UPDATES

വിദേശം

ഇന്ത്യയിലെ ട്രംപിന്റെ വമ്പന്‍ ഇടപാടുകള്‍; കുഴപ്പത്തിലാക്കും രണ്ട് രാജ്യങ്ങളെയും

Avatar

ആനീ ഗോവന്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)

ഡൊണാള്‍ഡ് ട്രംപിന്റെ കമ്പനി ഇന്ത്യയിലെ കെട്ടിട നിര്‍മ്മാതാതാക്കളുമായി മറ്റേത് രാജ്യത്തുള്ളതിനെക്കാളും അധികമായി വ്യാപാര പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. വന്‍കിട വ്യാപാരികളുമായും ശതകോടീശ്വരനായ ഒരു രാഷ്ട്രീയക്കാരനുമായും ട്രംപിന്റെ സ്ഥാപനം ഇതിനായി ധാരണകള്‍ ഉണ്ടാക്കിയിട്ടുണ്ട്. ഇത്തരത്തിലൊരു ട്രംപ് പേരുള്ള പദ്ധതി അനധികൃതമായ ഭൂമിയിടപാടിന്റെ പേരില്‍ അന്വേഷണം നേരിടുകയാണ്. 

ഇന്ത്യയെ ഒരു ‘മഹത്തായ രാജ്യം’ എന്നു വിശേഷിപ്പിച്ച നിയുക്ത പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് ഇവിടെ കുറഞ്ഞത് 16 പങ്കാളിത്തപദ്ധതികളിലും കോര്‍പ്പറേഷനുകളിലും ഉള്‍പ്പെട്ടിട്ടുണ്ട്. ഈ വ്യാപാര താത്പര്യങ്ങള്‍-ഭരണകക്ഷിയിലെ ഒരു പ്രമുഖനുമായുള്ള സാമ്പത്തിക ബന്ധങ്ങളും- ഇന്ത്യയുമായുള്ള ട്രംപ് സര്‍ക്കാരിന്റെ നയത്തിന്റെ പശ്ചാത്തലമാകും. ഒപ്പം അതിന്റെ എതിരാളിയായ അയല്‍ക്കാരന്‍, പാകിസ്ഥാനോടുള്ള സമീപനത്തിന്റെയും.

പ്രചാരണ സമയത്ത് ഒക്ടോബറില്‍ ന്യൂ ജഴ്സിയില്‍ നടന്ന ഒരു ഇന്ത്യാ അമേരിക്കന്‍ സമൂഹത്തിന്റെ യോഗത്തില്‍ ഇന്ത്യയിലെ തന്റെ ‘വലിയ’‘മനോഹരമായ’ പദ്ധതികളെക്കുറിച്ച് ആവേശം കൊണ്ട ട്രംപ് ഇന്ത്യയും യു.എസും തമ്മിലുള്ള ബന്ധം എന്നത്തേക്കാളും മികച്ചതായിരിക്കുമെന്നും വാഗ്ദാനം ചെയ്തിരുന്നു.

മുംബൈയില്‍ ഒരു ബഹുനില കെട്ടിടത്തിന് ട്രംപ് ടവര്‍ എന്ന പേര് നല്‍കാനുള്ള ധാരണ, പൂനെയിലെ ഒരു ഭവന പദ്ധതി, ഗുഡ്ഗാവില്‍ വാണിജ്യ സമുച്ചയം, കൊല്‍ക്കൊത്തയില്‍ ഭവനപദ്ധതിയും ബഹുനില കെട്ടിടവും. കൊല്‍ക്കൊത്ത പദ്ധതിയുമായി ബന്ധപ്പെട്ട രണ്ടു ട്രംപ് സ്ഥാപനങ്ങള്‍ അദ്ദേഹം പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയായി പ്രചാരണം തുടങ്ങിയതിന് ശേഷമാണ്. 

ആഡംബര കെട്ടിട നിര്‍മ്മാണ പദ്ധതികള്‍ മുതല്‍ യു‌പി‌എ കമ്പനികളും ബ്രാന്‍ഡ് ധാരണകളുമായി 18 രാജ്യങ്ങളിലും തെക്കേ അമേരിക്ക, ഏഷ്യ, പശ്ചിമേഷ്യ എന്നീ മേഖലകളിലും കുറഞ്ഞത്  111 ട്രംപ് കമ്പനികള്‍ കച്ചവടം നടത്തിയതായി വാഷിംഗ്ടണ്‍ പോസ്റ്റ് വിശകലനം കാണിക്കുന്നു. ചില വസ്തുവഹകള്‍ ഒരൊറ്റ ഇടപാടിനായി ഉണ്ടാക്കിയ പല സ്ഥാപനങ്ങളാണ് എന്നും രേഖകള്‍ കാണിക്കുന്നു.

വിരുദ്ധ താത്പര്യങ്ങളുടെ പ്രവര്‍ത്തനത്തില്‍ ആശങ്കയുള്ള പല സംഘടനകളും ട്രംപ് തന്റെ വ്യാപാര സാമ്രാജ്യത്തിന്റെ നടത്തിപ്പ് മക്കളെ ഏല്‍പ്പിക്കുന്നതിന് പകരം ഒരു നിഷ്പക്ഷ ട്രസ്റ്റിനെ (blind trust) ഏല്‍പ്പിക്കണമെന്ന് ആവശ്യപ്പെടുന്നുണ്ട്.

“ട്രംപ് എന്ന പേര് ഒരു വിദേശരാജ്യത്തു വില്‍ക്കുന്നത് ലോകത്തെങ്ങുനിന്നും സമ്മാനം കിട്ടാന്‍ അയാള്‍ക്ക് സഹായകമാകും. ഒരു കറിക്കൂട്ട് എന്ന പോലെ ട്രംപ് എന്ന പേര് തന്റെ കെട്ടിടത്തിന് കിട്ടാന്‍ ഞാന്‍ പണം നല്കാം എന്നു ആളുകള്‍ പറയും,” മിനെസോട്ട സര്‍വകലാശാലയിലെ നിയമവിഭാഗം അദ്ധ്യാപകന്‍ റിച്ചാഡ് പെയിന്‍റര്‍ പറഞ്ഞു.

ഇതില്‍ പിന്‍വാതിലിലൂടെ വിദേശ സര്‍ക്കാരിന്റെ പണം ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അത് യു.എസ് അധികൃതര്‍ വിദേശ ഉപഹാരങ്ങള്‍ വാങ്ങരുതെന്ന ഭരണഘടന നിരോധനത്തിന്റെ പരിധിയില്‍ വരും. ഇംപീച്ച് അഥവാ നിയമനിര്‍മാണസഭയില്‍ കുറ്റവിചാരണ  ചെയ്യാവുന്ന ഒരു കുറ്റം.

“അതൊരു വലിയ പ്രശ്നമാണ്,” പെയിന്റര്‍ പറയുന്നു.

കഴിഞ്ഞയാഴ്ച്ച ട്രംപ് ടവറിലെത്തിയ മൂന്നു ഇന്ത്യന്‍ വ്യാപാരികള്‍ ട്രംപിനൊപ്പം നിന്നു ചിത്രമെടുത്തപ്പോള്‍ അത് കച്ചവടവും തന്റെ പദവിയും തമ്മില്‍ വേര്‍തിരിക്കാനുള്ള അയാളുടെ ശേഷിയില്‍ സംശയമുണര്‍ത്തി.

അതില്‍ രണ്ടു പേര്‍-അതുല്‍ ചോര്‍ദിയയും സാഗര്‍ ചോര്‍ദിയയും- ട്രംപിന്റെ പേരിലുള്ള ഒരു പാര്‍പ്പിട സമുച്ചയത്തിന്റെ നിര്‍മ്മാതാക്കളാണ്. പൂനെയില്‍ കെട്ടിടം പണിയുന്ന സ്ഥലം കൈവശപ്പെടുത്തിയത് കെട്ടിച്ചമച്ച രേഖകള്‍ ഉപയോഗിച്ചാണെന്ന രവീന്ദ്ര ബര്‍ഹാത്തെ എന്ന സാമൂഹ്യ പ്രവര്‍ത്തകന്റെ പരാതിയെ തുടര്‍ന്ന് അന്വേഷണം നേരിടുകയാണ് ഇവര്‍.

ആവശ്യമായ അനുമതി കൂടാതെയും നടപടിക്രമങ്ങള്‍ പാലിക്കാതെയുമാണോ ഇവര്‍ സമുച്ചയം പണിതത് എന്നാണ് അന്വേഷിക്കുന്നതെന്ന് പൂനെയിലെ പൊലീസ് ഇന്‍സ്പെക്ടര്‍ മുകുന്ദ് മഹാജന്‍ പറയുന്നു. ചോര്‍ദിയയുടെ കാര്യാലയം മറുപടി തന്നില്ല. മൂന്നാമത്തെ ഇന്‍ഡ്യന്‍ സന്ദര്‍ശകനായിരുന്ന കല്‍പേഷ് മെഹ്ത പറഞ്ഞത് ഇന്ത്യയിലെ ട്രംപിന്റെ പദ്ധതികളുടെ വികസന മൂല്യം 1.5 ബില്ല്യണ്‍ ഡോളര്‍ വരുമെന്നാണ്. ട്രംപിന്റെ സ്ഥാപനങ്ങളുടെ ഏറ്റവും വലിയ വിദേശ വിപണി.

എന്നാല്‍ ഒരു തരത്തിലുമുള്ള യോഗവും നടന്നില്ലെന്നും കക്ഷികള്‍ കുശലം പറഞ്ഞ് പിരിഞ്ഞു എന്നുമാണ് ട്രംപ് സംഘത്തിന്റെ വക്താവ് പറയുന്നത്.

2014-ല്‍ തന്റെ സ്വകാര്യ വിമാനത്തില്‍ കനത്ത സുരക്ഷയോടെ മകന്‍ ഡൊണാള്‍ഡ് ജൂനിയറിനൊപ്പം ട്രംപ് മുംബൈയില്‍ എത്തിയത് വലിയ ഓളങ്ങളാണ് ഉണ്ടാക്കിയത്. രാഷ്ട്രീയക്കാരും ചലച്ചിത്രതാരങ്ങളും അയാളുടെ പരിപാടികളിലെത്തി. “എനിക്കു ഇന്ത്യയില്‍ വലിയ വിശ്വാസമാണെന്ന് “ ഒരു ഘട്ടത്തില്‍ ട്രംപ് പറഞ്ഞു.


മുംബയില്‍ നിര്‍മ്മാണം നടക്കുന്ന ‘ട്രംപ് ടവര്‍’
 
ഇപ്പോള്‍ മുംബൈയിലെ ലോഥ ഗ്രൂപ് പണിതുകൊണ്ടിരിക്കുന്ന 75 നിലയുള്ള ആഡംബര സമുച്ചയത്തിന്റെ പ്രചരണാര്‍ത്ഥമാണ് ട്രംപ് എത്തിയത്. ഒന്നു മുതല്‍ മൂന്നുവരെ  ദശലക്ഷം ഡോളറാണ് ഇവിടെ വീടുകളുടെ വില.

കഴിഞ്ഞ 30 വര്‍ഷങ്ങള്‍ക്കൊണ്ട് തന്റെ രാഷ്ട്രീയ ബന്ധങ്ങള്‍ ദശലക്ഷക്കണക്കിന് രൂപയാക്കി മാറ്റിയ ബി ജെ പിയില്‍ നിന്നുള്ള നിയമസഭാംഗം മംഗള്‍ പ്രഭാത് ലോഥയാണ് ഈ കമ്പനിയുടെ സ്ഥാപകന്‍. പലരെയും അമ്പരപ്പിച്ച വളര്‍ച്ച. 1.55 ബില്ല്യണ്‍ ഡോളര്‍ ആസ്തിയുമായി ഇന്ത്യയിലെ ധനികരുടെ ഫോര്‍ബ്സ് പട്ടികയില്‍ 56-ആമതാണ് അയാളിപ്പോള്‍.

തീര്‍ത്തും സസ്യാഹാരിയായ ജൈന മത വിശ്വാസിയായ ലോഥക്കു കമ്പനി നടത്താന് രണ്ടു ആണ്‍മക്കളുണ്ട്. ഡൊണാള്‍ഡ് ജൂനിയറും എറികും മക്കളായുള്ള ട്രംപിനെ പോലെ.

“അയാള്‍ തികഞ്ഞ സന്തോഷത്തിലായിരിക്കണം. കാരണം യു.എസ് പ്രസിഡന്‍റുമായാണ് പങ്കാളിത്തം. അതൊരു വലിയ കാര്യമാണ്,” മുംബൈയിലെ IDFC-യിലെ രാഷ്ട്രീയ സാമ്പത്തിക വിദഗ്ദ്ധന്‍ പ്രവീണ്‍ ചക്രവര്‍ത്തി പറഞ്ഞു.

സ്വകാര്യ വിമാന സേവനമടക്കം നിരവധി സൌകര്യങ്ങള്‍ ഇവിടെ വീട് വാങ്ങുന്നവര്‍ക്കായി വാഗ്ദാനം ചെയ്തിട്ടുണ്ട്.

പക്ഷേ ലോഥയുടെ അടുത്തിടെ പണിത മറ്റൊരു ആഡംബര പാര്‍പ്പിട പദ്ധതിയില്‍-ബെല്ലിസ്സിമോ- വീട് വാങ്ങിയ ധനികര്‍ വാഗ്ദാനം ചെയ്ത സൌകര്യങ്ങള്‍ ലഭിക്കാത്തതിന്റെ പേരില്‍ നിര്‍മ്മാതാവുമായി തര്‍ക്കത്തിലാണ്.

ടെന്നീസ് മൈതാനം തീരെ ചെറുതാണ്, നീന്തല്‍ക്കുളത്തില്‍ പൊടിയാണ്, തൊട്ടപ്പുറത്ത് മറ്റൊരു ബഹുനിലക്കെട്ടിടം വന്നപ്പോള്‍ വാഗ്ദാനം ചെയ്ത അറബിക്കടലിന്റെ മായികക്കാഴ്ച്ചകള്‍ മറഞ്ഞുപോയി എന്നിങ്ങനെ പോകുന്നു പരാതികള്‍. വെള്ളം ചൂടാക്കാനുള്ള യന്ത്രങ്ങള്‍ ഇടക്കിടെ പൊട്ടി വെള്ളം നിറയുന്നുമുണ്ട്. 48-ആം നിലയില്‍ ലിഫ്റ്റ് തുറക്കുന്നത് ഒരു ചുമരിലേക്കാണ്!

ഇന്ത്യയില്‍ ട്രംപ് എന്ന പേരിന്റെ വാണിജ്യ വില്‍പ്പനയിലൂടെ ട്രംപ് കുടുംബം കോടികള്‍ ഉണ്ടാക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. ട്രംപ് എന്ന മുദ്രയുടെ മൂല്യം വ്യക്തമാണെന്നും സമാനമായ മറ്റ് പദ്ധതികളെക്കാള്‍ മുംബൈയിലെ സമുച്ചയം 30% മുകളിലുള്ള വിലയ്ക്കാണ് വിറ്റുപോകുന്നതെന്നും ലോഥ ഗ്രൂപ് പറയുന്നു.

തെരഞ്ഞെടുപ്പ് സമയത്ത് തര്‍ക്കങ്ങള്‍ രൂക്ഷമായപ്പോള്‍ തങ്ങളുടെ വീടുകളുടെ മുന്നിലെ ട്രംപ് എന്ന പേര് മാറ്റണമെന്ന് യു.എസില്‍ താമസക്കാര്‍ ആവശ്യപ്പെട്ട അവസ്ഥ ഇവിടെയുണ്ടാകില്ലെന്ന് നിരീക്ഷകര്‍ പറയുന്നു. “ട്രംപ് എന്ന പേര് അത്യാഡംബര കെട്ടിടങ്ങളുമായി ബന്ധപ്പെട്ടാണ് പറയുന്നത്. ഇപ്പോഴത് അതിനും അപ്പുറത്താണ്,”CBRE എന്ന വസ്തുകച്ചവട ഉപദേശക സ്ഥാപനത്തിന്റെ തെക്കനേഷ്യ അദ്ധ്യക്ഷന്‍ അന്‍ഷുമാന്‍ മാഗസിന്‍ പറയുന്നു.

ട്രംപിന്റെ മകന്‍ ഡൊണാള്‍ഡ് ജൂനിയറുമായി താന്‍ അഞ്ചു വര്‍ഷം മുന്‍പ് കൂടിക്കാഴ്ച്ച നടത്തിയിട്ടുണ്ടെന്നും സര്‍ക്കാരില്‍ നിന്നുള്ള അനുമതിക്ക് വേണ്ടി അവര്‍ താത്പര്യം കാണിച്ചെന്നും മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയെ പൃഥ്വിരാജ് ചവാന്‍ പറഞ്ഞു.

“ഇന്ത്യയില്‍ നിക്ഷേപത്തിനല്ല, തന്റെ പേര് വില്‍പ്പനക്കാണ് ട്രംപ് ജൂനിയറിന് താത്പര്യമെന്ന് എനിക്കു വേഗം മനസിലായി,” ചവാന്‍ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍