UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തലസ്ഥാന നഗരത്തിന്‍റെ പിതാവ് യുവാവാണ്; തിരുവനന്തപുരം മേയര്‍ അഡ്വ. വി കെ പ്രശാന്ത് സംസാരിക്കുന്നു

Avatar

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തെരഞ്ഞെടുപ്പ് കഴിഞ്ഞ് പുതിയ ഭരണസമിതികള്‍ അധികാരം ഏറ്റെടുക്കുകയും ചെയ്തു. ഏറെ പ്രത്യേകതകളാണ് ഇത്തവണത്തെ മേയര്‍മാര്‍ക്കും നഗരസഭാദ്ധ്യക്ഷന്‍മാര്‍ക്കും ത്രിതല പഞ്ചായത്ത് പ്രസിഡന്റുമാര്‍ക്കും ഉള്ളത്. അവരില്‍ ചിലരേയും അവരുടെ കാഴ്ചപ്പാടുകളേയും അഴിമുഖം പരിചയപ്പെടുത്തുന്നു.

തെരഞ്ഞെടുപ്പ് ഓട്ടത്തില്‍ വമ്പന്‍മാര്‍ കാലിടറി വീണപ്പോള്‍ തിരുവനന്തപുരം കോര്‍പ്പറേഷന്റെ മേയര്‍ സ്ഥാനത്തേക്ക് പുതിയ റെക്കോര്‍ഡ് കുറിച്ചാണ് 34-കാരനായ വി കെ പ്രശാന്ത് സ്ഥാനമേറ്റത്. കോര്‍പ്പറേഷന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ നഗരപിതാവ് എന്ന റെക്കോര്‍ഡ്. ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത കോര്‍പ്പറേഷനില്‍ ഏറ്റവും കൂടുതല്‍ സീറ്റ് നേടിയതിന്റെ ബലത്തില്‍ എല്‍ഡിഎഫിനുവേണ്ടി സിപിഐഎമ്മില്‍ നിന്ന് പ്രശാന്ത് മേയറായി സ്ഥാനമേറ്റത് മുതല്‍ നഗരവാസികള്‍ ഉറ്റുനോക്കുന്നത് ഈ യുവ നഗരപിതാവിന് അഞ്ചുവര്‍ഷം ഓട്ടം തികയ്ക്കാനാകുമോയെന്നാണ്. വഴിയില്‍ കല്ലും മുള്ളും ഏറെയുണ്ട്. ഭൂരിപക്ഷം ഇല്ലാത്തത് മുതല്‍ മാലിന്യവും പട്ടിശല്യവും വരെ. ക്ഷേമ രാഷ്ട്രീയത്തിലൂടെ നഗരത്തെ വികസനത്തിന്റെ പട്ടുമെത്തയില്‍ കിടത്താന്‍ പ്രശാന്തിനാകുമോ. തലസ്ഥാന നഗരിയുടെ 44-മത് മേയറാണ് വികെ പ്രശാന്ത്‌. യുവതയുടെ മനസ്സറിയാവുന്ന ഒരു പ്രവര്‍ത്തകനില്‍ നിന്നും ഇപ്പോള്‍ ഉത്തര സ്ഥാനത്തേക്ക് വന്ന വ്യക്തിയെന്ന നിലയ്ക്ക്   ജനത്തിന്‍റെ മനസ്സറിഞ്ഞു പ്രവര്‍ത്തിക്കുന്ന ഒരു മേയറെയാണ് തിരുവനന്തപുരം നിവാസികള്‍ ഇദ്ദേഹത്തില്‍ കാണുന്നത്. മേയര്‍ സ്ഥാനം വരെയുള്ള പൊതുപ്രവര്‍ത്തന യാത്രയെക്കുറിച്ചും തലസ്ഥാനത്തു നടത്താന്‍ പോകുന്ന വികസനപ്രവര്‍ത്തനങ്ങളെക്കുറിച്ചും മേയര്‍  പ്രശാന്ത്‌ സംസാരിക്കുന്നു. 

കണിയാപുരം മുസ്ലിം ബോയ്സ് ഹൈസ്കൂളില്‍ നിന്നായിരുന്നു ഞാന്‍ പ്രാഥമിക വിദ്യാഭ്യാസം നേടിയത്. പൊതുപ്രവര്‍ത്തനത്തില്‍ അക്കാലം മുതല്‍ക്കു തന്നെ ആകൃഷ്ടനായിരുന്നുവെങ്കിലും തുമ്പയിലെ സെന്റ്‌ സേവ്യേഴ്സ് കോളേജില്‍ പ്രീഡിഗ്രിക്കും ഡിഗ്രിക്കും പഠിക്കുന്ന സമയത്തായിരുന്നു പ്രവര്‍ത്തനങ്ങളില്‍ വ്യക്തത വരുന്നത്. കോളേജ് യൂണിയന്‍ ചെയര്‍മാന്‍ ആയതോടെ കൂടുതല്‍ സജീവമായി.

അടുത്ത ഘട്ടം നിയമവിദ്യഭ്യാസമായിരുന്നു. തിരുവനന്തപുരം പേരൂര്‍ക്കടയിലുള്ള ലാ അക്കാദമിയില്‍ ചേര്‍ന്നു. ആ സമയത്ത് എസ്എഫ്ഐ ജില്ല കമ്മറ്റി അംഗം, കഴക്കൂട്ടം ഏരിയ സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്നുണ്ടായിരുന്നു.

2005-10 കാലയളവില്‍ കഴക്കൂട്ടം ഗ്രാമപഞ്ചായത്ത് അംഗമായി തെരഞ്ഞെടുപ്പില്‍ വിജയിച്ചപ്പോള്‍ ഒരു ജനപ്രതിനിധി എന്ന നിലയില്‍ ജനങ്ങളെ കൂടുതല്‍ അടുത്തറിയാനുള്ള അവസരം ലഭിക്കുകയുണ്ടായി. ജനങ്ങള്‍ക്ക്‌ എന്താണ് ആവശ്യം എന്ന് മനസ്സിലാക്കാന്‍ സാധിച്ചത് ആ സമയത്താണ്. പാര്‍ട്ടിയുടെ ലോക്കല്‍ കമ്മറ്റി അംഗമെന്ന സ്ഥാനവും ആ സമയത്ത് വഹിക്കുന്നുണ്ടായിരുന്നു.  ഇത് കൂടുതല്‍ ഗുണം ചെയ്തു.

ശേഷമുള്ള കാലയളവില്‍ വെട്ടു റോഡ്‌ ബ്രാഞ്ച് സെക്രട്ടറി, ഡിവൈഎഫ്ഐ ജില്ല സെക്രട്ടറിയേറ്റ്‌ അംഗം എന്നീ സ്ഥാനങ്ങള്‍ വഹിച്ചു വരവേയാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പാര്‍ട്ടി നിര്‍ദ്ദേശിക്കുന്നത്. തെരഞ്ഞെടുപ്പിനു നില്‍ക്കുമ്പോള്‍ തന്നെ ജയിക്കുമെന്ന കാര്യത്തില്‍ സംശയമില്ലായിരുന്നു. 1500-1800-നുമിടയ്ക്ക് ഭൂരിപക്ഷം പ്രതീക്ഷിച്ചിരുന്നു. സാധാരണ ഗതിയില്‍ കണ്ടുവരാറുള്ള തര്‍ക്കങ്ങളൊന്നും സ്ഥാനാര്‍ഥി നിര്‍ണ്ണയത്തിന്‍റെ സമയം വന്നിരുന്നില്ല.എന്‍റെ പേരു നിര്‍ദേശിച്ചത് ജനങ്ങള്‍ തന്നെയായിരുന്നു, പഞ്ചായത്ത് അംഗം എന്ന നിലയില്‍ അവര്‍ക്കു വേണ്ടി ചെയ്തതു തന്നെ കോര്‍പ്പറേഷനിലും ചെയ്യാന്‍ സാധിക്കും എന്ന ഉറപ്പുള്ളതു കൊണ്ടാണ് അവര്‍ പിന്തുണച്ചത്. അവര്‍ അര്‍പ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കുക എന്നുള്ളതാണ് എന്‍റെ കര്‍ത്തവ്യം.

കപടവാഗ്ദാനങ്ങള്‍ നല്‍കി ചതിക്കണമെന്ന് ആഗ്രഹമില്ലാത്തതുകൊണ്ടുതന്നെ ഇപ്പോഴത്തെ കോര്‍പ്പറേഷന്റെ ഭരണ കാലയളവില്‍ വലിയ വാഗ്ദാനങ്ങളൊന്നും ജനങ്ങള്‍ക്കു നല്കുന്നില്ല. ചെയ്യാനുദ്ദേശിക്കുന്ന കാര്യങ്ങള്‍ നഗരത്തിന്‍റെ വികസനത്തെ സംബന്ധിച്ചുള്ളതാണ്. ജനങ്ങളുടെ പ്രാഥമികമായ ആവശ്യങ്ങള്‍ നിറവേറ്റുക എന്നതാണ് ഇപ്പോള്‍ പരിഗണനയിലുള്ളത്.

നഗരത്തിലെ മാലിന്യപ്രശ്നം പരിഹരിക്കാനുള്ള നടപടികളാണ് ആദ്യമായി സ്വീകരിക്കുക. ഇതിനായി ബോധവല്‍കരണ പരിപാടികള്‍ നടത്തുക, ബഹുനില കെട്ടിടങ്ങളില്‍ മാലിന്യ സംസ്കരണ പ്ലാന്റുകള്‍ നിര്‍ബന്ധമാക്കുക എന്നിങ്ങനെയുള്ള  പദ്ധതികളും നടപ്പിലാക്കും. നഗരത്തിലാകമാനം അനധികൃതമായി സ്ഥാപിച്ചിട്ടുള്ള ഫ്ലക്സുകള്‍ നീക്കം ചെയ്യാനുള്ള നടപടിയും ആരംഭിച്ചിട്ടുണ്ട്.  കൂടാതെ  ഷീ ടോയ്‌ലെറ്റ്‌ പോലെയുള്ള സ്ത്രീ സൗഹൃദ പദ്ധതികളും  വ്യാപകമാക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്.

ഐടി നഗരം എന്നുള്ള പേരല്ലാതെ ടെക്നോപാര്‍ക്കിനു വെളിയിലോട്ടിറങ്ങിയാല്‍ ഇപ്പോഴും കഴക്കൂട്ടത്തിന്‌ വികസനം അപൂര്‍ണ്ണമാണ്. അഞ്ചുകൊല്ലം മുന്‍പാണ്‌ കഴക്കൂട്ടം തിരുവനന്തപുരം കോര്‍പ്പറേഷനില്‍ കൂട്ടിച്ചേര്‍ത്തത്. എങ്കിലും സ്പെഷ്യല്‍  പാക്കേജുകള്‍ ഒന്നും തന്നെ അവിടെ നടപ്പിലാക്കിയിട്ടില്ല. എന്നാല്‍ ആറ്റിപ്ര അടക്കമുള്ള പ്രദേശനങ്ങള്‍ കൂട്ടിച്ചേര്‍ത്തപ്പോള്‍ അവിടങ്ങളില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ടായിരുന്നു. എന്നാല്‍ ഒരു കംഫര്‍ട്ട് സ്റ്റേഷന്‍ പോലും കഴക്കൂട്ടം ജംഗ്ഷനിലില്ല. പലയിടത്തും തെരുവുവിളക്കുകള്‍ കത്തുന്നില്ല, റോഡുകളുടെ അപാകതകള്‍ എന്നിവയ്ക്കൊക്കെ പരിഹാരം കാണുക എന്നുള്ളതാണ് ആദ്യപടി. കഴക്കൂട്ടത്ത് കംഫര്‍ട്ട് സ്റ്റേഷന്‍ അധികം താമസിയാതെ നിലവില്‍ വരും. കൂടാതെ ജംഗ്ഷനുകള്‍ കേന്ദ്രീകരിച്ചുള്ള വികസനപ്രവര്‍ത്തനങ്ങള്‍ക്കും പദ്ധതികള്‍ ആരംഭിക്കുന്നുണ്ട്. കഴക്കൂട്ടം ജംഗ്ഷനില്‍ വൈഫൈ സംവിധാനം ലഭ്യമാക്കുക എന്നുള്ള ഒരു തീരുമാനം കൂടി പരിഗണനയിലുണ്ട്.

ഓഫീസിന്‍റെ പ്രവര്‍ത്തനത്തിലും കാതലായ മാറ്റങ്ങള്‍ വരുത്തുന്നുണ്ട്. ഒരു ജന സൗഹൃദ കോര്‍പ്പറേഷന്‍ ഓഫീസ് ആണ് ഇനിയുണ്ടാവുക. കാലതാമസമില്ലാതെ ജനങ്ങളുടെ ആവശ്യം നിറവേറ്റുക എന്നുള്ളതാണ് ഞങ്ങളുടെ ലക്ഷ്യം. അതിനാവശ്യമായ സൌകര്യങ്ങള്‍ ലഭ്യമാക്കുന്ന ഒരു പുതിയ ഫ്രണ്ട് ഓഫീസ് സംവിധാനം ഉടനടി നിലവില്‍ വരും.

കേവല ഭൂരിപക്ഷം ഇല്ലാത്ത ഭരണ സമിതിയാണ് എന്നുള്ളതാണ് ഏക വെല്ലുവിളി. എന്നാല്‍ അതിനെയും ഫലപ്രദമായി നേരിടാന്‍ കഴിയുമെന്നാണ് വിശ്വാസം. ജനങ്ങളുടെ സൗഖ്യമാണല്ലോ ജനപ്രതിനിധികളുടെ ഉത്തരവാദിത്വം. സമിതിയിലെ അംഗങ്ങള്‍ എല്ലാവരും അതിനുവേണ്ടി പ്രവര്‍ത്തിക്കുമെന്നാണ് കരുതുന്നത്. 

(തയ്യാറാക്കിയത് ഉണ്ണികൃഷ്ണന്‍ വി )

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍