UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സുനാമിയുടെ 10 വര്‍ഷങ്ങള്‍; ഒരു ജനത ജീവിതം തിരിച്ചുപിടിച്ചതിങ്ങനെയാണ്- ഫോട്ടോ ഫീച്ചര്‍

Avatar

Ashok K N

ജീവ ജയദാസ്

 

സുനാമി ദുരന്തം കഴിഞ്ഞ് 10 വര്ഷം കഴിയുമ്പോള്‍ ജീവിതത്തിലേക്ക് പൂര്‍വാധികം ശക്തിയോടെ തിരികെ വന്ന ഒരു ജനതയുടെ ജീവിതത്തിലൂടെ- ഭാഗം 1

ലോക ജനതയില്‍ വലിയൊരു വിഭാഗത്തെ ഉന്മൂലനം ചെയ്ത സുനാമി ദുരന്തത്തിന് ഡിസംബര്‍ 26ന് 10 വയസ്സ്. ദക്ഷിണേഷ്യയിലെ 14 രാജ്യങ്ങളിലായി 2.30 ലക്ഷം പേരുടെ ജീവന്‍ കവര്‍ന്ന സുനാമി ദുരന്തം ഇന്ത്യയില്‍ മാത്രം പതിനായിരത്തോളം പേരുടെ ജീവനെടുത്തു. ഇന്തോനേഷ്യയിലെ സുമാത്ര പ്രഭവ കേന്ദ്രമായി റിക്ടര്‍ സ്‌കെയിലില്‍ 9.15 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് സമുദ്രത്തില്‍ ആര്‍ത്തലച്ച രാക്ഷസ തിരമാലകള്‍ക്ക് കാരണമായത്. ഇന്തോനേഷ്യ, ഇന്ത്യ, തായ്‌ലാന്റ് തുടങ്ങിയ 14 രാജ്യങ്ങളിലാണ് സുനാമി ദുരന്തം നാശം വിതച്ചത്. ഇന്ത്യയില്‍ രാവിലെ ഒന്‍പതിനും പത്തിനുമിടയില്‍ ആഞ്ഞടിച്ച തിരമാലകള്‍ തീരദേശങ്ങളില്‍ നാശം വിതയ്ക്കുകയായിരുന്നു. തമിഴ്‌നാടിന്റെ മിക്കവാറും തീരപ്രദേശങ്ങള്‍ എല്ലാം തന്നെ സുനാമി തിരമാലകള്‍ തകര്‍ത്തെറിഞ്ഞു. നിരവധി മത്സ്യ ബന്ധന ഗ്രാമങ്ങള്‍ വന്‍തിരമാലകളാല്‍ അപ്രത്യക്ഷമായി. ആന്ധ്ര, പുതുച്ചേരി, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപസമൂഹം, കേരളം എന്നിവിടങ്ങളിലെല്ലാം സുനാമി സംഹാര താണ്ഡവം നടത്തി. തമിഴ്‌നാട്ടില്‍ മാത്രം 7798 പേര്‍ മരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്. എന്നാല്‍ ഇതിലും എത്രയോ അധികം പേര്‍ സുനാമി ദുരന്തത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ടാവാം. ഔദ്യോഗിക കണക്കുകള്‍ പ്രകാരം കേരളത്തില്‍ 168 പേര്‍ ദുരന്തത്തില്‍ കൊല്ലപ്പെടുകയും അനേകം പേര്‍ സുനാമി കെടുതികള്‍ക്ക് ഇരയാവുകയും ചെയ്തു. കൊല്ലം ജില്ലയിലെ ആലപ്പാട്, ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ എന്നീ സ്ഥലങ്ങളിലാണ് സുനാമി തിരമാലകള്‍ കൂടുതല്‍ നാശം വിതച്ചത്.

 

സുനാമി ദുരന്തത്തിന് ശേഷം ഏതാനും മാസങ്ങള്‍ക്കകം ഒരു സന്നദ്ധ സംഘടനയുടെ പുനര്‍നിര്‍മ്മാണ ഡോക്യുമെന്റേഷന്‍ ജോലിയ്ക്കായാണ് ഞാന്‍ നാഗപട്ടണത്ത് എത്തുന്നത്. തരംഗംപാടി, ചിന്നന്‍ഗുടി എന്നീ ഗ്രാമങ്ങളില്‍ മൊത്തം 1500 വീടുകള്‍ നിര്‍മ്മിയ്ക്കുക എന്നതായിരുന്നു സിഫ്‌സ് എന്ന സംഘടനയുടെ ലക്ഷ്യം. സുനാമിയ്ക്കു നിരവധി വര്‍ഷങ്ങള്‍ക്കു മുമ്പു തന്നെ നാഗപട്ടണത്ത് മത്സ്യത്തൊഴിലാളി ഗ്രാമങ്ങളില്‍ വേരുറച്ച ഒരു സംഘടനയായിരുന്നു സിഫ്‌സ് അഥവാ സൗത്ത് ഇന്ത്യാ ഫെഡറേഷന്‍ ഓഫ് ഫിഷര്‍മെന്‍ സൊസൈറ്റീസ്. തരംഗംപാടി ഗ്രാമം ഒരു ഡെന്‍മാര്‍ക്ക് കോളനിയായിരുന്നു. ഡാനിഷ്, ബ്രിട്ടീഷ് ഭരണത്തിന്റെ അവശിഷ്ടങ്ങളായി ഗ്രാമത്തില്‍ അവശേഷിച്ച ഡാന്‍സ് ബോര്‍ഗ് ഫോര്‍ട്ട് മ്യൂസിയം, ഡാനിഷ് ഗവര്‍ണറുടെ ബംഗ്ലാവ്, ബ്രിട്ടീഷ് കലക്ടറുടെ ബംഗ്ലാവ് എന്നിവയെല്ലാം ഇന്നും സംരക്ഷിച്ചു പോരുന്നുണ്ട്. സുനാമി തിരമാലകള്‍ ഈ ഗ്രാമത്തിലെ 375 ഓളം ആളുകളുടെ ജീവന്‍ അപഹരിച്ചു. അനേകര്‍ക്ക് അംഗഭംഗം സംഭവിച്ചു. വീടുകള്‍ മിക്കതും തകര്‍ത്തെറിയപ്പെട്ടു. ജീവിത മാര്‍ഗ്ഗമായിരുന്ന മത്സ്യബന്ധന ഉപകരണങ്ങളെല്ലാം തന്നെ നഷ്ടമായി. നാഗപട്ടണം ജില്ലയില്‍ ആകെ 6065 പേര്‍ക്ക് ജിവന്‍ നഷ്ടപ്പെട്ടു. തരംഗംപാടിയിലെ ഒരു ഗ്രാമവാസിയായ ശങ്കര്‍ സുനാമി ദിവസം എടുത്ത ചിത്രങ്ങള്‍ ദുരന്തത്തിന്റെ ഭീകരത വ്യക്തമാക്കുന്നവയായിരുന്നു.

 


ദുരന്തദിവസം തരംഗംപാടി ഗ്രാമം

 


മറക്കാന്‍ കഴിയാത്ത കാഴ്ചകള്‍- തരംഗംപാടിയില്‍ നിന്നും

 


സുനാമി തിരകള്‍ തകര്‍ത്തെറിഞ്ഞ തരംഗംപാടി ഗ്രാമം

 


തരംഗംപാടിയില്‍ നിന്നും

 


തരംഗംപാടി ഗ്രാമം – സിറ്റി ഗേറ്റ്

 


ഡാന്‍സ് ബോര്‍ഗ് ഫോര്‍ട്ട് മ്യൂസിയം

 


കിംഗ് സ്ട്രീറ്റ്

 


ഡാനിഷ് ഗവര്‍ണര്‍ ബംഗ്ലാവ് പുതുക്കിപ്പണിതപ്പോള്‍

 


സിയോണ്‍ ചര്‍ച്ച്

 

അനേകരുടെ ജീവനും, സ്വത്തും, ഉപജീവന മാര്‍ഗ്ഗങ്ങളും തട്ടിയെടുത്ത രാക്ഷസ തിരമാലകള്‍ അവശേഷിപ്പിച്ചത് ചേതനയറ്റ കുറെ ശരീരങ്ങളും പ്രതീക്ഷയറ്റ ജീവിതങ്ങളുമാണ്. ദുരന്തത്തില്‍ മരിച്ചവരെ ഗ്രാമത്തില്‍ തന്നെയുള്ള ഒരു പഴയ റെയില്‍വേ യാര്‍ഡിനു സമീപം കൂട്ടമായി മറവു ചെയ്യുകയായിരുന്നു. ദുരന്തത്തിന്റെ അവശേഷിപ്പുകള്‍ നീക്കം ചെയ്ത് ഗ്രാമം മനുഷ്യജീവത യോഗ്യമാക്കാന്‍ മാസങ്ങള്‍ എടുത്തു.

 


ദുരന്തന്തിന്റെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നു

 


എല്ലാം ഓര്‍മയാക്കിക്കൊണ്ട്

 


അവശിഷ്ടങ്ങള്‍

 

04. ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് രണ്ടു ലക്ഷം രൂപ വീതം സര്‍ക്കാര്‍ ധനസഹായം നല്‍കിയിരുന്നു. കൂടാതെ ദുരിതാശ്വാസമായി മൂന്നു മാസം ഓരോ കുടുംബത്തിനും 4000 രൂപ വീതം അടിയന്തര സഹായമായും നല്‍കി. ദുരന്തത്തിനു ശേഷം മാസങ്ങളോളം തൊഴില്‍ ചെയ്യാന്‍ കഴിയാതിരുന്ന ജനങ്ങള്‍ക്ക് അതൊരു താല്കാലിക ആശ്വാസമായിരുന്നു. വിവിധ സന്നദ്ധ സംഘടനകള്‍ അരിയും മറ്റു അവശ്യ ഭക്ഷ്യ വസ്തുക്കളും വിതരണം ചെയ്ത് ദുരിത ബാധിതരെ സഹായിച്ചിരുന്നു. ബോട്ട്, കട്ടമരം, വല തുടങ്ങിയ മത്സ്യ ബന്ധന ഉപകരണങ്ങള്‍ നല്‍കുക വഴി ഒരു പരിധി വരെ ആളുകള്‍ക്ക് തൊഴില്‍ വീണ്ടെടുക്കുന്നതിന് സഹായകമായി. ചില സന്നദ്ധ സംഘടനകള്‍ പണം ചെലവാക്കുന്നതില്‍ അമിതോത്സാഹം കാണിച്ചു. എന്നാല്‍ ഗുണമേന്മ നോക്കാതെ ബോട്ടുകളും മറ്റു സാമഗ്രികളും നല്‍കുക വഴി അവയൊക്കെ ദീര്‍ഘകാലം ഉപയോഗിയ്ക്കാന്‍ തൊഴിലാളികള്‍ക്ക് കഴിഞ്ഞില്ല.

 


ദുരന്തമേഖലകളില്‍ റേഷന്‍ വിതരണം തുടങ്ങുന്നു

 


അതിജീവിക്കുമെന്ന ഉറപ്പോടെ

 


റേഷന്‍ വിതരണ കേന്ദ്രം

 


ബോട്ടുകളും കട്ടമരങ്ങളും – ജീവിതം പുതുക്കിപ്പണിതു തുടങ്ങുന്നു

 


കട്ടമരങ്ങള്‍ തയാര്‍

 


പുതിയ ജീവിതത്തിനായി

 

05. നാഗപട്ടണം ജില്ലയിലെ ദുരിതാശ്വാസ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഏകദേശം 400 ഓളം സന്നദ്ധ സംഘടനകള്‍ ചുക്കാന്‍ പിടിച്ചു. ഇവയുടെയൊക്കെ പ്രവര്‍ത്തനങ്ങളെ ഏകീകരിയ്ക്കുന്നതിനുള്ള എന്‍ജിഒ കോ-ഓര്‍ഡിനേഷന്‍ ആന്റ് റിസോഴ്‌സ് സെന്റര്‍ (NCRC) ന്റെ ചുമതല വഹിച്ചിരുന്നത് മലയാളിയായ ആനി ജോര്‍ജ്ജ് ആയിരുന്നു.

 


ആനി ജോര്‍ജ്

 

06. സുനാമി പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നതു വരെ താല്കാലിക ഷെഡുകളിലായിരുന്നു ദുരന്ത ബാധിതരെ പാര്‍പ്പിച്ചിരുന്നത്. വളരെ പരിമിതമായ സൗകര്യങ്ങള്‍ മാത്രം ഉണ്ടായിരുന്ന ഷെഡുകളില്‍ ഓരോ കുടുംബങ്ങളും അങ്ങേയറ്റം ദുരിതത്തോടെയാണ് കഴിഞ്ഞുകൂടിയിരുന്നത്. സുനാമിയ്ക്കു ശേഷം പലവിധം മാനസിക സംഘര്‍ഷങ്ങളാല്‍ ഉഴറിയിരുന്ന ആളുകളെ ഇത്തരം സാഹചര്യങ്ങള്‍ കൂടുതല്‍ പരിതാപകരമായ അവസ്ഥയില്‍ കൊണ്ടെത്തിച്ചു. ഏകദേശം മൂന്നു വര്‍ഷത്തോളം ഇത്തരം ഷെഡുകളില്‍ താമസിയ്ക്കാന്‍ ആളുകള്‍ നിര്‍ബന്ധിതരായി. പൊതുവെ വെള്ളം കെട്ടി നില്‍ക്കുന്ന താഴ്ന്ന പ്രദേശമായതിനാല്‍ വൃത്തിഹീനമായ ചുറ്റുപാടുകള്‍ ആയിരുന്നു അവിടം മുഴുവനും. സംഘര്‍ഷഭരിതമായ ജീവിതം… നിലാലംബത… അരക്ഷിതാവസ്ഥ… ഇതെല്ലാം ഇവരുടെ ജീവിതം തികച്ചും ദുരിതപൂര്‍ണ്ണമാക്കി.

 


താത്കാലിക ഷെഡുകള്‍

 


മുറിവുകള്‍ ഉണങ്ങുന്നില്ല; എങ്കിലും ജീവിതത്തിന്റെ തുടിപ്പുകള്‍ 

 

ദുരിതം തന്നെയെങ്കിലും ഇങ്ങനെയാണ് ഒരു ജനത അതിജീവിച്ചത്

 

07. സുനാമി ദുരന്തത്തില്‍ സ്വന്തം സഹോദരിയെ നഷ്ടപ്പെട്ട 13 വയസ്സുള്ള രമ്യയ്ക്ക്, സഹോദരിയുടെ കുട്ടികളടക്കം ഏഴു കുരുന്നുകളുടെ ജീവിതം രക്ഷിയ്ക്കാനായി. ആര്‍ത്തലച്ചു വന്ന തിരമാലകള്‍ അടിച്ചു തെറിപ്പിച്ച കുരുന്നുകളെ വീടിന്റെ മേല്‍ക്കൂരയില്‍ താങ്ങി നിര്‍ത്തിയാണ് രമ്യ അവരെ ജീവിതത്തിലേയ്ക്ക് തിരികെ കൊണ്ടുവന്നത്.

 


രമ്യ തന്റെ സഹോദരിയുടെ കുഞ്ഞുങ്ങള്‍ക്കൊപ്പം

 

സുനാമിയില്‍ കാലുകള്‍ തകര്‍ന്ന വൈദ്യലിംഗം നിരവധി മാസങ്ങള്‍ വേദനയനുഭവിച്ച് പഴുത്തൊലിച്ച കാല്പാദവുമായി മരിച്ചുജീവിച്ചു. ഒരു ദിവസം ഇടിഞ്ഞുപൊളിഞ്ഞ വീടിന്റെ വരാന്തയില്‍ ഒടിഞ്ഞു തൂങ്ങിയ കാലുകളുമായി വൈദ്യലിംഗത്തെ ഞാന്‍ കാണാന്‍ ഇടയായി. അദ്ദേഹത്തെ എന്റെ സഹപ്രവര്‍ത്തകനോടൊപ്പം മയിലാടുതുറൈയിലുള്ള ഒരാശുപത്രിയില്‍ എത്തിച്ചു. കാലിന്റെ പാദം മുറിച്ചു മാറ്റേണ്ടി വന്നു. ദുരന്തം സമ്മാനിച്ച വേദനയില്‍ നിന്നും മോചിതനാവാത്ത വൈദ്യലിംഗം മാസങ്ങള്‍ക്കു ശേഷം ഈ ലോകത്തോടു വിട പറഞ്ഞു.

 


ദുരന്തത്തിന് ശേഷം വൈദ്യലിംഗം

 


ഓപ്പറേഷന്‍ കഴിഞ്ഞ് മുറിച്ച് മാറ്റിയ കാലുമായി വൈദ്യലിംഗം

 

08. തരംഗംപാടി ഗ്രാമത്തില്‍ മത്സ്യത്തൊഴിലാളി കുടുംബങ്ങളെ കൂടാതെ ദളിത്, മുസ്ലീം സമുദായങ്ങളും വ്യത്യസ്ത ഭാഗങ്ങളില്‍ താമസമുറപ്പിച്ചിരുന്നു. ദളിത് കുടുംബങ്ങളുടെ മുഖ്യ ഉപജീവന മാര്‍ഗ്ഗം കൃഷിയായിരുന്നു.നാഗപട്ടണം ജില്ലയില്‍ ആകെ 63 ഓളം ദളിത് ഗ്രാമങ്ങള്‍ സുനാമിയില്‍ തകര്‍ന്നടിഞ്ഞിരുന്നു. ഉപജീവനത്തിന് പുറത്തു നിന്നുള്ള സഹായം ആവശ്യമായിരുന്ന അവസ്ഥയില്‍ തരംഗംപാടിയില്‍ പ്രവര്‍ത്തിച്ചിരുന്ന ഒരു സന്നദ്ധ സംഘടന ഗ്രാമത്തിലെ ദളിത് കുടുംബങ്ങള്‍ക്കായി പശുവളര്‍ത്തലും പാല്‍ വില്പനയും ആരംഭിയ്ക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കിക്കൊടുത്തു.

 


തരംഗംപാടിയിലെ ദളിത് ഗ്രാമത്തില്‍ നിന്ന്‍

 


ഈ ചിരി മായാതിരിക്കട്ടെ; മീനാക്ഷി തന്റെ പശുവിനൊപ്പം

 


പുതിയ ജീവിതത്തിലേക്ക്

 

09. നാഗപട്ടണത്തെ മിക്കവാറും എല്ലാ ഗ്രാമങ്ങളിലും ഗവണ്‍മെന്റ് തന്നെ സ്ഥലങ്ങള്‍ കണ്ടെത്തിക്കൊടുക്കുകയും, വീടു നിര്‍മ്മാണത്തിന് സന്നദ്ധ സംഘടനകള്‍ മുന്നോട്ടു വരികയും ചെയ്തു. ജനങ്ങള്‍ക്ക് ഇതില്‍ യാതൊരു പങ്കാളിത്തവും ഉണ്ടായിരുന്നില്ല. എന്നാല്‍ തരംഗംപാടി, ചിന്നന്‍ഗുഡി ഗ്രാമങ്ങളില്‍ സ്ഥിതി തികച്ചും വ്യത്യസ്തമായിരുന്നു. ജനകീയ പങ്കാളിത്തത്തോടെയുള്ള ഭവനനിര്‍മ്മാണം ആയിരുന്നു അവിടെ സ്ഫ്‌സ് (SIFFS) മുന്നോട്ട് വെച്ചത്. ലാറി ബേക്കറുടെ ശിഷ്യനായിരുന്ന ബെന്നി കുര്യാക്കോസ് ആയിരുന്നു ഇതിന്റെ പ്രോജക്ട് കണ്‍സള്‍ട്ടന്റ്. സാമൂഹിക ഭവനനിര്‍മ്മാണ രംഗത്ത് ചെലവു കുറഞ്ഞ വീടുകളുടെ ശില്പിയായിരുന്നു ബെന്നി. ജനകീയ പങ്കാളിത്തത്തോടെയുള്ള വീടു നിര്‍മ്മാണത്തില്‍ തുടക്കത്തില്‍ തന്നെ ജനങ്ങള്‍ക്ക് ഉടമസ്ഥാവകാശം ലഭിയ്ക്കുന്നു. കടലെടുത്ത ഗ്രാമത്തെ അതേപടി പുന:സൃഷ്ടിയ്ക്കുകയായിരുന്നു ബെന്നിയുടെ ലക്ഷ്യം. പഴയ അയല്‍പക്കവും മറ്റും അതേപോലെ നിലനിര്‍ത്തി, കടല്‍ തീരത്തു നിന്നും 500 മീറ്റര്‍ അകലെ പുതിയ സുരക്ഷിത സ്ഥലത്ത് പ്രകൃതിക്ഷോഭങ്ങളെ തടുക്കാന്‍ പാകത്തിന് ഒരു പുതിയ ഗ്രാമം.

 


എന്റെ വീട് അങ്ങനെയായിരുന്നു; വീടുകളുടെ മാതൃകകളെ കുറിച്ച് ബെന്നി സംസാരിക്കുന്നു

 

10. സിഫ്‌സിന്റെ സോഷ്യോ-ഇക്കണോമിക് ടീമംഗങ്ങളും എഞ്ചിനിയറിംഗ് ടീമംഗങ്ങളും ഇതിനു മുന്നോടിയായി ഗ്രാമത്തില്‍ സര്‍വ്വേകള്‍ നടത്തുകയും, ഇതിനായി ഗ്രാമത്തില്‍ നിന്നു തന്നെയുള്ള വോളന്റിയര്‍മാരെ ഉള്‍പ്പെടുത്തുകയും ചെയ്തു. സ്വന്തം ഗ്രാമത്തിന്റെ പുന:സൃഷ്ടിയില്‍ അങ്ങനെ ഒരു നാടു മുഴുവന്‍ പങ്കുചേര്‍ന്നു.

 


സര്‍വേ ടീം

 


ഓരോ കല്ലുകളായി അടുക്കി വച്ച്- പുരോഗതി വിലയിരുത്തുന്ന സര്‍വേ ടീം

 

ദുരന്തങ്ങള്‍ ഓരോ സമൂഹത്തേയും തകര്‍ത്തെറിഞ്ഞ് നാമാവശേഷമാക്കുമ്പോള്‍ ഇവിടെ ദുരന്തം ഒരു സമൂഹത്തെ പുന:സൃഷ്ടിക്കുകയായിരുന്നു. ആര്‍ക്കും സ്വപ്നം കാണാനാകാത്ത വിധം ഒരു പോരാട്ടത്തിലൂടെ അവര്‍ ജീവിതം തിരിച്ചു പിടിച്ചിരിയ്ക്കുന്നു. ആ ജീവിതങ്ങളും കാഴ്ചകളും നാളെ. (തുടരും)

 

രണ്ടാം ഭാഗം ഇവിടെ വായിക്കാംതിരയില്‍നിന്ന്‍ ഒരു ഗ്രാമം ഉയര്‍ന്നു വരുന്നു: സുനാമിയുടെ 10 വര്‍ഷങ്ങള്‍ – ഫോട്ടോ ഫീച്ചര്‍ -2

 

(ദൃശ്യമാധ്യമ പ്രവര്‍ത്തകയാണ് ജീവ. സുനാമി ദുരന്തം നാമാവശേഷമാക്കിയ തമിഴ്നാട്ടിലെ നാഗപട്ടണത്ത് പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തിരുന്നു. 10 വര്‍ഷത്തിന് ശേഷം അവിടെ എത്തിയപ്പോള്‍ കണ്ട കാഴ്ചകളും ജീവിതങ്ങളും കൂടിയാണ് ഇവിടെ)

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍