UPDATES

വിദേശം

ചൈനയ്ക്ക് അലെക്സിസ് സിപ്രാസിനെ വേണം

Avatar

ഡേവിഡ് ട്വീഡ്, ടിങ് ഷി
(ബ്ലൂംബര്‍ഗ് ന്യൂസ്)

കടം ഏറി മുടിഞ്ഞു നില്‍ക്കുന്ന ഗ്രീസില്‍ നിക്ഷേപം നടത്താന്‍ തങ്ങള്‍ തയ്യാറാണെന്ന് ചൈനയുടെ പ്രധാനമന്ത്രി ലി കെജിയാങ് ഗ്രീക് പ്രധാനമന്ത്രി അലെക്സിസ് സിപ്രാസിനോട് പറഞ്ഞിരിക്കുന്നു. ഗ്രീസിലെ ഏറ്റവും വലിയ തുറമുഖത്തിന്റെ വില്‍പനയെക്കുറിച്ച് പരസ്പരവിരുദ്ധമായ സന്ദേശങ്ങള്‍ പുറത്തുവരുന്നതിനിടയിലാണ് ഇത്.

ഒരു സ്വകാര്യ ടെലിഫോണ്‍ സംഭാഷണത്തില്‍ ലി കെജിയാങ്  ചൈന സന്ദര്‍ശിക്കാന്‍ സിപ്രാസിനെ ക്ഷണിക്കുകയും ചെയ്തു. ഗ്രീസിനുള്ള തുടര്‍ സാമ്പത്തിക സഹായം സംബന്ധിച്ച് യൂറോപ്യന്‍ യൂണിയനുമായുള്ള (ഇ യു)ചര്‍ച്ചകള്‍ വഴിമുട്ടിനില്‍ക്കവേയാണ് കൂടുതല്‍ നിക്ഷേപത്തിനുള്ള ലിയുടെ വാഗ്ദാനം.

ഇ യു അടിച്ചേല്‍പ്പിച്ച ചെലവ് ചുരുക്കല്‍ നടപടികള്‍ എടുത്തുകളയുമെന്ന വാഗ്ദാനവുമായാണ് സിപ്രാസ് അധികാരത്തിലെത്തിയത്. പൊതുമേഖല ആസ്തികളുടെ വില്‍പ്പന തുടരുമോ എന്ന കാര്യത്തില്‍ സര്‍ക്കാര്‍ വിഭിന്നമായ സൂചനകളാണ് നല്‍കുന്നത്. ചൈനയിലെ കമ്പനിയായ കോസ്കോ ഹോള്‍ഡിങ് 67% ഓഹരി വാങ്ങാന്‍ ലക്ഷ്യമിടുന്ന ഏഥന്‍സീന് അടുത്തുള്ള പിറെയസ് തുറമുഖവും ഇക്കൂട്ടത്തിലുണ്ട്. ചൈന വികസിപ്പിച്ചെടുക്കുന്ന യൂറോപ്പിലേക്കുള്ള കച്ചവടപാതയിലെ-പട്ടു പാത (Silk Road)-ഒരു പ്രധാന കേന്ദ്രമാണ് ഈ തുറമുഖം.

“ഇരുകൂട്ടര്‍ക്കും ഒരേ താത്പര്യമാണെന്ന് ഉറപ്പാക്കാന്‍ ബീജിംഗ് ഏഥന്‍സീലെ പുതിയ സര്‍ക്കാരുമായി ബന്ധപ്പെടുകയാണ്,” ബീജിംഗിലെ ചൈന വിദേശകാര്യ സര്‍വ്വകലാശാലയിലെ അദ്ധ്യാപകന്‍ സു ഹ്വോ പറഞ്ഞു. “ഇരുരാജ്യങ്ങള്‍ക്കും നിര്‍ണായകമായ ഈ തുറമുഖത്തിന്റെ സ്വകാര്യവത്കരണം സംബന്ധിച്ച് ആശയക്കുഴപ്പം നിറഞ്ഞ വാര്‍ത്തകളാണ് പുറത്തുവരുന്നത്.”

ചൈനയിലെ പൊതുമേഖല സ്ഥാപനമായ കോസ്കോ, തുറമുഖത്തിലെ ചരക്ക് ടെര്‍മിനലിന്റെ 35-വര്‍ഷത്തെ നടത്തിപ്പവകാശത്തോടൊപ്പം സിപ്രാസ് പരാജയപ്പെടുത്തിയ മുന്‍ സര്‍ക്കാരിന്റെ ആസ്തി വില്പനയുടെ ഭാഗമായി തുറമുഖത്തിന്റെ ഓഹരികള്‍ വാങ്ങാന്‍ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

പിറെയസ് അടക്കം രണ്ടു തുറമുഖങ്ങളുടെ വില്പന തടയുമെന്ന് ഗ്രീസിലെ പുതിയ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

തുറമുഖവുമായി ബന്ധപ്പെട്ട് നിലവിലുള്ള സഹകരണ കരാറുകളുടെ സ്വഭാവത്തില്‍ മാറ്റം വരുത്തില്ലെന്ന് സിപ്രാസ്  ലിയോട് പറഞ്ഞതായ് ചൈനയുടെ സര്‍ക്കാര്‍ മാധ്യമം സി സി ടി വി വാര്‍ത്ത നല്കിയിരുന്നു. ഇതിന് ഗ്രീസിന്റെ സാമ്പത്തിക വികസനത്തിലുള്ള പ്രാധാന്യവും സിപ്രാസ് വ്യക്തമാക്കി.

ചൈനയിലെ സാമ്പത്തിക നയ രൂപവത്കരണത്തില്‍ നിര്‍ണായക പങ്കുള്ള ലി പിറെയസ് തുറമുഖത്തിന്റെ വികസനത്തില്‍ പ്രത്യേക താത്പര്യമെടുക്കുന്നുണ്ട്. ജനുവരി 22-നു പിയേര്‍-3-നുള്ള തയ്യാറെടുപ്പുകള്‍ ടെര്‍മിനലില്‍ തുടങ്ങിയപ്പോള്‍ “പിറെയസ് തുറമുഖം മെഡിറ്ററേനിയന്‍ കടലിലെ ഒരു മികച്ച തുറമുഖവും മേഖലയിലെ സുപ്രധാന വ്യാപാര കേന്ദ്രവും ആകും” എന്നു ഒരു അഭിനന്ദന സന്ദേശത്തില്‍ ലി പറഞ്ഞു.

“പിറെയസ് തുറമുഖം ഇപ്പോള്‍ ചൈനയുടെ പട്ടുപാത പദ്ധതിയില്‍ വരുന്നതാണ്. നേരത്തെ അംഗീകരിച്ച പദ്ധതിയുമായ് മുന്നോട്ട് പോകുന്നതാണ് ഗ്രീസിന്റെ താതപര്യത്തിനും നല്ലത്,” ബീജിംഗിലെ ചൈന അന്താരാഷ്ട്ര പഠന കേന്ദ്രത്തിലെ യൂറോപ്യന്‍ വിഭാഗത്തിലെ ഗവേഷകന്‍ ല്യൂ ജിയാണ്‍ഷെങ് പറയുന്നു. “ഇരുകൂട്ടര്‍ക്കും ഈ പദ്ധതി ഗുണം ചെയ്യും-ഗ്രീസിനും ഇതറിയാം. ചൈന മാത്രമാണു അവര്‍ക്ക് ആശ്രയിക്കാവുന്ന, ഇ യു, റഷ്യ, യു എസ് എന്നിവയ്ക്ക് പുറത്തുള്ള ഒരു പങ്കാളി.”

ഗ്രീസുമായുള്ള വ്യാപാര ഇടപാടുകളില്‍  ഒന്‍പതാമതാണ് ചൈനയുടെ സ്ഥാനം. റഷ്യയും ജര്‍മനിയുമാണ് യഥാക്രമം ഒന്നും രണ്ടും സ്ഥാനത്ത്.

റഷ്യയുടെ മേല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തന്നതിനെ സിപ്രാസ് ചോദ്യം ചെയ്തത് യൂറോപ്യന്‍ നേതാക്കളെ  ചൊടിപ്പിച്ചിരുന്നു. തെരഞ്ഞെടുപ്പ് വിജയത്തില്‍ അഭിനന്ദിക്കാന്‍ റഷ്യന്‍ പ്രസന്‍റ് വ്ലാഡിമിര്‍ പുടിന്‍ വിളിച്ചതിന്  തൊട്ട് പിന്നാലെയായിരുന്നു ഇത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വര്‍ദ്ധിപ്പിക്കാമെന്നും  പുടിന്‍ വാഗ്ദാനം നല്കി.

മോസ്കോവിനേക്കാള്‍ ബീജിംഗിനോട് അടുപ്പം പുലര്‍ത്തുന്നതാണ് ബുദ്ധി,” അന്താരാഷ്ട്ര രാഷ്ട്രീയ നിരീക്ഷകന്‍ റോബിന്‍ നിബ്ബ്ലെറ്റ് പറയുന്നു. “ചൈനയുടെ പണത്തിന്റെ ആകര്‍ഷണം അത് ചരടുകളില്ലാതെയാണ് വരുന്നതെന്നാണ്. റഷ്യയുടെ പണമാണെങ്കില്‍ അത് അഴിമതി വഴികളിലൂടെയും.”

ഗ്രീസിനുള്ള സഹായത്തിന്റെ കാര്യത്തില്‍  ഗ്രീക്കു സര്‍ക്കാരും യൂറോപ്യന്‍ യൂണിയനും ഇനിയും ഒത്തുതീര്‍പ്പില്‍ എത്തിയിട്ടില്ല. ഒരു ഒത്തുതീര്‍പ്പില്‍ എത്താനായില്ലെങ്കില്‍ ഗ്രീസിന്റെ സാമ്പത്തിക രക്ഷാ പദ്ധതിയുടെ സമയപരിധി അവസാനിക്കും. യൂറോ മേഖലയിലെ ഏറ്റവും വലിയ കടക്കാരന്‍ രാഷ്ട്രത്തിന് കടുത്ത സാമ്പത്തിക പ്രതിസന്ധിയായിരിക്കും തുടര്‍ന്ന് നേരിടേണ്ടി വരിക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍