UPDATES

അധികാരമേല്‍ക്കുന്നതിന് മുമ്പ് തന്നെ ട്രംപിന് ചൈനയുടെ മുന്നറിയിപ്പ്

അഴിമുഖം പ്രതിനിധി

യു.എസ് പ്രസിഡന്‌റായി തിരഞ്ഞെടുക്കപ്പെട്ട ഡൊണാള്‍ഡ് ട്രംപിന് അധികാരമേറ്റെടുക്കാന്‍ രണ്ട് മാസം കൂടി ശേഷിക്കെ ചൈനയുടെ മുന്നറിയിപ്പ് എത്തി. ട്രംപിന്‌റെ അടഞ്ഞ വിദേശനയത്തിനെതിരെയാണ് ചൈനയുടെ മുന്നറിയിപ്പ്. അന്താരാഷ്ട്ര സമൂഹത്തില്‍ സമാധാന അന്തരീക്ഷം നിലനിര്‍ത്താന്‍ ചൈനയുമായി യോജിച്ച് പ്രവര്‍ത്തിക്കാന്‍ തയ്യാറാകണമെന്ന് ചൈനീസ് വാര്‍ത്താ ഏജന്‍സിയായ സിന്‍ഹ്വ, ട്രംപിനോട് ആവശ്യപ്പെട്ടു.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മറ്റ് രാജ്യങ്ങളുമായുള്ള പല വ്യാപാര കരാറുകളില്‍ നിന്നും പിന്‍വാങ്ങുമെന്ന് ട്രംപ് പറഞ്ഞിരുന്നു. അമേരിക്ക ഫസ്റ്റ് എന്നതാണ് തന്‌റെ സാമ്പത്തിക നയമെന്നും ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ചൈനീസ് മുന്നറിയിപ്പ്. അതേസമയം പരസ്പര വിരുദ്ധമായി ട്രംപ് പലപ്പോഴും സംസാരിക്കാറുള്ളതിനാല്‍ എന്തായിരിക്കും പുതിയ വിദേശ നയമെന്ന കാര്യത്തില്‍ ചൈന അടക്കമുള്ള മിക്കവാറും രാജ്യങ്ങള്‍ക്കെല്ലാം ആശങ്കയുണ്ട്. പ്രചാരണത്തിനിടെ ട്രമ്പ് പലപ്പോഴും ചൈനയെ കടന്നാക്രമിച്ചിരുന്നു. അമേരിക്കക്കാര്‍ക്ക് തൊഴിലില്ലാതാവുന്നതിന് പിന്നില്‍ ചൈനയാണെന്ന് ട്രംപ് ആരോപിച്ചിരുന്നു. ചൈനയില്‍ നിന്നുള്ള ഇറക്കുമതിക്ക് 45 ശതമാനം നികുതി ചുമത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചു. ഇത്തരം നയങ്ങളാണ് ഗ്രേറ്റ് ഡിപ്രഷന്‌റെ കാലത്ത് അമേരിക്കയെ തകര്‍ച്ചയിലേയ്ക്ക് നയിച്ചതെന്ന് ചൈന അഭിപ്രായപ്പെട്ടു. തിരഞ്ഞെടുപ്പ് കാലത്ത് പറയുന്ന ഇത്തരം കാര്യങ്ങള്‍ അവിടെ തന്നെ അവസാനിപ്പിക്കുന്നതാണ് നല്ലത്.   

പ്രധാനമായും അമേരിക്കയുടെ അധിനിവേശങ്ങളാണ് എക്കാലത്തും അവരെ സാമ്പത്തികവും രാഷ്ട്രീയവുമായ പ്രതിസന്ധികളിലേയ്ക്ക് നയിച്ചതെന്ന് ചൈനീസ് മാദ്ധ്യമം വിലയിരുത്തി. തിരഞ്ഞെടുപ്പ് സമയത്ത് ഹിലരി ക്ലിന്‌റനെയാണ് ചൈനയില്‍ കൂടുതല്‍ അപകടകാരിയായി കണ്ടിരുന്നത്. ട്രംപിന്‌റേത് കൂടുതല്‍ പ്രായോഗികമായ വിദേശനയമായിരിക്കുമെന്ന് വരെ ചില നിരീക്ഷകര്‍ അഭിപ്രായപ്പെട്ടു. അതേസമയം ട്രംപിന്‌റെ പ്രവചനാതീതമായ സ്വഭാവമാണ് ചൈനയെ കുഴക്കുന്നത്. ട്രംപിന് യു.എസ് വിദേശനയത്തില്‍ കാര്യമായ മാറ്റം കൊണ്ടുവരാന്‍ കഴിയില്ലെന്നാണ് ചൈന കരുതുന്നത്. ഏതായാലും ട്രംപിന്‌റെ ജയം യു.എസ് രാഷ്ട്രീയത്തിന് വലിയ തിരിച്ചടിയാണെന്നാണ് ചൈനീസ് പത്രം ഗ്ലോബല്‍ ടൈംസ് വിലയിരുത്തുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍