UPDATES

വിദേശം

ട്രംപിന്റെ ‘ആണ്‍’ കരുത്ത് വോട്ടായി മാറുമോ?

Avatar

മെലിസ ഡെക്ക്മാന്‍
(വാഷിംഗ്ടന്‍ പോസ്റ്റ്)

രണ്ടാഴ്ച മുന്‍പ് പുറത്തുവന്ന ‘Access Hollywood’ ഫുട്ടേജ് പെട്ടന്നാണ് രാഷ്ട്രീയ വാഗ്വാദങ്ങള്‍ക്ക് വഴി വച്ചത്. തന്‍റെ പ്രശസ്തിയെയും സ്ത്രീകളെ ലൈംഗിക കയ്യേറ്റം ചെയ്യാനുള്ള കഴിവിനെയും കുറിച്ച് ട്രംപ് പൊങ്ങച്ചം പറയുന്നതായിരുന്നു അതില്‍. തെരഞ്ഞെടുക്കപ്പെട്ട അറുപതിലധികം റിപ്പബ്ലിക്കന്‍ ഒഫീഷ്യലുകള്‍ ടേപ്പ് പുറത്തു വന്ന ദിവസങ്ങളില്‍ തങ്ങള്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്‍റ്  സ്ഥാനാര്‍ത്ഥിക്ക് വോട്ടു ചെയ്യില്ലെന്ന് പ്രസ്താവിക്കുകയുണ്ടായി; പിന്നീട് ഇവരില്‍ ചിലര്‍ പ്രസ്താവന പിന്‍വലിച്ചുവെങ്കില്‍ കൂടി.

വിവാദത്തെ തുടര്‍ന്നു വന്ന പോളിങില്‍ ധാരാളം വോട്ടര്‍മാര്‍ ട്രംപിനെ കൈവിട്ടു എന്നാണ് സൂചനകള്‍. PRRI/ ദ അറ്റ്ലാന്‍റിക് പോള്‍ കാണിക്കുന്നത് ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായ ഹിലരി ക്ലിന്‍റന്‍റെ നാഷണല്‍ ലീഡ് ട്രംപിനേക്കാള്‍ 11 ശതമാനം പോയിന്‍റ്സ് വര്‍ദ്ധിച്ചുവെന്നാണ്. സ്ത്രീ വോട്ടര്‍മാരില്‍ 61 ശതമാനം പേരും ക്ലിന്‍റണു വോട്ട് ചെയ്യാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചപ്പോള്‍ 28 ശതമാനം മാത്രമാണ് ട്രംപിനെ പിന്തുണച്ചത്.

ആ പോള്‍ പ്രസിദ്ധീകരിച്ചതിനു ശേഷം അര ഡസന്‍ സ്ത്രീകളെങ്കിലും ട്രംപ് മുന്‍കാലങ്ങളില്‍ തങ്ങളോട് അനുവാദമില്ലാതെയുള്ള ലൈംഗിക സമീപനം നടത്തിയിട്ടുണ്ടെന്ന് ആരോപിച്ച് രംഗത്തു വന്നിരുന്നു. സി‌എന്‍എന്നിന്‍റെ ആന്‍ഡേഴ്സണ്‍ കൂപ്പര്‍ ട്രംപിനോട് അദ്ദേഹം ഇതുവരെ ഏതെങ്കിലും സ്ത്രീകളെ അവരുടെ സമ്മതമില്ലാതെ ബലമായി ചുംബിക്കുകയോ അവരുടെ ശരീരത്തില്‍ പിടിക്കുകയോ ചെയ്തിട്ടുണ്ടോ എന്നു ചോദിച്ചപ്പോള്‍ ട്രംപ് നല്‍കിയ മറുപടിക്ക് നേരേ എതിരാണ് ഇപ്പോള്‍ ഉയര്‍ന്നിട്ടുള്ള ഈ ആരോപണങ്ങള്‍. എന്തായാലും ടേപ്പിന്‍റെ ആഘാതം ട്രംപ് വിഭാഗത്തിന് പ്രതീക്ഷ നല്‍കുന്നതല്ല.

ട്രംപിനെതിരേയുള്ള ആരോപണങ്ങളുടെയും ടേപ്പിലെ സംഭാഷണങ്ങളുടെയും ഗൌരവം കണക്കിലെടുക്കുമ്പോള്‍ വോട്ടര്‍മാര്‍ എന്തിന് അദ്ദേഹത്തിന്‍റെ കൂടെ നില്‍ക്കണം? ഒന്നുരണ്ട് കാരണങ്ങളുണ്ട് അതിന്. വ്യക്തിപരമായി സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ നിരാശയുണ്ടെങ്കില്‍കൂടെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ വിശ്വസ്ത അനുയായികള്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്കു തന്നെ വോട്ടു ചെയ്യാം. ഗവേഷകര്‍ പറയുന്നത് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ പാര്‍ട്ടി അധിഷ്ഠിതമായ വേര്‍തിരിവ് അമേരിക്കയില്‍ കൂടി വരുന്നു എന്നാണ്. ജനങ്ങള്‍ക്ക് തങ്ങള്‍ വിശ്വസിക്കുന്ന പാര്‍ട്ടിയുമായി വൈകാരികബന്ധം തന്നെ രൂപപ്പെടുന്നുണ്ട്. രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ പാര്‍ട്ടി പക്ഷഭേദത്തിന്‍റെ കണ്ണുകളിലൂടെ കാണുന്ന, അങ്ങേയറ്റം ആത്മാര്‍ഥമായി അതിനെ പിന്തുടരുന്ന ഇവര്‍ക്ക് എതിര്‍കക്ഷിക്ക് വോട്ടു ചെയ്യുക എന്നത് അസാദ്ധ്യമാണ്; കാരണം അവരുമായി യോജിപ്പുള്ള നിലപാടുകളും വിഷയങ്ങളും വളരെ കുറവായിരിക്കും. ഒക്ടോബര്‍ 11ലെ PRRI/ ദ അറ്റ്ലാന്‍റിക് പോള്‍ നോക്കാം: ട്രംപിന് വോട്ട് ചെയ്യാന്‍ സാദ്ധ്യതയുള്ള, റിപ്പബ്ലിക്കന്‍സായ പുരുഷന്മാരില്‍ 86 ശതമാനവും സ്ത്രീകളില്‍ 83 ശതമാനവും ആ തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുന്നു. ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് വോട്ട് ചെയ്യാന്‍ സാദ്ധ്യത കല്‍പ്പിക്കപ്പെടുന്നവരിലും ഹിലരി ക്ലിന്‍റണുള്ള പിന്തുണയുടെ കാര്യത്തില്‍ ചാഞ്ചാട്ടമുള്ളവരെ കാണാം.

എന്നാല്‍ അനേകം അമേരിക്കക്കാരുടെയിടയില്‍ ട്രംപിന് ആവേശകരമായ പിന്തുണ നിലനില്‍ക്കുന്നതിന് മറ്റൊരു വിശദീകരണം ലിംഗനീതിയുടെ കാര്യത്തില്‍ നിലനിന്നുപോരുന്ന ചിന്താഗതികളും കൂടിയാണ്. ട്രംപിന് വോട്ടു ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നവരില്‍ 40 ശതമാനവും കരുതുന്നത് “ആണിനെ പോലെ പെരുമാറുന്നവനെ സമൂഹം ശിക്ഷിക്കുന്നു” എന്നാണെന്ന് PRRI/ ദ അറ്റ്ലാന്‍റിക് പോള്‍ പറയുന്നു. “ആണ്‍കുട്ടികള്‍ എന്നും ആണ്‍കുട്ടികളായിരിക്കും” എന്ന ഈ മനോഭാവം ക്ലിന്‍റണെ പിന്തുണയ്ക്കുന്നവരില്‍ വളരെ കുറവാണ്. 

ട്രംപിന്‍റെ മോശമായ സംസാരത്തെ കുറ്റപ്പെടുത്തുന്നുണ്ടെങ്കിലും അദ്ദേഹം അത് കാര്യമായി പറഞ്ഞതല്ല എന്ന മനോഭാവമാണ് അനുയായികള്‍ക്ക്. വിവാദത്തെ പറ്റി ട്രംപിന്‍റെ മകന്‍ എറിക് കൊളറാഡോ ഗസറ്റിനോട് പറഞ്ഞതു നോക്കൂ: “എനിക്കു തോന്നുന്നത് ആണുങ്ങള്‍ ഒത്തുചേരുമ്പോള്‍ അവര്‍ ഇത്തരം കാര്യങ്ങളില്‍ സംസാരിച്ച് കാടു കയറും. പ്രമുഖരായ, ആല്‍ഫ ടൈപ്പ് പുരുഷന്മാര്‍ കൂടുമ്പോഴും ഇത് സംഭവിക്കാറുണ്ട്. ഇത് ശരിയായെന്നല്ല ഞാന്‍ പറഞ്ഞത്. പക്ഷേ അദ്ദേഹം ഇങ്ങനെയുള്ള ഒരു വ്യക്തിയല്ല.” അതായത് ‘ആല്‍ഫ ടൈപ്പ് ആണുങ്ങളുടെ’ വായില്‍ നിന്നു വരുമ്പോള്‍ ഇത്തരം ഞെട്ടിപ്പിക്കുന്ന, സെക്സിസ്റ്റ് പ്രസ്താവനകളെ ന്യായീകരിക്കാം എന്ന്. 

ഈ “alpha male” പ്രതിരോധം ട്രംപിന്‍റെ പ്രചാരണത്തിന്‍റെ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള  തന്ത്രങ്ങളിലൊന്നാണ്. അതായത്, ക്ലിന്‍റണെയും പ്രസിഡന്‍റ് ഒബാമയെയും ദുര്‍ബലരായും പ്രാപ്തി കുറഞ്ഞവരായും ചിത്രീകരിക്കുക. റഷ്യയിലെ ശക്തനായ ഭരണാധികാരിയായ വ്ളാദിമിര്‍ പുടിനെ “നമ്മുടെ പ്രസിഡന്‍റിനെ വച്ചു നോക്കുമ്പോള്‍ ശരിക്കുമൊരു നേതാവ്” എന്നുവരെ ഈ ഉദ്ദേശ്യത്തോടെ ട്രംപ് വിശേഷിപ്പിച്ചിട്ടുണ്ട്. കൂടുതല്‍ മെച്ചപ്പെട്ട വ്യാപാര കരാറുകളിലേര്‍പ്പെടാനും ഭീകരവാദ ഭീഷണികളെ നേരിടാനും അതിര്‍ത്തിയില്‍ മെക്സിക്കോയെ കൊണ്ട് മതില്‍ പണിയിക്കാനുമെല്ലാം ഉള്ള ഉള്‍ക്കരുത്ത് തനിക്കാണ്- തനിക്കു മാത്രമാണുള്ളതെന്ന് ട്രംപ് എപ്പോഴും ആവര്‍ത്തിക്കുന്നുണ്ട്. “നമ്മുടെ ജനങ്ങളുടെ സംരക്ഷണം ശക്തവും വിശാലവുമായ ചുമലുകളിലേറ്റുന്ന” നേതൃത്വത്തിന് വോട്ടു ചെയ്യാന്‍ ട്രംപിന്‍റെ സുഹൃത്തും ഇന്‍ഡ്യാന ഗവര്‍ണറുമായ മൈക്ക് പെന്‍സും ഇടക്കിടെ ഓര്‍മിപ്പിക്കുന്നു. ഡെമോക്രാറ്റിക് പക്ഷത്തെ വനിതാ നേതാവിനെതിരെയുള്ള ഒരു സെക്സിസ്റ്റ് പ്രയോഗമാണ് ഈ “വിശാലമായ ചുമലുകള്‍” എന്ന് ധാരാളം പേര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

ഇത്തരം പൌരുഷം നിറഞ്ഞ പരുക്കന്‍ സംസാരം ട്രംപിനെ പിന്തുണയ്ക്കുന്നവരുടെ മൂന്നില്‍ രണ്ടു ഭാഗവും ഇഷ്ടപ്പെടുന്നുണ്ട്. “സമൂഹം വളരെ ലോലവും സ്ത്രൈണവുമായിരിക്കുന്നു” എന്നു കരുതുന്നവരാണവര്‍.

അസ്വസ്ഥരായ ഇത്തരം വോട്ടര്‍മാരെ സ്വാധീനിക്കാനായി “Danger” എന്ന പേരിലുള്ള പരസ്യം ട്രംപ് പുറത്തിറക്കി; ഇറാന്‍, ഉത്തരകൊറിയ, ഇസ്ലാമിക് സ്റ്റേറ്റ് എന്നിവിടങ്ങളില്‍ നിന്നുള്ള ദേശീയ സുരക്ഷാ ഭീഷണികളാണ് ഇതില്‍ ചര്‍ച്ച ചെയ്യുന്നത്. “ഹിലരി ക്ലിന്‍റണ് നമ്മുടെ ലോകത്തെ നയിക്കാനുള്ള ശക്തിയോ ഉള്‍ക്കരുത്തോ പ്രാപ്തിയോ ഇല്ല,” എന്നു ഭീഷണമായ സ്വരത്തില്‍ ട്രംപ് പറയുന്നു; ഈയിടെ ബാധിച്ച ന്യൂമോണിയയെ തുടര്‍ന്നു ക്ലിന്‍റന്‍ ചുമയ്ക്കുന്നതിന്‍റെയും  നടക്കുമ്പോള്‍ അവരുടെ കാലിടറുന്നതിന്‍റെയുമൊക്കെ ദൃശ്യങ്ങളാണ് ഒപ്പം കാണിക്കുന്നത്. ഈ തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ കരുത്ത് എന്നത് സ്ത്രീകള്‍ പൊതുവേ ദുര്‍ബലരാണ് എന്നു സമ്മതിദായകരെ ഓര്‍മിപ്പിക്കാനുള്ള പ്രയോഗമാണെന്ന് കരുതാവുന്നതാണ്. രാഷ്ട്രമീമാംസാ ഗവേഷകരായ എറിന്‍ കസാസി, മിര്‍യ ഹോള്‍മാന്‍ എന്നിവര്‍ ഈയിടെ നടത്തിയ പരീക്ഷണ പഠനങ്ങളില്‍ കണ്ടത് ശക്തി, പ്രാപ്തി എന്നിവയിലൂന്നിയുള്ള ആക്രമണങ്ങള്‍ വനിതാ സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ, പ്രത്യേകിച്ച് ഡെമോക്രാറ്റിക് പക്ഷത്തെ വനിതകള്‍ക്കെതിരെ ഫലപ്രദമാണെന്നാണ്. 

ഭര്‍ത്താവിന്‍റെ ലൈംഗിക അപരാധത്തെ “സാധ്യമാക്കിയ” ഭാര്യ എന്ന രീതിയില്‍ ക്ലിന്‍റനെ അപകീര്‍ത്തിപ്പെടുത്താന്‍ ട്രംപ് പക്ഷം ശ്രമിക്കുന്നതും സെക്സിസത്തിന്‍റെ പച്ചയായ പ്രയോഗമാണ്. സ്ഥാനാര്‍ത്ഥിയെ അവരുടെ ഭര്‍ത്താവിനെ കൊണ്ട് മറയ്ക്കുന്ന രീതി. ഇത്തവണത്തെ തെരഞ്ഞെടുപ്പ് രംഗത്തില്ലാത്ത മുന്‍പ്രസിഡന്‍റ് ചെയ്തെന്നു പറയപ്പെടുന്ന തെറ്റുകള്‍ക്ക് ഹിലരി കിന്‍റനെ ഉത്തരവാദിയാക്കുന്നത് അവരുടെ വ്യക്തിത്വത്തെ കുറച്ചു കാണാനുള്ള ശ്രമമാണ്. അവരുടെ അര്‍ഹത, യോഗ്യത, സല്‍പ്പേര് എന്നിവയൊക്കെ അളക്കേണ്ടത് ഭര്‍ത്താവിനെ ആശ്രയിച്ചാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമം കൂടിയാണത്; അതും ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തില്‍. “ഭാര്യ എന്ന നിലയിലുള്ള ചുമതലകള്‍ നിര്‍വ്വഹിക്കുന്നതില്‍ പരാജയപ്പെട്ട” ഹിലരി ക്ലിന്‍റന്‍ എങ്ങനെ നല്ല ഭരണം കാഴ്ച വയ്ക്കുമെന്നുവരെ ചില ട്രംപ് അനുയായികള്‍ കടത്തി പറയുന്നുണ്ട്. ഇതിലൊരാള്‍ അറ്റ്ലാന്‍റിക്കിനോട് പറഞ്ഞത് “അന്ന് സ്വന്തം ഭര്‍ത്താവിനെ നിയന്ത്രിക്കാന്‍ മിസ്സിസ് ക്ലിന്‍റണായില്ല. അവരെങ്ങനെ ഈ രാജ്യത്തെ നിയന്ത്രിക്കും?”

പല കണ്‍സര്‍വേറ്റീവുകള്‍ക്കും ട്രംപിന്‍റെ പരുക്കന്‍ സംസാരവും പൌരുഷം വിളിച്ചോതുന്ന പ്രചാരണവും ആകര്‍ഷകമായി തോന്നുന്നുണ്ട്: സ്ത്രീ എതിരാളികള്‍ പുരുഷന്‍റെ അധികാരത്തെ ചോദ്യം ചെയ്യുകയോ എതിര്‍ക്കുകയോ ചെയ്യാത്ത കാലത്തിന്‍റെ ഓര്‍മ്മയാണത്. ഭൂതകാലത്തിന്‍റെ വൈകാരിക ആകര്‍ഷണത്തിനു മുന്നില്‍ നല്ല നയങ്ങളോ വിജയതന്ത്രങ്ങളോ അവര്‍ കാര്യമാക്കുന്നില്ല.

(വാഷിംഗ്ടന്‍ കോളേജിലെ പബ്ലിക് അഫയേഴ്സ് പ്രൊഫസറാണ് ഡെക്ക്മാന്‍. “Tea Party Women: Mama Grizzlies, Grassroots Leaders, and the Changing Face of the American Right” എന്ന പുസ്തകത്തിന്‍റെ രചയിതാവാണ്.)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍