UPDATES

വിദേശം

ട്രംപ് തന്റെ ജെഎന്‍യു കണ്ടെത്തി: പ്രതിഷേധത്തെ തുടര്‍ന്ന് കാലിഫോര്‍ണിയ സര്‍വകലാശാല അടച്ചുപൂട്ടി

സര്‍വകലാശാലയുടെ ബര്‍ക്കിലി ക്യാമ്പസില്‍ തന്റെ വിശ്വസ്തന് പ്രസംഗം ഉപേക്ഷിക്കേണ്ടി വന്നതാണ് പ്രസിഡന്റിനെ പ്രകോപിതനാക്കിയിരിക്കുന്നത്

ഇന്ത്യയില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ജെഎന്‍യുവിന് നേരെയായിരുന്നു പരാക്രമം മുഴുവന്‍ കാട്ടിയതെങ്കില്‍ അമേരിക്കയില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അതിനായി തെരഞ്ഞെടുത്തിരിക്കുന്നത് കാലിഫോര്‍ണിയ സര്‍വകലാശാലയെയാണ്. ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് സര്‍വകലാശാലയുടെ ബര്‍ക്കിലി ക്യാമ്പസില്‍ തന്റെ വിശ്വസ്തന് പ്രസംഗം ഉപേക്ഷിക്കേണ്ടി വന്നതാണ് പ്രസിഡന്റിനെ പ്രകോപിതനാക്കിയിരിക്കുന്നത്. പ്രതിഷേധത്തെ തുടര്‍ന്ന് സര്‍വകലാശാല അടച്ചുപൂട്ടിയിരിക്കുകയാണ്.

സര്‍വകലാശാലയ്ക്ക് ഫണ്ട് അനുവദിക്കുന്നത് അവസാനിപ്പിക്കുമെന്നാണ് പ്രസിഡന്റിന്റെ മുന്നറിയിപ്പ്. ക്യാമ്പസിലെ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ട്രംപിന്റെ വിശ്വസ്തന്‍ മിലോ ഇയാനോപോളസിനാണ് പ്രഭാഷണം ഉപേക്ഷിക്കേണ്ടി വന്നത്. സ്വതന്ത്രമായ അഭിപ്രായപ്രകടനം തടസ്സപ്പെടുത്തുകയും നിരപരാധികള്‍ക്ക് നേരെ അക്രമം അഴിച്ചുവിടുകയും ചെയ്യുന്ന സര്‍വകലാശാലയ്ക്ക് ഇനി ഫെഡറല്‍ ഫണ്ട് നല്‍കില്ലെന്നാണ് അദ്ദേഹം ട്വിറ്ററിലൂടെ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

വംശീയവും സ്ത്രീ വിരുദ്ധവുമായ പരാമര്‍ശങ്ങള്‍ നടത്തിയതിന്റെ പേരില്‍ നിരവധി തവണ വിമര്‍ശനം നേരിട്ടിട്ടുള്ള വ്യക്തിയാണ് ഇയാനോപോളസ്. അദ്ദേഹത്തിനെതിരായ പ്രതിഷേധ പ്രകടനം അക്രമാസക്തമായതോടെ ക്യാമ്പസില്‍ നടക്കാനിരുന്ന പ്രഭാഷണം റദ്ദാക്കുകയായിരുന്നു. ഇടതുപക്ഷ അനുകൂലികള്‍ തന്നെ പ്രസംഗിക്കാന്‍ അനുവദിച്ചില്ലെന്നാണ് ഇതേക്കുറിച്ച് ഇയാനോപോളസ് ഫേസ്ബുക്കില്‍ കുറിച്ചത്.

ഇടതുപക്ഷക്കാര്‍ തനിക്കെതിരെ ബാരിക്കേഡ് തീര്‍ത്തെന്നും കല്ലെറിഞ്ഞെന്നും സര്‍വകലാശാലയുടെ കെട്ടിടങ്ങളില്‍ പടക്കം എറിഞ്ഞെന്നും അദ്ദേഹം ആരോപിക്കുന്നു. നൂറു കണക്കിനാളുകളാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്. ഇയാനോപോളസ് പ്രഭാഷണം റദ്ദാക്കിയതോടെ ഇവര്‍ ആഹ്ലാദപ്രകടനവും നടത്തി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍