UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മാധ്യമങ്ങള്‍ക്ക് മാത്രമല്ല, നഗരസഭയ്ക്കും പിടിപാടുള്ളവര്‍ ‘പ്രമുഖര്‍’ തന്നെ

Avatar

അഴിമുഖം പ്രതിനിധി

മാധ്യമങ്ങള്‍ നടത്തുന്ന ചില ‘ഒളിച്ചു വയ്ക്കലുകളെ’ കുറിച്ച് കഴിഞ്ഞ ദിവസം ഒരു കോടതി പരാമര്‍ശമുണ്ടായിരുന്നു. തങ്ങള്‍ക്ക് പിണക്കാന്‍ കഴിയാത്തവരെ, അവരുമായി ബന്ധപ്പെട്ടു വരുന്ന പ്രതികൂല വാര്‍ത്തകളില്‍ ‘പ്രമുഖര്‍’ എന്നും ‘പ്രമുഖ’ എന്നും മാത്രം സൂചിപ്പിച്ച് നടത്തുന്ന മാധ്യമപ്രവര്‍ത്തനം ജനങ്ങളോട് ചെയ്യുന്ന അപരാധമാണെന്നതായിരുന്നു കോടതിയുടെ പരാതി.

മാധ്യമങ്ങളും മാധ്യമപ്രവര്‍ത്തകരും കടുത്ത വിമര്‍ശനങ്ങളും കൈയേറ്റങ്ങളും നേരിട്ടുകൊണ്ടിരിക്കുന്ന വര്‍ത്തമാന സാഹാചര്യത്തില്‍ കോടതി പരാമര്‍ശത്തിനും വലിയ പ്രാധാന്യമാണ് കിട്ടിയത്.

മാധ്യമങ്ങളുടെ പരസ്യതാത്പര്യം എന്താണെന്നത് പകല്‍പോലെ വ്യക്തമാണ്. വാര്‍ത്തയ്ക്കിടയില്‍ നല്‍കിയിരുന്ന പരസ്യങ്ങള്‍ പോലും വാര്‍ത്തകളായി തന്നെ മാറിയിരിക്കുന്ന (പത്തനംതിട്ടയില്‍ ഒരു ഹോം അപ്ലെയ്ന്‍സ് സ്ഥാപനത്തിന്റെ ശാഖ ഉദ്ഘാടനം ചെയ്തത് ഇന്നലെയും ഇന്നുമായി മുഖ്യധാര ചാനലുകളെല്ലാം തന്നെ പ്രധാനപ്പെട്ട വാര്‍ത്തയായി സംപ്രേക്ഷണം ചെയ്യുകയാണ്) കാലത്ത് ഒളിച്ചു വയ്ക്കലുകള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും. അത് കച്ചവട താത്പര്യം. ന്യായീകരിക്കുകയല്ല. ഒരിക്കലും ന്യായീകരിക്കാന്‍ കഴിയാത്ത തെറ്റു തന്നെയാണത്. അതേസമയം, മാധ്യമങ്ങള്‍ ചെയ്യുന്ന ഇതേ തെറ്റ് ഒരു ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നാണ് ഉണ്ടാകുന്നതെങ്കില്‍ അതിന്റെ ഗൗരവം എത്ര വലുതായിരിക്കും.

തിരുവനന്തപുരം നഗരസഭ പുറപ്പെടുവിച്ച ഈ പത്രക്കുറിപ്പ് ഒന്നു ശ്രദ്ധിച്ചു വായിക്കു;

മാധ്യമങ്ങള്‍ ജനാരോഗ്യം ഗൗനിച്ച്, പക്ഷപാതപരമായി വാര്‍ത്തകള്‍ കൊടുക്കാതെ പഴകിയ ഭക്ഷണങ്ങള്‍ പിടിച്ചെടുത്ത ഹോട്ടലുകളുടെ പേരുവിവരങ്ങള്‍ പ്രസിദ്ധീകരിക്കുകയാണെങ്കില്‍ ജനങ്ങള്‍ക്ക് ആ ഹോട്ടലുകള്‍ ഒഴിവാക്കി മറ്റുള്ളിടങ്ങള്‍ തെരഞ്ഞെടുക്കാന്‍ കഴിയില്ലേ എന്നാണ് എപ്പോഴും ഉയരുന്ന ചോദ്യം. മാധ്യമങ്ങളുടെ നടപടി ജനദ്രോഹമാണെങ്കില്‍ തിരുവനന്തപുരം നഗരസഭ മേയര്‍ കയ്യൊപ്പ് ചാര്‍ത്തി പുറത്തിറക്കിയിരിക്കുന്ന ഈ പത്രക്കുറിപ്പിനെ എന്തു വിളിക്കണം?

നഗരസഭയുടെ (ഭരണകൂടത്തിന്റെ) ഉത്തരവാദിത്വം തീര്‍ത്തും ജനങ്ങളോടാണ്. കച്ചവടസ്ഥാപനങ്ങളോടല്ല. എന്നിരിക്കെ തന്നെയാണ് പ്രസ്തുത കുറ്റം ചുമത്തപ്പെട്ടതില്‍ ഒരു ഹോട്ടലിന്റെ പേരുപോലും പരാമര്‍ശിക്കാതെ അവയെല്ലാം തന്നെ ‘പ്രമുഖ’ എന്ന നാമവിശേഷണത്തില്‍ ഒതുക്കിയത്.

എന്തുകൊണ്ട് അത്തരമൊരു നടപടിയിലേക്ക് നഗരസഭ തിരിഞ്ഞു എന്നതാണ് ബഹുരസം. പഴകിയ ഭക്ഷണം പിടികൂടിയതില്‍ പെട്ട ഒരു ഭക്ഷണശാല, നഗരത്തില്‍ മലബാറിന്റെ രൂചിയുടെ മൊത്തക്കച്ചവടക്കാരായി പേരെടുത്തു കഴിഞ്ഞവരുടേതാണ്. ഇവരുടെ പേര് പുറത്തു വരരുതെന്ന് അഭ്യര്‍ത്ഥനയുമായി ഉടന്‍ വന്നു മുകളില്‍ നിന്നും വിളി. പ്രസ്തുത ഹോട്ടലിന്റെ പേര് പുറത്തു വരരുത്. എന്നാല്‍ ഉദ്യോഗസ്ഥര്‍ വിസമ്മതം അറിയിച്ചു. പറയേണ്ടെങ്കില്‍ അതൊരു ഹോട്ടലിന്റെ പേരുമാത്രമായിട്ട് വേണ്ട, ആരുടെയും പറയേണ്ടന്ന് ഉദ്യോഗസ്ഥര്‍. അതോടെ ഉണ്ടായ തീരുമാനമാണ് പഴകിയ ഭക്ഷണം പിടിച്ച ഹോട്ടലുകളുടെ ഒന്നും പേരുകള്‍ പുറത്തു വിടരുതെന്ന്.

എന്നാല്‍ ചെറിയൊരു അബദ്ധം ഉദ്യോഗസ്ഥര്‍ ചെയ്തുപോയിരുന്നു. മുകളില്‍ നിന്നുള്ള വിളി വരുന്നതിനു മുന്നെ തന്നെ പിടിച്ചെടുത്ത പാഴായ ഭക്ഷണങ്ങള്‍ പരസ്യമായി പ്രദര്‍ശിപ്പിച്ചിരുന്നു, ഏതൊക്കെ ഹോട്ടലുകളില്‍ നിന്നാണെന്ന് വ്യക്തമാക്കി കൊണ്ടുതന്നെ! അതില്‍ നിന്നും മനസിലായത്, പഴകിയ ഭക്ഷണസാധനങ്ങള്‍ പിടികൂടിയിരിക്കുന്നത്; പുളിമൂട് ആര്യാസ്, തക്കാരം, സ്റ്റാച്യുവിലെ വടക്കന്‍ കുശിനി, ഹോട്ടല്‍ ടൗണ്‍ ടവര്‍ എന്നീ ഹോട്ടലുകളില്‍ നിന്നാണെന്നാണ്. ഈ പേരുകളാണ് നഗരസഭ ഇപ്പോള്‍ അവരുടെ പത്രക്കുറിപ്പില്‍ ‘ പ്രമുഖ’ ഹോട്ടലുകളാക്കി സഹായിച്ചിരിക്കുന്നത്.

പഴകിയ ഭക്ഷണങ്ങള്‍ പിടികൂടിയത്, നഗരസഭ തങ്ങളുടെ ഉത്തരവാദിത്വം നിര്‍വഹിച്ചതിന്റെ പേരില്‍ അഭിനന്ദിക്കേണ്ടതാണ്. എന്നാല്‍ അവരുടെ പ്രവര്‍ത്തിയുടെ മുഴുവന്‍ അന്തസ്സും കളയുന്നതായി പോയി ഏതെല്ലാം ഹോട്ടലുകളാണ് കുറ്റം ചെയ്തതെന്ന് വെളിവാക്കാതിരുന്നത്. പഴകിയ ഭക്ഷണം ജനങ്ങള്‍ കഴിക്കാതെ അവരുടെ ആരോഗ്യം സംരക്ഷിക്കപ്പെടണം എന്നതാണ് നഗരസഭ ലക്ഷ്യമിടുന്നതെങ്കില്‍ ഏതെല്ലാം ഹോട്ടലുകാരാണ് ഈ തെറ്റ് ചെയ്തതെന്നും ജനങ്ങളോട് വെളിപ്പെടുത്തേണ്ടതായിരുന്നു.

തീര്‍ച്ചയായും ഇവിടെയും വിജയിച്ചത് സ്വാധീനമുള്ളവരുടെ ഇടപെടല്‍ തന്നെയാണ്. തങ്ങളുടെ കുറ്റം നാട്ടുകാര്‍ അറിയാതിരിക്കേണ്ടത് അവരുടെ നിലനില്‍പ്പിന് അത്യന്താപേക്ഷിതമാണ്. കാലങ്ങളായി നഗരങ്ങളിലെ പ്രമുഖ ഹോട്ടലുകളിലും ബേക്കറികളിലും ഭക്ഷ്യസുരക്ഷ അധികൃതര്‍ പരിശോധനകള്‍ നടത്തുകയും മോശമായവയ പിടികൂടുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ഇവ ഏതെല്ലാം സ്ഥാപനങ്ങളാണെന്ന വസ്തുത ജനങ്ങള്‍ അറിയുന്നേയില്ല. മാധ്യമങ്ങളാണ് ഈ വിവരങ്ങള്‍ മൂടിവയ്ക്കുന്നതെന്നാതായിരുന്നു പ്രധാന ആക്ഷേപമെങ്കില്‍ തിരുവനന്തപുരം നഗരസഭയുടെ ഈയൊരൊറ്റ പത്രക്കുറിപ്പില്‍ നിന്നും ഭരണകൂടത്തിന്റെ പ്രതിനിധികള്‍ എങ്ങനെയാണ് സമ്പന്നരായ വ്യാപാരികളെ സഹായിക്കുന്നതെന്നു വ്യക്തമാകും.

മാധ്യമങ്ങള്‍ അവരുടെ നിലനില്‍പ്പിന്റെ പേരിലാണ് പരസ്യദാതാക്കള്‍ക്ക് നല്‍കുന്ന പിന്തുണയെ ന്യായീകരിക്കുന്നത്. 
എന്നാല്‍ ഭരണകൂടത്തിനോ? സ്വകാര്യവ്യക്തികള്‍ക്ക് അനര്‍ഹമായി ചെയുതുകൊടുക്കുന്ന ഇത്തരം സഹായങ്ങളിലൂടെ അവര്‍ക്ക് കിട്ടുന്ന പ്രതിഫലം എന്തു തന്നെയാണെങ്കിലും അത് കൈക്കൂലിയായും അവരുടെ പ്രവര്‍ത്തി അഴിമതിയായും തന്നെയാണ് കാണേണ്ടത്.

തിരുവനന്തപുരം നഗരസഭ അധികാരികളെ ഇത്തരുണത്തില്‍ അഴിമതിക്കാരായോ കൈക്കുലിക്കാരായോ രേഖപ്പെടുത്തുകയല്ല, മറിച്ച് അവരുടെ ഇത്തരം ഒളിച്ചു കളികള്‍ പൊതുജനത്തിന് തങ്ങളുടെ പ്രതിനിധികളുടെ മേല്‍ സംശയം ജനിപ്പിക്കുന്നതിന് ഇടയാക്കും.

അതുകൊണ്ട് തന്നെ തിരുവനന്തപുരം നഗരസഭ മേയര്‍ പി. പ്രശാന്തിനോട് അഭ്യര്‍ത്ഥിക്കുകയാണ്; പ്രമുഖ ഹോട്ടലുകള്‍ എന്ന പ്രയോഗം മാറ്റി, ജനങ്ങളുടെ ആരോഗ്യത്തെ വെല്ലുവിളിച്ച ആ ഹോട്ടലുകള്‍ ഏതൊക്കെയാണെന്ന് പേരുസഹിതം വ്യക്തമാക്കേണ്ടതുണ്ട്.

പ്രതീക്ഷയോടെ…

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍