1947ല്‍, ചൈനയുമായി തീര്‍ച്ചപ്പെടുത്താത്ത ഒരു അതിര്‍ത്തിയാണ് ബ്രിട്ടീഷുകാര്‍ ഇന്ത്യയ്ക്ക് കൈമാറിയത്. മാത്രമല്ല, നിശ്ചിത വ്യാപാര കേന്ദ്രങ്ങളില്‍ സൈനികരെ വിന്യസിക്കാനുള്ള അവകാശം ഉള്‍പ്പെടെ ടിബറ്റുമായി ചില പ്രത്യേക വ്യാപാര അധികാരങ്ങളും ഇന്ത്യയ്ക്ക് കൈമാറപ്പെട്ടിരുന്നു.
ജെഫ് എം സ്മിത്ത്
പ്രോട്ടോക്കോള്‍ ലംഘിച്ച് തായ്‌വാന്‍ പ്രസിഡന്റിനോട് ആദ്യമായി ഫോണില്‍ സംസാരിക്കുന്ന അമേരിക്കയുടെ നിയുക്ത പ്രസിഡന്റ് ആകാന്‍ ഡൊണാള്‍ഡ് ട്രംപ് എടുത്ത തീരുമാനം ഭീമാബദ്ധമായിരുന്നോ അതോ ഒരു കൗശലപൂര്‍ണമായ നയതന്ത്ര അട്ടിമറിയായിരുന്നോ എന്ന ചോദ്യം നിങ്ങള്‍ ബെല്‍റ്റ് വേയുടെ അകത്തളങ്ങളില്‍ വിലസുന്ന ആരോടാണ് ചോദിക്കുന്നത്, അതിനനുസരിച്ചുള്ള ഉത്തരമാവും ലഭിക്കുക. ഏതായാലും, തായ്‌വാന്‍ പ്രസിഡന്റ് ത്സായി ഇംഗ്-വെന്നുമായി ട്രംപ് നടത്തിയ വിഭാഗീയപരം എന്ന് വിശേഷിപ്പിക്കാവുന്ന ആശയവിനിമയം, യുഎസ്-ചൈന-തായ്‌വാന്‍ ബന്ധങ്ങളുടെ സ്വഭാവത്തെ കുറിച്ചും തായ്‌വാനും ടിബറ്റിനും മേലുള്ള ചൈനയുടെ അസന്ദിഗ്ധ ആധിപത്യം ക്രോഡീകരിക്കുന്ന ‘ഏക ചൈന’ നയം എന്ന ബീജിംഗിന്റെ കാഴ്ചപ്പാടിന്റെ പവിത്രതയെയും കുറിച്ച് സ്ഥായിയായ സംവാദങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്.
ബീജിംഗില്‍ നിന്നും സാധ്യതയുള്ള ഒരു തിരിച്ചടിയ്ക്കായി വാഷിംഗ്ടണ്‍ തയ്യാറെക്കുമ്പോഴും, ട്രംപ്-ത്സായി സംഭാഷണങ്ങളെ വിമര്‍ശിക്കുന്നവരും അനുകൂലിക്കുന്നവരും ഒരു സുപ്രധാന ഘടകത്തെ വിസ്മരിച്ചു. ചൈനീസ് സമ്മര്‍ദത്തെ തുടര്‍ന്ന് തായ്‌വാനിലെയും ടിബത്തിലെയും (ദലൈലാമയെ പോലുള്ള) പ്രധാന നേതാക്കളെ അകറ്റിനിര്‍ത്താന്‍ ആഗോളശക്തികള്‍ ശ്രദ്ധിച്ചിരുന്ന ഒരു കാലഘട്ടത്തില്‍, കഴിഞ്ഞ ആറ് ദശകങ്ങളായി ബീജിംഗിന്റെ ‘ഏകചൈന’ നയത്തെ തുറന്ന് ഏതിര്‍ത്തുകൊണ്ടിരുന്ന ഒരു രാജ്യത്തെ; ഇന്ത്യയെ.
ആഗോള സാമ്പത്തിക മാന്ദ്യത്തെ, തകര്‍ന്നു കൊണ്ടിരിക്കുന്ന പടിഞ്ഞാറില്‍ നിന്നും വളര്‍ന്നുകൊണ്ടിരിക്കുന്ന ചൈനയിലേക്കുള്ള അധികാര മാറ്റത്തിന്റെ ബിംബമായി ബീജിംഗ് നേതാക്കള്‍ 2008ല്‍ വ്യാഖ്യാനിച്ചപ്പോള്‍ മുതല്‍ ഉരുത്തിരിഞ്ഞുവന്ന് കൂടുതല്‍ ആധികാരികവും ദേശീയവാദപരവുമായ ചൈനയുടെ വിദേശനയത്തോട് അവരുടെ മറ്റേതൊരു അയല്‍രാജ്യത്തെയും പോലെ ഇന്ത്യയും ക്രമപ്പെടുന്നതാണ് 2000-ങ്ങളുടെ അവസാനത്തില്‍ കണ്ടത്. അതിര്‍ത്തിയിലെ തര്‍ക്കപ്രദേശങ്ങളിലൂടെ ഇന്ത്യയിലേക്ക് ചൈനക്കാര്‍ നുഴഞ്ഞുകയറിയപ്പോള്‍ ഉണ്ടായ സംഘര്‍ഷങ്ങളിലും പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ഭീകരവാദികള്‍ക്കെതിരായ യുഎന്‍ ഉപരോധം തടയാന്‍ ചൈന ശ്രമിച്ചപ്പോഴും, ചൈന ‘തെക്കന്‍ ടിബറ്റെന്ന്’ വിശേഷിപ്പിക്കുന്ന അരുണാചല്‍ പ്രദേശ് ഇന്ത്യന്‍ പ്രധാനമന്ത്രിയും ദലൈ ലാമയും സന്ദര്‍ശിച്ചപ്പോഴും മറ്റ് നിരവധി പ്രശ്‌നങ്ങളിലും ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങള്‍ പരീക്ഷണവിധേയമായിക്കൊണ്ടിരുന്നു.
ചൈനയുടെ ഒരു പ്രകോപനം മറ്റുള്ളവയെക്കാള്‍ ആഴത്തിലുള്ളതായിരുന്നു. ചൈനയുടെ ‘ആജന്മ സുഹൃത്ത്’ പാകിസ്ഥാന്‍ ദീര്‍ഘകാലമായി തങ്ങളുടേതെന്ന് അവകാശപ്പെടുന്ന കശ്മീരിലെ ഇന്ത്യന്‍ സൈനിക കമാന്‍ഡിന്റെ തലവനായി നിയമിക്കപ്പെട്ടു എന്ന കാരണത്താല്‍ ലഫ്റ്റനന്റ് ജനറല്‍ ബി എസ് ജസ്വാളിന് 2010ല്‍ ബീജിംഗ് വിസ നിഷേധിച്ചപ്പോഴായിരുന്നു അത്. കശ്മീരിലും അരുണാചലിലുമുള്ള ഇന്ത്യയുടെ പരമാധികാരത്തെ ചോദ്യം ചെയ്യുന്ന തരത്തില്‍ അവിടുത്തെ പൗരന്മാര്‍ക്ക് പ്രത്യേക, അപൂര്‍വ വിസകള്‍ സ്റ്റാമ്പ് ചെയ്തുകൊണ്ട് ഒരുതരം നയതന്ത്ര വിശ്വാസ വഞ്ചന ചൈന പലപ്പോഴും പ്രദര്‍ശിപ്പിച്ചിരുന്നെങ്കിലും, ജസ്വാളിന് വിസ നിഷേധിച്ചത് മര്‍മ്മത്തില്‍ കൊണ്ടു.
അസാധാരണ വേഗത്തിലും മൂര്‍ച്ഛയുള്ളതുമായ പ്രതികരണമാണ് ഇന്ത്യയുടെ ഭാഗത്തുനിന്നും ഉണ്ടായത്. എല്ലാ ഉഭയകക്ഷി സൈനീക കരാറുകളും സംയുക്ത അഭ്യാസങ്ങളും ഇന്ത്യ ഉടനടി റദ്ദാക്കി. 2010 ഡിസംബറില്‍. ചൈനീസ് പ്രധാനമന്ത്രി വെന്‍ ജിയാബോ ന്യൂഡല്‍ഹി സന്ദര്‍ശിച്ചപ്പോള്‍. ചരിത്രത്തില്‍ ആദ്യമായി ചൈനയുമായുള്ള സംയുക്തപ്രസ്താവനയില്‍ അവരുടെ ഏക ചൈന നയം അംഗീകരിക്കാന്‍ ഇന്ത്യ തയ്യാറായില്ല. ബീജിംഗിന്റെ ഏക ചൈന നയത്തിന്റെ ഇന്ത്യയുടെ അംഗീകാരം വേണമെങ്കില്‍ അരുണാചല്‍ പ്രദേശിലും കശ്മീരിലുമുള്ള ഇന്ത്യയുടെ പരമാധികാരം ചൈനയും അംഗീകരിക്കണം എന്ന സന്ദേശമാണ് ഇതിലൂടെ ന്യൂഡല്‍ഹി കൈമാറിയത്. ‘പന്ത് അവരുടെ കളത്തിലാണ്. അതിന് ഒരു സംശയവുമില്ല,’ എന്നാണ് അന്നത്തെ വിദേശകാര്യ സെക്രട്ടറി നിരുപമ റാവു സംഭവത്തെ കുറിച്ച് പറഞ്ഞത്.
തുടര്‍ന്ന് ഉണ്ടായിട്ടുള്ള സംയുകത പ്രസ്താവനകളൊക്കെ ഏക ചൈന നയം ഒഴിവാക്കി. 2014ല്‍ അധികാരത്തില്‍ വന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഈ നയം പിന്തുടര്‍ന്നു. ‘ഏക ചൈന നയം ഇന്ത്യ അംഗീകരിക്കണമെങ്കില്‍ ഏക ഇന്ത്യ നയം ചൈന അംഗീകരിക്കേണ്ടിവരും,’ എന്ന് 2014 സെപ്തംബറില്‍ ചൈനീസ് പ്രസിഡന്റ് സി ജിന്‍പിംഗിന്റെ ആദ്യ ഇന്ത്യ സന്ദര്‍ശനവേളയില്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പ്രഖ്യാപിച്ചു. ‘ടിബറ്റിന്റെയും തയ്‌വാന്റെയും വിഷയങ്ങള്‍ അവര്‍ ഞങ്ങളോട് സംസാരിക്കുമ്പോള്‍, അവരുടെ വൈകാരികത ഞങ്ങള്‍ പങ്കുവെക്കുന്നു…. അരുണാചല്‍ പ്രദേശിനെ സംബന്ധിച്ച ഞങ്ങളുടെ വൈകാരികത അവര്‍ മനസിലാക്കുകയും അംഗീകരിക്കുകയും ചെയ്യേണ്ടതുണ്ട്.’
വെന്നിന്റെ സന്ദര്‍ശനത്തിന് ശേഷം രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ വിസ പ്രശ്‌നത്തില്‍ ചൈന അയയുകയും കുറച്ചു കാലത്തിനുള്ളില്‍ സൈനിക ബന്ധങ്ങള്‍ പുനഃസ്ഥാപിക്കുകയും ചെയ്തു. ഏക ചൈന നയത്തില്‍ ഇന്ത്യ നിലപാട് മാറ്റി ആറ് വര്‍ഷം കഴിഞ്ഞിട്ടും, നയം മാറ്റവുമായി ബന്ധപ്പെട്ട പ്രത്യക്ഷ രാഷ്ട്രീയ, സാമ്പത്തിക തിരിച്ചടികളൊന്നും അവര്‍ക്ക് നേരിടേണ്ടി വന്നിട്ടില്ല എന്നതാണ് കൂടുതല്‍ പ്രധാനം.
ചൈനയെ സംബന്ധിച്ചിടത്തോളം, തായ്‌വാനെ സംബന്ധിച്ചിടത്തോളമുള്ള അമേരിക്കന്‍ നയവ്യതിയാനത്തോളം വൈകാരികമോ രാഷ്ട്രീയ വെല്ലുവിളിയുയര്‍ത്തുന്നതോ ആവില്ല ഏക ചൈന നയത്തെ തള്ളിക്കളയുന്ന ഇന്ത്യന്‍ നിലപാടെന്ന് ഉറപ്പാണ്. ഇന്ത്യ-ചൈന ബന്ധത്തെ സംബന്ധിച്ചിത്തോളം കൂടുതലും ടിബറ്റ് പ്രശ്‌നത്തിലും ഒരു ചെറിയ അളവോളം ബീജിംഗ് തങ്ങളുടേതെന്ന് അവകാശപ്പെടുന്ന ഇന്ത്യ-ചൈന അതിര്‍ത്തിയിലുള്ള 30,000 ചതുരശ്ര മൈലോളം വരുന്ന ഇന്ത്യന്‍ ഭൂവിഭാഗവുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും തമ്മില്‍ ദീര്‍ഘകാലമായി നിലനില്‍ക്കുന്ന അതിര്‍ത്തി തര്‍ക്കത്തിലും ഒതുങ്ങുന്നതാണ് ഏക ചൈന നയം.
1947ല്‍, ചൈനയുമായി തീര്‍ച്ചപ്പെടുത്താത്ത ഒരു അതിര്‍ത്തിയാണ് ബ്രിട്ടീഷുകാര്‍ ഇന്ത്യയ്ക്ക് കൈമാറിയത്. മാത്രമല്ല, നിശ്ചിത വ്യാപാര കേന്ദ്രങ്ങളില്‍ സൈനികരെ വിന്യസിക്കാനുള്ള അവകാശം ഉള്‍പ്പെടെ ടിബറ്റുമായി ചില പ്രത്യേക വ്യാപാര അധികാരങ്ങളും ഇന്ത്യയ്ക്ക് കൈമാറപ്പെട്ടിരുന്നു. 1950ല്‍ ടിബറ്റിനെ ‘സമാധാനപരമായി’ ചൈന ‘മോചിപ്പിച്ചതിന്’ ശേഷം, പീഠഭൂമിയിലുള്ള ഇന്ത്യന്‍ ഉദ്ദേശങ്ങള്‍ക്കും അവിടെയുള്ള ഇന്ത്യയുടെ ഇടപെടലിനും ഈ വിശേഷാധികാരങ്ങള്‍ കൂടുതല്‍ നിര്‍ണായകമാവുകയും ചെയ്തു. 1959ല്‍ ചൈനീസ് അടിച്ചമര്‍ത്തലില്‍ നിന്നും ദലൈലാമ രക്ഷപ്പെടുകയും ഇന്ത്യയില്‍ അഭയം തേടുകയും ധര്‍മശാല ആസ്ഥാനമാക്കി താല്‍ക്കാലിക സര്‍ക്കാര്‍ ഉണ്ടാക്കുകയും ചെയ്തതോടെ ഈ ആശങ്ക വര്‍ദ്ധിച്ചു. 1962ല്‍ തങ്ങളുടെ അതിര്‍ത്തിയിലെ തര്‍ക്കപ്രദേശത്ത് ഒരു മാസം നടത്തിയ യുദ്ധത്തിന് ശേഷവും, ‘ഇന്ത്യ-ചൈന സംഘര്‍ഷങ്ങളുടെ കേന്ദ്രം’ അതിര്‍ത്തി തര്‍ക്കമല്ലെന്നും ‘ടിബറ്റിലുള്ള താല്‍പര്യങ്ങളുടെ സംഘര്‍ഷം,’ ആണെന്നുമായിരുന്നു ചൈനീസ് നേതാക്കള്‍ വാദിച്ചത്.
ഏക ചൈന നയത്തെ വിശാലമായി അംഗീകരിക്കാന്‍ വിസമ്മതിക്കുന്നതിനപ്പുറം, ടിബറ്റിന്റെ (തായ്‌വാന്റെയല്ല) മേലുള്ള ചൈനയുടെ പരമാധികാരം അംഗീകരിക്കേണ്ട എന്ന തങ്ങളുടെ നയത്തില്‍ നിന്നും പിന്തിരിയാനുള്ള യാതൊരു സൂചനയും ന്യൂഡല്‍ഹി നല്‍കുന്നില്ല എന്നതും ശ്രദ്ധേയമാണ്. മറിച്ച്, ടിബറ്റ്, അതിര്‍ത്തി തര്‍ക്ക വിഷയങ്ങളില്‍ കൂടുതല്‍ ഔന്നത്യപരമായ നിലപാട് സ്വീകരിക്കുന്നതിന്റെ സൂചനയുള്ള ചില നടപടികളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചത്. ഉദാഹരണത്തിന്, മോദി അധികാരമേറ്റയുടനെ, ബീജിംഗ് വിശാലവും വ്യാപകവുമായ മുന്‍കൈ അനുഭവിച്ചിരുന്ന ഇന്ത്യ-ചൈന അതിര്‍ത്തിയിലെ തര്‍ക്കപ്രദേശങ്ങളില്‍ സൈനിക, സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്ന നടപടികള്‍ക്ക് ആക്കം കൂട്ടാനാണ് ശ്രമിച്ചത്.
സമീപകാലത്ത്, മുന്‍കാലത്ത് ചൈനയുടെ അപ്രീതിക്ക് കാരണമായ വിധത്തില്‍, 2017ല്‍ അരുണാചല്‍ പ്രദേശ് സന്ദര്‍ശിക്കാന്‍ ദലൈ ലാമയ്ക്ക് ന്യൂഡല്‍ഹി അനുവാദം നല്‍കി. ചൈന തങ്ങളുടേതെന്ന് അവകാശപ്പെടുന്ന അരുണാചല്‍ പ്രദേശിലെ തവാങ് ആദ്യമായി സന്ദര്‍ശിക്കാന്‍ ഇന്ത്യയിലെ യുഎസ് അംബാസിഡര്‍ റിച്ചാര്‍ഡ് വര്‍മ്മയ്ക്ക് ഒക്ടോബറില്‍ ന്യൂഡല്‍ഹി അനുമതി നല്‍കിയ നടപടിയായിരുന്നു കൂടുതല്‍ അമ്പരപ്പിക്കുന്നത്. കൂടാതെ, ബീജിംഗിന്റെ പ്രതിഷേധ സൂചകമായ നയതന്ത്രക്കുറിപ്പിനെ നിഷ്‌കരുണം തള്ളിക്കളഞ്ഞുകൊണ്ട്, ഇക്കഴിഞ്ഞാഴ്ച പ്രസിഡന്റ് പ്രണാബ് മുഖര്‍ജി രാഷ്ട്രപതി ഭവനില്‍ ദലൈലാമയ്ക്ക് ആതിഥ്യം അരുളുകയും ചെയ്തു. ഒരു അപൂര്‍വ നീക്കത്തിലൂടെ, കഴിഞ്ഞ നവംബറില്‍ ദലൈ ലാമയ്ക്ക് ആതിഥ്യമരുളിയതിനുള്ള ശിക്ഷ എന്ന നിലയില്‍ ചൈന ഏര്‍പ്പെടുത്തിയ വ്യാപാര ഉപരോധം അതിജീവിക്കാന്‍ മംഗോളിയയെ സഹായിക്കാമെന്ന് ഇന്ത്യ വാഗ്ദാനം ചെയ്യുകയും ചെയ്തു. ഈ നടപടികളിളുടെ പേരിലൊന്നും ഒരു ശിക്ഷാപരമായ പ്രതികരണം ചൈനയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല.
എന്നാല്‍ ടിബറ്റ് മാത്രമല്ല. 2010ല്‍ വിസ നിഷേധിക്കപ്പെട്ട ശേഷം, തായ്‌വാനുമായുള്ള അതിന്റെ ബന്ധത്തില്‍ ഒരു വലിയ മുന്നേറ്റത്തിനാണ് ഇന്ത്യ സാക്ഷ്യം വഹിച്ചത്. 2011ല്‍ നിരവധി തായ്‌വാന്‍ മന്ത്രിമാര്‍ക്ക് സ്വാഗതമരുളിയ ഇന്ത്യ, അവരുമായി നികുതിയിരട്ടിപ്പ് ഒഴിവാക്കല്‍, സാംസ്‌കാരിക സഹകരണം, പരസ്പര സ്ഥാന അംഗീകാരം എന്നീ കരാറുകളില്‍ ഒപ്പു വെക്കുകയും ചെയ്തു. ഇതുവഴി, യഥാക്രമം 2012ലും 2014 ലും ഒരു മുന്‍ തായ്‌വാനീസ് പ്രസിഡന്റിനും മുന്‍ വൈസ് പ്രസിഡന്റിനും ഇടത്താവളം അനുവദിക്കുകയും ഈ വര്‍ഷം നടന്ന ഒരു ഉന്നത ആഗോള സമ്മേളനത്തിലേക്ക് ഒരു മുന്‍ തായ്‌വാന്‍ ഉദ്യോഗസ്ഥനെ അഭിസംബോധന ചെയ്യുന്നതിനായി ക്ഷണിക്കുകയും ചെയ്തു. ഈ നീക്കങ്ങള്‍ക്ക് ചൈനയില്‍ നിന്നും ഇതുവരെ രൂക്ഷമായ പ്രതികരണങ്ങളൊന്നും ഉണ്ടായിട്ടില്ല.
ട്രംപ്-ത്സായി ഫോണ്‍ സംഭാഷണത്തെ കുറിച്ച് ഇന്ത്യയുടെ ഏക ചൈന സമീപനം നമ്മോട് പറയുന്നതെന്താണ്? പ്രത്യേകിച്ചും വെല്ലുവിളികള്‍ നേരിട്ടല്ലാത്തതും അസ്പഷ്ടവുമാകുന്ന ഒരു സാഹചര്യത്തില്‍, ഏക ചൈന നയത്തിന്റെ പരിശുദ്ധിയെ വെല്ലുവിളിക്കുന്നത് ബീജിംഗ് ബന്ധത്തിലുള്ള ഒരു ‘മരണമണി’ ആകണമെന്നില്ല. ചൈനയുടെ ഇതുവരെയുള്ള തണുത്ത പ്രതികരണം ഈ വിലയിരുത്തലിനെ സാധൂകരിക്കുന്നു.
ബീജിംഗിലെ മാണ്ഡരിനുകളെ സംബന്ധിച്ചിടത്തോളം മോദിയൊരു അപരിചിത ഉല്‍പ്പന്നമാണ്: ആത്മവിശ്വാസമുള്ള, നിശ്ചയദാര്‍ഡ്യമുള്ള, രാഷ്ടീയ മൂലധനം മിച്ചമൂല്യമുള്ള ഒരു ദേശീയവാദി ഇന്ത്യന്‍ നേതാവ്. ചൈനയെ സംബന്ധിച്ചിടത്തോളം ഇപ്പോഴും അനിശ്ചിതത്വവും പ്രവചനാതീതവുമായ ഒരു മുടുപടം മറയ്ക്കുന്ന ട്രംപിനെ സംബന്ധിച്ചടത്തോളവും ഈ നിര്‍വചനങ്ങള്‍ സത്യമാണ്. ഒരു പ്രാദേശിക ചതുരംഗ പലകയില്‍ ട്രംപിന്റെ പ്രതികരണങ്ങള്‍ എന്താവുമെന്ന് പ്രവചിക്കാനുള്ള ആത്മവിശ്വാസം ചൈനയുടെ നേതൃത്വം ഇനിയും കൈവരിച്ചിട്ടില്ല. കണക്കുകൂട്ടിയുള്ളതും സ്വാഭാവികമായും വളരെ സൂക്ഷമതയുള്ളതുമായ ബാരക് ഒബാമയുടെ നീക്കങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ പ്രത്യേകിച്ചും. അതിന്റെ അയല്‍ക്കാരുടെയും അതുപോലെ തന്നെ വാഷിംഗ്ടണിന്റെയും ‘അതിര്‍വരമ്പുകള്‍’ വര്‍ഷങ്ങളായി നിരീക്ഷിച്ചിട്ടുള്ള ബീജിംഗിനെ സംബന്ധിച്ചിടത്തോളം, ചെറുത്തുനില്‍പിന്റെ ഭാഗത്ത് നില്‍ക്കുന്നത് അത്ര സുഖപ്രദമായിരിക്കില്ല.
ഒബാമ ഭരണകാലത്ത് തന്ത്രപരമായ അനിശ്ചിതത്വത്തിലൂടെ നേടിയെടുത്ത ചൈനയുടെ മുന്‍കൈ ലഘൂകരിക്കുന്നതിനായി രൂപകല്‍പന ചെയ്ത കണക്കുകൂട്ടിയുള്ളതും സൂക്ഷമഭേദവുമായ ഒരു തന്ത്രമാണ് ട്രംപ്-ത്സായി ഫോണ്‍ സംഭാഷണമെങ്കില്‍, അത് സമീപഭാവിയില്‍ യുഎസും ചൈനയും തായ്വാനും തമ്മിലുള്ള ഒരു സന്തുലിത ത്രിരാഷ്ട്ര ബന്ധത്തിന് കാരണമാകും. മറിച്ച്, തായ്‌വാനെ ഒരു സമ്മര്‍ദ്ധോപാധിയായി ഉപയോഗിച്ചുകൊണ്ട് ചൈനയ്‌ക്കെതിരായ വകതിരിവില്ലാത്ത പ്രതികാരമുദ്രയുടെ സൂചകമാണ് അവര്‍ തമ്മിലുള്ള സംഭാഷണമെങ്കില്‍, കൂടുതല്‍ കലുഷിതവും അപകടകരവും അപ്രവചീനയവുമായ ചൈനീസ് പ്രതികരണങ്ങളുടെ ഒരു വ്യാപകശൃംഖലയ്ക്കായി ട്രംപ് ടീം തയ്യാറായി ഇരിക്കണം.
ചൈനയുടെ ഇപ്പോഴത്തെ തായ്‌വാന്‍ കാര്യമന്ത്രി ഷാങ് ഷിജൂണുമായി ബീജിംഗിലും വാഷിംഗ്ടണിലുമായി നടത്തിയ നിരവധി കണ്ടുമുട്ടുലുകളില്‍ നിന്നും, ചൈനയുടെ ഏറ്റവും മുതിര്‍ന്ന ചില നയതന്ത്ര പ്രതിനിധകളുമായി തായ്‌വാന്‍ വിഷയത്തില്‍ നിന്നും ഒരു കാര്യം എനിക്ക് വ്യക്തമാണ്. തായ്‌വാനെ കുറിച്ചും അതിന്റെ അവസ്ഥയെ കുറിച്ചും ബീജിംഗ് പുലര്‍ത്തുന്ന തീവ്രതയും ഗൗരവവും കുറച്ചുകാണാനാവില്ല. ഇന്ത്യയുടെ ശക്തി ഒരു ഭീഷണിയായി ചൈന കാണുന്നില്ലാത്തതിനാലും, ടിബറ്റിലെ ഏതെങ്കിലും വിഷങ്ങളെക്കാള്‍ തായ്‌വാന്റെ പുനരേകീകരണത്തിലാണ് നേതാക്കള്‍ തങ്ങളുടെ വിശ്വാസ്യത ബന്ധപ്പെടുത്തുന്നത് എന്നതിനാലും ഏക ചൈന നയത്തില്‍ ഇന്ത്യയുടെ നിലപാടിനെക്കാള്‍ കൂടുതല്‍ വൈകാരികമായിരിക്കും യുഎസ് വരുത്തുന്ന മാറ്റങ്ങള്‍.
ചൈനീസ് സമ്മര്‍ദത്തിന് മുന്നില്‍ വാഷിംഗ്ടണ്‍ അതിന്റെ മൂല്യങ്ങളില്‍ ഒത്തുതീര്‍പ്പ് വരുത്തണമെന്നല്ല ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്: തായ്‌വാന്‍ പ്രസിഡന്റായാലും ദലൈ ലാമയായലും, ആരോട്, എപ്പോള്‍ താന്‍ സംസാരിക്കണം എന്ന് തീരുമാനിക്കാനുള്ള പൂര്‍ണ അവകാശം യുഎസ് പ്രഡിഡന്റിനുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു.
ട്രംപും സംഘവും ഈ അവകാശം ഇതുവരെ അരക്കിട്ടുറപ്പിക്കുയും ചൈനയെ പിണക്കാതെ തന്നെ തായ്‌വാന്റെ നേരെ സൂചി തിരിച്ചുവെക്കുകയും ചെയ്തിട്ടുണ്ട്. പക്ഷെ ഇതൊരു തന്ത്രപരമായ അട്ടിമറിയായി ഓര്‍മ്മിക്കപ്പെടുന്നതിന്, ഒരേസമയം അമേരിക്കയുടെ തായ്‌വാന്റെയും താല്‍പര്യങ്ങള്‍ മുന്‍തൂക്കം ലഭിക്കുകയും അതേസമയം പശ്ചിമ പസഫിക്കില്‍ ചൈനയുമായുള്ള ഒരു അനാവശ്യ യുദ്ധം തടയുന്ന തരത്തില്‍ സുസ്ഥിരമായിരിക്കുകയും ചെയ്യുന്ന സന്തുലിതമായ ത്രിരാഷ്ട്ര ബന്ധം സൃഷ്ടിക്കാന്‍ സാധിക്കുന്ന ഒരു സൂക്ഷ്മ രേഖയിലൂടെ അവര്‍ക്ക് സഞ്ചരിക്കേണ്ടി വരും.