UPDATES

വിദേശം

ചൈനയെ അസ്വസ്ഥമാക്കി തായ് വാന്‍റെ ആദ്യ വനിതാ പ്രസിഡന്‍റ്

Avatar

സൈമണ്‍ ഡെന്യെര്‍
(വാഷിങ്ടണ്‍ പോസ്റ്റ്)

പ്രതിപക്ഷത്തിനു തകര്‍പ്പന്‍ വിജയം ലഭിച്ച തിരഞ്ഞെടുപ്പില്‍ സ്വാതന്ത്ര്യത്തിനുവേണ്ടി നിലകൊള്ളുന്ന പ്രതിപക്ഷനേതാവ് സായ് ഇങ് വെന്‍ തായ്‌വാന്റെ  ആദ്യ വനിതാ പ്രസിഡന്റാകും. ചൈനയുമായി സുസ്ഥിര ബന്ധം ആഗ്രഹിക്കുന്നുവെന്നും രാജ്യത്തിന്റെ അഖണ്ഡതയും അന്തസും കാത്തുസൂക്ഷിക്കുമെന്നും സായ് അറിയിച്ചു.

സമാധാനവും സുസ്ഥിരതയും നിലനിര്‍ത്താന്‍ ചൈനയുമായി സഹകരിച്ചുപ്രവര്‍ത്തിക്കുമെന്ന് സായ് പ്രസ്താവിച്ചെങ്കിലും ബീജിങ്ങിന്റെ പ്രതികരണം തണുപ്പനായിരുന്നു. തായ്‌വാന്‍ സ്വാതന്ത്ര്യം നേടാനുള്ള ശ്രമങ്ങള്‍ ഉപേക്ഷിക്കുന്നതിനെ ആശ്രയിച്ചാകും നല്ല ബന്ധം നിലനില്‍ക്കുകയെന്നാണ് ചൈനയുടെ നിലപാട്. ഇത് സായ് ചെയ്യാനിടയില്ലാത്ത കാര്യമാണ്.

ഡമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടി(ഡിപിപി) അദ്ധ്യക്ഷയായ സായ് ഭരണകക്ഷിയായ കുവോമിന്‍ടാങ് (കെഎംടി) എന്ന ദേശീയവാദിപാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി എറിക് ചുവിനെ വന്‍ ഭൂരിപക്ഷത്തിനാണ് പരാജയപ്പെടുത്തിയത്. സായ് 56 ശതമാനം വോട്ട് നേടിയപ്പോള്‍ ചുവിന് 31 ശതമാനം വോട്ടുമാത്രമേ നേടാനായുള്ളൂ.

ചൈനയുമായുള്ള ബന്ധം രാജ്യത്തിന്റെ സാമ്പത്തികനില മെച്ചപ്പെടുത്തുമെന്നായിരുന്നു എട്ടുവര്‍ഷമായി കെഎംടിയുടെ വാദം. ചൈനയുമായുള്ള ബന്ധം മെച്ചപ്പെട്ടെങ്കിലും സമ്പദ് വ്യവസ്ഥ തകര്‍ന്നു. പാര്‍ട്ടിയെ ശനിയാഴ്ചത്തെ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ കൈവിടുകയും ചെയ്തു.

സ്വാതന്ത്ര്യവാദികളായ ഡിപിപിയുടെ വിജയം ചൈനയുമായുള്ള ബന്ധത്തില്‍ അനിശ്ചിതത്വത്തിന്റെ കാലഘട്ടത്തിനാണ് തുടക്കമിടുന്നത്. നല്ല ബന്ധം കാത്തുസൂക്ഷിക്കുമെന്നും ഇക്കാര്യത്തില്‍ രാഷ്ട്രീയഭിന്നതകള്‍ ഉപേക്ഷിക്കാന്‍ തയ്യാറാണെന്നും പറഞ്ഞെങ്കിലും സായ് രാജ്യത്തിന്റെ പരമാധികാരം കാത്തുസൂക്ഷിക്കുമെന്നു പ്രഖ്യാപിക്കുകയും ചെയ്തു.

‘പരസ്പര ഇടപെടലുകളില്‍ അന്തസിലും പാരസ്പര്യത്തിലും അധിഷ്ഠിതവും ഇരുവര്‍ക്കും സ്വീകാര്യവുമായ വഴികള്‍ കണ്ടെത്താന്‍ ഇരു രാജ്യങ്ങള്‍ക്കും ചുമതലയുണ്ട്,’ ശനിയാഴ്ച ടെലിവിഷന്‍ വാര്‍ത്താസമ്മേളനത്തില്‍ സായ് പറഞ്ഞു. ‘ പ്രകോപനങ്ങളോ അപകടങ്ങളോ ഉണ്ടാകാതിരിക്കാന്‍ നാം ശ്രദ്ധിക്കണം.’

‘നമ്മുടെ ജനാധിപത്യം, ദേശീയത, രാജ്യാന്തരസ്ഥാനം എന്നിവ മാനിക്കപ്പെടണം. ഏതെങ്കിലും തരത്തില്‍ അവയെ അടിച്ചമര്‍ത്താനുള്ള ശ്രമം ബന്ധങ്ങളെ ദോഷകരമായി ബാധിക്കും.’

സായിക്കൊപ്പം പ്രവര്‍ത്തിക്കാന്‍ കാത്തിരിക്കുന്നുവെന്നായിരുന്നു യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ പ്രതികരണം. ‘ തായ്‌വാനിലെ ജനങ്ങള്‍ക്കൊപ്പം ഞങ്ങളും ചൈനയുമായി സമാധാനവും സ്ഥിരതയും നിറഞ്ഞ ബന്ധം ആഗ്രഹിക്കുന്നു.’

എന്നാല്‍ സ്വാതന്ത്ര്യം നേടാന്‍ ഉദ്ദേശിച്ചുള്ള ഏത് വിഘടനപ്രവര്‍ത്തനത്തെയും എതിര്‍ക്കുമെന്നായിരുന്നു ചൈനയുടെ പ്രതികരണം. സ്വാതന്ത്ര്യവാദം സായ് ഉപേക്ഷിക്കണമെന്നും ആവശ്യമുണ്ട്.

‘പ്രധാനവിഷയങ്ങളായ ദേശീയ അഖണ്ഡതയിലും പ്രാദേശിക പരമാധികാരത്തിലും ചൈനയുടെ നിലപാട് പാറ പോലെ ഉറച്ചതും മനോഭാവം സ്ഥിരവുമാണ്,’ ചൈനയുടെ തായ്‌വാന്‍ അഫയേഴ്‌സ് ഓഫിസ് പ്രസ്താവനയില്‍ പറഞ്ഞു. ‘രണ്ടു രാജ്യങ്ങളും ചൈനയുടെ രണ്ടുവശങ്ങള്‍ മാത്രമാണെന്ന് അംഗീകരിക്കുന്ന ആരുമായും ബന്ധം ശക്തിപ്പെടുത്താന്‍ തയാറാണ്.’

ചൈനയുടെ സൈന വെയ്‌ബോ മൈക്രോബ്ലോഗിങ് സൈറ്റില്‍ സായിയുടെ പേരും തായ്‌വാന്‍ ഇലക്ഷന്‍സ് എന്നതും ബ്ലോക്ക് ചെയ്യപ്പെട്ടിരുന്നു. ‘പ്രസക്തമായ നിയമങ്ങളും നിയന്ത്രണങ്ങളും നയങ്ങളും അനുസരിച്ച് ഈ സെര്‍ച്ച് റിസല്‍റ്റുകള്‍ പ്രദര്‍ശിപ്പിക്കാനാവില്ല’ എന്നായിരുന്നു വിശദീകരണം.

ഏഷ്യയിലെ വന്‍ സാമ്പത്തിക ശക്തിയായിരുന്ന തായ്‌വാന്റെ സമ്പദ് വ്യവസ്ഥയെ തകര്‍ച്ചയില്‍നിന്നു രക്ഷിക്കുന്നതില്‍ ഇപ്പോഴത്തെ പ്രസിഡന്റ് മാ യിങ് ജിയോ പരാജയപ്പെട്ടതായിരുന്നു പ്രധാന തിരഞ്ഞെടുപ്പു വിഷയം. എന്നാല്‍ ആഴത്തിലുള്ള വിഷയം ജനാധിപത്യമെന്ന നിലയില്‍ ചൈനയില്‍നിന്നു സ്വതന്ത്രമാകാന്‍ രണ്ടുപതിറ്റാണ്ടായി നടക്കുന്ന ശ്രമങ്ങളായിരുന്നു.

‘വോട്ടു ചെയ്തത് ആര്‍ക്കായാലും ജനാധിപത്യത്തിന്റെ അടിസ്ഥാനമായ വോട്ടെടുപ്പ് സാധ്യമായി എന്നതാണ് ഈ തിരഞ്ഞെടുപ്പിന്റെ പ്രധാന്യങ്ങളിലൊന്ന്,’ സെന്‍ട്രല്‍ തായ്‌പെയില്‍ ആയിരക്കണക്കിന് അനുയായികളെ അഭിസംബോധന ചെയ്യും മുന്‍പു നടന്ന ന്യൂസ് കോണ്‍ഫറന്‍സില്‍ സായ് പറഞ്ഞു.

ജനക്കൂട്ടം ‘ഹലോ പ്രസിഡന്റ് ‘ എന്ന് ആവര്‍ത്തിച്ചപ്പോള്‍ കണ്ണുനിറഞ്ഞെന്ന് നാല്‍പതുകാരിയായ ബാങ്ക് ജീവനക്കാരി ചാങ് ബി ഹുവാ പറഞ്ഞു. ഫലം പ്രതീക്ഷിച്ചതാണെന്നും ഭാവി ശോഭനമാക്കാനുള്ള ഒരു അവസരമാണിതെന്നുമായിരുന്നു ഒരുപാടുപേരെപ്പോലെ ചാങ്ങിന്റെ സുഹൃത്ത് വെസ്ലി പെങ്ങിന്റെ പ്രതികരണം.

‘മാറ്റത്തെപ്പറ്റി എല്ലാവരും ആവേശത്തിലാണ്.’ ഡാനി ലിന്‍ എന്ന 32കാരി പറഞ്ഞു. ‘തായ്‌വാനിലെ ജനാധിപത്യം ലോകമെമ്പാടും ശ്രദ്ധിക്കപ്പെടുന്നു. അത് തായ്‌വാന്റെ ദേശീയ മൂല്യമാണ്.’

കഴിഞ്ഞ എട്ടു വര്‍ഷം ചൈനയുമായുണ്ടായ അടുത്ത ബന്ധം വ്യാപാര, വിനോദസഞ്ചാരമേഖലകളില്‍ നേട്ടമുണ്ടാക്കി. എന്നാല്‍ മായുടെ തുറന്ന വാതില്‍ നയം വന്‍കിടക്കാരെ മാത്രമാണ് സഹായിച്ചത്. കഴിഞ്ഞ വര്‍ഷം സമ്പദ്‌വ്യവസ്ഥയുടെ വികസനം ഒരുശതമാനം മാത്രമായിരുന്നു.

‘കെഎംടിയുടെ ഭരണകാലത്ത് സാമ്പത്തിക അസമത്വം വര്‍ദ്ധിച്ചു,’ ഭാര്യയ്ക്കും എട്ടു മാസം പ്രായമുള്ള മകള്‍ക്കും ഒപ്പം വോട്ട് ചെയ്തുമടങ്ങുമ്പോള്‍ വാങ് വി മിന്‍ പറഞ്ഞു. ‘സ്വാതന്ത്ര്യവും അവസരങ്ങളുമുള്ള, സമ്പത്ത് ധനികര്‍ കയ്യടക്കിവയ്ക്കാത്ത ഒരു സമൂഹത്തില്‍ എന്റെ മകള്‍ വളരണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു’.

സായിയുടെ പ്രചാരണം ആഭ്യന്തരവിഷയങ്ങളില്‍ മാത്രം ശ്രദ്ധയൂന്നിയായിരുന്നു. തൊഴില്‍, ഭവനപദ്ധതികള്‍, സമ്പദ് വ്യവസ്ഥയുടെ ആധുനീകരണം, ജനങ്ങളോട് അടുത്തുനില്‍ക്കുന്ന സര്‍ക്കാര്‍. പക്ഷേ ചൈന എന്ന നിഴല്‍ തിരഞ്ഞെടുപ്പിനു മുകളില്‍ വ്യക്തമായിരുന്നു.

തായ് വാന്‍ ചൈനയുടെ ഭാഗമാണെന്നും സ്വാതന്ത്ര്യപ്രഖ്യാപനമുണ്ടായാല്‍ ബലപ്രയോഗം നടത്തുമെന്നുമാണ് ബീജിങ്ങിന്റെ നിലപാട്. 1992ലെ ഒത്തുതീര്‍പ്പുപ്രകാരം ഭരിച്ചിരുന്ന കെഎംടിയും ചൈനയും ‘ ചൈന ഒന്നേയുള്ളൂ’ എന്ന ധാരണയിലെത്തിയത് ഭിന്നതകള്‍ അല്‍പം കുറച്ചെങ്കിലും തായ്‌വാന്റെ ഭരണാവകാശം ആര്‍ക്കാണെന്നതില്‍ തര്‍ക്കം തുടര്‍ന്നു.

സ്വാതന്ത്യം നിലനിര്‍ത്താനാണ് സായ് ആഗ്രഹിക്കുന്നത്. ഒരേ ചൈന വാദം അവര്‍ അംഗീകരിക്കുന്നുമില്ല. കാരണം അത് അംഗീകരിച്ചാല്‍ എന്നെങ്കിലും സ്വാതന്ത്ര്യപ്രഖ്യാപനം നടത്താനുള്ള സാധ്യത ഇല്ലാതാകും.

സായ് വിജയിച്ചാല്‍ ചൈന എങ്ങനെ പ്രതികരിക്കും എന്നതായിരുന്നു ശനിയാഴ്ച തിരഞ്ഞെടുപ്പിലെ പ്രധാന ആശങ്ക. ഇതിനെ കാര്യമായി ചൂഷണം ചെയ്യാന്‍ കെഎംടി ശ്രമിക്കുകയും ചെയ്തു. ഭരണം അലങ്കോലമാകുമെന്നും വന്‍വിപത്തുകളും സാമ്പത്തികപ്രശ്‌നങ്ങളും സുരക്ഷാപ്രശ്‌നങ്ങളുമെല്ലാം ഉണ്ടാകുമെന്നും അവര്‍ പ്രചരിപ്പിച്ചു.

വോട്ട് ചെയ്യാനെത്തിയ 48കാരന്‍ ജയിംസ് ചു അത് സമ്മതിക്കുന്നു. ‘ തായ്‌വാന്റെ സ്വാതന്ത്ര്യത്തെപ്പറ്റി ഉയരുന്ന ചോദ്യങ്ങള്‍ക്ക് സായ് ഉത്തരം നല്‍കിയിട്ടില്ല. വികസനം വേണമെങ്കില്‍ തായ്‌വാന്‍ ചൈനയുമായി സഹകരിക്കണം. അത് അവരുടെ പാര്‍ട്ടിയുടെ ആദര്‍ശത്തിനു നിരക്കുന്നതല്ല.’

എന്തായാലും ഭൂരിപക്ഷം വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഈ വാദത്തിനായില്ല. ചൈനയോടുള്ള വര്‍ധിച്ചുവരുന്ന ആശ്രിതത്വം മിക്കവരെയും അസ്വസ്ഥരാക്കുന്നു എന്നതും സായ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ കൂടുതല്‍ വിവേകത്തോടെ കൈകാര്യം ചെയ്യുമെന്ന പ്രതീക്ഷയും സ്വയം സ്വതന്ത്രരാണെന്നു ലോകത്തെ കാണിച്ചുകൊടുക്കാനുള്ള ജനതയുടെ ശ്രമവുമാണ് ഇതിനു പിന്നിലെന്ന് വിദഗ്ധര്‍ പറയുന്നു.

‘അതിര്‍ത്തിക്കപ്പുറത്തെ കാര്യങ്ങളെക്കാള്‍ ആഭ്യന്തര കാര്യങ്ങളിലാണ് എന്റെ ശ്രദ്ധ’, എന്‍ജിനീയറായ വാങ് പറയുന്നു. ‘ രാജ്യത്തിനകത്ത് കാര്യങ്ങള്‍ കൂടുതല്‍ നന്നായി നടത്താന്‍ സായിക്കാകുമെന്ന് ഞാന്‍ കരുതുന്നു.’

രാജ്യത്ത് കൂടുതല്‍ കൂടുതല്‍ ആളുകള്‍ അവര്‍ തായ്‌വാന്‍കാര്‍ മാത്രമാണെന്നു കരുതുന്നതായി സര്‍വേകള്‍ കാണിക്കുന്നു. നേരത്തെ ചൈനക്കാരാണെന്നും പിന്നീട് ചൈനക്കാരും തായ്‌വാന്‍കാരുമാണെന്നുമായിരുന്നു തോന്നല്‍.

തായ് വാന്‍ ജനാധിപത്യമായതിനുശേഷം ഉണ്ടായ തോന്നലാണത്. മായുടെ കാലത്ത് ചൈനയുമായുള്ള ബന്ധം ശക്തമായപ്പോള്‍ ഈ ചിന്തയും കൂടിവന്നു.

‘ചൈനയുമായി ബന്ധം വര്‍ധിച്ചതോടെ ആളുകളുടെ ചിന്ത ഇങ്ങനെയായി. ചൈന മഹത്തരം തന്നെ. പക്ഷേ അവരല്ല ഞങ്ങള്‍’, തായ്‌പേയ് അക്കാഡമിയ സിനിക്കയിലെ അസിസ്റ്റന്റ് റിസര്‍ച്ച് ഫെലോ നാഥാന്‍ ബറ്റോ പറയുന്നു.

രണ്ട് വ്യത്യസ്ത ചരിത്രങ്ങള്‍, വ്യത്യസ്ത സംസ്‌കാരങ്ങള്‍, അടിസ്ഥാനപരമായി വ്യത്യസ്തതയുള്ള രാഷ്ട്രീയം എന്നിവയെല്ലാം മാറ്റത്തിന് അടിസ്ഥാനമാണ്. തായ് വാന്റെ രാഷ്ട്രീയമുഖം ജനാധിപത്യമാണെന്ന് ബറ്റോ ചൂണ്ടിക്കാട്ടുന്നു.

തായ്‌വാന്റെ പ്രതിഛായയും ചൈനയുമായുള്ള തുല്യമല്ലാത്ത ബന്ധവും തിരഞ്ഞെടുപ്പില്‍ ആളിക്കത്തി. കൊറിയന്‍ ടെലിവിഷനില്‍ തായ്‌വാന്റെ പതാക വീശിയതിന് 16കാരിയായ തായ്‌വാന്‍ പോപ് ഗായിക ചോ സു യുവിന് ക്ഷമ ചോദിക്കേണ്ടിവന്നതാണ് സംഭവം. ചൈനയില്‍ വില്‍പനയില്‍ ഇടിവുണ്ടാകുമെന്നു ഭയന്ന ചോയുടെ ദക്ഷിണ കൊറിയന്‍ മാനേജ്‌മെന്റ് കമ്പനി ‘ഒരേ ചൈന’ നിലപാട് ആവര്‍ത്തിക്കാന്‍ ചോയെ നിര്‍ബന്ധിക്കുകയായിരുന്നു.

തായ്‌വാനെ പിടിച്ചുലച്ച ഈ സംഭവം രാഷ്ട്രീയത്തിനതീതമായി പലരെയും ക്ഷുഭിതരാക്കിയെന്ന് സായ് പറയുന്നു. ‘അതിര്‍ത്തിക്കപ്പുറമുള്ളവര്‍ക്കെതിരെ നമ്മുടെ രാജ്യത്തിന്റെ ശക്തിക്കും ഒരുമയ്ക്കുമുള്ള പ്രാധാന്യത്തെപ്പറ്റി എന്നും നിലനില്‍ക്കുന്ന ഓര്‍മയായിരിക്കും ഈ സംഭവം.’

തിരഞ്ഞെടുപ്പില്‍ മെറ്റല്‍ ഗായകന്‍ ഫ്രെഡി ലിമ്മിന് പരിചയസമ്പന്നനായ കെഎംടി സ്ഥാനാര്‍ത്ഥിക്കുമേല്‍ അപ്രതീക്ഷിത വിജയം ലഭിച്ചു. സ്വതന്ത്ര തായ്‌വാനുവേണ്ടി പരസ്യമായി വാദിക്കുന്നയാളാണ് ഫ്രെഡി.

സായിയുടെ പല അനുയായികളും സ്വതന്ത്ര തായ്‌വാനുവേണ്ടി വാദിക്കുന്നു. സെലിന്‍ ചെന്‍ എന്ന 40കാരിയും ഇതില്‍ ഉള്‍പ്പെടുന്നു. ‘ ഞങ്ങള്‍ ചൈനക്കാരല്ല, തായ്‌വാന്‍കാരാണ് എന്നു ലോകമറിയണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.’

ഇങ്ങനെയാണെങ്കിലും മധ്യമാര്‍ഗത്തിലൂടെ പോകാന്‍ ആഗ്രഹിക്കുന്നവരാണ് മറ്റുള്ളവര്‍.

‘സായ് ബുദ്ധിയുള്ള വനിതയാണ്. ഡിപിപി നേതാവാണെങ്കിലും ചൈനയില്‍നിന്ന് തായ്‌വാനെ വേര്‍പെടുത്തണമെന്ന് അവര്‍ നിര്‍ബന്ധം പിടിക്കുന്നില്ല. ചൈനയുമായി വളരെ അടുക്കാനും ആഗ്രഹിക്കുന്നില്ല,’ ജിന്‍ ഷുവെന്‍ എന്ന അദ്ധ്യാപകന്‍ പറയുന്നു. ‘ സായി തുറന്ന മനസോടെ കാര്യങ്ങളെ സമീപിക്കുന്നു. സഹിഷ്ണുതയോടെയുള്ള ആശയവിനിമയമാണ് അവര്‍ ആഗ്രഹിക്കുന്നത്. അതിര്‍ത്തി ബന്ധങ്ങളില്‍ അതാണ് ഏറ്റവും നല്ല സമീപനം.’

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍