എച്ച്1 ബി വിസ ലഭിക്കുന്നവരുടെ കുറഞ്ഞ ശമ്പളത്തില്‍ ഇരട്ടിയിലേറെ വര്‍ദ്ധനവ് വരുത്തിയാണ് വിസ നിയന്ത്രണം നടപ്പിലാക്കുന്നത്.
ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലെ ഐടി വിദഗ്ധര്‍ക്കും ഐടി കമ്പനികള്‍ക്കും തിരിച്ചടിയായി എച്ച്1-ബി വിസ നിയന്ത്രണത്തിനുള്ള ബില്‍ അമേരിക്കന്‍ ജനപ്രതിനിധി സഭയില്‍ പാസായി. ബില്ലില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉടന്‍ ഒപ്പുവയ്ക്കുമെന്നാണ് അറിയുന്നത്.
എച്ച്1 ബി വിസ ലഭിക്കുന്നവരുടെ കുറഞ്ഞ ശമ്പളത്തില്‍ ഇരട്ടിയിലേറെ വര്‍ദ്ധനവ് വരുത്തിയാണ് വിസ നിയന്ത്രണം നടപ്പിലാക്കുന്നത്. 130,000 ഡോളര്‍ ആണ് പുതുക്കിയ ശമ്പളം. നേരത്തെ 60,000 ഡോളര്‍ ആയിരുന്നു ഈ പരിധി. ഇതോടെ അമേരിക്കക്കാരുടെ ശമ്പളത്തിന് തുല്യം വിദേശ ജീവനക്കാര്‍ക്കും നല്‍കണം എന്ന സ്ഥിതിയാകും. ഇതാണ് ഇന്ത്യയിലേതുള്‍പ്പെടെയുള്ള അമേരിക്കന്‍ പ്രവാസികള്‍ക്ക് തിരിച്ചടിയാകുക. 130,000ല്‍ കുറച്ച് ശമ്പളമുള്ളവര്‍ക്ക് വിസ ലഭിക്കാത്ത അവസ്ഥയാണ് ഇതുമൂലമുണ്ടാകുക.
പ്രവാസികളെ കൂടാതെ ഇന്‍ഫോസിസ്, വിപ്രോ, ടിസിഎസ് എന്നീ ഐടി കമ്പനികളെയും ഗുരുതരമായി ബാധിക്കും. ഈ സ്ഥാപനങ്ങളില്‍ വിദേശത്തു നിന്നുള്ള ഐടി പ്രൊഫഷണലുകളാണ് അധികവും ജോലി ചെയ്യുന്നത്. എന്നാല്‍ എച്ച്1ബി വിസയുടെ ശമ്പള പരിധി വര്‍ദ്ധിപ്പിക്കുന്നതോടെ ഇവരും അമേരിക്കയില്‍ നിന്ന് തന്നെ ജീവനക്കാരെ തേടാന്‍ നിര്‍ബന്ധിതരാകും.
കുടിയേറ്റ പരിഷ്‌കരണത്തിന്റെ ഭാഗമായാണ് എച്ച്1-ബി വിസയിലും നിയന്ത്രണം ഏര്‍പ്പെടുത്തുന്നതെന്നാണ് അമേരിക്കന്‍ സര്‍ക്കാരിന്റെ വാദം. അമേരിക്കക്കാരുടെ അവസരങ്ങള്‍ തട്ടിയെടുക്കുന്ന വിസ നിയമങ്ങള്‍ പൊളിച്ചെഴുതുമെന്ന് ട്രംപ് നേരത്തെ തന്നെ അറിയിച്ചിരുന്നു. മുന്‍ പ്രസിഡന്റ് ബറാക് ഒബാമ എച്ച്1-ബി വിസയുള്ളവരുടെ ഭാര്യമാര്‍ക്കും അമേരിക്കയില്‍ ജോലി ചെയ്യാനുള്ള അനുമതി നല്‍കിയിരുന്നു. അങ്ങനെ നോക്കുമ്പോള്‍ പുതിയ നിയമം മൂലം ജോലി നഷ്ടമാകുന്നവരുടെ എണ്ണം അതിഭീമമാകും.
കമ്പ്യൂട്ടര്‍ വേള്‍ഡ് മാസികയുടെ കണക്കനുസരിച്ച് എച്ച്1-ബി വിസ ലഭിച്ചിരിക്കുന്നവരില്‍ 86 ശതമാനവും ഐടി പ്രൊഫഷണലുകളാണ്. പ്രതിവര്‍ഷം 85,000 എച്ച്1-ബി വിസകളാണ് അമേരിക്ക വിതരണം ചെയ്യുന്നത്. ഇതില്‍ 20,000 എണ്ണം അമേരിക്കന്‍ സര്‍വകലാശാലകളില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടിയവര്‍ക്ക് ലഭിക്കും.