UPDATES

പങ്കജ് മിശ്ര

കാഴ്ചപ്പാട്

പങ്കജ് മിശ്ര

ന്യൂസ് അപ്ഡേറ്റ്സ്

ഈ വാചകക്കസര്‍ത്തുകാരുടെ മുന്‍പില്‍ പ്രതിഷേധങ്ങള്‍ എളുപ്പം തളരുന്നതെന്തുകൊണ്ട്?

വംശീയതയുടെയും സ്ത്രീവിദ്വേഷത്തിന്റെയും തോളിലേറിയ പ്രചാരണം നടത്തിയ ഡൊണാള്‍ഡ് ട്രംപ് യുനൈറ്റഡ് സ്റ്റേറ്റ്സിന്റെ പ്രസിഡണ്ടായത് ഒരു ദുരന്തമാണ്. എന്നാല്‍ ന്യൂനപക്ഷ വിദ്വേഷം ഒരു പ്രത്യയശാസ്ത്ര ആയുധമാക്കി മാറ്റിയ തീവ്രവലതുപക്ഷ സംഘടനയുടെ നേതാവായ നരേന്ദ്ര മോദി പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട 2014-ലെ ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കണ്ടവര്‍ക്ക് ഇത് സമാന അനുഭവമാണ് എന്നു തോന്നാവുന്നതാണ്. മോദിയുടെ കീഴില്‍ ഇന്ത്യ കടന്നുപോകുന്ന മാറ്റങ്ങള്‍ കാണുന്നവര്‍ക്ക്  ട്രംപ് പരമാധികാരം കയ്യാളുന്നത് വലിയ അപകട സൂചനകളാണ് നല്‍കുന്നത്.

യു.എസില്‍ അപകടത്തിലായിരിക്കുന്നത് സ്വതന്ത്ര വ്യാപാരമോ, ഉദാരവാദമോ സാധാരണക്കാരുമായി ബന്ധമില്ലാത്ത വിവിധ വിഭാഗം വിദഗ്ദ്ധന്മാരോ മാത്രമല്ല. അപകടത്തിലായിരിക്കുന്നത് ജനാധിപത്യം തന്നെയാണ്-വംശം, വര്‍ഗം, മതം, ലിംഗം എന്നിവയ്ക്കതീതമായി ഓരോ പൌരനും തുല്യ അവകാശങ്ങളും ആത്മാഭിമാനവും ഉറപ്പുവരുത്തിക്കൊണ്ട് പരസ്പരം പങ്കുവെക്കുന്ന നിയമസംഹിതയുള്ള ഒരു രാഷ്ട്രീയ സമൂഹം സൃഷ്ടിക്കുന്നതിന് ജനങ്ങള്‍ ഒത്തുചേര്‍ന്ന ആധുനിക ലോകത്തിന്റെ കേന്ദ്ര പദ്ധതി.

ആശങ്കയും നിരാശയും പെട്ടന്നുതന്നെ ട്രംപിന്റെ വിജയത്തിന്റെ ആഴത്തിലുള്ള കാരണങ്ങള്‍ എന്തെന്ന് തിരയുന്നതിലേക്ക് എത്തിക്കുന്നു. നമ്മള്‍ ചോദിക്കണം: എവിടെയാണ് നാം നില്‍ക്കുന്നത്, ഇവിടെനിന്ന് എവിടെക്കാണ് നാം പോകുന്നത്?

ഇവിടെ ഇന്ത്യയുടെ അനുഭവം വളരെ ഗതിസൂചകമാണ്, ഉത്തേജിപ്പിക്കുന്നതല്ലെങ്കിലും. ഏതാണ്ട് ഒരു പതിറ്റാണ്ടോളം മോദി ഇന്ത്യയുടെ രാഷ്ട്രീയ, ബൌദ്ധിക ജീവിതത്തിന്റെ പുറമരികുകളിലായിരുന്നു. 2002-ലെ ഗുജാറാത്ത് കലാപക്കാലത്ത് മുഖ്യമന്ത്രിയായിരിക്കെ കൂട്ടക്കൊലകള്‍ക്കും കൂറ്റബലാത്സംഗങ്ങള്‍ക്കും മൌനാനുവാദം നല്‍കിയെന്ന ആരോപണവും യു.എസും യൂറോപ്യന്‍ യൂണിയനും വിസ നിഷേധിക്കുന്ന സാഹചര്യവും ഉണ്ടായി. ഓക്സ്ഫോര്‍ഡ് വിദ്യാഭ്യാസം സിദ്ധിച്ച മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെപ്പോലുള്ള വിദഗ്ധരെ  മതേതര വീക്ഷണത്തിനും സാമ്പത്തിക മികവിനും മാധ്യമപ്രവര്‍ത്തകരും നിരീക്ഷകരും പ്രശംസിച്ചു.

തൊഴിലവസരങ്ങള്‍ വളരെക്കുറച്ചുമാത്രം സൃഷ്ടിച്ച സാമ്പത്തിക വളര്‍ച്ച തളരാന്‍ തുടങ്ങിയതോടെയാണ് മോദിയുടെ സമയം വന്നത്. ഉദാര സാങ്കേതിക വിദഗ്ദ്ധരും കഴിവുകെട്ട ഉപരിവര്‍ഗവും അവരുടെ താത്പര്യങ്ങള്‍ കാത്തുസൂക്ഷിച്ച കോണ്‍ഗ്രസ് കക്ഷിയും അഴിമതി വിവാദങ്ങളില്‍ ആണ്ടുമുങ്ങി. അവരുടെ വിശ്വാസ്യത പാതാളത്തോളം ഇടിഞ്ഞു.

മോദിയുടെ ഉയര്‍ച്ചക്കുള്ള അരങ്ങൊരുങ്ങി. ട്രംപിന്റെ വാദങ്ങളെ മുന്‍കൂട്ടിക്കണ്ട പോലെ, രാജ്യം വിദേശികളും (ഇറ്റലിയില്‍ ജനിച്ച കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി) വഞ്ചകരായാ ഉദാരവാദികളുമാണ് കൊണ്ടുനടക്കുന്നതെന്നും മുസ്ലീങ്ങളും കുടിയേറ്റക്കാരും ആധിപത്യം പുലര്‍ത്തുകയാണെന്നും മോദി ആരോപിച്ചു. ട്രംപിനോടുള്ള സദൃശതകളെ തെളിയിക്കുംവണ്ണം രാജ്യത്തെ വീണ്ടും മഹത്തരമാക്കുമെന്ന പ്രസ്താവനയുടെ അകമ്പടിയായി ഒരു പുരുഷ ശരീരഭാഗത്തിന്റെ വലിപ്പത്തില്‍ -അയാളുടെ നെഞ്ച്- അയാള്‍ ഊറ്റം കൊണ്ടു.

ഇരട്ട അക്കത്തില്‍ കുതിച്ച വളര്‍ച്ചയില്‍ നിന്നും ചതിക്കപ്പെട്ടു എന്നും വളര്‍ച്ച തുല്യമായല്ല പങ്കുവെക്കപ്പെട്ടതെന്നും കരുതിയ ഇന്ത്യക്കാരിലായിരുന്നു മോദിയുടെ തെരഞ്ഞെടുപ്പ് വിജയത്തിന്റെ അടിസ്ഥാനം. മികവിന് പകരം കുടുംബവാഴ്ച്ച നടത്തുന്ന, ഔദ്ധത്യവും ചതിയും കൈമുതലാക്കിയ ഒരു ഉപരിവര്‍ഗമാണ് ഇന്ത്യയിലെ സമ്പത്തെല്ലാം അനുഭവിക്കുന്നതെന്ന് അവരോടു മോദി പറഞ്ഞു.

വളരെ മുമ്പേ ടോക്വിവെല്ലേ പറഞ്ഞപോലെ, ഒരു ജനാധിപത്യ യുഗത്തിലെ ജനങ്ങള്‍ക്ക് സമത്വത്തോട് , “തീക്ഷ്ണമായ, അടക്കാനാവാത്ത, അനന്തമായ, തകര്‍ക്കാനാവാത്ത അഭിനിവേശമാണുള്ളത്.” അവര്‍ “ദാരിദ്ര്യവും, കഷ്ടപ്പാടും, ക്രൂരതയും, സഹിക്കും, പക്ഷേ ആഭിജാത്യത്തെ സാഹിക്കില്ല.” അതുകൊണ്ടുതന്നെ മോദിക്കെതിരായ ഉദാരവാദികളുടെ പൊതു ആരോപണം, അയാള്‍ കടുത്ത സമഗ്രാധിപതിയാണ് എന്നത്- സാധാരണക്കാരുടെ കണ്ണില്‍ അയാള്‍ക്കൊരു നേട്ടമായി.

രണ്ടുകൊല്ലത്തെ മോദി ഭരണം തെളിയിച്ചത് അയാളൊരു പ്രത്യേകതരം പൊള്ളയായ വാചകകസര്‍ത്തുകാരനാണ് എന്നാണ്: ആത്മാഭിമാനമുള്ള 19-ആം നൂറ്റാണ്ടുമുതല്‍ക്ക് പൌരത്വവും സാമ്പത്തിക വളര്‍ച്ചയുടെ ഗുണഫലങ്ങള്‍ തുല്യമായി വിതരണം ചെയ്യാന്‍ കഴിയാതിരിക്കുകയും ചെയ്യുന്ന ഉദാര ജനാധിപത്യത്തിന്റെ നിരാശാജനകമായ അനുഭവങ്ങളില്‍ നിന്നും കാലാകാലങ്ങളില്‍ ഉയര്‍ന്നുവരുന്ന ഒന്ന്.

ഇത്തരം ചുരുക്കം പേരുടെ വാഴ്ച്ചകള്‍ക്കെതിരായ കുപിതമായ നിരാശയുടെ ഗുണഫലം അനുഭവിക്കാനുള്ള അവസരം ഇപ്പോള്‍ ട്രംപിനാണ്. ലോകത്തെ മറ്റ് വാചക്കസര്‍ത്തുകാര്‍ക്കൊപ്പമുള്ള അയാളുടെ വരവിന്റെ സമയം, ഏതാണ്ട് മറ്റെല്ലാ രാജ്യങ്ങളും കഴിഞ്ഞ നൂറ്റാണ്ടില്‍ കടന്നുപോയ ആധുനിക ലോകത്തെ രാഷ്ട്രീയ പ്രതിസന്ധികളുടെ കാലഘട്ടങ്ങളില്‍ നിന്നും മാറിനിന്ന യു.എസിന്റെ ആ നീണ്ട ഒഴിവുകാലം കഴിഞ്ഞെന്നാണ് ട്രംപിന്റെ വരവ് ഉറപ്പിക്കുന്നത്. അടുത്തെന്ത് സംഭവിക്കും എന്നത്, ട്രംപിനോട് എങ്ങനെയാണ് യു.എസിലെ ജനാധിപത്യ സ്ഥാപനങ്ങള്‍ പ്രതികരിക്കുക എന്നതിനെ ആശ്രയിച്ചിരിക്കും. അക്കാര്യത്തില്‍ ഇന്ത്യയുടെ ഉദാഹരണം തീര്‍ത്തും നിരാശാജനകമാണ്.

ഹിന്ദു ദേശീയവാദികള്‍ ഭരണകൂടത്തെയും സമൂഹത്തെയും ഒട്ടും തടസങ്ങള്‍ കൂടാതെ കീഴ്പ്പെടുത്തുകയും രാഷ്ട്രീയ സാംസ്കാരിക സ്ഥാപനങ്ങളില്‍ തങ്ങളുടെ പാര്‍ശ്വവര്‍ത്തികളെ നിറയ്ക്കുകയും ചെയ്യുന്നു. മോദിയുടെ വീരനായകനായ, ഹിന്ദു മേല്‍ക്കോയ്മയുടെ പ്രത്യയശാസ്ത്ര ആചാര്യന്‍ വി ഡി സവര്‍ക്കര്‍ ഒരിക്കല്‍ ആക്രോശിച്ചത്, “എല്ലാ രാഷ്ട്രീയത്തെയും ഹിന്ദുവത്കരിക്കുകയും ഹിന്ദു സാമ്രാജ്യത്തെ സൈനികവത്കരിക്കുകയും ചെയ്യുക,” എന്നാണ്. കാശ്മീരി മുസ്ലീങ്ങള്‍ക്കെതിരെയും പാക്കിസ്ഥാനെതിരെയും ആക്രമണങ്ങള്‍ക്കും തിരിച്ചടികള്‍ക്കും വേണ്ടി മുറവിളി കൂട്ടിക്കൊണ്ട്, മുന്‍ ധനമന്ത്രി പി ചിദംബരം കഴിഞ്ഞ മാസം പറഞ്ഞപോലെ, മാധ്യമങ്ങള്‍ നിലതെറ്റിയ അടുക്കുപാത്രങ്ങള്‍ പോലെ കീഴടങ്ങി വീഴുകയാണ്.

പല രീതിയിലും നോക്കിയാല്‍ 2014-ല്‍ ഹിന്ദു മേല്‍ക്കോയ്മയുടെ വൈതാളികതയുടെ വിജയം, സാങ്കേതിക വിദഗ്ദ്ധനായ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ ആരാധകരടക്കം ഈ തീവ്രഹിന്ദുത്വ വാദിയുടെ പക്ഷം ചേര്‍ന്നു എന്നതിനേക്കാള്‍ ഞെട്ടിക്കുന്നതല്ല. “സംതൃപ്തി കണ്ടെത്താന്‍ അനുവദിക്കുന്ന ഏത് സര്‍ക്കാരുമായും നന്നായി ജീവിക്കാനുള്ള ആഗ്രഹം പൊരുത്തപ്പെടും,” എന്നു ടോക്വിവെല്ലേ പറഞ്ഞത് ശരിയാണ്. ഒരു വെള്ള മേല്‍ക്കോയ്മാ വാദിയുമായി പൊരുത്തപ്പെടാനുള്ള ഭീരുത്വത്തെ ചെറുക്കുന്നവരിലാണ് യു.എസിന്റെ പ്രതീക്ഷയത്രയും.

പങ്കജ് മിശ്ര

പങ്കജ് മിശ്ര

എഴുത്തുകാരനും ബ്ലൂംബര്‍ഗ് കോളമിസ്റ്റുമാണ് പങ്കജ് മിശ്ര. ഫ്രം ദി റൂയിന്‍സ് ഓഫ് എംപൈര്‍: ദി ഇന്‍റലെക്ട്വല്‍ ഹൂ റിമെയ്ഡ് ഏഷ്യാ, ടെംറ്റേഷന്‍സ് ഓഫ് ദി വെസ്റ്റ്: ഹൌ ടോ ബി മോഡേണ്‍ ഇന്‍ ഇന്‍ഡ്യ, പാകിസ്ഥാന്‍, ടിബെറ്റ് ആന്‍ഡ് ബിയോണ്ട്, ദി റൊമാന്‍റിക്സ്: എ നോവല്‍, ആന്‍ എന്‍ഡ് ടു സഫറിംഗ്: ദി ബുദ്ധ ഇന്‍ ദി വേള്‍ഡ് തുടങ്ങിയ പുസ്തകങ്ങളുടെ രചയിതാവാണ്. അലഹബാദിലും ഡെല്‍ഹിയിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ പങ്കജ് മിശ്ര ബ്രിട്ടനിലെ റോയല്‍ സോസെറ്റി ഓഫ് ലിറ്ററേച്ചറില്‍ ഫെലോയാണ്. ബി ബി സിയിലെ സ്ഥിരം കമാന്‍റേറ്ററായ മിശ്ര ന്യൂയോര്‍ക് റിവ്യൂ ഓഫ് ബുക്സ്, ദി ന്യൂയോര്‍ക്കര്‍, ദി ഗാര്‍ഡിയന്‍, ലണ്ടന്‍ റിവ്യൂ ഓഫ് ബുക്സ് എന്നിവയിലും എഴുതുന്നുണ്ട്. ലണ്ടനിലും ഹിമാലയന്‍ ഗ്രാമമായ മഷോബ്രയിലുമായാണ് പങ്കജ് മിശ്ര ജീവിക്കുന്നത്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍