മാധ്യമങ്ങള്‍ വ്യാജവാര്‍ത്തകള്‍ പുറത്തുവിട്ട് ചടങ്ങിന്റെ മാറ്റ് കുറയ്ക്കാന്‍ ശ്രമിക്കുകയാണെന്നുമുള്ള വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സീന്‍ സ്‌പൈസറുടെ ആരോപണം തെറ്റാണെന്ന് ഫോട്ടോഗ്രാഫുകളും വീഡിയോകളും പൊതുഗതാഗത കണക്കുകളും വ്യക്തമാക്കുന്നു.
ഡൊണാള്‍ഡ് ട്രംപിന്റെ സത്യപ്രതിജ്ഞയ്ക്ക് റെക്കോഡ് ജനക്കൂട്ടമാണ് എത്തിയതെന്നും എന്നാല്‍ മാധ്യമങ്ങള്‍ വ്യാജവാര്‍ത്തകള്‍ പുറത്തുവിട്ട് ചടങ്ങിന്റെ മാറ്റ് കുറയ്ക്കാന്‍ ശ്രമിക്കുകയാണെന്നുമുള്ള വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സീന്‍ സ്‌പൈസറുടെ ആരോപണം തെറ്റാണെന്ന് ഫോട്ടോഗ്രാഫുകളും വീഡിയോകളും പൊതുഗതാഗത കണക്കുകളും വ്യക്തമാക്കുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ പ്രക്ഷേകരാണ് സത്യപ്രതിജ്ഞ വീക്ഷിച്ചതെന്നും എന്നാല്‍ ജനപങ്കാളിത്തം കുറച്ചു കാണിക്കാനാണ് മാധ്യമങ്ങള്‍ ശ്രമിച്ചതെന്നും കഴിഞ്ഞ ദിവസം സീന്‍ സ്‌പൈസര്‍ ആരോപിച്ചിരുന്നു.
പങ്കെടുത്തവരുടെ എണ്ണം കുറച്ചുകാണിച്ചും തെറ്റിധാരണാജനകമായ ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചും ട്രംപിന് ലഭിച്ച അനിതരസാധാരണമായ ജനപിന്തുണയെ കുറച്ച് കാണിക്കാനാണ് മധ്യമങ്ങള്‍ ശ്രമിച്ചതെന്നായിരുന്നു സ്‌പൈസറുടെ കണ്ടെത്തല്‍. നാഷണല്‍ മാളില്‍ എത്ര ജനം തടിച്ചുകൂടി എന്ന് അറിയാനിരിക്കുന്നതേയുള്ളുവെന്നും എന്നാല്‍ ഏറ്റവും വലിയ ജനപങ്കാളിത്തമുണ്ടായ സത്യപ്രതിജ്ഞയാണ് ഇതെന്നും അദ്ദേഹം അവകാശപ്പെട്ടു. പക്ഷെ താരതമ്യത്തിനുള്ള മാനദണ്ഡം എന്നായിരുന്നു എന്ന് അദ്ദേഹം വ്യക്തമാക്കിയില്ല.

ഒബാമയുടെ സത്യപ്രതിജ്ഞ ചടങ്ങിന് എത്തിയ ജനക്കൂട്ടം (2009)
എന്നാല്‍ വെള്ളിയാഴ്ചത്തെ ചടങ്ങുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന ചിത്രങ്ങളും വീഡിയോകളും സ്‌പൈസറുടെ വാദത്തെ ഖണ്ഡിക്കുന്നു. 2009ല്‍ ബാരക് ഒബാമയുടെ സത്യപ്രതിജ്ഞയുമായി ബന്ധപ്പെട്ടുവന്ന ചിത്രങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ ശുഷ്‌കമായ ജനക്കൂട്ടമായിരുന്നു ട്രംപിന്റെ സത്യപ്രതിജ്ഞയ്ക്ക് ഉണ്ടായിരുന്നത് എന്ന് വ്യക്തമാകുന്നു. 1.8 ദശലക്ഷം ജനങ്ങള്‍ പങ്കെടുത്ത ഒബാമയുടെ സത്യപ്രതിജ്ഞയുടെ മൂന്നില്‍ ഒന്ന് ശതമാനം ആളുകള്‍ മാത്രമേ വെള്ളിയാഴ്ചലത്തെ സത്യപ്രതിജ്ഞയില്‍ പങ്കെടുത്തിട്ടുണ്ടാവാന്‍ സാധ്യതയുള്ളുവെന്നാണ് ചിത്രങ്ങള്‍ വ്യക്തമാക്കുന്നത്.

ട്രംപിന്‍റെ സത്യപ്രതിജ്ഞ ചടങ്ങിനെത്തിയവര്‍
വാഷിംഗ്ടണ്‍ മെട്രോ പുറത്തുവിടുന്ന കണക്കുകളും ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ട്രംപിന്റെ സത്യപ്രതിജ്ഞ നടന്ന വെള്ളിയാഴ്ച രാവിലെ പതിനൊന്ന് വരെ 1,93,000 ട്രിപ്പുകളാണ് ഓടിയതെങ്കില്‍ 2009ല്‍ ഇതേ സമയം ഇത് 5,13,000 ആയിരുന്നു. ഏകദേശം 1.5 ദശലക്ഷം ആളുകള്‍ ട്രംപിന്റെ സത്യപ്രതിജ്ഞ ചടങ്ങിന് സാക്ഷ്യം വഹിക്കാനെത്തിയിരിക്കാമെന്നാണ് കണക്കാക്കപ്പെടുന്നത്. എന്നാല്‍ അഞ്ചുലക്ഷം വനിതകള്‍ ട്രംപിനെതിരായ പ്രതിഷേധപ്രകടനത്തില്‍ പങ്കെടുത്തുവെന്നാണ് അസോസിയേറ്റഡ് പ്രസ് കണക്കാക്കുന്നത്.