UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തിരയില്‍നിന്ന്‍ ഒരു ഗ്രാമം ഉയര്‍ന്നു വരുന്നു: സുനാമിയുടെ 10 വര്‍ഷങ്ങള്‍ – ഫോട്ടോ ഫീച്ചര്‍ -2

Avatar

Ashok K N

ജീവ ജയദാസ്

 

സുനാമി ദുരന്തം കഴിഞ്ഞ് 10 വര്ഷം കഴിയുമ്പോള്‍ ജീവിതത്തിലേക്ക് പൂര്‍വാധികം ശക്തിയോടെ തിരികെ വന്ന ഒരു ജനതയുടെ ജീവിതത്തിലൂടെ- ഭാഗം 2 (ഭാഗം 1 ഇവിടെ വായിക്കാം- സുനാമിയുടെ 10 വര്‍ഷങ്ങള്‍- ഒരു ജനത ജീവിതം തിരിച്ചു പിടിച്ചതിങ്ങനെയാണ്)

നാഗപട്ടണത്തെ മിക്കവാറും എല്ലാ ഗ്രാമങ്ങളിലും ഗവണ്‍മെന്റ് തന്നെ സ്ഥലങ്ങള്‍ കണ്ടെത്തിക്കൊടുക്കുകയും, വീടു നിര്‍മ്മാണത്തിന് സന്നദ്ധ സംഘടനകള്‍ മുന്നോട്ടു വരികയും ചെയ്തു. ജനങ്ങള്‍ക്ക് ഇതില്‍ യാതൊരു പങ്കാളിത്തവും ഉണ്ടായിരുന്നില്ല. എന്നാല്‍ തരംഗംപാടി, ചിന്നന്‍ഗുഡി ഗ്രാമങ്ങളില്‍ സ്ഥിതി തികച്ചും വ്യത്യസ്തമായിരുന്നു. ജനകീയ പങ്കാളിത്തത്തോടെയുള്ള ഭവനനിര്‍മ്മാണം ആയിരുന്നു അവിടെ സിഫ്സ് (SIFFS) മുന്നോട്ട് വെച്ചത്. ലാറി ബേക്കറുടെ ശിഷ്യനായിരുന്ന ബെന്നി കുര്യാക്കോസ് ആയിരുന്നു ഇതിന്റെ പ്രോജക്ട് കണ്‍സള്‍ട്ടന്റ്. സാമൂഹിക ഭവനനിര്‍മ്മാണ രംഗത്ത് ചെലവു കുറഞ്ഞ വീടുകളുടെ ശില്പിയായിരുന്നു ബെന്നി. ജനകീയ പങ്കാളിത്തത്തോടെയുള്ള വീടു നിര്‍മ്മാണത്തില്‍ തുടക്കത്തില്‍ തന്നെ ജനങ്ങള്‍ക്ക് ഉടമസ്ഥാവകാശം ലഭിയ്ക്കുന്നു. കടലെടുത്ത ഗ്രാമത്തെ അതേപടി പുന:സൃഷ്ടിയ്ക്കുകയായിരുന്നു ബെന്നിയുടെ ലക്ഷ്യം. പഴയ അയല്‍പക്കവും മറ്റും അതേപോലെ നിലനിര്‍ത്തി, കടല്‍ തീരത്തു നിന്നും 500 മീറ്റര്‍ അകലെ പുതിയ സുരക്ഷിത സ്ഥലത്ത് പ്രകൃതിക്ഷോഭങ്ങളെ തടുക്കാന്‍ പാകത്തിന് ഒരു പുതിയ ഗ്രാമം.

 

സിഫ്‌സിന്റെ സോഷ്യോ-ഇക്കണോമിക് ടീമംഗങ്ങളും എഞ്ചിനിയറിംഗ് ടീമംഗങ്ങളും ഇതിനു മുന്നോടിയായി ഗ്രാമത്തില്‍ സര്‍വ്വേകള്‍ നടത്തുകയും, ഇതിനായി ഗ്രാമത്തില്‍ നിന്നു തന്നെയുള്ള വോളന്റിയര്‍മാരെ ഉള്‍പ്പെടുത്തുകയും ചെയ്തു. സ്വന്തം ഗ്രാമത്തിന്റെ പുന:സൃഷ്ടിയില്‍ അങ്ങനെ ഒരു നാടു മുഴുവന്‍ പങ്കുചേര്‍ന്നു.

 

വീടു പണിയ്ക്കു മുന്നോടിയായി താഴ്ന്ന ഭൂമിയായ പുതിയ സ്ഥലത്ത് മണ്ണു പരിശോധന നടത്തി, മണ്ണിട്ടു പൊക്കിയാണ് സ്ഥലം ഒരുക്കിയത്. അതോടൊപ്പം തരംഗംപാടിയിലും ചിന്നന്‍ഗുഡിയിലും ഏഴു മോഡല്‍ വീടുകള്‍ നിര്‍മ്മിച്ചു. ആളുകളുടെ താല്പര്യം അനുസരിച്ച് ഓരോ കുടുംബത്തിനും വീടുകള്‍ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു. ഇതിനായി ബെന്നിയും ടീമംഗങ്ങളും ആളുകളുമായി മുഖാമുഖങ്ങള്‍ നടത്തി വീടിനെക്കുറിച്ചുള്ള അവരുടെ സന്ദേഹങ്ങള്‍ പങ്കുവെച്ചിരുന്നു.

 

 

ജനങ്ങളെ അവരുടെ സാമുദായിക താല്പര്യങ്ങള്‍ക്കനുസരിച്ച് വീടു പണി തുടങ്ങുന്നതിനു മുമ്പ് ഭൂമി പൂജ നടത്തുന്നതിനും മറ്റും അനുവദിച്ചിരുന്നു. ഇനിയൊരു ദുരന്തവും തച്ചിടയ്ക്കാത്ത ഒരു സുരക്ഷിത ഭവനമായിരുന്നു അവര്‍ക്കു വേണ്ടത്. കൂടാതെ ഒരു മത്സ്യത്തൊഴിലാളി ഗ്രാമത്തില്‍, തങ്ങളുടെ തൊഴിലുമായി ബന്ധപ്പെടുത്തി വീടിന്റെ ഇടങ്ങള്‍ ഡിസൈന്‍ ചെയ്യുന്നതിനും അവര്‍ സഹായിച്ചു. മത്സ്യ ബന്ധന ഉപകരണങ്ങള്‍ സൂക്ഷിയ്ക്കുന്ന ഇടം, കളിസ്ഥലം, കമ്മ്യൂണിറ്റി ഹാള്‍ എന്നിങ്ങനെ ഒരു പുതിയ സംസ്‌കാരത്തിന്റെ കണ്ണികളാക്കുക കൂടിയായിരുന്നു ഇത്തരമൊരു വാസസ്ഥലം സൃഷ്ടിയ്ക്കുന്നതിന്റെ ഉദ്ദേശ്യം.

 


ഭൂമി പൂജ

 


കട്ടിള വയ്ക്കല്‍

 

സ്ത്രീകളും കുട്ടികളുമായിരുന്നു സുനാമി ദുരന്തത്തില്‍ മാനസികമായും കൂടുതല്‍ തളര്‍ന്നുപോയത്. എന്നാല്‍ ആ സമയത്ത് ഗ്രാമത്തില്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കായി എത്തിയ സന്നദ്ധ സംഘടനകള്‍ ഇവരെ മാനസിക സംഘര്‍ഷങ്ങളില്‍ നിന്നും മോചിതരാക്കുവാന്‍ ഏറെ സഹായിച്ചു. വിവിധ തൊഴില്‍ രംഗങ്ങളില്‍ പരിശീലനം നല്‍കി യുവാക്കളില്‍ ആത്മവിശ്വാസം വളര്‍ത്തിയെടുക്കുകയും അവരെ പുതിയ തൊഴിലുകള്‍ തേടി പോകുന്നതിന് പ്രാപ്തരാക്കുകയും ചെയ്തു.

 


പുതിയ ചുവടുകള്‍

 

 

സുനാമിയ്ക്കു ശേഷം കടലില്‍ മത്സ്യസമ്പത്ത് ഗണ്യമായി കുറഞ്ഞതും യുവാക്കളെ മറ്റു തൊഴിലുകള്‍ തേടി പോകാന്‍ നിര്‍ബന്ധിതരാക്കി. നാഗപട്ടണത്ത് മത്സ്യബന്ധന സീസണ്‍ അല്ലാത്ത സമയത്ത് ആളുകള്‍ കേരള തീരങ്ങളിലും മീന്‍ പിടിയ്ക്കുന്നതിനായി എത്താറുണ്ട്.

 

 

 

 

സ്ത്രീകളാണ് പൊതുവേ മത്സ്യത്തൊഴിലാളി കുടുംബത്തിലെ സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നത്. പുരുഷന്മാര്‍ മത്സ്യബന്ധനത്തിന് പോകുമ്പോള്‍ സത്രീകള്‍ മീന്‍ കച്ചവടം ചെയ്ത് തങ്ങളുടെ കുടുംബത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തുന്നു. പെണ്‍കുട്ടികള്‍ മിക്കവാറും ഹൈസ്‌ക്കൂള്‍ പഠനത്തിനു ശേഷം പഠിപ്പ് നിര്‍ത്തി വിവാഹ ജീവിതത്തിലേയ്ക്ക് കടക്കുന്നു. വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ ജീവിത പ്രാരാബ്ദങ്ങള്‍ അവരെ മത്സ്യക്കച്ചവടത്തിലേയ്ക്ക് നയിക്കും.

 

 

 

 

സുനാമിയ്ക്കു ശേഷം അഞ്ഞൂറോളം സന്നദ്ധ സംഘടനകളാണ് നാഗപട്ടണത്ത് പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ വീടു നിര്‍മ്മാണ ഘട്ടമായപ്പോള്‍ 100-ല്‍ താഴെയായി. ലക്ഷങ്ങള്‍ മുടക്കി ചെയ്യുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ചെലവു താങ്ങാന്‍ കഴിവുള്ള സന്നദ്ധ സംഘടനകള്‍ വളരെ കുറവായിരുന്നു.

 

 

 

 

സുരക്ഷിതമായ പാര്‍പ്പിട സൗകര്യങ്ങള്‍ ഒരുക്കിയ ശേഷം സന്നദ്ധ സംഘടനകള്‍ നാഗപട്ടണത്തു നിന്നും പിന്‍വാങ്ങി. സിഫ്‌സ്, സ്‌നേഹ തുടങ്ങിയ പ്രാദേശിക സംഘടനകള്‍ ഏറെ ഉത്തരവാദിത്വത്തോടെയാണ് മുഴുവന്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കിയത്.

 

 

 

സുനാമി ദുരന്തമുണ്ടായിട്ട് 10 വര്‍ഷം കഴിയുന്നു. നാഗപട്ടണത്തെ ഗ്രാമങ്ങള്‍ ഇന്ന് വികസനത്തിന്റെ പാതയിലാണ്. ഗവണ്‍മെന്റ് വാഗ്ദാനം ചെയ്തിരുന്ന എല്ലാ വീടുകളും പണികഴിപ്പിച്ചു നല്കിയിരിയ്ക്കുന്നു. നാഗപട്ടണം ജില്ലയില്‍ മാത്രം 19,736 വീടുകളാണ് പണിതു നല്കിയിരിയ്ക്കുന്നത്. പുതിയ ആവാസ വ്യവസ്ഥയില്‍ കാര്യങ്ങള്‍ കുറച്ചു കൂടി ഗൗരവപൂര്‍വ്വമാണ് ജനങ്ങള്‍ കാണുന്നത്. സുരക്ഷിതമായ ഒരു വാസസ്ഥലം എന്ന ആശയത്തിനൊപ്പം ശുചിത്വ പൂര്‍ണ്ണമായ, ഹരിതാഭമായ, ഇനിയും ദുരന്തങ്ങളെ അതിജീവിയ്ക്കാനുള്ള ഒരിടമായി കരുതുന്നു. ഗവണ്‍മെന്റ് പണിതു നല്കിയ വീടുകളില്‍ സ്വന്തം ഇഷ്ടപ്രകാരം വേണ്ടത്ര മാറ്റങ്ങള്‍ വരുത്തി സൗകര്യങ്ങള്‍ കൂട്ടുന്നതിന് ആളുകള്‍ തല്പരരായിരുന്നു.

 

 

നാഗപട്ടണത്തെ ജനങ്ങള്‍ക്ക് സുരക്ഷിതമായ ഒരു പാര്‍പ്പിടം നല്‍കുക എന്നതിനോടൊപ്പം അവിടത്തെ ദാരിദ്ര്യം തുടച്ചു നീക്കുന്നതിനും അവര്‍ക്ക് കൃത്യമായ ജീവിതമാര്‍ഗ്ഗം ഉണ്ടാക്കിയെടുക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങളിലാണ്, സന്നദ്ധ സംഘടനകളുടെ ചുക്കാന്‍ പിടിച്ചിരുന്ന ആനി ജോര്‍ജ്ജും സംഘവും. ദക്ഷിണേന്ത്യയിലെ നെല്ലറകളിലൊന്നായ നാഗപട്ടണം ഇനി ഒരു പക്ഷേ ഭൂപടത്തില്‍ സ്ഥാനം പിടിയ്ക്കാന്‍ പോകുന്നത് സുസ്ഥിര വികസനത്തിന്റെ മാതൃക എന്ന നിലയിലാവും.

 

മത്സ്യത്തൊഴിലാളികള്‍, ആദിവാസികള്‍ എന്നിങ്ങനെ സമൂഹത്തിന്റെ അരികുകളില്‍ ചേക്കേറിയ ജനവിഭാഗങ്ങള്‍ക്ക് ഇത്തരം പ്രകൃതി ദുരന്തങ്ങള്‍ ഒരു പക്ഷേ അവരുടെ വംശനാശത്തിനുള്ള വഴിയാകും തുറന്നിടുക. പക്ഷേ ഈ ജനവിഭാഗത്തിന്റെ ജീവിക്കാനുള്ള അഭിവാജ്ഞയും ദുരന്തത്തെ ഉറച്ച മനസ്സോടെയും വീറും വാശിയോടെയും നേരിടാനുള്ള ധൈര്യവും ശരിയ്ക്കും അത്ഭുതപ്പെടുത്തുന്നതാണ്.

(അവസാനിച്ചു)

 

(ദൃശ്യമാധ്യമ പ്രവര്‍ത്തകയാണ് ജീവ. സുനാമി ദുരന്തം നാമാവശേഷമാക്കിയ തമിഴ്നാട്ടിലെ നാഗപട്ടണത്ത് പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തിരുന്നു. 10 വര്‍ഷത്തിന് ശേഷം അവിടെ എത്തിയപ്പോള്‍ കണ്ട കാഴ്ചകളും ജീവിതങ്ങളും കൂടിയാണ് ഇവിടെ)

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍