UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അര്‍ണാബ് ഗോസ്വാമിയുടെ റിപ്പബ്ലിക്ക് നിയമവിരുദ്ധമായി സംപ്രേഷണം നടത്തുന്നെന്ന് ട്രായിക്ക് പരാതി

ബിസിനസുമായി ബന്ധപ്പെട്ട് ഇതാദ്യമായാണ് എന്‍ബിഎ ഏതെങ്കിലുമൊരു ചാനലിനെതിരെ പരാതി നല്‍കുന്നത്

അര്‍ണാബ് ഗോസ്വാമിയുടെ പുതിയ ടെലിവിഷന്‍ ചാനല്‍ റിപ്പബ്ലിക്കിനെതിരെ ന്യൂസ് ബ്രോഡ്കാസ്‌റ്റേഴ്‌സ് അസോസിയേഷന്‍ ട്രായിക്ക് പരാതി നല്‍കി. വായനക്കാരെ കൂടുതല്‍ കിട്ടുന്നതിനായി നിയമവിരുദ്ധമായ രീതിയില്‍ വാര്‍ത്ത സംപ്രേഷണം ചെയ്യുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്.

എന്‍ബിഎ എഴുതിത്തയ്യാറാക്കി നല്‍കിയ പരാതിയില്‍ അര്‍ണാബിന്റെ ചാനല്‍ വിവിധ ബഹുസംവിധാന ഓപ്പറേറ്റര്‍മാരിലൂടെ(എംഎസ്ഒ) ചാനല്‍ സംപ്രേഷണം ചെയ്ത് കാഴ്ചക്കാരുടെ എണ്ണത്തില്‍ കൃത്രിമത്വം കാണിക്കുന്നുവെന്നും പറയുന്നതായി ബെസ്റ്റ് മീഡിയ ഇന്‍ഫോ പുറത്തുവിട്ട വാര്‍ത്തയില്‍ പറയുന്നു. ബിസിനസുമായി ബന്ധപ്പെട്ട് ഇതാദ്യമായാണ് എന്‍ബിഎ ഏതെങ്കിലുമൊരു ചാനലിനെതിരെ പരാതി നല്‍കുന്നത്.

വിവിധ പ്രദേശങ്ങളില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന റിപ്പബ്ലിക് വിവിധ തരംതിരിവുകള്‍ ഉപയോഗിക്കുന്നെന്നും വിവിധ എംഎസ്ഒകള്‍ ഉപയോഗിച്ച് കാഴ്ചക്കാരുടെ എണ്ണത്തില്‍ കൃത്രിമത്വം കാണിക്കുന്നുവെന്നുമാണ് എന്‍ബിഎ വിശ്വസിക്കുന്നത്. ഇത് നിയമവിരുദ്ധമാണെന്നും ഭാവിയില്‍ മറ്റൊരു ചാനലും ഇത്തരം പ്രവര്‍ത്തികള്‍ തുടരാതിരിക്കാന്‍ നടപടിയെടുക്കണമെന്നുമാണ് എന്‍ബിഎ ട്രായിക്ക് നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നത്.

രാജ്യത്തെ 171 നഗരങ്ങളില്‍ സംപ്രേഷണം ചെയ്യുന്ന റിപ്പബ്ലിക് ചാനല്‍ പലപ്പോഴും രണ്ടോ മൂന്നോ പ്രതികരണങ്ങള്‍ ഉപയോഗിക്കുന്നുവെന്നാണ് എന്‍ബിഎയുടെ കണ്ടെത്തല്‍. മെയ് ആറിന് ചാനല്‍ ആരംഭിച്ചപ്പോള്‍ മുതല്‍ റിപ്പബ്ലികിന് പിന്നാലെ വിവാദങ്ങളുമുണ്ട്. ചാനല്‍ അവതാരകനെ ബിജെപി ജേണലിസ്റ്റ് എന്ന് വിളിച്ചതിന് കോണ്‍ഗ്രസ് നേതാവിനെ അര്‍ണാബ് പരസ്യമായി അപമാനിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഇദ്ദേഹത്തിനെതിരെ വ്യാപകമായി പ്രതിഷേധം ഉയരുകയും ചെയ്തു.

കോണ്‍ഗ്രസ് നേതാവ് ബ്രിജേഷ് കാലപ്പയെയാണ് അര്‍ണാബ് ഞാഞ്ഞൂലെന്നും കോണ്‍ഗ്രസ് കുടുംബത്തിന്റെ വളര്‍ത്തുപട്ടിയെന്നും വിളിച്ചത്. പിന്നീട് സമാജ്‌വാദി പാര്‍ട്ടി വക്താവ് ലൈവ് ഷോയ്ക്കിടെ അര്‍ണാബിനോട് ചാനലിന് ബിജെപിയില്‍ നിന്നും പണം ലഭിക്കുന്നുണ്ടോയെന്ന് ചോദിക്കുകയും ചെയ്തു. ബിജെപി അനുഭാവിയും എന്‍ഡിഎ എംപിയുമായ രാജീവ് ചന്ദ്രശേഖറും ഇന്‍ഫോസിസ് എക്‌സിക്യൂട്ടീവ് മോഹന്‍ദാസ് പൈയുമാണ് റിപ്പബ്ലിക് ചാനലിന് ഫണ്ട് മുടക്കിയിരിക്കുന്നത്.

ചാനലിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ മുതല്‍ റിപ്പബ്ലിക് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനുമെതിരെ വ്യാപക പ്രചരണമാണ് നടത്തുന്നത്. അതേസമയം ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ അദ്ദേഹം ഒരു ചോദ്യം പോലും ഉന്നയിക്കുന്നുമില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍