UPDATES

വിദേശം

പ്രസിഡന്റ് തെരഞ്ഞെടുപ്പ്: റഷ്യന്‍ ഇടപെടല്‍ ശരിവെച്ച് ട്രംപും; പഴി മാധ്യമങ്ങള്‍ക്ക്

മറ്റ് മിക്ക ട്രംപ് പരിപാടികളും പോലെ വാര്‍ത്താ സമ്മേളനവും തന്ത്രപരമായ രീതിയില്‍ അരങ്ങൊരുക്കിയതായിരുന്നു

ഫിലിപ് റക്കര്‍, ആഷ്‌ലി പാര്‍ക്കര്‍

യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ കമ്പ്യൂട്ടര്‍ രേഖകളില്‍ നുഴഞ്ഞുകയറ്റത്തിന് റഷ്യയാണ് ഉത്തരവാദിയെന്ന് ഇതാദ്യമായി നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സമ്മതിച്ചു. എന്നാലത് തന്നെ സഹായിക്കാനാണെന്ന വാര്‍ത്ത അദ്ദേഹം നിഷേധിച്ചു. താന്‍ പ്രസിഡന്റായി സ്ഥാനം ഏറ്റെടുത്താല്‍ റഷ്യന്‍ സൈബര്‍ ആക്രമണം കുറയുമെന്നും ട്രംപ് പറയുന്നു.

തനിക്കെതിരെ അപകീര്‍ത്തികരമായ വിവരങ്ങള്‍ റഷ്യയുടെ പക്കലുണ്ടെന്ന ‘വ്യാജ വാര്‍ത്തകളെ’ ഒരു മണിക്കൂര്‍ നീണ്ട വാര്‍ത്ത സമ്മേളനത്തില്‍ ട്രംപ് ശക്തിയായി നിഷേധിച്ചു.

‘ഞാന്‍ കരുതുന്നത് നുഴഞ്ഞുകയറ്റം നടത്തിയത് റഷ്യയാണെന്നാണ്,’ ട്രംപ് പറഞ്ഞു. നുഴഞ്ഞുകയറ്റം മോശമാണ്. ചെയ്യാന്‍ പാടില്ല. പക്ഷേ എന്തിനാണ് നുഴഞ്ഞുകയറ്റം നടത്തിയത്, അതില്‍ നിന്നും എന്താണ് പഠിച്ചത് എന്നും നോക്കണം.’

യു.എസ് രഹസ്യാന്വേഷണ കേന്ദ്രങ്ങളോടുള്ള തന്റെ അവജ്ഞ പരസ്യമാക്കാന്‍ ട്രംപ് മറക്കുന്നില്ല. അവര്‍ നാസി ജര്‍മ്മനിയിലാണ് എന്ന തരത്തിലാണ് പെരുമാറുന്നതെന്ന് ‘അപമാനകരമായ’ തരത്തില്‍ മാധ്യമങ്ങള്‍ക്ക് വിവരങ്ങള്‍ ചോരുന്നു എന്നാക്ഷേപിച്ച് ട്രംപ് പറഞ്ഞു.

വാര്‍ത്ത സമ്മേളനത്തില്‍ ട്രംപ് പല വാഗ്ദാനങ്ങളും നല്‍കിയെങ്കിലും അതൊക്കെ എങ്ങനെ പ്രാവര്‍ത്തികമാക്കും എന്നു പറഞ്ഞില്ല. ഒബാമയുടെ Affordable Care Act എത്രയും വേഗം നീക്കം ചെയ്യും എന്നു ട്രംപ് പറഞ്ഞു. മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ നിര്‍മ്മിക്കുമെന്നും മെക്‌സിക്കന്‍ സര്‍ക്കാരിനെ അതിനു പണം നല്‍കാന്‍ പ്രേരിപ്പിക്കുമെന്നും കൂട്ടിച്ചേര്‍ത്തു. തന്റെ ബിസിനസുകളില്‍ നിന്നും വിട്ടുനില്‍ക്കുമെന്ന് പറഞ്ഞെങ്കിലും സാമ്പത്തിക താത്പര്യങ്ങളെക്കുറിച്ച് മിണ്ടിയില്ല.

സുപ്രീം കോടതിയില്‍ ജസ്റ്റിസ് അന്റോണിന്‍ സ്‌കാലിയയുടെ മരണത്തെത്തുടര്‍ന്നുള്ള ഒഴിവ് താന്‍ അധികാരമേറ്റെടുത്തു (ജനുവരി 20) രണ്ടാഴ്ച്ചക്കുള്ളില്‍ നികത്തും. ‘ദൈവം ഇതുവരെ സൃഷ്ടിച്ച ഏറ്റവും വലിയ തൊഴില്‍ ദാതാവായിരിക്കും താന്‍’ എന്നും ട്രംപ് ഘോഷിച്ചു.

ഏറ്റുമുട്ടലിന്റെ ഭാഷ വിടാതെ നടത്തിയ ഒരു പ്രകടനത്തില്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിട്ടും ഒരു രാഷ്ട്രനേതാവിന്റെ പൊതുരീതികളിലേക്കു താന്‍ മാറിയിട്ടില്ലെന്നാണ് ട്രംപ് കാണിച്ചത്.

പകരം വാര്‍ത്ത മാധ്യമങ്ങളെയാണ് അദ്ദേഹം തുടരെ ആക്രമിച്ചത്. ട്രംപിന്റെ വ്യക്തിജീവിതത്തെയും, സാമ്പത്തിക ഇടപാടുകളെയും കുറിച്ചു റഷ്യന്‍ രഹസ്യാന്വേഷണ വിഭാഗങ്ങളുടെ പക്കല്‍ വിവാദജനകമായ പല വിവരങ്ങളുമെണ്ടെന്ന് ട്രംപിനേയും ഒബാമയെയും അധികൃതര്‍ അറിയിച്ചിട്ടുണ്ടെന്ന വാര്‍ത്ത പുറത്തുവിട്ട CNN-ലെ ലേഖകരെ നോക്കി ‘നിങ്ങള്‍ വ്യാജ വാര്‍ത്തയാണ്’ എന്നു ട്രംപ് പറഞ്ഞു. ചില ആരോപണങ്ങള്‍ ഉള്‍പ്പെടുന്ന ആധികാരികം എന്നവകാശപ്പെടാത്ത രേഖകള്‍ പ്രസിദ്ധീകരിച്ച Buzzfeed നെ ‘ഒരു ചവറുകൂന’ എന്നു വിശേഷിപ്പിച്ച ട്രംപ് ‘പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടിവരും’ എന്ന താക്കീതും നല്‍കി.

ജൂലായ് 27നു ശേഷം ട്രംപ് നടത്തിയ ആദ്യ മുഴുവന്‍ വാര്‍ത്താസമ്മേളനമായിരുന്നു കഴിഞ്ഞ ബുധനാഴ്ച്ച നടന്നത്. അന്ന് ഹിലാരിയുടെ സ്വകാര്യ മെയിലുകള്‍ പുറത്തുവിടാന്‍ ട്രംപ് റഷ്യന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

ആറു മാസത്തിന് ശേഷം റഷ്യന്‍ നുഴഞ്ഞുകയറ്റം ട്രംപിന്റെ അധികാരക്കൈമാറ്റത്തെ ചൂഴ്ന്ന് നില്‍ക്കുന്നു. വാര്‍ത്താ സമ്മേളനം കഴിഞ്ഞു പുറത്തുപോകവേ തനിക്കോ തന്റെ സംഘത്തിനോ തന്റെ പ്രചാരണത്തിന് റഷ്യയുമായി ഒരിടപാടും ഇല്ലായിരുന്നുവെന്നും നിയുക്ത പ്രസിഡന്റ് പറഞ്ഞു.

പുടിനുമായി തനിക്കുള്ള നല്ല ബന്ധം വാഷിംഗ്ടണ് ഗുണം ചെയ്യും എന്നും ട്രംപ് പറഞ്ഞു. ‘പുടിന്‍ ഡൊണാള്‍ഡ് ട്രംപിനെ പോലെയാണെങ്കില്‍, എന്തായിരിക്കും? അതൊരു ആസ്തിയാണ്, ബാധ്യതയല്ല. വ്‌ളാഡിമിര്‍ പുടിനുമായി ഒത്തുപോകുമോ എന്ന് ഇപ്പോള്‍ പറയാനാകില്ല. ഞാനാഗ്രഹിക്കുന്നുണ്ട്. അങ്ങനെയല്ലാതാകാനും നല്ല സാധ്യതയുണ്ട്. അങ്ങനെയല്ലെങ്കില്‍ എന്നെക്കാളും കര്‍ക്കശമായിട്ടായിരിക്കും ഹിലരി പുടിനോട് പെരുമാറുകയെന്ന് നിങ്ങള്‍ക്ക് സത്യസന്ധമായി കരുതാമോ?’

ഡെമോക്രാറ്റ് ദേശീയ സമിതി നുഴഞ്ഞുകയറാന്‍ പാകത്തിലായിരുന്നുവെന്നും ട്രംപ് പറയുന്നു. തന്റെ കക്ഷിയുടെ ആഭ്യന്തര സംവിധാനത്തിലും റഷ്യന്‍ നുഴഞ്ഞുകയറ്റത്തിന് ശ്രമിച്ചെങ്കിലും ‘അവര്‍ക്കത് തകര്‍ക്കാന്‍ അസാധ്യമായിരുന്നു’ എന്നാണദ്ദേഹം പറഞ്ഞത്.

റിപ്പബ്ലിക്കന്‍ ദേശീയ സമിതിയേക്കാളേറെ കൂടുതല്‍ ആഴത്തിലുള്ള നുഴഞ്ഞുകയറ്റം സാധ്യമായത് ഡെമോക്രാറ്റുകളുടെ സമിതിയിലാണ് എന്നു എഫ്ബിഐ ഡയറക്ടര്‍ ജെയിംസ് ബി കോമിയും പറഞ്ഞിരുന്നു.

മറ്റ് മിക്ക ട്രംപ് പരിപാടികളും പോലെ വാര്‍ത്താ സമ്മേളനവും തന്ത്രപരമായ രീതിയില്‍ അരങ്ങൊരുക്കിയതായിരുന്നു. തന്റെ രണ്ടു ആണ്‍മക്കള്‍ക്ക് വ്യാപാര ചുമതല കൈമാറുന്ന നിയമരേഖകള്‍ എന്നു പറഞ്ഞ് നിരവധി കടലാസുകള്‍ അട്ടിയട്ടിയായി വെച്ചിട്ടുണ്ടായിരുന്നു.

വൈറ്റ് ഹൗസിലേക്കുള്ള നിയുക്ത മാധ്യമ സെക്രട്ടറി ഷീന്‍ സ്‌പൈസര്‍ അച്ചടക്ക മേധാവിയായി ഓടിനടന്നു. ചില മാധ്യമസ്ഥാപനങ്ങളെ ചീത്തവിളിക്കുന്ന റിപ്പോര്‍ട്ടുകള്‍ അയാള്‍ ശബ്ദമുയര്‍ത്തി വായിച്ചു.

ട്രംപിന് കൂടുതല്‍ വിശാലഹൃദയനായി പിന്നീട് ഭാവിക്കാനുള്ള കളമൊരുക്കലായിരിക്കാം സ്‌പൈസറുടെ ഈ ശാസന എന്നു തോന്നിച്ചു. എന്നാല്‍ ചില ചോദ്യങ്ങള്‍ വന്നപ്പോഴേക്കും നിയുക്ത പ്രസിഡണ്ട് റഷ്യന്‍ വിഷയത്തിലേക്ക് കൂപ്പുകുത്തി.

മിസ് യൂണിവേഴ്‌സ് മത്സരത്തിനായി റഷ്യയിലേക്ക് പോയപ്പോഴുണ്ടായ തന്റെ പെരുമാറ്റങ്ങള്‍ ഇപ്പോള്‍ തന്നെ ഭീഷണിപ്പെടുത്താനായി ഉപയോഗിക്കും എന്നതില്‍ ഖേദിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് വിദേശ യാത്രകളില്‍ താന്‍ ‘അങ്ങേയറ്റം ശ്രദ്ധിക്കാറുണ്ട്’ എന്നായിരുന്നു മറുപടി. വിദേശ ഹോട്ടലുകളിലെ ഒളിക്യാമറകള്‍ നോക്കാന്‍ അംഗരക്ഷകരോട് ആവശ്യപ്പെടാറുണ്ടെന്നും ട്രംപ് പറഞ്ഞു.

ട്രംപിന്റെ വ്യാപാര നടത്തിപ്പ് മക്കള്‍ നിയന്ത്രിക്കുന്ന ട്രസ്റ്റിന് കൈമാറുന്നത് സംബന്ധിച്ച ദീര്‍ഘമായ പ്രസ്താവന നികുതി ഉപദേശകന്‍ ഷെറി ഡില്ലന്‍ ഇടയില്‍ വായിച്ചു. നികുതി വിവരങ്ങള്‍ വെളിപ്പെടുത്തില്ലെന്ന് ട്രംപ് ആവര്‍ത്തിച്ചു. ലോകത്തിന്റെ പല ഭാഗത്തും വ്യാപാരതാത്പര്യമുള്ള ട്രംപിന്റെ കമ്പനി അദ്ദേഹം പ്രസിഡണ്ടായിരിക്കുമ്പോള്‍ പുതിയ വിദേശ കരാറുകളിലൊന്നും ഏര്‍പ്പെടില്ല.

‘ഞാന്‍ പ്രതീക്ഷിക്കുന്നത് എട്ട് കൊല്ലം കഴിഞ്ഞ് ഞാന്‍ മടങ്ങിവന്ന് പറയും,’ഓ, നിങ്ങള്‍ നന്നായി ചെയ്തു എന്നാണ്” ട്രംപ് പറഞ്ഞു.

പക്ഷേ ഒടുവില്‍ ആ ടെലിവിഷനിലെ പരിപാടി അവതാരകനില്‍ നിന്നും ഒരു സ്വതന്ത്ര ലോകത്തിന്റെ നേതാവായി മാറാനുള്ളതിന്റെ തുടരുന്ന കഷ്ടപ്പാട് ഒന്നുകൂടി ആവര്‍ത്തിക്കാതിരിക്കാന്‍ അദ്ദേഹത്തിനായില്ല.’അല്ലെങ്കില്‍, അവര്‍ ആ ജോലി നന്നായി ചെയ്തില്ലെങ്കില്‍ ഞാന്‍ പറയും, നിങ്ങളെ പുറത്താക്കിയിരിക്കുന്നു.’

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍