UPDATES

വിദേശം

മുസ്ലീങ്ങള്‍ക്ക് പ്രത്യയശാസ്ത്ര പരിശോധനയുമായി ട്രംപ്

Avatar

കരേന്‍ ഡേ യങ്
(വാഷിംഗ്ടണ്‍ പോസ്റ്റ്)

ശീതയുദ്ധകാലത്തെതിന് സമാനമായി ‘തീവ്ര ഇസ്ളാമിക ഭീകരതക്കെതിരെ’ ആളുകളെ സംഘടിപ്പിക്കണമെന്ന് ഡൊണാള്‍ഡ് ട്രംപ് ആവശ്യപ്പെട്ടിരിക്കുന്നു. മുസ്ലീം കുടിയേറ്റക്കാര്‍ക്കും സന്ദര്‍കര്‍ക്കും ഒരു പ്രത്യയശാസ്ത്ര പരിശോധനയടക്കമുള്ള കടുത്ത കുടിയേറ്റ നിയന്ത്രണങ്ങളുടെ ആവശ്യം വീണ്ടും മുന്നോട്ട് വെച്ചിരിക്കുന്നു. ഇപ്പോള്‍ ലോകത്തു നടക്കുന്ന ഭീകരാക്രമണങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്തവും അയാള്‍ പ്രസിഡണ്ട് ഒബാമയുടെയും ഹിലാരി ക്ലിന്‍റന്റെയും മേല്‍ വെച്ചുകെട്ടുകയും ചെയ്യുന്നുണ്ട്.

റഷ്യയടക്കം ഇസ്ലാമിക് സ്റ്റേറ്റിനെതിരെ പോരാടാന്‍ തയ്യാറുള്ള ആരുമായും ഒന്നിക്കുമെന്നുള്ള വാഗ്ദാനത്തോടെ തീവ്രവാദ പ്രചാരണവും ആളെയെടുക്കലും, സാമ്പത്തിക സഹായവും അവസാനിപ്പിക്കണമെന്നും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ആവശ്യപ്പെടുന്നു.

പക്ഷേ ഇപ്പോള്‍ നടക്കുന്നതിനെക്കാള്‍ മെച്ചമായി അതെങ്ങനെ നടത്തുമെന്നതിനെക്കുറിച്ച് ട്രംപ് ഒന്നും കൃത്യമായി പറയുന്നില്ല.

“ഐ എസ് ഐ എസിനെ തകര്‍ക്കാന്‍ സംയുക്ത, സഖ്യ സൈനിക ദൌത്യങ്ങള്‍ എന്റെ ഭരണത്തില്‍ നടത്തും,” ഓഹിയോവിലെ ഒരു പ്രസംഗത്തില്‍ ട്രംപ് പറഞ്ഞു. “അവരുടെ ധനശേഖരണം തടയാനും പ്രചാരണവും ആളുകളെ കൂട്ടത്തില്‍ ചേര്‍ക്കലും അവസാനിപ്പിക്കാനും അന്താരാഷ്ട്ര സഹകരണവും വിപുലമായ രഹസ്യവിവരങ്ങള്‍ പങ്കുവെക്കലും ആവശ്യമാണ്….ഇസ്ലാമിക് സ്റ്റേറ്റിനെ അവസാനിപ്പിച്ചേ തീരൂ.”

പിന്നീട് തമാശയും പരിഹാസവുമെന്ന് സ്വയം പറഞ്ഞു തള്ളിക്കളഞ്ഞ വിവാദമായ പൊടുന്നനെയുള്ള നയപ്രഖ്യാപനങ്ങള്‍ക്ക് ഏറെ വിമര്‍ശനം കേട്ട ട്രംപിന്റെ തയ്യാറാക്കിയ ചില പരാമര്‍ശങ്ങളില്‍പ്പെടുമിത്. ടെലിപ്രോംപ്റ്ററില്‍ നോക്കി വായിക്കുന്ന ട്രംപ് അത് മാറ്റി മറ്റൊന്നും സാധാരണ പറയാറില്ല.

ട്രംപ് ഇപ്പോള്‍ ആവശ്യപ്പെടുന്നത്,“നമ്മുടെ രാജ്യത്തോടോ അതിന്റെ തത്വങ്ങളോടൊ ശത്രുതാപരമായ സമീപനം പുലര്‍ത്തുന്ന, അല്ലെങ്കില്‍ അമേരിക്കന്‍ നിയമത്തിനുപകരം ശരിയാ നിയമം പകരം വെക്കണമെന്ന് കരുതുന്നവര്‍ക്ക്” കടുത്ത പരിശോധന്ന വേണം എന്നാണ്. “നമ്മുടെ ഭരണഘടനയില്‍ വിശ്വസിക്കാത്തവരെ, വിദ്വേഷത്തെ പിന്തുണയ്ക്കുന്നവരെ, നമ്മുടെ രാജ്യത്തേക്ക് കുടിയേറാന്‍ അനുവദിക്കുകയില്ല.”

“ശീതയുദ്ധകാലത്ത്,” ട്രംപ് പറയുന്നു,“നമുക്കൊരു പ്രത്യയശാസ്ത്ര പരിശോധന ഉണ്ടായിരുന്നു. നാമിന്ന് നേരിടുന്ന ഭീഷണികള്‍ക്ക് അത്തരമൊരു പരിശോധന വേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. കടുത്ത, രൂക്ഷമായ പരിശോധനയെന്നാണ് ഞാന്‍ പറയുക.”

നിലവിലെ യു.എസ് നിയമത്തില്‍ ‘യു.എസ് ഭരണഘടനയുടെ’ പാലിക്കല്‍ ആവശ്യപ്പെടുന്നുണ്ട്. പലതരം പ്രത്യയശാസ്ത്ര നിലപാടുകളെയും നിരാകരിക്കുന്ന ആ നിയമം കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ സാധ്യതയുള്ളവരെന്നു കുടിയേറ്റ അധികൃതര്‍ക്ക് തോന്നുവരെയും തള്ളിക്കളയാം.

മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരെയും സന്ദര്‍ശകരെയും തടയുമെന്ന നിലപാട് വാചകഘടനയില്‍ അല്പം മയപ്പെടുത്തിയ ട്രംപ്,“ഭീകരവാദം കയറ്റി അയക്കുന്ന ചരിത്രമുള്ള ലോകത്തെ ഏറ്റവും അപകടകരവും സംഘര്‍ഷം നിറഞ്ഞതുമായ പ്രദേശങ്ങളില്‍ നിന്നുള്ളവരുടെ കുടിയേറ്റം താത്ക്കാലികമായി തടയും,” എന്നാക്കി.

കഴിഞ്ഞ 7 വര്‍ഷമായി അടച്ചുപൂട്ടാന്‍ ഒബാമ വിഫലശ്രമം നടത്തുന്ന ക്യൂബയിലെ ഗ്വാണ്ടനാമോ ബേ തടവറ തുറന്നിരിക്കുമെന്നും ട്രംപ് പറയുന്നു. “ഡ്രോണ്‍ ആക്രമണങ്ങള്‍ നമ്മുടെ തന്ത്രത്തിന്റെ ഭാഗമായിരിക്കും. പക്ഷേ വലിയ നേതാക്കളെ പിടിച്ച് വിവരങ്ങള്‍ ശേഖരിച്ച് അവരുടെ സംഘടനയെ തകര്‍ക്കാനും നാം ശ്രമിക്കും. വിദേശ പോരാളികളെ സൈനിക കമ്മീഷനുകളില്‍ വിചാരണ ചെയ്യും.”

ഒബാമ കമ്മീഷനുകളെ ആദ്യഘട്ടത്തില്‍ ഉപേക്ഷിച്ചെങ്കിലും പിന്നീടവയെ ചുമതലപ്പെടുത്തി. പക്ഷേ അവയെ വിരളമായേ ഉപയോഗിച്ചുള്ളൂ. കഴിഞ്ഞയാഴ്ച്ച മിയാമി ഹെറാല്‍ഡിന് നല്കിയ ഒരഭിമുഖത്തില്‍ ട്രംപ് പറഞ്ഞത്, യു.എസ് പൌരന്മാരെ വിചാരണ ചെയ്യാനും ഇതുപയോഗിക്കുമെന്നാണ്. നിലവിലെ നിയമത്തില്‍ ഇത് അനുവദിക്കുന്നില്ല. അതിനുള്ള സാധ്യതയെപ്പറ്റി പ്രസംഗത്തില്‍ അയാള്‍ പറഞ്ഞില്ല.

“നമ്മോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് കരുതുന്ന മുസ്ലീം സമുദായത്തിലെ പരിവര്‍ത്തനവാദികളെ വെച്ചുകൊണ്ടു തീവ്രവാദ ഇസ്ലാമിനെക്കുറിച്ച് ഒരു കമ്മീഷനെ വെക്കും. ഭിന്നതകള്‍ മായ്ക്കാനും പാലങ്ങള്‍ പണിയാനുമാണ് നാം ആഗ്രഹിക്കുന്നത്.” തീവ്രവാദ ഇസ്ലാമിന്റെ കേന്ദ്രവിശ്വാസങ്ങള്‍ തിരിച്ചറിയാനും അമേരിക്കന്‍ ജനതയോട് വിശദീകരിക്കലും പുതിയ നിയമം നടപ്പാക്കല്‍ രീതികള്‍ വികസിപ്പിക്കലുമാണ് കമ്മീഷന്റെ ലക്ഷ്യം എന്നു ട്രംപ് പറയുന്നു.

ഇസ്രയേല്‍, ഈജിപ്ത്, ജോര്‍ദാന്‍ എന്നിവയടക്കമുള്ള രാജ്യങ്ങളുമായി ചേര്‍ന്ന് തീവ്രവാദ ഇസ്ലാമിന്റെ വ്യാപനം തടയാന്‍ ആഗോള സമ്മേളനം വിളിച്ചുചേര്‍ക്കുമെന്നും ട്രംപ് പറയുന്നു.

“ഐ എസ് ഐ എസിനെതിരെയുള്ള പോരാട്ടത്തില്‍ റഷ്യയുമായി പൊതുഘടകങ്ങള്‍ ഉണ്ടാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. അതൊരു നല്ല കാര്യമല്ലേ,” അയാള്‍ ചോദിച്ചു.

ഒബാമ ഭരണകൂടവും റഷ്യയോട് അത്തരമൊരു കാര്യം ആവശ്യപ്പെട്ടിരുന്നു. പക്ഷേ സിറിയന്‍ പ്രസിഡണ്ട് ബഷര്‍ അല്‍ അസദിനെ സാധാരണക്കാര്‍ക്കും അസദും മോസ്കോയും ഒപ്പുവെച്ച സമാധാനക്കരാറിലേ കക്ഷികളായ  പ്രതിപക്ഷത്തിനും നേരെ ബോംബിടുന്നതില്‍ നിന്നും തടയാന്‍ അത് റഷ്യയോട് ആവശ്യപ്പെട്ടു.

നാറ്റോ (NATO) കാലഹരണപ്പെട്ടെന്നും യു.എസ് സംരക്ഷണത്തിന് തങ്ങളുടെ പങ്ക് നല്‍കാത്ത അംഗങ്ങളെക്കൊണ്ട് നിറഞ്ഞിരിക്കുന്നു എന്നുമുള്ള തരം പ്രസ്താവനകള്‍ ട്രംപ് അല്പം മയപ്പെടുത്തിയിട്ടുണ്ട്. ഭീകരവാദത്തിനെതിരെ NATO-യുമായി ഒത്തുചേര്‍ന്ന് യു.എസ് പ്രവര്‍ത്തിക്കുമെന്ന് പറഞ്ഞ ട്രംപ് ‘തന്റെ പരാമര്‍ശങ്ങള്‍ക്ക് ശേഷം’ ഈ ഭീഷണി തടയാന്‍ പുതിയൊരു വിഭാഗം ഉണ്ടാക്കിയതിന് സഖ്യത്തെ അഭിനന്ദിക്കുകയും ചെയ്തു.

2012-ലെ വെയില്‍സ് ഉച്ചകോടിയിലാണ് NATO അതിന്റെ ആദ്യ ഭീകരവാദ വിരുദ്ധ പ്രവര്‍ത്തനം തുടങ്ങിയത്.

ട്രംപിന്റെ പ്രസംഗമധികവും മുന്‍ പ്രചാരണ പ്രകടനങ്ങളില്‍ നിന്നും എടുത്തതായിരുന്നു. യു.എസിനെ ‘രാജ്യങ്ങളുടെ നിര്‍മ്മാണ പരിപാടിയില്‍ നിന്നും പിന്‍വലിക്കും’ എന്നതടക്കം.

പക്ഷേ കൃത്യമായ പദ്ധതിയുടെ അഭാവത്തില്‍ വാചകമടിയും ഭീഷണിയും പലതും വിട്ടുകളഞ്ഞു. നവംബറില്‍ പറഞ്ഞപോലെ,“ഓരോ ഇഞ്ചും ഞാന്‍ തകര്‍ക്കും, ഒന്നും അവശേഷിക്കില്ല.”

ഏപ്രിലില്‍ പറഞ്ഞത് തീവ്രവാദികളെ തകര്‍ക്കാന്‍ തന്റെ കയ്യില്‍ പദ്ധതിയുണ്ടെന്നും എന്നാലത് രഹസ്യമായതിനാല്‍ ഇപ്പോള്‍ വെളിപ്പെടുത്തില്ലെന്നുമാണ്.

കഴിഞ്ഞ മാസം ഒരു പരിപാടിയില്‍ ഇസ്ലാമിക് സ്റ്റേറ്റുമായി യുദ്ധം പ്രഖ്യാപിക്കുമെന്നും എന്നാല്‍ കരയില്‍ വളരെക്കുറച്ചേ സൈനികര്‍ ഉണ്ടാവുകയുള്ളൂ എന്നും പ്രഖ്യാപിച്ചു.

ഇറാഖില്‍ നിന്നും സൈന്യത്തെ പിന്‍വലിച്ചു ശൂന്യത സൃഷ്ടിച്ചതിന്, അസദിനെ താഴെയിറക്കാനുള്ള ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കിയതിന്, ലിബിയയുടെ മുവമ്മര്‍ ഗദ്ദാഫിയെ പുറത്താക്കാന്‍ സഹായിച്ചതിന്, അങ്ങനെ ഇസ്ലാമിക് സ്റ്റേറ്റിനെ വളരാന്‍ സഹായിച്ചതിന് ഇതിനെല്ലാം മുമ്പത്തെപ്പോലെ ട്രംപ് ഒബാമയെയും ഹിലാരി ക്ലിന്റനെയും കുറ്റപ്പെടുത്തി. കഴിഞ്ഞയാഴ്ച്ച അവരെ ഐ എസ് ഐ എസിന്റെ സ്ഥാപകര്‍ എന്നാണ് വിളിച്ചതെങ്കില്‍ ഇത്തവണ അതാവര്‍ത്തിച്ചില്ല.

ഒബാമയും ഹിലാരി ക്ലിന്റനും ‘തീവ്രവാദ ഇസ്ളാമിക ഭീകരവാദം’ എന്ന പദം ഉപയോഗിക്കുന്നില്ല എന്നു പറഞ്ഞ് ക്ലിന്റണ്‍ ഭീകരവാദത്തോട് മൃദുസമീപനം പുലര്‍ത്തുന്നു എന്ന് ട്രംപിന്റെ പക്ഷം ആരോപിക്കുന്നുണ്ട്. അത്തരമൊരു പദപ്രയോഗം മുസ്ലീം വിശ്വാസത്തെ ഭീകരവത്കരിക്കുന്നു എന്നു ഒബാമയെപ്പോലെ ഹിലാരിയും മറുപടി നല്കി. അത് മുസ്ലീം അനുഭാവികളെയും വിവരങ്ങള്‍ നല്കാന്‍ സാധ്യതയുള്ളവരെയും കൂടി ശത്രുക്കളാക്കുമെന്നും അവര്‍ ചൂണ്ടിക്കാട്ടി.

അതിവുപോലെ ട്രംപ് പല കള്ളങ്ങളും തെറ്റിദ്ധാരണ പരത്തുന്ന പ്രസ്താവനകളും പുറപ്പെടുവിച്ചു. ക്ലിന്‍റന്‍ അനുകൂലിച്ച 2003-ലെ ഇറാഖ് അധിനിവേശത്തെ എതിര്‍ത്തെന്ന തെറ്റാണെന്നു തെളിഞ്ഞ അവകാശവാദവും ഇതില്‍പ്പെടും. ട്രംപ് പറഞ്ഞ പല ഭീകരാക്രമണങ്ങളും ഇറാഖില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കാനുള്ള തീരുമാനവും ബുഷിന്റെ കാലത്താണ് എടുത്തത്.

2011-ലെ ലിബിയയിലെ യു.എസ് സൈനിക ദൌത്യത്തെക്കുറിച്ച് പറയവെ ‘തന്റെ ഏറ്റവും വലിയ അബദ്ധമായാണ്’ ഒബാമ അതിനെ കരുതുന്നതെന്ന് ട്രംപ് ആക്ഷേപിക്കുന്നു. എണ്ണയുടെ മുകളില്‍ നിയന്ത്രണമുണ്ടായിരുന്നെങ്കില്‍ ഐഎസ്ഐഎസ് ഇറാഖില്‍ വളരുന്നത് തടയാനാകുമായിരുന്നു എന്ന് ട്രംപ് പറയുന്നു.

“ചെവി തരുന്ന ആരോടും ഞാനിതു തുടര്‍ച്ചയായി പറയുന്നുണ്ട്. ഞാന്‍ പറഞ്ഞു, എണ്ണ നിയന്ത്രിക്കൂ, എണ്ണ നിയന്ത്രിക്കൂ, എണ്ണ നിയന്ത്രിക്കൂ. മറ്റാര്‍ക്കും അതിന്റെ നിയന്ത്രണം നല്കാതിരിക്കൂ.”

പക്ഷേ തീവ്രവാദികള്‍ വില്‍ക്കുന്ന എണ്ണ മുഴുവന്‍ അവര്‍ സിറിയയില്‍ നിയന്ത്രിക്കുന്ന പ്രദേശത്തുനിന്നാണ്. സര്‍ക്കാര്‍ വരുമാനത്തിന്റെ 99% എണ്ണയില്‍ നിന്നും കിട്ടുന്ന ഇറാഖിലെ എണ്ണ സമ്പന്നമായ പ്രദേശങ്ങളില്‍ ഇസ്ലാമിക് സ്റ്റേറ്റിന് ഒരിക്കലും നിയന്ത്രണം ഉണ്ടായിട്ടില്ല എന്ന് ഐക്യരാഷ്ട്ര സഭ പറയുന്നു. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍