UPDATES

ഇവിടെ മൃതദേഹങ്ങള്‍ക്കു പോലും രക്ഷയില്ല; അഞ്ചെണ്ണം ചീഞ്ഞുനാറി

മനുഷ്യാവകാശ കമ്മിഷനു നല്‍കിയ ഉറപ്പ് പാലിച്ചില്ല

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതശരീരങ്ങള്‍ ചീഞ്ഞു നാറുന്നു. ഫ്രീസറുകള്‍ പ്രവര്‍ത്തിക്കാത്തതാണ് മൃതദേഹങ്ങള്‍ ചീഞ്ഞു നാറാന്‍ കാരണം. അഞ്ചു മൃതദേഹങ്ങള്‍ ഈ വിധത്തില്‍ നാശമായി. ഇതില്‍ മൂന്ന് അനാഥ മൃതശരീരങ്ങള്‍ നഗരസഭയ്ക്ക് കൈമാറി. മറ്റു മൃതദേഹങ്ങള്‍ ഇപ്പോഴും ആശുപത്രി മോര്‍ച്ചറിയില്‍ തന്നെ സൂക്ഷിച്ചിരിക്കുകയാണ്.

മെഡിക്കല്‍ കോളേജ് അശുപത്രിയിലെ മോര്‍ച്ചറിയുടെ ശോചനീയ അവസ്ഥ വിവരിച്ചു കഴിഞ്ഞ മാസം 24 നു പൊതുപ്രവര്‍ത്തകനായ പി കെ രാജു സംസ്ഥാന മനുഷ്യാവകാശ കമ്മിഷനു പരാതി നല്‍കിയിരുന്നു. ആശുപത്രി മോര്‍ച്ചറിയിലെ എ, ബി, സി എന്ന മൃതദേഹങ്ങള്‍ സൂക്ഷിക്കുന്ന അറകളില്‍ സി എന്ന അറയിലെ ഫ്രീസര്‍ പ്രവര്‍ത്തനരഹിതമാണെന്നായിരുന്നു രാജു പരാതി ഉന്നയിച്ചത്. മൂന്ന് അറകളിലും ആറു മൃതദേഹങ്ങള്‍ വീതം ആകെ 18 മൃതദേഹങ്ങളാണു മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിക്കാന്‍ കഴയുന്നത്. നിലവില്‍ ബി എന്ന പട്ടികയിലെ ഫ്രീസര്‍ മാത്രമാണ് 24 മണിക്കൂറില്‍ രണ്ടു തവണയായി പ്രവര്‍ത്തിക്കുന്നത്. എ പട്ടികയിലെ ഫ്രീസര്‍ ഒരു തവണ മാത്രമാണു പ്രവര്‍ത്തിക്കുന്നത്. എ പട്ടികയിലെ ഫ്രീസറിന്റെ പ്രവര്‍ത്തനവും ഏതു നിമിഷവും നിലയ്ക്കാവുന്ന അവസ്ഥയിലാണെന്നും രാജുവിന്റെ പരാതിയില്‍ പറയുന്നു. 15 ദിവസം വരെ മൃതദേഹങ്ങള്‍ ഇവിടെ സൂക്ഷിക്കാന്‍ വയ്ക്കാറുണ്ട്. ഇത്രയും ദിവസങ്ങള്‍ പ്രവര്‍ത്തിക്കാത്ത ഫ്രീസറുകളില്‍ മൃതദേഹം വച്ചാല്‍ ചീഞ്ഞുപോകുമെന്നതില്‍ സംശയമില്ല.

അത്യാധുനിക സൗകര്യങ്ങളോടു കൂടിയ മോര്‍ച്ചറിക്കു വേണ്ടിയുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി നടക്കുന്നുണ്ടെങ്കിലും ഇതുവരെ പൂര്‍ത്തിയായിട്ടില്ല. പുതിയ മോര്‍ച്ചറിയുടെ നിര്‍മാണം എത്രയും വേഗം പൂര്‍ത്തിയാത്തി മൃതശരീരങ്ങളോട് കാണിക്കുന്ന അനാദരവ് അവസാനിപ്പിക്കുന്നത് നിര്‍ത്താന്‍ മെഡിക്കല്‍ കോളേജ് അധികൃതരോട് ആവശ്യപ്പെടണമെന്നായിരുന്നു രാജുവിന്റെ പരാതി.

ഈ പരാതിയിന്മേല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പുതിയ മള്‍ട്ടി സ്‌പെഷ്യലാറ്റി ബ്ലോക്കിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടനടി പൂര്‍ത്തിയാകുമെന്നും ഇതിനോടനുബന്ധിച്ച് ആധുനിക സൗകര്യങ്ങളോടുകൂടിയ മോര്‍ച്ചറി സ്ഥാപിക്കാനുള്ള സ്ഥലം രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തീരുന്ന മുറയ്ക്ക് മോര്‍ച്ചറി സംവിധാനങ്ങളെ കുറിച്ചുള്ള പരാതിക്കു പരിഹാരം ഉണ്ടാകുമെന്നുമായിരുന്നു നിലപാട് വ്യക്തമാക്കിയത്. നിലവില്‍ മോര്‍ച്ചറിയിലെ ചേമ്പറിനുണ്ടായ തകരാര്‍ ഉടന്‍ പരിഹരിക്കുമെന്നും അറ്റകുറ്റപ്പണി നടത്തുന്ന യൂണിവേഴ്‌സല്‍ ഏജന്‍സീസ് ത്വരിതവേഗത്തില്‍ പ്രവര്‍ത്തികള്‍ നടത്തുന്നുണ്ടെന്നും മനുഷ്യാവകാശ കമ്മിഷനു മുമ്പാകെ ബോധിപ്പിച്ചിരുന്നു.

എന്നാല്‍ മനുഷ്യാവകാശ കമ്മിഷന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് അധികൃതര്‍ നല്‍കിയ ഉറപ്പു പാലിക്കപ്പെട്ടിട്ടില്ലെന്നാണു രാജു പറയുന്നത്. അതിനു തെളിവാണ് ചീഞ്ഞുനാറിയ അഞ്ചു മൃതശരീരങ്ങള്‍.

മോര്‍ച്ചറിയിലെ ബി അറയില്‍ സൂക്ഷിച്ചിരുന്ന മൃതശരീരങ്ങളില്‍ അഞ്ചെണ്ണമാണു ചീഞ്ഞുനാറിയത്. ഇതില്‍ മൂന്നെണ്ണം നഗരസഭയ്ക്ക് കൈമാറി. ബാക്കിയുള്ള രണ്ടു മൃതദേഹങ്ങള്‍ സി അറയിലേക്ക് മാറ്റിയിരിക്കുകയാണ്. എ,ബി,സി അറകളിലായി 12 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ആറു ട്രാന്‍സ്‌ഫോര്‍മറുകളാണ് നിലവിലുള്ളത്. 12 മണിക്കൂര്‍ വീതം ഓരോന്നും പ്രവര്‍ത്തിക്കണം. എന്നാല്‍ മൂന്നു ട്രാന്‍സ്‌ഫോര്‍മറുകള്‍ വര്‍ഷങ്ങളായി തന്നെ പ്രവര്‍ത്തിക്കുന്നില്ല. ഇതുകാരണം 24 മണിക്കൂറും ഒരേ ട്രാന്‍സ്‌ഫോര്‍മര്‍ തന്നെ പ്രവര്‍ത്തിക്കേണ്ടി വരുന്നു. ഇതു പരിഹരിക്കാന്‍ അശുപത്രിയധികൃതര്‍ നടപടിയൊന്നും സ്വീകരിക്കുന്നില്ലെന്നാണു രാജു പറയുന്നത്. അടുത്തമാസം നാലാം തീയതി മനുഷ്യാവകാശ കമ്മിഷന്‍ കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ ഈ വിവരങ്ങള്‍ സമര്‍പ്പിക്കുമെന്നും രാജു പറയുന്നു. മെഡിക്കല്‍ കോളേജ് സൂപ്രണ്ട് കമ്മിഷനു നല്‍കിയ ഉറപ്പാണു നടപ്പാക്കാതിരിക്കുന്നതെന്നും രാജു ചൂണ്ടിക്കാണിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍