UPDATES

വിദേശം

അമേരിക്ക ഇപ്പോള്‍ ദരിദ്രരുടെ രാജ്യം; കടബാധ്യതരുടെയും

Avatar

ഫിലിപ് റക്കര്‍, റോബര്‍ട്ട് കോസ്റ്റ
(വാഷിങ്ടണ്‍ പോസ്റ്റ്)

അമേരിക്ക ലോകകാര്യങ്ങളില്‍ കൈകടത്തേണ്ടതില്ല എന്ന നിലപാട് കൂടുതല്‍ ഉറപ്പിച്ച് ഡൊണാള്‍ഡ് ട്രംപ്. കഴിഞ്ഞ തിങ്കളാഴ്ചത്തെ മുഴുദിന വാഷിങ്ടണ്‍ പര്യടനത്തില്‍ നോര്‍ത്ത് അറ്റ്‌ലാന്റിക് ട്രീറ്റി (നാറ്റോ)യുടെ ആവശ്യകതയെ ചോദ്യം ചെയ്ത ട്രംപ് ഏഷ്യയില്‍ അമേരിക്കയുടെ സൈനികസാന്നിദ്ധ്യത്തിലും വിയോജിപ്പ് പ്രകടിപ്പിച്ചു.

പ്രചാരണത്തിലുടനീളം ട്രംപിനു ശക്തി പകര്‍ന്നിരുന്ന ഒളിപ്പോര്‍ തന്ത്രങ്ങളും ഷോമാന്‍ പ്രകടനങ്ങളും മാറ്റിവച്ച് ഭാവി പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ നയങ്ങള്‍ വിശദീകരിക്കുകയും സമന്വയം അംഗീകരിക്കുകയും റിപ്പബ്ലിക്കന്‍ മുന്‍നിരകളുമായി ബന്ധം സ്ഥാപിക്കുകയും ചെയ്ത ദിവസമാണ് വിദേശനയവും വന്നത്. വാഷിങ്ടണ്‍ പോസ്റ്റ് പത്രാധിപസമിതിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ട്രംപ് വിദേശനയത്തിന്റെ രൂപരേഖ നല്‍കിയിരുന്നു.

തിങ്കളാഴ്ച അമേരിക്കന്‍ ഇസ്രയേല്‍ പബ്ലിക് അഫയേഴ്‌സ് കമ്മിറ്റിക്കു മുന്നില്‍ എഴുതിത്തയാറാക്കിയ പ്രഭാഷണം നടത്തിയ ട്രംപ് ഇസ്രയേലിനൊപ്പം നില്‍ക്കുമെന്നും പലസ്തീനുമായുള്ള സമാധാനസംഭാഷണങ്ങളില്‍ കടുത്ത നിലപാട് എടുക്കുമെന്നും പ്രഖ്യാപിച്ച് കയ്യടി നേടി.

രാജ്യതലസ്ഥാനത്തെ പ്രദക്ഷിണം ട്രംപിന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ടിക്കറ്റ് നിഷേധിക്കാനുള്ള സ്ഥാപിതനീക്കത്തിനു തടയിടാന്‍ കൂടിയായിരുന്നു. എന്നാല്‍ പാര്‍ട്ടിയിലെ യാഥാസ്ഥിതികത്വത്തോടു കടപ്പെട്ടവനാകില്ല താനെന്ന് പോസ്റ്റുമായുള്ള കൂടിക്കാഴ്ചയില്‍ ട്രംപ് പറഞ്ഞു.

ഒരു മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയില്‍ തന്റെ അഞ്ച് വിദേശനയ ഉപദേശകരെ വെളിപ്പെടുത്തിയ ട്രംപ് അമേരിക്കയുടെ ലോകസാന്നിദ്ധ്യം കുറയ്ക്കുന്നതിനു വേണ്ടിയാണു വാദിച്ചത്. മദ്ധ്യപൂര്‍വേഷ്യ തുടങ്ങി മറ്റു സ്ഥലങ്ങളില്‍ പ്രശ്‌നങ്ങളുണ്ടെങ്കിലും അമേരിക്ക രാജ്യത്തിനുള്ളിലെ പ്രശ്‌നങ്ങള്‍ക്കു മുന്‍തൂക്കം കൊടുക്കണമെന്നും രാജ്യത്തെ അടിസ്ഥാനസൗകര്യങ്ങള്‍ പുനഃസ്ഥാപിക്കുന്നതിന് കൂടുതല്‍ പണം ചെലവിടണമെന്നും ട്രംപ് പറഞ്ഞു.

‘ഞങ്ങള്‍ക്ക് ഞങ്ങളുടെ കാര്യം നോക്കാനുണ്ടെന്ന് ഇനി ഏതു സമയത്താണ് നാം പറയുക? പുറത്തൊരു ലോകമുണ്ടെന്ന് എനിക്കറിയാം. പക്ഷേ അതേ സമയം നമ്മുടെ രാജ്യം ഛിന്നഭിന്നമാകുകയാണ്. പ്രത്യേകിച്ച് ഉള്‍പ്രദേശങ്ങളിലെ നഗരങ്ങള്‍,’ പത്രാധിപ സമിതിയുമായുള്ള യോഗത്തില്‍ ട്രംപ് പറഞ്ഞു.

നാറ്റോയില്‍ യുഎസിന്റെ ഇടപെടല്‍ വരുംവര്‍ഷങ്ങളില്‍ കാര്യമായി കുറയ്ക്കണമെന്ന് ട്രംപ് പറഞ്ഞു. ഇക്കാര്യത്തില്‍ ഏഴു പതിറ്റാണ്ടായി വാഷിങ്ടണിലുള്ള അഭിപ്രായ ഐക്യത്തിനു വിരാമമിടുകയാണ് ട്രംപ്. ‘ ഇത് ഇനിയും ചെയ്യാന്‍ നമുക്കാവില്ല. നാറ്റോ നമുക്ക് വളരെയധികം പണച്ചെലവുണ്ടാക്കുന്നു. നാറ്റോ കൊണ്ട് നാം യൂറോപ്പിനെ സംരക്ഷിക്കുന്നു. പക്ഷേ നാം ഒരുപാട് പണം ചെലവഴിക്കുന്നു.’

പ്രചാരണത്തിലുടനീളം പ്രവചനാതീതമായ, കലഹപ്രിയ വ്യക്തിത്വമായിരുന്നു ട്രംപിന്റെ ‘റോക്കറ്റ് ഫ്യുവല്‍’. എന്നാല്‍ നാമനിര്‍ദേശം തൊട്ടടുത്തെത്തിനില്‍ക്കവേ ആത്മനിയന്ത്രണം പാലിച്ച് പ്രസിഡന്റാകാനുള്ള സ്വഭാവഗുണവും അറിവും തനിക്കുണ്ടെന്ന് പാര്‍ട്ടി നേതാക്കളെയും വോട്ടര്‍മാരെയും വിശ്വസിപ്പിക്കാനുള്ള ശ്രമത്തിലാണ് ട്രംപ്.

അമേരിക്കന്‍ ഇസ്രയേല്‍ പബ്ലിക് അഫയേഴ്‌സ് കമ്മിറ്റി വാര്‍ഷിക യോഗത്തില്‍ ഇതായിരുന്നു ട്രംപിന്റെ ലക്ഷ്യങ്ങളിലൊന്ന്. പ്രചാരണത്തില്‍ ആദ്യമായാണ് ട്രംപ് എഴുതി തയ്യാറാക്കിയ പ്രസംഗം ടെലിപ്രോംപ്റ്ററില്‍ നോക്കി വായിക്കുന്നത്. ഇങ്ങനെ ചെയ്യുന്നതിന് മറ്റുനേതാക്കളെ കളിയാക്കുകയായിരുന്നു ട്രംപിന്റെ പതിവ്.

ഇസ്രയേലിന്റെ കാര്യത്തില്‍ മിക്കവാറും പാര്‍ട്ടി ലൈന്‍ പിന്തുടരുകയാണ് ട്രംപ് ചെയ്തത്. രാജ്യതാല്‍പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയും ജൂതരാജ്യത്തോട് ഇത്രയധികം അനുഭാവമുള്ള മറ്റൊരു സ്ഥാനാര്‍ത്ഥിയുമില്ലെന്നു സ്ഥാപിക്കുകയും ചെയ്തു. പ്രസിഡന്റ് ബാരക് ഒബാമയെയും അദ്ദേഹത്തിന്റെ ആദ്യടേമിലെ സ്റ്റേറ്റ് സെക്രട്ടറിയും ഡമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയുമായ ഹിലരി ക്ലിന്റനെയും വിമര്‍ശിക്കാനല്ലാതെ ട്രംപ് തന്റെ എഴുതിത്തയാറാക്കിയ പ്രസംഗത്തില്‍നിന്നു വ്യതിചലിച്ചില്ല.

‘ഞാന്‍ പ്രസിഡന്റായാല്‍ ആദ്യദിവസം തന്നെ ഇസ്രയേലിനോട് രണ്ടാംകിട പൗരനെന്ന സമീപനം അവസാനിപ്പിക്കും’, ട്രംപ് പറഞ്ഞു. ആയിരങ്ങള്‍ ട്രംപിനുവേണ്ടി കയ്യടിച്ചു. നേരത്തെ കേട്ടിരുന്ന ഇറങ്ങിപ്പോക്ക് ഭീഷണികള്‍ നടപ്പാക്കപ്പെട്ടില്ല. അതല്ലെങ്കില്‍ ശ്രദ്ധയില്‍പ്പെടാന്‍ മാത്രം ഉണ്ടായില്ല.

തിങ്കളാഴ്ച പാര്‍ട്ടിയുമായി ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായി കാപിറ്റോള്‍ ഹില്ലില്‍ ട്രംപ് നടത്തിയ വിരുന്നില്‍ രണ്ടുഡസനോളം പ്രമുഖ റിപ്പബ്ലിക്കന്‍മാര്‍ പങ്കെടുത്തു. കോണ്‍ഗ്രസിലും പാര്‍ട്ടി നയങ്ങളിലും ലോബിയിങ് വൃത്തങ്ങളിലും സ്വാധീനമുള്ളവരാണ് മിക്കവരും.

നേരിട്ടു കണ്ടവരില്‍ പലരും ട്രംപിനോട് ആവശ്യപ്പെട്ടത് ‘പ്രസിഡന്റിനെപ്പോലെ പെരുമാറുക’ എന്നാണെന്ന് പങ്കെടുത്തവരില്‍ ഒരാള്‍ പറഞ്ഞു. ചര്‍ച്ചകള്‍ വളരെ ഗൗരവമുള്ളവയായിരുന്നുവെന്നും പേരു വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഇദ്ദേഹം പറഞ്ഞു. ‘ബാങ്കര്‍മാരുമായി ഇടപെടുന്ന ഡൊണാള്‍ഡ് ട്രംപിനെയാണ് അവിടെ കണ്ടത്. സ്റ്റേജിലുള്ള ട്രംപിനെയല്ല.’

തന്റെ സൂക്ഷ്മബുദ്ധിയും കാര്യങ്ങള്‍ നടത്താനുള്ള കഴിവും പ്രദര്‍ശിപ്പിക്കാനും ട്രംപ് ശ്രമിച്ചു. പെനിസില്‍വാനിയ അവന്യൂവിലെ വൈറ്റ്ഹൗസില്‍നിന്ന് ഏതാനും ബ്ലോക്ക് അകലെയുള്ള ചരിത്രപ്രാധാന്യമുള്ള ഓള്‍ഡ് പോസ്റ്റ് ഓഫിസ് പവിലിയനിലായിരുന്നു ട്രംപിന്റെ വാര്‍ത്താസമ്മേളനം. ഇതിനെ ട്രംപിന്റെ റിയല്‍ എസ്റ്റേറ്റ് കമ്പനി ട്രംപ് ഇന്റര്‍നാഷനല്‍ ഹോട്ടലാക്കി മാറ്റുകയാണ്. ജോലിക്കാര്‍ക്കൊപ്പം സ്ഥാനാര്‍ത്ഥിയും മാധ്യമപ്രവര്‍ത്തകരെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ കാണിച്ചുകൊടുത്തു.

ട്രംപിന് പാര്‍ട്ടി ടിക്കറ്റ് നിഷേധിക്കാനും പകരം മറ്റൊരു സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനും 2012ലെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി മിറ്റ് റോംനി ഉള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ ചിലര്‍ നടത്തുന്ന കടുത്ത ശ്രമങ്ങള്‍ക്കിടെയാണ് ട്രംപിന്റെ വാഷിങ്ടണ്‍ സന്ദര്‍ശനം.

ഭക്ഷണവിരുന്നില്‍ തനിക്കു ടിക്കറ്റ് നിഷേധിക്കാന്‍ പാര്‍ലമെന്ററി തന്ത്രങ്ങള്‍ ഉപയോഗിക്കുന്നതിനെതിരെ ട്രംപ് മുന്നറിയിപ്പ് നല്‍കി. സ്പീക്കര്‍ പോള്‍ ഡി റയാനുമായി ഫലവത്തായ സംഭാഷണം നടന്നുവെന്നും തനിക്കു പിന്നില്‍ ലക്ഷക്കണക്കിന് ആളുകള്‍ ഉണ്ടെന്നുമാണ് ട്രംപ് പിന്നീട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്.

‘അവര്‍ക്ക് കളിക്കാനറിയാം, നന്നായി പെരുമാറാനും,’ റയാനെയും മറ്റ് പാര്‍ട്ടി അംഗങ്ങളെയും പറ്റി ട്രംപ് പറഞ്ഞു. ‘ റയാനെ മുഖവിലയ്‌ക്കെടുക്കാനേ എനിക്കാകൂ. കാപട്യം എനിക്കു മനസിലാകും. പല കാര്യങ്ങളും എനിക്കു മനസിലാകും. പക്ഷേ കഴിഞ്ഞയാഴ്ച അദ്ദേഹം എന്നെ വിളിച്ചു. നന്നായി പെരുമാറി. മിഷ് മക്കോണലുമായും ഞാന്‍ സംസാരിച്ചു. അദ്ദേഹവും നന്നായി പെരുമാറി. ആളുകള്‍ സ്മാര്‍ട്ടാകാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഈ പ്രസ്ഥാനത്തെ സ്വീകരിക്കണം.’

റയാനും മക്കോണലും തിങ്കളാഴ്ചത്തെ കൂടിക്കാഴ്ചയ്‌ക്കെത്തിയില്ല. ട്രംപിന്റെ പ്രചാരണ അഭിഭാഷകന്‍ ഡൊണാള്‍ഡ് എഫ് മക്ഗാന്റെ ലോ ഫേമായ ജോണ്‍സ് ഡേയില്‍ നടന്ന യോഗം ട്രംപിനെ അനുകൂലിക്കുന്ന സെനറ്റര്‍ ജെഫ് സെഷന്‍സാണ് സംഘടിപ്പിച്ചത്.

ഹെറിറ്റേജ് ഫൗണ്ടേഷന്‍ പ്രസിഡന്റും മുന്‍ സെനറ്ററും യാഥാസ്ഥിതിക പ്രസ്ഥാനത്തിന്റെ നേതാവുമായ ജിം ഡെമിന്റ്, സെനറ്റര്‍ ടോം കോട്ടന്‍, മുന്‍ സ്പീക്കര്‍ ന്യൂട്ട് ഗിന്‍ഗ്രിഷ്, ഹൗസ് അപ്രോപ്രിയേഷന്‍സ് കമ്മിറ്റി മുന്‍ ചെയര്‍മാന്‍ ബോബ് ലിവിങ്‌സ്റ്റന്‍ തുടങ്ങിയവരാണ് യോഗത്തില്‍ പങ്കെടുത്തത്. ട്രംപിനെ അനുകൂലിക്കുന്ന ഒരു സംഘം ഹൗസ് അംഗങ്ങളും പങ്കെടുത്തു.

‘ഞങ്ങള്‍ സെനറ്റര്‍ സെഷന്‍സിനെയും വാഷിങ്ടണിലെ ചില മഹദ് വ്യക്തികളെയും കണ്ടു,’ ട്രംപ് പറഞ്ഞു. ‘നല്ല കൂടിക്കാഴ്ചയായിരുന്നു. ഞങ്ങള്‍ ഇവിടെ വരെയെത്തി എന്നത് അവര്‍ക്കു വിശ്വസിക്കാനായില്ല. കാരണം ഇത് വളരെപ്പേരൊന്നും പ്രതീക്ഷിച്ചതല്ല.

വാഷിംഗ്ടണ്‍ പോസ്റ്റ് പത്രാധിപസമിതിയുമായുള്ള യോഗത്തില്‍ മാനനഷ്ട നിയമങ്ങള്‍, റാലികളിലെ അക്രമം, കാലാവസ്ഥാ വ്യതിയാനം, വിദേശനയം എന്നിവയായിരുന്നു വിഷയങ്ങള്‍.

വിദേശനയം രൂപപ്പെടുത്തുന്നതിന്‍ തനിക്കു സഹായം നല്‍കുന്ന ഒരു സംഘത്തിലെ അംഗങ്ങളുടെ പേര് ആദ്യമായി ട്രംപ് വെളിപ്പെടുത്തി. സെഷന്‍സിന്റെ നേതൃത്വത്തില്‍ കെയ്ത്ത് കെല്ലോഗ്, കാര്‍ട്ടര്‍ പേജ്, ജോര്‍ജ് പാപഡോപൗലോസ്, വാലിദ് ഫാരെസ്, ജോസഫ് ഇ ഷ്മിറ്റ്‌സ് എന്നിവരാണവര്‍. മിക്കവരും വിദേശനയവൃത്തങ്ങളില്‍ അത്രയൊന്നും അറിയപ്പെടാത്തവരാണ്. പലര്‍ക്കും ജോര്‍ജ് ഡബ്ലിയു ബുഷ് ഭരണകൂടവുമായി ബന്ധമുണ്ടായിരുന്നു.

റൊണാള്‍ഡ് റീഗന്റെ സ്‌റ്റേറ്റ് സെക്രട്ടറിയായിരുന്ന ജോര്‍ജ് പി ഷുള്‍സിനെ പ്രശംസിച്ച ട്രംപ് അദ്ദേഹം മാതൃകാ നയതന്ത്രജ്ഞനായിരുന്നു എന്നു പറഞ്ഞു. യുക്രെയിനില്‍ റഷ്യയുടെ ആക്രമണോല്‍സുകതയെപ്പറ്റി അമേരിക്കയുടെ സഖ്യകക്ഷികള്‍ ഒന്നും ചെയ്യുന്നില്ല എന്നായിരുന്നു പ്രതികരണം.

‘നാറ്റോയിലെ മറ്റ് രാജ്യങ്ങളെയാണ് അമേരിക്കയെക്കാള്‍ യുക്രെയിന്‍ പ്രശ്‌നം ബാധിക്കുന്നത്. എന്നിട്ടും നാമാണ് കാര്യമായി പ്രവര്‍ത്തിക്കുന്നത്. അവര്‍ ഒന്നും ചെയ്യുന്നില്ല. എന്തുകൊണ്ടാണ് യുക്രെയിനെ സംബന്ധിച്ച് ജര്‍മനി നാറ്റോയുമായി ഇടപെടാത്തത്? എന്തുകൊണ്ടാണ് റഷ്യയുമായി സാധ്യതയുള്ള മൂന്നാം ലോകയുദ്ധത്തിന് എപ്പോഴും നാം തന്നെ നേതൃത്വം നല്‍കുന്നത്?’

കോണ്‍ഗ്രസില്‍ യുക്രെയിനെ പിന്തുണയ്ക്കുന്നതില്‍ അമേരിക്കയ്ക്ക് കൂടുതല്‍ സജീവ പങ്കാളിത്തം വേണമെന്ന് ആവശ്യപ്പെടുന്ന വിമര്‍ശകരുടെ സമ്മര്‍ദത്തിനിടയിലും യുഎസ് സൈനികസാന്നിദ്ധ്യം വാഹനങ്ങളും രാത്രി കാഴ്ചയ്ക്കുള്ള ഉപകരണങ്ങളും നല്‍കുന്നതില്‍ മാത്രം ഒതുങ്ങുന്നതാണ്. യുക്രെയിന്‍ സൈന്യവും റഷ്യയുടെ പിന്തുണയുള്ള വിഘടനവാദികളും തമ്മില്‍ ദുര്‍ബലമായൊരു വെടിനിര്‍ത്തല്‍ കരാര്‍ നേടിയെടുക്കാന്‍ മുന്‍കയ്യെടുത്തത് യൂറോപ്യന്‍ രാജ്യങ്ങളാണ്.

പസിഫിക്കിലെ യുഎസ് സാന്നിദ്ധ്യത്തെപ്പറ്റിയും സമാന നിലപാടായിരുന്നു ട്രംപിന്. ഏഷ്യയിലെ കനത്ത സേനാവിന്യാസത്തെ ചോദ്യം ചെയ്ത ട്രംപ് അവിടെ ഫലപ്രദമായ സമാധാനപാലനത്തിന് അമേരിക്കയ്ക്ക് ഇന്നും കഴിവുണ്ടോ എന്ന് സംശയിച്ചു.

‘തെക്കന്‍ കൊറിയ സമ്പന്നമായ വ്യാവസായിക രാഷ്ട്രമാണ്. എങ്കിലും നാം ചെയ്യുന്നതിനു നീതിപൂര്‍വമായി തിരിച്ചുകിട്ടുന്നില്ല. നാം തുടര്‍ച്ചയായി കപ്പലുകളും വിമാനങ്ങളും അയയ്ക്കുന്നു. മിലിട്ടറി എക്‌സര്‍സൈസ് നടത്തുന്നു. ഇതിനെല്ലാം വേണ്ടിവരുന്ന ചെലവിന്റെ ചെറിയൊരു ഭാഗം പോലും തിരിച്ചുകിട്ടുന്നില്ല.’

ഇത്തരം സംസാരം ദക്ഷിണ കൊറിയയില്‍ ആശങ്കയുണ്ടാക്കും. അമേരിക്കയുടെ 28,000 വരുന്ന സൈന്യമാണ് ദശകങ്ങളായി ഉത്തരകൊറിയയുടെ ഭീഷണികളില്‍നിന്ന് അവരെ സംരക്ഷിക്കുന്നത്.

ഏഷ്യയിലെ ഇടപെടല്‍ കൊണ്ട് അമേരിക്കയ്ക്കു പ്രയോജനമുണ്ടോ എന്ന ചോദ്യത്തിന് വ്യക്തിപരമായി അങ്ങനെ കരുതുന്നില്ല എന്നായിരുന്നു ട്രംപിന്റെ മറുപടി. ‘ നാം വളരെ ധനികരായ, ശക്തരായ രാജ്യമായിരുന്നു. ഇപ്പോള്‍ ദരിദ്രരാണ്. കടക്കാരുടെ രാജ്യമാണ് നാം.’ 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍