UPDATES

വിദേശം

ട്രംപ് ഇറക്കുമതി ചെയ്യുന്ന സാധനങ്ങള്‍ എന്തൊക്കെ? പലതും ചൈനയില്‍ നിന്നാണ്

Avatar

കിം സോഫെന്‍, ഷെല്ലി ടാന്‍
(വാഷിംഗ്ടന്‍ പോസ്റ്റ്)

സര്‍വ്വസാധാരണമായ സാധനങ്ങള്‍ തുടങ്ങി നമ്മള്‍ തീരെ പ്രതീക്ഷിക്കാത്ത ഉത്പന്നങ്ങള്‍ വരെയുണ്ട് റിപ്പബ്ലിക്കന്‍ പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥിയുടെ 2007 മുതലുള്ള ബിസിനസ്സ് സംബന്ധമായ ഇറക്കുമതികളില്‍. 

ട്രംപിന്‍റെ ബിസിനസ്സ് സ്ഥാപനങ്ങളിലെ ഔട്ട്സോഴ്സിങ് ഈ തെരഞ്ഞെടുപ്പുകാലത്തെ വിവാദങ്ങളിലൊന്നായിരുന്നു. ഡൊണാള്‍ഡ് ട്രംപിന്‍റെ പേരിലുള്ള പല ഉല്‍പ്പന്നങ്ങളും കിഴക്കനേഷ്യയിലെ കുറഞ്ഞ കൂലിയുള്ള രാജ്യങ്ങളില്‍ നിന്നാണെന്ന് ഹിലരി ക്ലിന്‍റണ്‍ വിഭാഗം സ്ഥിരമായി വിമര്‍ശിക്കുന്നുണ്ട്.

2007 മുതല്‍ ImportGenius.com സമാഹരിച്ചിട്ടുള്ള യു‌എസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ റെക്കോഡുകള്‍ പരിശോധിക്കുമ്പോള്‍ ട്രംപിന്‍റെ ഉടമസ്ഥതയിലുള്ള ബിസിനസ്സുകളുടെയും ലൈസന്‍സ് ഡീല്‍ പ്രകാരം അദ്ദേഹത്തിന്‍റെ പേരുപയോഗിക്കുന്നവയുടെയും ആവശ്യത്തിനായി ഇറക്കുമതി ചെയ്യപ്പെട്ടിട്ടുള്ളവ എന്തൊക്കെയാണെന്നതിന്‍റെ ഒരു ചിത്രം കിട്ടുന്നുണ്ട്.

ട്രംപ് ബ്രാന്‍ഡ്
ട്രംപുമായി ബന്ധപ്പെട്ടുള്ള ഉല്‍പ്പന്നങ്ങളില്‍ പുറംരാജ്യങ്ങളില്‍ നിര്‍മ്മിക്കപ്പെട്ടവ എതിര്‍ചേരിയുടെ വിമര്‍ശന പരസ്യങ്ങളില്‍ സ്ഥിരമായി പ്രത്യക്ഷപ്പെടുന്നുണ്ട്. അമേരിക്കക്കാര്‍ക്ക് തൊഴില്‍ നല്‍കിക്കൊണ്ട് അവിടെത്തന്നെ നിര്‍മ്മിക്കാവുന്നവയാണ് ഇവയെല്ലാം എന്നാണ് ക്ലിന്‍റണ്‍ പക്ഷക്കാര്‍ പറയുന്നത്. രാജ്യത്തിനകത്തെ ഉല്‍പ്പാദനം ഔട്ട്സോഴ്സിങിനേക്കാള്‍ ചെലവേറിയതാക്കുന്ന മോശം വ്യാപാര ഉടമ്പടികളാണ് ഇതിനു കാരണമെന്നും താന്‍ പ്രസിഡന്‍റാവുന്നതോടെ അവ തിരുത്തി ഈയവസ്ഥയ്ക്ക് മാറ്റമുണ്ടാക്കുമെന്നുമാണ് ട്രംപിന്‍റെ മറുപടി.

ട്രംപിന്‍റെ ബ്രാന്‍ഡുകളില്‍ ഏറ്റവും പ്രശസ്തമായ വസ്ത്ര ശൃംഖല പ്രധാനമായും ഉല്‍പ്പാദനം കേന്ദ്രീകരിച്ചിരിക്കുന്നത് കിഴക്കനേഷ്യയിലെയും ലാറ്റിന്‍ അമേരിക്കയിലെയും താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളിലാണ്. ട്രംപ് ഹോം എന്ന പേരിലിറങ്ങുന്ന ഫര്‍ണീച്ചര്‍ ഏറിയ പങ്കും ജര്‍മ്മനിയിലും ടര്‍ക്കിയിലുമായി ഉണ്ടാക്കുന്നു. കഴിഞ്ഞ 10 വര്‍ഷങ്ങളില്‍ ട്രംപുമായി ബന്ധപ്പെട്ട ബിസിനസ്സുകളില്‍ നടന്ന റീട്ടെയില്‍ ഇറക്കുമതികള്‍ താഴെ കൊടുക്കുന്നു. ഇവയില്‍ ചിലതിന്‍റെ ഉല്‍പ്പാദനം യുഎസ്സിലും മറ്റു രാജ്യങ്ങളിലും നടന്നിരിക്കാം എന്നോര്‍മിപ്പിക്കുന്നു.

ട്രംപിന്‍റെ ബിസിനസ്സുകള്‍ക്കായി ഇറക്കുമതി ചെയ്തവ
ഇതില്‍ മിക്ക സാധനങ്ങളും പുറം രാജ്യങ്ങളില്‍ നിര്‍മ്മിച്ച ശേഷം ട്രംപ് അഫിലിയേറ്റഡ് ബിസിനസ്സുകള്‍ക്കായി ഇറക്കുമതി ചെയ്യുന്നവയാണ്; അവ നേരിട്ടു വില്‍പ്പനയ്ക്കുള്ളതല്ല. താഴെ കാണുന്നവയില്‍ ചിലത് അമേരിക്കയില്‍ നിന്നും അന്യ രാജ്യങ്ങളില്‍ നിന്നും ഒരേ സമയം സംഭരിച്ചവയാകാം. ട്രംപിന്‍റെ പേരിലുള്ള ഹോട്ടലുകളിലും റിസോര്‍ട്ടുകളിലുമാണ് ഇവ പ്രധാനമായും ഉപയോഗിക്കുന്നത്.

പലതും ചൈനയില്‍ നിന്നാണ്; യുഎസ്സിലെ മറ്റ് ഹോട്ടലുകള്‍ക്ക് ഉല്‍പ്പന്നങ്ങള്‍ നല്‍കുന്ന വമ്പന്‍ നിര്‍മ്മാതാക്കളില്‍ നിന്നുള്ളവ. ഇറ്റാലിയന്‍ ഫര്‍ണീച്ചര്‍, ജാപ്പനീസ് മാഗസിനുകള്‍ തുടങ്ങിയ ചിലത് പ്രത്യേകം ഉണ്ടാക്കിപ്പിച്ചു വരുത്തുന്നവയാണ്.

ട്രംപിനെ സംബന്ധിച്ച് ഇത് പുതിയ കാര്യമല്ല. ഇത്തരം ഇറക്കുമതികള്‍ യുഎസ്സിലെ വ്യവസ്ഥാപിത ബിസിനസ്സ് രീതിയാണ്. ട്രംപിന്‍റെ പ്രോപ്പര്‍ട്ടികളിലേയ്ക്ക് വാങ്ങിയ അതേ സാധനങ്ങള്‍ ഫോര്‍ സീസണ്‍സിലും ഹില്‍ട്ടണ്‍ ഹോട്ടലുകളിലും വിതരണം ചെയ്യപ്പെട്ടിട്ടുണ്ട്. 2015ലെ അമേരിക്കയുടെ 746 ബില്ല്യണ്‍ ഡോളര്‍ വ്യാപാരക്കമ്മിയുടെ ഏതാണ്ട് പകുതി ചൈന, ഏഷ്യയിലെ മുക്കാല്‍ ഭാഗത്തോളം വരുന്ന മറ്റു രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നാണ്. ട്രംപ് നടത്തുന്ന വാചകമടിക്കെതിരാണ് ഈ ഇറക്കുമതികള്‍ എന്ന ആരോപണം ഉണ്ടെങ്കില്‍ കൂടി മറ്റ് ബിസിനസ്സുകാര്‍ ചെയ്യുന്നതില്‍ നിന്ന് ഒട്ടും വ്യത്യസ്ഥമായ രീതിയല്ല ഇത്.

ഈ ലേഖനത്തോട് ട്രംപ് വിഭാഗം പ്രതികരിച്ചിട്ടില്ലെങ്കിലും മാര്‍ച്ചില്‍ നടന്ന ഒരു പ്രൈമറി ഡിബേറ്റില്‍ നിര്‍മ്മാണത്തിലെ ഔട്ട്സോഴ്സിങ് പ്രശ്നത്തിനു പരിഹാരം കാണാനുള്ള തയ്യാറെടുപ്പുകള്‍ നടത്തിയിട്ടുണ്ടെന്നാണ് അദ്ദേഹം അവകാശപ്പെട്ടത്: “അനുമതിയോടെയാണ് ഞങ്ങളിത് ചെയ്യുന്നത്. പക്ഷേ ഈ സ്ഥിതിക്ക് മാറ്റം വരുത്തേണ്ടത് എങ്ങനെയെന്നറിയാവുന്നത് എനിക്കാണ്.”

പ്രതികരണം ആരാഞ്ഞുകൊണ്ടുള്ള അഭ്യര്‍ത്ഥനയോട് ട്രംപ് ഓര്‍ഗനൈസേഷന്‍ പ്രതികരിച്ചിട്ടില്ല.

(ഈ ലേഖനത്തിന്‍റെ മെത്തഡോളജി- അമേരിക്കന്‍ തുറമുഖങ്ങളില്‍ ഇറക്കുമതി ചെയ്ത സാധനങ്ങള്‍ എത്തുമ്പോള്‍ ലഭിക്കുന്ന ‘ബില്‍സ് ഓഫ് ലേഡിങ്’ യു‌എസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ വശം ലഭ്യമാണ്. അവയില്‍ നിന്നാണ് ട്രംപ് അഫിലിയേറ്റഡ് ബിസിനസ്സുകള്‍ക്കായി വരുത്തിയവയുടെ വിവരങ്ങള്‍ ലഭിച്ചത്. അതിനര്‍ത്ഥം മെക്സിക്കോ പോലെയുള്ള ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ നിന്ന് കരമാര്‍ഗ്ഗം വാങ്ങുന്ന സാധനങ്ങളുടെ കണക്കുകള്‍ ഇതിലില്ല എന്നാണ്. അതുപോലെ, ഈ രേഖകളില്‍ ചരക്കുകളുടെ ഉറവിടമായി രേഖപ്പെടുത്തുന്ന രാജ്യം (country of origin) യുഎസ്സിലേയ്ക്ക് ഷിപ്മെന്‍റ് ചെയ്യുന്നത് എവിടെനിന്നാണോ ആ രാജ്യമാണ്. ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിച്ചത് അവിടെയായിക്കോളണമെന്നില്ല. ട്രംപ് ഓര്‍ഗനൈസേഷന്‍റെ ചില്ലറ വ്യാപാര ശൃംഖലയുടെ ഉല്‍പ്പന്നങ്ങള്‍ അവരുടെ വെബ് സൈറ്റിലും മൊത്ത വിതരണക്കാരുടെ വെബ്സൈറ്റുകളിലുമുണ്ട്. ഇവയുടെ country of origin വിവരങ്ങള്‍ ഈ സൈറ്റുകളില്‍ നിന്നും വ്യാപാര മാസികകളില്‍ നിന്നും വാഷിംഗ്ടന്‍ പോസ്റ്റ് പോലെയുള്ള വാര്‍ത്താസ്ഥാപനങ്ങളില്‍ നിന്നുമാണ് ശേഖരിച്ചിട്ടുള്ളത്.)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍