ഇറാന്, ഇറാഖ്, ലിബിയ, സൊമാലിയ, സുഡാന്, സിറിയ, യെമന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് വിലക്ക്. അതേസമയം ഈ രാജ്യങ്ങളില്‍ നിന്നുള്ള ക്രിസ്ത്യാനികള്‍ അടക്കമുള്ള ന്യൂനപക്ഷങ്ങള്‍ക്ക് ഇളവുകള്‍ അനുവദിക്കും.
അഭയാര്‍ത്ഥികള്‍ക്ക് വിലക്കേര്‍പ്പെടുത്തി കൊണ്ടും മുസ്ലീം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി കൊണ്ടുമുള്ള ഏക്സിക്യൂട്ടീവ് ഉത്തരവില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പ് വച്ചു. ഏഴ് മുസ്ലീം രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്കും കുടിയേറ്റക്കാര്‍ക്കുമാണ് ട്രംപ് ഗവണ്മെന്റ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ഇറാന്, ഇറാഖ്, ലിബിയ, സൊമാലിയ, സുഡാന്, സിറിയ, യെമന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് വിലക്ക്. അതേസമയം ഈ രാജ്യങ്ങളില്‍ നിന്നുള്ള ക്രിസ്ത്യാനികള്‍ അടക്കമുള്ള ന്യൂനപക്ഷങ്ങള്‍ക്ക് ഇളവുകള്‍ അനുവദിക്കും.
ഈ നടപടിയിലൂടെ ഇസ്ലാമിസ്റ്റ് ഭീകരരില്‍ നിന്ന് അമേരിക്കയെ രക്ഷിക്കുകയാണ് താന്‍ ചെയ്യുന്നതെന്ന് പെന്റഗണില്‍ വച്ച് ഉത്തരവില്‍ ഒപ്പിട്ട ശേഷം ട്രംപ് പറഞ്ഞു. 120 ദിവസത്തേയ്ക്കാണ് അഭയാര്‍ത്ഥികളുടെ പുനരധിവാസത്തിനായുള്ള യുഎസ് റെഫ്യൂജി റീസെറ്റില്‍മെന്റ് പ്രോഗ്രാം നിര്‍ത്തിവയ്ക്കുന്നത്. അതേസമയം സിറിയന്‍ അഭയാര്‍ത്ഥികള്‍ക്ക് അനിശ്ചിതകാല വിലക്കാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പ്രസിഡന്റിന് മാത്രമാണ് തീരുമാനം പുനപരിശോധിക്കാനുള്ള അവകാശം.
ഹോം ലാന്റ് സെക്യൂരിറ്റി ഡിപ്പാട്ട്മെന്റിനാണ് തീരുമാനം നടപ്പാക്കാനുള്ള ചുമതല. കഴിഞ്ഞ ദിവസം മെക്സിക്കോ അതിര്‍ത്തിയില്‍ മതില് നിര്‍മ്മിക്കാനുള്ള വിവാദ ഉത്തരവിലും ട്രംപ് ഒപ്പ് വച്ചിരുന്നു. അതിര്‍ത്തിയില്‍ സൈനിക വിന്യാസം ശക്തമാക്കാനും കുടിയേറ്റക്കാരെ തടയാന്‍ കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിക്കാനുമാണ് ട്രംപിന്റെ തീരുമാനം.
മുസ്ലീങ്ങള്‍ക്കെതിരായ കടുത്ത വിവേചനവും മനുഷ്യത്വവിരുദ്ധമായ പരിപാടിയുമാണ് ട്രംപിന്റേത് എന്ന് ചൂണ്ടിക്കാട്ടി രൂക്ഷ വിമര്‍ശനവുമായി അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയന് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ആന്റണി റൊമേറോ രംഗത്തെത്തി. മതപരമായ വിവേചനം തടയുന്ന യുഎസ് ഭരണഘടനാ തത്വം ലംഘിക്കുന്ന പ്രവൃത്തിയാണിതെന്നും ആന്റണി റൊമേറോ പറഞ്ഞു. ട്രംപിന്റെ ഈ പ്രതിലോമ നയത്തെ എല്ലാ ശക്തിയുമുപയോഗിച്ച് എതിര്‍ക്കുമെന്ന് അമേരിക്കന്‍ ഇസ്ലാമിക് റിലേഷന്‍സ് കൗണ്‍സിലിന്റെ ചിക്കാഗോ ഡയറക്ടര്‍ അഹമ്മദ് റെഹാബ് വ്യക്തമാക്കി. ട്രംപിന്റെ തീരുമാനത്തില്‍ വേദനയുണ്ടെന്ന് നൊബേല്‍ പുരസ്കാര ജേതാവ് മലാല യൂസഫ്സായ് പറഞ്ഞു. നിസഹായരായ കുട്ടികളടക്കമുള്ള അഭയാര്‍ത്ഥികളെ പുറന്തള്ളരുതെന്ന് ട്രംപിനോട് മലാല ആവശ്യപ്പെട്ടു.
വീഡിയോ: