയിരുന്നു. അവിടെ തുടങ്ങുന്നു ജയചന്ദ്രന്റെ ദുര്‍ദശ. അതിനെപ്പറ്റി ജയചന്ദ്രന്‍ തന്നെ പറയുന്നു.

ആശുപത്രിയില്‍ നിന്നും വില്ലേജ് ഓഫിസില്‍ നിന്നും രണ്ടുപേരുകാരനും ഒരാളെന്ന് സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് ഞാന്‍ കോപ്പറേഷനിലെ ഹെല്‍ത്ത് വിഭാഗത്തില്‍ ഹാജരാക്കി. ആവശ്യമായ രേഖകളെല്ലാം ഹാജരാക്കിയാല്‍ പതിനഞ്ച് ദിവസത്തിനപ്പുറം പോകാതെ അപേക്ഷകന്‍ സമര്‍പ്പിച്ച അപേക്ഷയില്‍ തീര്‍പ്പുകല്‍പ്പിച്ച് ആവശ്യപ്പെടുന്ന രേഖകള്‍ (മറ്റു പ്രശ്‌നങ്ങളന്നും ഇല്ലെങ്കില്‍) കൊടുക്കേണ്ടതാണ്. എന്നാല്‍ ഞാന്‍ നഗരസഭയുടെ പടികയറ്റാന്‍ തുടങ്ങിയിട്ട് പതിനഞ്ചിലും ഏറെ ദിനങ്ങള്‍ കടന്നുപോയി. ആവശ്യമായ കാലതാമസം പൂര്‍ത്തിയാക്കിയിട്ടും സര്‍ട്ടിഫിക്കറ്റ് കിട്ടാത്തതിന്റെ കാരണം തിരക്കിയപ്പോള്‍ കിട്ടിയ മറുപടി ബന്ധപ്പെട്ട ഉദ്യോഗസ്ഥ ഒരാഴ്ച ലീവാണെന്നായിരുന്നു. കോര്‍പ്പറേഷന്‍ ഓഫിസുപോലെ ജനങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ദൈനംദിനം കൈകാര്യം ചെയ്യേണ്ടയൊരിടത്ത് ഒരുദ്യോഗസ്ഥന്‍ ഒന്നിലേറെ ദിവസം ലീവാണെങ്കില്‍ പകരക്കാരനെ നിയമിക്കേണ്ടതാണ്. ഇക്കാര്യം സൂചിപ്പിച്ചപ്പോള്‍ അതിനൊന്നും ആളില്ലെന്ന മുഖത്തടിച്ച മറുപടിയായിരുന്നു കിട്ടിയത്. മറിച്ചൊന്നും പറയാതെ തിരികെ പോന്നു. ഒരാഴ്ച കഴിഞ്ഞു, ലീവില്‍ പോയ മേഡം തിരികെ വന്നുകാണുമെന്നുള്ളതുകൊണ്ട് വീണ്ടും കോര്‍പ്പറേഷന്‍ ഓഫീസിലെത്തി. ജൂനിയര്‍ ഹെല്‍ത്ത് സൂപ്രണ്ടിനെയാണ് കാണേണ്ടത്. ബിന്ദുവെന്നാണ് ആ ഉദ്യോഗസ്ഥയുടെ പേര്. അവരെ ചെന്നു കണ്ട് അപേക്ഷയുടെ വിവരങ്ങള്‍ തിരക്കി. മേശപ്പുറത്ത് അടുക്കിവച്ചിരിക്കുന്ന ഫയലുകളുടെ ഉയരം ചൂണ്ടിക്കാട്ടി ആ മേഡം എന്നെ വിരട്ടി. എന്നുകിട്ടുമെന്നെങ്കിലും അറിയാനായി, ‘ഒരാഴ്ച പിടിക്കുമോ’ എന്നു ചോദിച്ചു. ഒരാഴ്ചയോ ഒരുമാസമോ ചിലപ്പോള്‍ മൂന്നുമാസമോ കഴിഞ്ഞേക്കുമെന്നായിരുന്നു ആ ജൂനിയര്‍ സൂപ്രണ്ട് പരിഹാസത്തോടെ പറഞ്ഞത്.


ജയചന്ദ്രനും സതീശനും ഒരാള്‍ തന്നെയാണെന്ന് പറഞ്ഞ് നെടുമങ്ങാട് വില്ലേജ് ഓഫീസര്‍ നല്കിയ സര്‍ട്ടിഫിക്കറ്റും ജയചന്ദ്രന്‍ എന്ന പേരിലുള്ള അപേക്ഷകന്റെ വോട്ടെഴ്സ് ഐഡന്‍റിറ്റി കാര്‍ഡും

വീണ്ടും ചെല്ലുന്നത് പത്തുപന്ത്രണ്ട് ദിവസങ്ങള്‍ക്ക് ശേഷമാണ്. അന്നു ചില പുരോഗതികള്‍ ഉണ്ടായിരുന്നു. പ്രദേശിക ആന്വേഷണത്തിനായി ഫയലുകള്‍ അയച്ചിരിക്കുകയാണെന്നാണ് പറഞ്ഞത്. എന്നാല്‍ എങ്ങോട്ടാണ് ഫയല്‍ അയച്ചതെന്നോ-അരുവിക്കരയിലേക്ക്. ഞാന്‍ താമസിക്കുന്നതാകട്ടെ നെടുമങ്ങാടും. എന്റെ ആദ്യഭാര്യയുടെ സ്ഥലമാണ് അരുവിക്കര. ആ ബന്ധം ഒഴിഞ്ഞതാണെന്നും എനിക്കിപ്പോള്‍ ആ സ്ഥലവുമായി ബന്ധമില്ലെന്നും എന്റെ മേല്‍വിലാസം നെടുമങ്ങാടാണെന്നും സമര്‍പ്പിച്ച അപേക്ഷയില്‍ വ്യക്തമാക്കിയിരുന്നതാണ്. എന്നിട്ടും കോര്‍പ്പറേഷന് ഞാന്‍ അരുവിക്കരക്കാരനാണ്. കൂടുതല്‍ തര്‍ക്കത്തിന് നില്‍ക്കാതെ, എന്നായിരുന്നു ഫയല്‍ അയച്ചതെന്ന് തിരക്കി. മാര്‍ച്ച് 29 ന് അയച്ചിട്ടുണ്ടെന്നാണ് പറഞ്ഞത്. കോര്‍പ്പറേഷന്‍കാര്‍ പറഞ്ഞതിന് പ്രകാരം അരുവിക്കരയില്‍പ്പോയി. ഏപ്രില്‍ 15നാണ് ഈ യാത്ര. എന്നാല്‍ ഇത്രയും ദിവസത്തിനകം ഞാനുമായി ബന്ധപ്പെട്ട് എന്തെങ്കിലും അന്വേഷണമോ കടലാസോ ലഭിച്ചിട്ടില്ലെന്നായിരുന്നു അവിടെ നിന്ന് കിട്ടിയ മറുപടി. അയച്ചെന്ന് കോര്‍പ്പറേഷന്‍ പറഞ്ഞ കടലാസുകള്‍ പിന്നെ എവിടെ പോയി?

ഇത്രയുമായപ്പോള്‍ എനിക്ക് കാര്യങ്ങളുടെ കിടപ്പ് മനസ്സിലായി. എത്തേണ്ടത് എത്തിക്കേണ്ടിടത്ത് എത്തിയിട്ടില്ല. അതാണ് ഈ വട്ടംകറക്കല്‍. ഈ ബോധം വരുന്നതിനും ദിവസങ്ങള്‍ക്കുമുമ്പേ ഒരു കോര്‍പ്പറേഷന്‍ ജീവനക്കാരന്‍ ആക്കാര്യം എന്നെ ഓര്‍മ്മിപ്പിച്ചിരുന്നതുമാണ്. ആ കടലാസ്, ഈ കടലാസ് എന്നൊന്നും പറഞ്ഞ് അലയണ്ട, അല്ലാതെ തന്നെ എല്ലാം ശരിയാക്കിത്തരാമെന്ന്. അങ്ങിനെയല്ലാതെ തന്നെ ശരിയാകുമോ എന്നു നോക്കട്ടെയെന്നായിരുന്നു എന്റെ മറുപടി. അതൊരു വാശി കൂടിയായിരുന്നു. ആ വാശിയാണ് ദിവസങ്ങള്‍ കൊണ്ടു കിട്ടേണ്ട കടലാസ് മാസങ്ങളായിട്ടും കൈയില്‍ വരാത്തതിന് കാരണമായതും.

കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍ വട്ടം ചുറ്റിക്കുകയാണെന്ന് മനസ്സിലാതോടെ ഞാന്‍ ഏപ്രില്‍ 5 ന് സേവനാവകാശ നിയമം പ്രകാരം, കോര്‍പ്പറേഷനില്‍ കൊടുത്തിരിക്കുന്ന അപേക്ഷയിന്‍മേല്‍ തീര്‍പ്പുകല്‍പ്പിക്കണമെന്നാവിശ്യപ്പെട്ട് പരാതി ഫയല്‍ ചെയ്യ്തു. ഇതിന്‍പ്രകാരം കോര്‍പ്പറേഷന്‍ ഓഫിസില്‍ വിജിലന്‍സ് എത്തുകയും അപേക്ഷയുടെ നിലവിലെ സ്ഥിതി വിശദീകരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. പ്രാദേശിക അന്വേഷണത്തിനായി ഫയല്‍ അയച്ചിരിക്കുകയാണെന്നും, മറുപടി കിട്ടിക്കഴിഞ്ഞാല്‍ ഉടന്‍ ബാക്കി നടപടികള്‍ സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥര്‍ വിജിലന്‍സ് സംഘത്തിന് മുന്‍പാകെ ഉറപ്പു നല്‍കി. എന്നാല്‍ ആ ഉറപ്പില്‍ വലിയകാര്യമന്നും ഉണ്ടായിരുന്നില്ല. ദിവസങ്ങള്‍ കഴിഞ്ഞ് കോര്‍പ്പറേഷന്‍ ഓഫിസില്‍ എത്തിയ എനിക്ക് നേരിടേണ്ടി വന്നത് ഉദ്യോഗസ്ഥരുടെ പരിഹാസമായിരുന്നു. ഇന്നും വിജിലന്‍സുമായിട്ടാണോ വന്നിരിക്കുന്നതെന്നായിരുന്നു ബിന്ദു മേഡം ചോദിച്ചത്. കൊണ്ടുവരേണ്ടി വന്നാല്‍ കൊണ്ടുവന്നല്ലേ പറ്റൂ എന്ന് ഞാനും മറുപടി പറഞ്ഞു. അന്വേഷണത്തിനയച്ച ഫയലിന്റെ കാര്യത്തില്‍ യാതൊരു തീരുമാനവും വരാതായതോടെ വീണ്ടും നിയമത്തിന്റെ വഴിക്ക് പോകാന്‍ ഞാനുറച്ചു. മകനെ കൊണ്ട് മനുഷ്യാവകാശ കമ്മീഷനില്‍ കേസ് കൊടുപ്പിച്ചു. 2014 ഏപ്രില്‍ 25 ന് മനുഷ്യവാകാശ കമ്മിഷന്‍ ചെയര്‍മാന്‍ ജെ ബി കോശി എനിക്കനുകൂലമായി വിധി പ്രസ്താവിച്ചു. മതിയായ രേഖകള്‍ അപേക്ഷകന്‍ സമര്‍പ്പിച്ചിരിക്കുന്ന സാഹര്യത്തില്‍ ആവശ്യപ്പെട്ടിട്ടുള്ള ജനനസര്‍ട്ടിഫിക്കറ്റ് നല്‍കണമെന്നായിരുന്നു കമ്മിഷന്റെ വിധി. വിധിയുടെ പകര്‍പ്പ് അരുവിക്കര വില്ലേജ് ഓഫിസര്‍ക്കും തിരുവനന്തപുരം നഗരസഭയിലെ ജനനമരണ രജിസ്ട്രാര്‍ക്കും അയച്ചു. എന്നാല്‍ ഈ വിധി അംഗീകരിക്കാന്‍ കോര്‍പ്പറേഷന്‍ തയ്യാറായില്ല. തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് തീര്‍പ്പുകല്‍പ്പിച്ചതെന്നായിരുന്നു അവരുടെ വാദം. എല്ലാം ശരിയാകുന്നു എന്നുകരുതിയ എനിക്ക് വീണ്ടും പിഴച്ചു. ഇതിനിടയില്‍ ഞാന്‍ ഓംബുഡ്‌സ്മാനെ സമീപിച്ചു. മേയ് 5 ന് എന്റെ കേസ് വാദം കേള്‍ക്കാന്‍ വച്ചിരുന്നതാണ്. എന്നാല്‍ ആ ദിവസത്തിനു മുമ്പ് വാദം കേള്‍ക്കേണ്ട ജഡ്ജി കാലാവധി പൂര്‍ത്തിയാക്കി പോയതോടെ കേസ് അവധിക്കുവച്ചു.


ജയചന്ദ്രന് അനുകൂലമായി മനുഷ്യാവകാശ കമ്മീഷന്‍ മെയ് മാസം പുറപ്പെടുവിച്ച ഉത്തരവ്

ഞാന്‍ വീണ്ടും മനുഷ്യാവകാശ കമ്മിഷനെ സമീച്ചു. 2014 ജൂലൈ 7 ന് അവിടെ നിന്ന് വീണ്ടും എനിക്ക് അനുകൂലമായ വിധിയാണ് വന്നത്. ജയചന്ദ്രനും സതീശനും ഒരാള്‍ തന്നെയാണെന്ന് തെളിയിക്കാന്‍ മതിയായ രേഖകള്‍ ഹാാജരാക്കിയിട്ടുള്ളതിനാല്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ച് ഞാന്‍ ആവശ്യപ്പെട്ട സര്‍ട്ടിഫിക്കെറ്റ് നല്‍കണമെന്നായിരുന്നു വിധി. ഇതിന്റെ ഓരോ പകര്‍പ്പ് എനിക്കും മകനും കോര്‍പ്പറേനും അയച്ചു. ഈ നടപടിക്രമത്തിന്റെ പകര്‍പ്പുമായി നഗരസഭയില്‍ ചെല്ലാനും നഗരസഭ ഈ പകര്‍പ്പ് കിട്ടി മൂന്ന് ആഴ്ച്ചയ്ക്കകം വേണ്ട തിരുത്തലുകള്‍ വരുത്തി ഗൗരിശങ്കരന്റെ ജനനസര്‍ട്ടിഫിക്കറ്റ് നല്‍കണമെന്നും മനുഷ്യാവകാശ കമ്മിഷന്‍ അഭിപ്രായപ്പെട്ടു. അതിന്‍പ്രകാരം ഈ വിധിയുടെ പകര്‍പ്പുമായി ഞാന്‍ കോര്‍പ്പറേഷന്‍ ഓഫിസിലെത്തി. എന്നാല്‍ തങ്ങള്‍ക്ക് ഇങ്ങിനെയൊരു വിധി പകര്‍പ്പ് കിട്ടിയിട്ടില്ലെന്ന ഉത്തരമാണ് നഗരസഭയില്‍ നിന്ന് കിട്ടിയത്. വിധി വന്ന പിറ്റേദിവസം, അതായത് ജൂലൈ 8ന് എനിക്ക് പകര്‍പ്പ് ലഭിച്ചു. എന്നിട്ടും കോര്‍പ്പറേഷന് കിട്ടിയിട്ടില്ലെന്നു പറയുന്നത് കളവാണെന്ന് ബോധ്യമായി. മൂന്നു പകര്‍പ്പുകളും ഒരുമിച്ച് അയച്ചതാണ്. അതില്‍ ഒന്നുമാത്രം, അതും നഗരസഭയ്ക്ക് അയച്ചതുമാത്രം കിട്ടാതെ വന്നെന്നു പറഞ്ഞാല്‍? എനിക്ക് സര്‍ട്ടിഫിക്കറ്റ് അനുവദിക്കേണ്ടത് ഹെല്‍ത്ത് സൂപ്രണ്ടന്റ് ശാന്തിയാണ്. അവര്‍ക്ക് എന്നോട് വല്ലാത്ത വിരോധം പോലെയാണ്. ഇവരെ കുറിച്ച് നേരത്തെയും ചില ആരോപണങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് പറയുന്നു. എനിക്ക് സര്‍ട്ടിഫിക്കറ്റ് തരില്ലെന്ന പിടിവാശി അവിടെയുള്ളവരില്‍ പലര്‍ക്കും ഉണ്ടെന്ന് എനിക്ക് മനസ്സിലായി. ഞാന്‍ കേസിനും മറ്റും പോയതാണ് കാരണം. നീതി നടപ്പായിക്കിട്ടുന്നില്ലെങ്കില്‍ പിന്നെ എന്താണ് മാര്‍ഗ്ഗം! സാധാരണക്കാരന്‍ ഇത്തരസാഹചര്യങ്ങള്‍ മുനഃപൂര്‍വ്വം ഒഴിവാക്കാറാണ് പതിവ്. അവര്‍ ചോദിക്കുന്നത് എങ്ങിനെയെങ്കിലും കൊടുത്ത് കാര്യം സാധിച്ചെടുക്കും. മറ്റുചിലര്‍ക്ക് നിയമസഹായങ്ങളെക്കുറിച്ചുള്ള അജ്ഞതകാരണം ഇത്തരം ഉദ്യോഗസ്ഥരുടെ മര്‍ക്കടമുഷ്ടിക്ക് മുന്നില്‍ തോറ്റുകൊടുക്കേണ്ടി വരുന്നു. എന്തു തന്നെ സംഭവിച്ചാലും പിന്നോട്ടില്ലെന്ന വാശിയിലായിരുന്നു ഞാന്‍. കോര്‍പ്പറേഷന്‍ ഓഫിസിലും മനുഷ്യാവകാശ കമ്മിഷനിലുമൊക്കെയായി കയറിയിറങ്ങാന്‍ തുടങ്ങിയതോടെ ഉണ്ടായിരുന്ന ജോലി പോയി. ഇടുക്കിയില്‍ ഒരു ഹോട്ടലില്‍ നില്‍ക്കുകയായിരുന്നു. എങ്കിലും ന്യായം ജയിക്കുന്നതുവരെ എനിക്കുണ്ടാകുന്ന നഷ്ടങ്ങളെക്കുറിച്ച് ഞാന്‍ ചിന്തിച്ചില്ല.

സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ജൂലൈ മാസം പുറപ്പെടുവിച്ച  രണ്ടാം ഉത്തരവ്

എന്റെ അവസ്ഥയില്‍ മനസ്സലിവുള്ള ചിലരെങ്കിലും നഗരസഭയിലുണ്ടെന്ന് മനസ്സിലായത് അജിത് എന്ന ഉദ്യോഗസ്ഥനിലൂടെയാണ്. അദ്ദേഹത്തിന്റെ സെക്ഷനല്ലെങ്കില്‍ കൂടി എന്നെ സഹായിക്കാന്‍ മനസ്സ് കാട്ടി. എന്നാല്‍ ശാന്തി മേഡം അജിത്തിനോട് എനിക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കരുതെന്ന് കര്‍ശ്ശനമായി നിര്‍ദ്ദേശിക്കുക പോലുമുണ്ടായി. ആ നല്ല മനുഷ്യന്‍ തന്നാലാവും വിധം ഉപകാരം ചെയ്തു. ഒന്നുരണ്ടുദിവസം കഴിഞ്ഞ് ചെന്നപ്പോള്‍ എന്റെ അപേക്ഷയിന്‍മേല്‍ ഒരന്വേഷണത്തിനായി ഫയല്‍ നെടുമങ്ങാട് മുനിസിപ്പാലിറ്റിയിലേക്ക് അയച്ചിട്ടുണ്ടെന്നും അവിടെ നിന്ന് മറുപടി കിട്ടിയാലുടന്‍ ജനനസര്‍ട്ടിഫിക്കറ്റ് ലഭിക്കുമെന്നും അജിത് സാര്‍ പറഞ്ഞു. ജൂലൈ 30 നാണ് ഫയല്‍ മുനിസിപ്പാലിറ്റിക്ക് അയച്ചത്. മൂന്നുദിവസം കൊണ്ട് കാര്യങ്ങള്‍ ശരിയാകുമെന്നും പറഞ്ഞ് ആ മനുഷ്യന്‍ എന്നെ സമാധാനിപ്പിച്ചു. എന്നാല്‍ ദിവസങ്ങള്‍ മൂന്നും കഴിഞ്ഞുപോയി. ഞാന്‍ മുനിസിപ്പാലിറ്റിയില്‍ ചെന്നു തിരക്കി. അനെയൊരു ഫയല്‍ അവിടെ കിട്ടിയിട്ടില്ലെന്നായിരുന്നു മറുപടി. അജിത് സാര്‍ നുണ പറിയില്ലെന്ന് എനിക്ക വിശ്വാസമുണ്ട്. പക്ഷെ, ജൂലൈ 30 ന് തിരുവനന്തപുരം കോര്‍പ്പറേഷനില്‍ നിന്ന് അയച്ച ഫയല്‍ നെടുമങ്ങാട് നഗരസഭയല്‍ ഇത്രയും ദിവസങ്ങള്‍ കഴിഞ്ഞിട്ടും കിട്ടിയിട്ടില്ലെന്നു പറയുന്നതിലെ കാരണം മനസ്സിലായില്ല. എനിക്ക് ചില സംശയങ്ങള്‍ തോന്നി. മുനിസിപ്പാലിറ്റിയിലെ തന്നെ ചിലരോട് രഹസ്യമായി തിരക്കിയപ്പോഴാണ് സത്യം മനസ്സിലായത്. ഫയല്‍ കിട്ടിയിട്ട് ദിവസങ്ങളായി. എന്നാല്‍ അത് അനക്കാതെ വച്ചേക്കാനായിരുന്നത്രേ കോര്‍പ്പറേഷനില്‍ നിന്നു വന്ന ഫോണ്‍ കോളുകളുടെ നിര്‍ദ്ദേശം. ഇക്കാര്യം വിഷയമാക്കുമെന്ന് പറഞ്ഞതോടെ ഫയല്‍ കിട്ടിയിട്ടുണ്ടെന്നും സെക്രട്ടറി ഒപ്പിട്ടാല്‍ ഉടനെ തിരിച്ചയക്കുമെന്നും മുനിസിപ്പാലിറ്റി ഉറപ്പുപറഞ്ഞു.

ബെസ്റ്റ് ഓഫ് അഴിമുഖം 

എനിക്ക് ഇപ്പോഴും പ്രതീക്ഷയുണ്ട് : പരിവ്രാജിക എ കെ രാജമ്മ
ശിക്ഷ കിട്ടേണ്ടത് രാജ്യത്തെ ഒറ്റിയവര്‍ക്കാണ് – നമ്പി നാരായണന്‍
സോണിയാ ഗാന്ധി അറിയുമോ ശോഭനകുമാരിയെ?
പത്തനംതിട്ട കലഞ്ഞൂരിലെ നടരാജന്‍ എന്ന ഭൂപ്രഭുവിന്‍റെ കഥ
അവള്‍ക്ക് മുന്‍പില്‍ മുട്ടുവിറച്ച് ഭരണകൂടവും കോര്‍പ്പറേറ്റുകളും; അഡ്വ. വിദ്യ സംഗീതിന്‍റെ പോരാട്ടത്തിന്‍റെ കഥ

ഈ സംഭവത്തിനുപിന്നാലെ ഞാന്‍ വീണ്ടും ഓംബുഡ്മാനെ സമീപിക്കാന്‍ തീരുമാനിച്ചു. ഭാഗ്യവശാല്‍ എനിക്ക് ഓംബുഡ്‌സ്മാന്റെ സെക്രട്ടറിയെ കാണാന്‍ സാധിച്ചു. എന്റെ അവസ്ഥകളെല്ലാം അവരോട് പറഞ്ഞു. കാര്യങ്ങള്‍ എല്ലാം മനസ്സിലായ സെക്രട്ടറി, നീതി കിട്ടാനുള്ള നടപടികള്‍ വേഗത്തില്‍ തന്നെ നടക്കുമെന്ന് ഉറപ്പ് നല്‍കി. എന്റെ കാര്യം അത്യാവശ്യകേസായി ഓംബുഡ്‌സ്മാന്റെ മുന്നില്‍ അവതരിപ്പിക്കുകയും ചെയ്യ്തു. ആദ്യം സെപ്തംബര്‍ 5 ന് എന്റെ കേസ് പരിഗണിക്കാമെന്നാണ് ഉറപ്പ് തന്നത്. പിന്നീട് കേസ് ഓഗസ്റ്റ് 28 ന് എടുക്കാമെന്ന തീരുമാനം ഉണ്ടായി. അതിന്‍പ്രകാരം എനിക്കും കോര്‍പ്പറേഷനിലേക്കും ഓംബുഡ്‌സ്മാനില്‍ നിന്ന് നോട്ടിസ് അയച്ചു. ഇതോടെ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍ ചൂടുപിടിച്ചു. കാര്യങ്ങള്‍ കുഴയുമെന്ന് സ്ഥിതിയായതോടെ അവര്‍ എന്നെ വിളിപ്പിച്ചു. നെടുമങ്ങാട് മുനിസിപ്പാലിറ്റിയുടെ സര്‍ട്ടിഫിക്കെറ്റ് വാങ്ങിക്കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. കാര്യങ്ങളുടെ ഗൗരവം മനസ്സിലായതുകൊണ്ടാകാം അവിടെ നിന്ന് തടസ്സങ്ങളൊന്നും കൂടാതെ തന്നെ സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. അത് കോര്‍പ്പറേഷനില്‍ കൊണ്ടുവന്നു കൊടുത്തു. ഒടുവില്‍ മാസങ്ങളോളം നീണ്ട കളികള്‍കള്‍ക്കൊടുവില്‍ തിരുവനന്തപുരം കോര്‍പ്പറേഷന് എനിക്ക് ജനനസര്‍ട്ടിഫിക്കറ്റ് തരേണ്ടിവന്നു.


ഒടുവില്‍ ആഗസ്ത് മാസം കിട്ടിയ ജനന സര്‍ട്ടിഫിക്കറ്റ്

2014 ജനുവരി 15 ന് നല്‍കിയ അപേക്ഷയിലാണ് 2014 ആഗസ്ത് 22 ന് എനിക്ക് ജനനസര്‍ട്ടിഫിക്കറ്റ് കിട്ടുന്നത്. 15 ദിവസത്തിനകം കിട്ടേണ്ട ഒരു സര്‍ട്ടിഫിക്കറ്റിന് എനിക്ക് നഷ്ടപ്പെടുത്തേണ്ടി വന്നത് ഏഴുമാസത്തോളം. ഇതിനിടയില്‍ ഉണ്ടായിരുന്ന ജോലി പോയി. ഓണക്കാലമായിരുന്നതിനാല്‍ മറ്റുഹോട്ടലുകളിലൊന്നും ജോലിക്കു നിക്കാന്‍ സമ്മതിക്കില്ല. ബോണസോ, ഉത്സവബത്തയോ മറ്റും തരേണ്ടി വരുമെന്നുള്ളതുകൊണ്ടാണ്. അങ്ങനെ തിരുവനന്തപുരം നഗരസഭയുടെ കാരുണ്യം കൊണ്ട് ഇത്തവണ എനിക്ക് ഓണം ഉണ്ണേണ്ടി വന്നില്ല. സര്‍ക്കാരിന്റെ ശമ്പളവും ബോണസും മറ്റു അലവന്‍സുകളുമെല്ലാം വാങ്ങി കോപ്പറേഷന്‍ ജീവനക്കാരന്‍ സുഭിക്ഷമായി ഓണം ആഘോഷിച്ചുകാണും. എന്നാല്‍ സാധരണക്കാരന് അന്നന്ന് പണിയെടുത്താലല്ലേ അന്നത്തിന് വകയുണ്ടാവൂ. ഇതൊക്കെ ആരോട് പറയാന്‍! ചിലര്‍ പറഞ്ഞു, അഞ്ഞൂറോ ആയിരമോ കൊടുത്താല്‍ ഇതിന്റെ വല്ലപാടുമുണ്ടാകുമായിരുന്നോ എന്ന്. ശരിയാണ്, അവര്‍ക്ക് വേണ്ടത് ആദ്യമെ കൊടുത്തിരുന്നെങ്കില്‍ എനിക്കീ കഷ്ടപ്പാടുകളൊന്നും സഹിക്കേണ്ടിയിരുന്നില്ല. ഇവിടെയുള്ള സാധാരണക്കാരെല്ലാവരും ചെയ്യുന്നതും അതുതന്നെയാണ്. ജനത്തിന്റെ ഈ നിസ്സഹായവസ്ഥയാണ് ഇവരെപ്പോലുള്ള ഉദ്യോഗസ്ഥര്‍ മുതലാക്കുന്നത്. കൈനീട്ടിവാങ്ങി ശീലിച്ച ഉദ്യോഗസ്ഥന്മാര്‍ ആരു ചോദ്യം ചെയ്യപ്പെടാത്ത ശക്തികളല്ലെന്ന് എനിക്ക് അവരെ ബോധ്യപ്പെടുത്തണമായിരുന്നു. സാധാരണക്കാരനായ ഒരു ഹോട്ടല്‍ തൊഴിലാളി വിചാരിച്ചാലും ഈ നാട്ടിലെ നീതിയും നിയമവും നടപ്പിലാകുമെന്നും എനിക്ക് തെളിയിക്കാനായി. നമ്മളിലോരോരുത്തരും ഇത്തരത്തില്‍ പ്രവര്‍ത്തിച്ചാല്‍ ഇല്ലാതാക്കാവുന്നതെയുള്ളൂ ഈ നാട്ടിലെ കൊള്ളരുതായ്മകള്‍. ധൈര്യവും നിശ്ചദാര്‍ഢ്യവും മാത്രംമതി അഴിമതിക്കാരായവരെ നേരിടാന്‍. പണമോ പിടിപാടോ ആവശ്യമില്ല. എന്നെപ്പോലെ എത്രയോപേര്‍ ഇപ്പോഴും കോര്‍പ്പറേഷന്‍ ഓഫിസിന്റെ പടികള്‍ കയറിയിറങ്ങുന്നുണ്ടാകും. അവരോടെല്ലാം എനിക്ക് ഒന്നേ പറയാനുള്ളൂ, നമ്മുടെ അവകാശം, കൈക്കൂലി കൊടുത്ത് നേടിയെടുക്കേണ്ടതല്ല, അത് നിഷേധിക്കുന്നവരോട് പോരടിക്കണം.വിജയം എന്നും ന്യായത്തിനൊപ്പമാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍