UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നല്ല ശരീരം; ഫ്രഞ്ച് പ്രസിഡന്റിന്റെ ഭാര്യയെ പുകഴ്ത്തി ട്രംപ്

ഇക്കാര്യത്തില്‍ വ്യാപകവിമര്‍ശനമാണ് ട്രംപിനെതിരേ ഉയരുന്നത്

സ്ത്രീ വിഷയത്തില്‍ വിവാദങ്ങള്‍ ഡൊണാള്‍ഡ് ട്രംപിനെ സംബന്ധിച്ച് പുതുമയൊന്നുമല്ല. അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തെത്തിയശേഷവും ഇത്തരം വിവാദങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ഒരു ശ്രമവും ട്രംപിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നില്ല. ഏറ്റവുമൊടുവിലായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ പത്‌നി ബ്രിജിറ്റ് മാക്രോണിന്റെ ശരീരഘടനയെ പുകഴ്ത്തിയും ട്രംപ് വിവാദത്തില്‍പ്പെട്ടിരിക്കുന്നു.

ഫ്രഞ്ച് സന്ദര്‍ശനത്തിന്റെ ഭാഗമായി പാരിസിലെ ഹോട്ടല്‍ നാഷണല്‍ ഡേ ഇന്‍വാലിഡേസില്‍ എത്തിയപ്പോഴായിരുന്നു ട്രംപിന്റെ ബ്രിജറ്റിനു നേരെയുള്ള കമന്റ്. ട്രംപിനേയും ഭാര്യ മെലാനിയ ട്രംപിനേയും സ്വീകരിക്കാന്‍ ഇമ്മാനുവേല്‍ മാക്രോണിനൊപ്പം എത്തിയ ബ്രിജറ്റിനോട് നിങ്ങള്‍ക്ക് നല്ല ശരീരഘടനയാണല്ലോ എന്നായിരുന്നു ട്രംപിന്റെ ഭംഗിവാക്ക്. പുകഴ്ത്തല്‍ ഒറ്റവാക്കില്‍ നിര്‍ത്താനും അമേരിക്കന്‍ പ്രസിഡന്റ് തയ്യാറായില്ല. ബ്രിജിറ്റിന്റെ സമീപം തന്നെ നില്‍ക്കുന്ന മക്രോണിനോടും ട്രംപ് തന്റെ വാക്കുകള്‍ ആവര്‍ത്തിച്ചു. അവരുടേത് നല്ല ശരീരമാണ്, എന്നായിരുന്നു മാക്രോണിനോടു പറഞ്ഞത്. വീണ്ടും ബ്രിജിറ്റിനു നേരെ തിരിഞ്ഞു മനോഹരം എന്നു കൂടി പറഞ്ഞിട്ടേ ട്രംപ് അടങ്ങിയുള്ളു. എന്നാല്‍ ബ്രിജിറ്റ് ട്രംപിനോട് എന്ത് മറുപടി പറഞ്ഞെന്നറിയില്ല. അവര്‍ മെലാനിയയെ സ്വീകരിച്ചു പിറകോട്ടു നടന്നു. ഫ്രഞ്ച് പ്രസിഡന്റിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് ലോകം ട്രംപിന്റെ പഞ്ചാരയടി കണ്ടത്. ഇതോടെ അമേരിക്കന്‍ പ്രസിഡന്റിനെതിരേ വിമര്‍ശനങ്ങളും പരിഹാസങ്ങളും ഉയര്‍ന്നു.

പക്ഷേ ട്രംപിനെ അറിയാവുന്നവര്‍ക്ക് ഇതില്‍ വലിയ അത്ഭുതമൊന്നും തോന്നിയില്ല. സ്ത്രീകളെ ലൈംഗിക ചുവയോടെ വര്‍ണിച്ച് ഇതിനു മുമ്പും പലവട്ടം ട്രംപ് വാര്‍ത്തകളില്‍ നിറഞ്ഞിട്ടുണ്ട്. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളായിരുന്ന ഹിലരി ക്ലിന്റന്‍, കാര്‍ളി ഫ്യോറിന, കോമേഡിയന്‍ റോസി ഡോണെല്‍, മാധ്യമപ്രവര്‍ത്തക അരിയാന ഹഫിങ്ടണ്‍, മോഡല്‍ കിം കര്‍ദാഷ്യന്‍ എന്നിവരെ കുറിച്ചുള്ള വര്‍ണനയും ട്രംപിന് ആവശ്യത്തിന് വിമര്‍ശനങ്ങള്‍ നേടിക്കൊടുത്തിരുന്നു.

ഫ്രഞ്ച് പ്രഥമ വനിതയ്ക്കു നേരെ നടത്തിയ പരാമര്‍ശത്തോട് ട്വിറ്ററിലം ഫെയ്‌സ്ബുക്കിലും അടക്കം കടുത്ത വിമര്‍ശനങ്ങള്‍ ഇപ്പോഴും നേരിട്ടുകൊണ്ടിരിക്കുകയാണ് ട്രംപ്. പക്ഷേ ഇതൊന്നും ട്രംപിനെ ബാധിക്കില്ലെന്നതാണ് യാഥാര്‍ത്ഥ്യം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍