UPDATES

വിദേശം

അമേരിക്കയെ വിറപ്പിച്ച് ‘പ്രസിഡന്‍റ് ട്രംപ്’ എന്ന മനോരോഗം

Avatar

പോള്‍ ഷ്വാര്‍ട്സ്മാന്‍
(വാഷിംഗ്ടന്‍ പോസ്റ്റ്)

വിവാഹം, കുട്ടികള്‍, ജോലി എന്നിങ്ങനെ തെറാപ്പിക്കിടയില്‍ തന്‍റെ രോഗികള്‍ പലതരം ഉത്കണ്ഠകളിലൂടെ കടന്നുപോകുന്നത് സൈക്കോളജിസ്റ്റായ ആലിസന്‍ ഹോവാര്‍ഡ് കാണാറുണ്ട്. ഇപ്പോള്‍ അവര്‍ക്ക് മാനസിക പിരിമുറുക്കമുണ്ടാക്കുന്ന മറ്റൊരു കാര്യം കൂടെ കേള്‍ക്കാന്‍ തുടങ്ങിയിരിക്കുന്നു- ഡൊണാള്‍ഡ് ട്രംപിന്‍റെ രാഷ്ട്രീയ മുന്നേറ്റം.

ഈയിടെ രണ്ടു രോഗികള്‍ എങ്കിലും റിപ്പബ്ലിക്കന്‍ നിരയില്‍ മുന്നില്‍ നില്‍ക്കുന്ന ഈ നേതാവിനെ പരാമര്‍ശിച്ചു; ഒരാള്‍ ട്രംപ് വിഭാഗീയത വളര്‍ത്തുന്നതിനെ പറ്റിയും എന്നിട്ടും ട്രംപിന് വര്‍ധിച്ചു വരുന്ന ജനപിന്തുണയെ പറ്റിയും വളരെ നേരം അസ്വസ്ഥതയോടെ സംസാരിച്ചു എന്നു ഡി‌സിയില്‍ പ്രവര്‍ത്തിക്കുന്ന ഹോവാര്‍ഡ് പറയുന്നു.

ഇത്രയും ‘ചീത്ത മനുഷ്യനാ’വാന്‍ തക്കവണ്ണം ട്രംപിന്‍റെ ബാല്യകാലത്ത് എന്താണ് സംഭവിച്ചതെന്ന് അറിയാന്‍ തനിക്ക് ആഗ്രഹമുണ്ടെന്ന് ആ രോഗി പറഞ്ഞത്രേ.

“അദ്ദേഹം ആള്‍ക്കാരെ ഇളക്കി വിടുന്നു,” ഹോവാഡ് പറഞ്ഞു. “മറ്റുള്ളവരെ പറ്റി മോശമായി സംസാരിക്കരുതെന്നും ആരുമായും വഴക്കിടരുതെന്നും തൊലിയുടെ നിറം നോക്കി ആരെയും അകറ്റി നിര്‍ത്തരുതെന്നും നമ്മള്‍ ജീവിതകാലം മുഴുവന്‍ കേട്ടിട്ടുള്ളതാണ്. ഇത്തരത്തിലുള്ള എല്ലാ സാമൂഹ്യ മര്യാദകളെയും ട്രംപ് ലംഘിക്കുന്നു. എന്നിട്ടും അദ്ദേഹം ജയിക്കുകയാണ്. ഇതൊക്കെ ചെയ്തിട്ടും എങ്ങനെ ഇങ്ങനെ എന്നാണ് ജനങ്ങള്‍ അമ്പരപ്പോടെ ചിന്തിക്കുന്നത്.”

വാഷിംഗ്ടണില്‍ ഒതുങ്ങി നിന്ന ട്രംപിന്‍റെ രാഷ്ട്രീയ മുന്നേറ്റങ്ങള്‍ വൈറ്റ്ഹൌസ് വരെ എത്തുമോ എന്നത് ഇപ്പോള്‍ പല അമേരിക്കക്കാരുടെയും ദിനംപ്രതി വളരുന്ന ടെന്‍ഷനാണ്.

ജി‌ഓ‌പി (GOP- Grand Old Party റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ മറ്റൊരു പേര്) പ്രൈമറികളിലും കോക്കസുകളിലും ട്രംപ് നേടുന്ന വിജയങ്ങള്‍ ഡെമോക്രാറ്റുകളെയും റിപ്പബ്ലിക്കന്‍സിനെയും പിരിമുറുക്കത്തിലാഴ്ത്തുന്നു. പലരും അത് സുഹൃത്തുക്കളോട് പറയുമ്പോള്‍ മറ്റ് ചിലര്‍ സോഷ്യല്‍ മീഡിയയിലൂടെ അപരിചിതരുമായി പങ്കു വയ്ക്കുന്നു. കുറച്ചു പേര്‍ അവരുടെ തെറാപ്പിസ്റ്റുകളോടും. വാഷിംഗ്ടന്‍ പോസ്റ്റ്/ എ‌ബി‌സി ന്യൂസില്‍ ഈയടുത്ത് വന്ന സര്‍വേ പ്രകാരം 69% അമേരിക്കക്കാര്‍ “പ്രസിഡന്‍റ് ട്രംപ്” എന്ന ചിന്തയില്‍ ആകുലരാണ്.

അനധികൃത കുടിയേറ്റക്കാരെ കുറിച്ചും മെക്സിക്കന്‍സിനെയും മുസ്ലീങ്ങളെയും കുറിച്ചും ട്രംപ് നടത്തുന്ന അധിക്ഷേപങ്ങള്‍ ചിലരെയെങ്കിലും പഴയകാല ഏകാധിപതികളെ ഓര്‍മിപ്പിക്കുന്നു. അസംസ്കൃത ഭാഷയില്‍ അപമാനിക്കാറുള്ള സ്കൂള്‍ ചട്ടമ്പികളെയാണ് ചിലര്‍ക്ക് ഓര്‍മ വരുന്നത്.

“ട്രംപ്” എന്നും “എന്നെ ഭയപ്പെടുത്തുന്നു” മുതലായ വാക്കുകളും ട്വിറ്റര്‍ സെര്‍ച്ച് എഞ്ചിനില്‍ അടിച്ചാല്‍ ട്വീറ്റുകളുടെ ഒഴുക്കാണ്. രണ്ടാഴ്ച്ച മുന്‍പ് ലോസ് ആഞ്ചലസില്‍ നിന്നു എമ്മാ ടെയ്ലര്‍ ട്വീറ്റ് ചെയ്തത് “എനിക്ക് കിടന്നിട്ട് ഉറങ്ങാനെ പറ്റുന്നില്ല. ട്രംപ് എങ്ങാനും ജയിച്ചു പ്രെസിഡന്‍റ് ആയാലോ എന്നു ഓര്‍ത്തപ്പോള്‍ തന്നെ ഭയമാകുന്നു.”

“വലിയൊരു ചുഴലിക്കാറ്റ് വരുന്ന പോലെയാണ് എനിക്ക് തോന്നുന്നത്. എങ്ങനെ നേരിടണമെന്നോ എങ്ങോട്ട് രക്ഷപ്പെടണമെന്നോ അറിയില്ല,” 27കാരിയായ ടെയ്ലര്‍ ഫോണ്‍ ഇന്‍റര്‍വ്യൂവില്‍ പറഞ്ഞു. “അങ്ങേയറ്റം പിന്തിരിപ്പനാണ് ട്രംപ്. അതാണ് എന്നെ ഭയപ്പെടുത്തുന്നത്. വല്ലാത്ത നിസ്സഹായത തോന്നുന്നു, ഇതൊരു ഭയങ്കര അവസ്ഥയാണ്.”

ട്രംപിനെ ചൊല്ലിയുള്ള ഉത്കണ്ഠയില്‍ ഡെമോക്രാറ്റ്സ് ഒറ്റയ്ക്കല്ല.

കോളറാഡോയിലേ ലിറ്റില്‍ടണില്‍ ഈവെന്‍റ് കോഓര്‍ഡിനേറ്റര്‍ ആയി ജോലി ചെയ്യുന്ന വിറ്റ്നി റോയ്സ്റ്റന്‍ (30) റിപ്പബ്ലിക്കനാണ്. “ട്രംപ് വെറുമൊരു സൈഡില്‍ നിന്നിരുന്നയാള്‍ ആയിരുന്നു. അയാള്‍ക്ക് ഒന്നും പറയാനില്ല. മറ്റുള്ളവരോട് മിണ്ടാതിരിക്കാന്‍ ആജ്ഞാപിക്കലാണ് പണി. ട്രംപ് പ്രസിഡന്‍റ് ആയാല്‍ നമ്മുടെ കാര്യങ്ങള്‍ കീഴ്മേല്‍ മറിയും എന്നാണ് എനിക്ക് തോന്നുന്നത്,” റോയ്സ്റ്റന്‍ പറയുന്നു.

ഈ ചിന്തയില്‍ നിന്ന് മോചനം കിട്ടാനായി “ഇടതു ഭാഗത്ത് നിന്നു ഒരു റിപ്പബ്ലിക്കന്‍ നോമിനി ഉയര്‍ന്നു വരും എന്നു ഞാന്‍ സങ്കല്‍പ്പിക്കാറുണ്ട്.”

“ദൈവികമായ ഇടപെടല്‍, ഹെയ്ല്‍ മേരിയെ പോലെ,” റോയ്സ്റ്റന്‍ സങ്കല്‍പ ലോകത്താണ്. പക്ഷേ അത്ര ആത്മവിശ്വാസമില്ല, കാരണം 2008ല്‍ ഒബാമ മല്‍സരിച്ചപ്പോളും ഇങ്ങനെ പ്രതീക്ഷിച്ചിരുന്നത്രെ.

ട്രംപിന്‍റെ കൂടുതല്‍ വിജയകഥകള്‍ വന്നതോടെ ബ്രൂക്-ലിനില്‍ ആര്‍ട്ട് ടീച്ചറായ നാന്‍സി ലൂറോ (52) ഈയിടെ അവരുടെ കംപ്യൂട്ടറിന് മുന്നിലിരുന്ന് ഇറ്റാലിയന്‍ പൌരത്വം ലഭിക്കുന്നതിനെ പറ്റി ഗൂഗിള്‍ ചെയ്യാന്‍ തുടങ്ങി. അല്ലെങ്കില്‍ തന്‍റെ കുടുംബ വേരുകളുള്ള അയര്‍ലാന്‍ഡിലേത്.

“ഭയവും ഫോബിയയും ആയിരുന്നു,” ലൂറോ പിന്നീട് പറഞ്ഞു. “ഇതൊരു സാധാരണ പ്രശ്നത്തോടുള്ള ഭ്രാന്തന്‍ പ്രതികരണമല്ല, മറിച്ച് ഒരു ഭ്രാന്തന്‍ പ്രശ്നത്തോടുള്ള സാധാരണ പ്രതികരണമാണ്. ജീവിതം വീണ്ടും കരുപ്പിടിപ്പിക്കുന്നത് അസാധ്യം എന്നു തോന്നാം. അപ്പോള്‍ ഞാന്‍ അന്ന് ജര്‍മനിയില്‍ കാര്യങ്ങള്‍ വ്യക്തമായപ്പോള്‍ അവിടെ നിന്നു രക്ഷപ്പെട്ടവരെയും അവിടം വിടാതിരുന്നവരെയും ഓര്‍ക്കും, പിന്നീട് അവര്‍ക്കെന്തു സംഭവിച്ചു എന്നും. എപ്പോളാണ് നിങ്ങള്‍ രക്ഷപ്പെടാനുള്ള വഴി തേടേണ്ടത്?”

ട്രംപ് മൂലമുള്ള പരിഭ്രമത്തിന്‍റെ ഉദാഹരണമാണ് അദ്ദേഹം വിജയം കൊയ്തു കൂട്ടിയ ‘സൂപ്പര്‍ ട്യൂസ്ഡേ’യില്‍ (Super Tuesday- ഏറ്റവും കൂടുതല്‍ യു‌എസ് സ്റ്റേറ്റുകള്‍ പ്രൈമറി ഇലക്ഷനുകളും കൊക്കസ്സും നടത്തുന്ന ദിവസം) ഗൂഗിളില്‍ “കാനഡയിലേയ്ക്ക് എങ്ങനെ കുടിയേറാം?” എന്നു തിരഞ്ഞവരുടെ എണ്ണം 350% കൂടി എന്ന കണക്കുകള്‍.

കേപ് ബ്രെട്ടന്‍ നോവ സ്കോഷ്യയിലെ ഒരു റേഡിയോ ജോക്കി കഴിഞ്ഞ മാസം ഒരു വെബ് സൈറ്റ് തുടങ്ങി, ട്രംപ് ജയിച്ചാല്‍ അമേരിക്ക വിടുന്നവര്‍ക്കായി. കഴിഞ്ഞ ഏതാനും ആഴ്ചകളില്‍ ഏതാണ്ട് നാലു ലക്ഷത്തോളം പേര്‍ കേപ് ബ്രെട്ടന്‍റെ ഒഫീഷ്യല്‍ സൈറ്റ് സന്ദര്‍ശിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ മൊത്തം സന്ദര്‍ശകരെക്കാള്‍ ഒരു ലക്ഷം പേര്‍ കൂടുതല്‍.

“ഞാന്‍ ഇതിനെ പൊന്മുട്ടയിടുന്ന താറാവ് എന്നാണ് വിളിക്കുന്നത്,” ഡെസ്റ്റിനേഷന്‍ കേപ് ബ്രെട്ടന്‍റെ മേധാവിയായ മേരി ടുളെ പറയുന്നു, അവരുടെ ശബ്ദത്തില്‍ തരിമ്പും ആകാംക്ഷയില്ല. “ഞങ്ങളുടെ വാതിലുകള്‍ എല്ലാവര്‍ക്കുമായി തുറന്നിരിക്കുന്നു.”

വിര്‍ജീനിയയിലെ അര്‍ലിങ്ടണിലെ മസ്സാജ് തെറാപ്പിസ്റ്റായ അമാന്‍ഡ ലോങ് ഓടിപ്പോകുന്നതിനെ പറ്റി ആലോചിക്കുന്നില്ല. എന്നാല്‍ മസ്സാജ് ടേബിളില്‍ കിടന്നു “ഈ മനുഷ്യനെ വിശ്വസിക്കാമോ?” എന്നു ആശങ്കപ്പെടുന്ന ക്ലയന്റുകളെ അവര്‍ കാണാറുണ്ട്.

അവരെ കുറച്ചു സമയം സംസാരിക്കാന്‍ വിടും, മനസിലുള്ളത് ഒഴുക്കിക്കളയാന്‍. പിന്നെ ലോങ് അവരെ ഒന്നു റിലാക്സ് ചെയ്യാന്‍ വിട്ട് തന്‍റെ ജോലി തുടങ്ങും, അവരുടെ ശാരീരിക വേദനകള്‍ അകറ്റാനായി.

“അവര്‍ പറയുന്നതു കേട്ടാല്‍ എനിക്കും ടെന്‍ഷനാണ്. നിങ്ങളുടെ തോളുകളില്‍ ഡൊണാള്‍ഡ് ട്രംപിന്‍റെ ഓറഞ്ച് മുഖം പോലെ പിടിച്ച് ഒരു നല്ല മസാജ് തരാനെ എനിക്കു കഴിയൂ.”

സൈക്കോതെറാപ്പിയുടെ അനൌദ്യോഗിക ആസ്ഥാനമാണ് ന്യൂയോര്‍ക്കിലെ അപ്പര്‍ വെസ്റ്റ് സൈഡ്. അവിടെ പാര്‍ക്കിങ്ങിന് സ്ഥലം കിട്ടുന്നതിനേക്കാള്‍ എളുപ്പത്തില്‍ നിങ്ങള്‍ക്ക് ഒരു തെറാപ്പിസ്റ്റിനെ കിട്ടും.

അവിടെ സൈക്കോളജിസ്റ്റായ ജൂഡിത്ത് ഷ്വെയിഗര്‍ ലെവി പറയുന്നത് പേഷ്യന്‍റ്സ് ട്രംപിനെ പരാമര്‍ശിക്കുന്നത് കൂടുതലാണ് എന്നു തന്നെയാണ്.  ബിസിനസ്സുകാരിയായ ഒരു മധ്യവയസ്ക ഈയിടെ അവരുടെ സഹോദരി ബില്ല്യണയറായ ട്രംപിനെ പിന്തുണക്കുന്നതായി പറഞ്ഞുവത്രെ.

“സഹോദരിയെ പോലെ അടുത്ത ബന്ധമുള്ള ഒരാള്‍ക്ക് ട്രംപിനോട് ഒട്ടും എതിര്‍പ്പില്ല എന്നത് അവരെ വല്ലാതെ വിഷമിപ്പിക്കുന്നു. മറ്റൊരു സ്ത്രീ ട്രംപിന് ഭ്രാന്താണെന്നും അയാള്‍ ഭയപ്പെടുത്തുന്നുവെന്നും പറഞ്ഞു കൊണ്ടേയിരുന്നു.”

“ട്രംപിന് ഉത്കണ്ഠയേയില്ല എന്നത് ജനങ്ങളെ പിരിമുറുക്കത്തിലാഴ്ത്തുന്നു. അയാളെ കുറിച്ചു സംസാരിക്കുമ്പോള്‍ തന്നെ എനിക്കു ടെന്‍ഷന്‍ തോന്നുന്നു.”

ട്രംപ് കൂ ക്ലക്സ് ക്ലാനിലെ (Ku Klux Klan) മുന്‍ ഗ്രാന്‍ഡ് വിസാര്‍ഡ് ആയ ഡേവിഡ് ഡ്യൂക്കിനെ തള്ളി പറയാന്‍ തയ്യാറാവാത്തത് ഹോളോകോസ്റ്റ് അതിജീവിച്ചവരുടെ പേരമകനായ തന്‍റെ ഒരു രോഗിക്ക് വല്ലാത്ത കോപവും അസ്വസ്ഥതയും ഉണ്ടാക്കിയതായി ഗ്രീന്‍വിച്ച് വില്ലേജിലെ സൈക്കോളജിസ്റ്റായ പോള്‍ സാക്സ് പറയുന്നു.

“എന്‍റെ പേഷ്യന്‍റ് വളരെ വിഷമത്തിലാണ്,” സാക്സ് പറയുന്നു. “റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ മനോഭാവത്തില്‍ ഇത്തരം ഒരു മാറ്റം ഉണ്ടായതും ട്രംപ് മുന്നോട്ട് കുതിക്കുന്നതും ഒരുപാട് പേരെ മാനസികമായി ബാധിക്കും. റിപ്പബ്ലിക്കന്‍ അല്ലെങ്കില്‍ പോലും നമ്മുടെ ജീവിതത്തിന്‍റെ ഭാഗമായ ഒരു പ്രസ്ഥാനമാണത്.”

സെന്‍ട്രല്‍ പാര്‍ക്ക് വെസ്റ്റിലെ സൈക്കോളജിസ്റ്റായ മേരി ലിബ്ബെ തന്‍റെ രോഗികളില്‍ നിന്നു ട്രംപിനെ കുറിച്ചു കേള്‍ക്കുന്നില്ല. എന്നാല്‍ അതേപ്പറ്റിയുള്ള പേടികള്‍ താന്‍ സുഹൃത്തുക്കളോടും സഹപ്രവര്‍ത്തകരോടും പറയാറുണ്ട്. “അതേ കുറിച്ചു സംസാരിക്കുന്നത് എനിക്കൊരു ആശ്വാസമാണ്. അയാള്‍ ജയിക്കും എന്നു ഞാന്‍ ഭയപ്പെടുന്നു. ട്രംപിന്‍റെ ആവേശം, മുഴുമിക്കാതെ വിടുന്ന വാചകങ്ങള്‍, പ്രത്യേക തരം കോങ്കണ്ണ് ഇതൊക്കെ കാണുമ്പോള്‍ ശരിക്കും സ്ഥിരതയില്ലാത്ത ഒരാളെ പോലെ തോന്നുന്നു.”

എബ്രഹാം ലിങ്കന്‍റെ വധം. പേള്‍ ഹാര്‍ബര്‍. 1950കളിലെ ജോണ്‍ മക്കാര്‍ത്തിയുടെ ഉയര്‍ച്ച. ക്യൂബന്‍ മിസൈല്‍ പ്രതിസന്ധി. ജോണ്‍ കെന്നഡിയുടെ മരണം. റിച്ചാര്‍ഡ് നിക്സന്‍റെ രാജി. സെപ്റ്റംബര്‍ 11, 2001, ഭീകരാക്രമണങ്ങള്‍….ആശങ്കയുടെ നിമിഷങ്ങള്‍ അമേരിക്കക്കാര്‍ക്ക് പുത്തരിയല്ല.

“ജനങ്ങളുടെ ആശങ്കകളെയും ഭയത്തെയും രാഷ്ട്രീയമായി മുതലെടുക്കുന്നു എന്നതാണ് ട്രംപിനെ വ്യത്യസ്തനാക്കുന്നത്,” ജോര്‍ജ്ടൌണ്‍ യൂണിവേഴ്സിറ്റിയിലെ ചരിത്ര അദ്ധ്യാപകനായ മൈക്കല്‍ കാസിന്‍ പറയുന്നു. എന്നാല്‍ ഇതേക്കുറിച്ച് വിഷമിക്കുന്ന തന്‍റെ സുഹൃത്തുക്കളോട് കാസിന്‍ പറയുന്നത് ട്രംപിന്‍റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ പിന്തുണ 35-40% മാത്രമാണ്. ജനസംഖ്യയുടെ മൂന്നിലൊന്നാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ അംഗബലം.

“സ്വന്തം പാര്‍ട്ടിയിലെ പകുതിയിലേറെ പേര്‍ ട്രംപിനെതിരാണ്. അയാള്‍ തെരഞ്ഞെടുക്കപ്പെട്ടാല്‍ തന്നെ, പിന്തുടരാന്‍ ഒരു തികഞ്ഞ വലതുപക്ഷ തത്വസംഹിതയില്ല. ആളുകളെ എന്‍റെര്‍ടൈന്‍ ചെയ്യുന്ന, സ്വയം ചതിക്കുന്ന ഒരു ചതിയന്‍.”

1964ല്‍ റിപ്പബ്ലിക്കന്‍ സെനറ്ററായിരുന്ന ബാരി ഗോള്‍ഡ് വാട്ടറിന്‍റെ പ്രസിഡെന്‍ഷ്യല്‍ ഇലക്ഷന്‍ പ്രചാരണം ജനങ്ങളെ ആശങ്കപ്പെടുത്തിയിരുന്നു, അദ്ദേഹം ഒരു ന്യൂക്ലിയര്‍ യുദ്ധം തുടങ്ങുമെന്നായിരുന്നു അവരുടെ ഭയം. എന്നാല്‍ തെരഞ്ഞെടുപ്പ് ലിന്‍ഡണ്‍ ജോണ്സണ്‍ തൂത്തുവാരി.

ന്യൂ ഹാംപ്ഷയറില്‍ താമസിക്കുന്ന, 86കാരനായ ഡാന്‍ സീലി അന്ന് റിപ്പബ്ലിക്കനായിരുന്നു. പക്ഷേ അദ്ദേഹം ഗോള്‍ഡ് വാട്ടറിനെ ഭയന്ന്‍ ജോണ്‍സനാണ് വോട്ടു ചെയ്തത്.

ഇപ്പോള്‍ ഡെമോക്രാറ്റായ സീലി പറയുന്നത് ട്രംപ് കൂടുതല്‍ അപകടകാരിയാണ് എന്നാണ്. ഗോള്‍ഡ് വാട്ടറിനെക്കാള്‍ ജനങ്ങളെ കയ്യിലെടുക്കാന്‍ ട്രംപിന് കഴിഞ്ഞിട്ടുണ്ട്. “തങ്ങളുടെ വീട്ടുമുറ്റത്തെ ലോണുകളില്‍ അവര്‍ ട്രംപിന്‍റെ ചിഹ്നം വച്ചിരിക്കുന്നു. സ്വതന്ത്രലോകത്തെ നേതാവാകാന്‍ ഇയാള്‍ക്ക് കഴിയും എന്നു വിശ്വസിക്കുന്ന ഇവര്‍ ആരാണെന്ന് ഞാന്‍ അല്‍ഭുതപ്പെടുകയാണ്.”

ലോസ്ആഞ്ചലസുകാരനും എഴുത്തുകാരനും ബിസിനസ്സുകാരനുമായ കെന്‍ ഗോള്‍ഡ്സ്റ്റെയ്ന്‍ ഡെമോക്രാറ്റാണ്. “ട്രംപ് അമേരിക്കക്ക് ഒരു മികച്ച നേതാവാണ്” എന്നു വിശ്വസിക്കുന്ന ബിസിനസ് അസോസിയേറ്റിനെ കണ്ട് താന്‍ അമ്പരന്നു പോയതായി അദ്ദേഹം പറയുന്നു.

“പിന്നെ നിങ്ങള്‍ക്ക് ആ വ്യക്തിയോട് ഒന്നുംതന്നെ പറയാനില്ലെന്ന് മനസിലാവും,” ഗോള്‍ഡ്സ്റ്റെയ്ന്‍ പറഞ്ഞു.

ട്രംപിന്‍റെ പരാജയം സങ്കല്‍പ്പിച്ച് ചെറിയ ആശ്വാസം കണ്ടെത്താന്‍ ശ്രമിക്കാറുണ്ടെന്ന് ഗോള്‍ഡ്സ്റ്റെയ്ന്‍ പറഞ്ഞു. “ട്രംപിന്‍റെ അനുയായികള്‍ പലചരക്ക് കടയിലും ഡോഡ്ജര്‍ സ്റ്റേഡിയത്തിലും എല്ലാം എന്‍റെയടുത്തൊക്കെ തന്നെ ഉള്ളവരാകുമോ? അതെന്നെ അസ്വസ്ഥനാക്കുന്നു.”

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍