UPDATES

വിദേശം

പാഠപുസ്തകത്തില്‍ നിന്നും ചാവേറിലേക്ക്; ഒരു കൗമാരക്കാരന്റെ ജീവിതം

Avatar

കെവിന്‍ സള്ളിവന്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)

അയ്മന്‍ എസ്സാദി മെലിഞ്ഞ ഒരു കൗമാരക്കാരനായിരുന്നു. ബ്രസീല്‍ പന്തുകളിതാരം റൊണാള്‍ഡീഞ്ഞോയുടെ ആരാധകന്‍, ഒപ്പം അമേരിക്കന്‍ പോപ് സംഗീതത്തിന്റെയും. സുഹൃത്തുക്കള്‍ക്കൊപ്പം ഓണ്‍ലൈനില്‍ വീഡിയോ ഗെയിം കളിക്കാന്‍ ഇഷ്ടപ്പെട്ടിരുന്നവന്‍. ഫ്രഞ്ച്, ഇംഗ്ലീഷ്, സാമ്പത്തികശാസ്ത്ര പരീക്ഷകളില്‍ ക്ലാസില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയിരുന്നവന്‍. പക്ഷേ, അതെല്ലാം കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയിലെ ടുണീഷ്യയിലെ ആദ്യ ചാവേറാക്രമണത്തിന് അയാള്‍ തയ്യാറാവുന്നതിന് മുമ്പത്തെ കാര്യങ്ങളാണ്.

രണ്ടു വര്‍ഷം മുമ്പ് ഹൈസ്‌കൂളിലെ ജൂനിയര്‍ ക്ലാസിന്റെ തുടക്കത്തില്‍ അയാളുടെ അച്ഛനമ്മമാര്‍ അയ്മനില്‍ ചില നാടകീയ മാറ്റങ്ങള്‍ കണ്ടു. ചെറുതായി മുളച്ചുതുടങ്ങിയ കൗമാര താടിരോമങ്ങള്‍ നീട്ടിവളര്‍ത്തുന്നു; ജീന്‍സടക്കമുള്ള എല്ലാ പടിഞ്ഞാറന്‍ വസ്ത്രങ്ങളും ഉപേക്ഷിച്ച് ഏറ്റവും യാഥാസ്ഥിതികരായ മുസ്ലീങ്ങള്‍ ധരിക്കുന്ന നീളന്‍ വെള്ളക്കുപ്പായങ്ങള്‍ ധരിക്കുന്നു. പെണ്‍കുട്ടികളുമായി സംസാരിക്കുന്നതു നിര്‍ത്തി, പഠനനിലവാരം കുത്തനെ താഴ്ന്നു. ഇപ്പോള്‍ പഠിക്കുന്ന പബ്ലിക് സ്‌കൂളില്‍ നിന്നും ആണ്‍കുട്ടികള്‍ക്ക് മാത്രമായുള്ള മതപഠനശാലയായ ഇസ്ലാമിക വിദ്യാലയത്തിലേക്ക് തന്നെ മാറ്റണമെന്നും അവന്‍ മാതാപിതാക്കളോട് ആവശ്യപ്പെട്ടു. പ്രസിഡണ്ട് ബഷര്‍ അല്‍ അസദിനെതിരായ ജിഹാദില്‍ പങ്കുചേരാന്‍ തനിക്ക് സിറിയയില്‍ പോകണമെന്നും അവന്‍ അമ്മയോട് പറഞ്ഞു. അസദ് മുസ്ലീങ്ങളെ കൊല്ലുകയാണെന്നും അവരെ സംരക്ഷിക്കാന്‍ യുദ്ധം ചെയ്യുന്നത് ‘പ്രവാചകന്റെ വഴി പിന്തുടരലാണെന്നും’ അവന്‍ പറഞ്ഞു.

അച്ഛനമ്മമാര്‍ ഞെട്ടിപ്പോയി. പൊതുവേ മതേതരമായ ഒരു ജീവിതം പിന്തുടരുന്നവരായിട്ടും അവര്‍ അടുത്തുള്ള പള്ളിയില്‍പ്പോയി അവനുവേണ്ടി പ്രാര്‍ത്ഥിച്ചു.’ഞങ്ങളെ സംബന്ധിച്ച്, മതമെന്നാല്‍ ധാര്‍മികതയും, മൂല്യങ്ങളുമാണ്,’ അവന്റെ അമ്മ ഹയെത് എസ്സാദി പറഞ്ഞു. ‘നിങ്ങള്‍ ചിരിക്കുകയും നന്നായി പെരുമാറുകയും വേണം. അത് വെറുപ്പിന്റെ മതമല്ല’.

ഒരു മെച്ചപ്പെട്ട ഇടത്തരം കുടുംബമായിരുന്നു അവരുടേത്. അയ്മന്റെ അമ്മ ഒരു പ്രാഥമിക വിദ്യാലയത്തിലെ അധ്യാപികയായിരുന്നു. അച്ഛന്‍ ടുണീസിന് 50 കിലോമീറ്റര്‍ അകലെയുള്ള സൗഗൌന്‍ എന്ന ചെറുപട്ടണത്തിലെ ഒരു കാര്‍ഷിക എഞ്ചിനീയറും.

‘നീയൊരു മിടുക്കന്‍ കുട്ടിയാണ്. നല്ല ജോലിയൊക്കെ വാങ്ങി ഇഷ്ടം പോലെ പണമുണ്ടാക്കാം. ആവശ്യക്കാര്‍ക്ക് പണം നല്‍കി നിനക്കു നിന്റെ ആദര്‍ശം പാലിക്കാം എന്നൊക്കെ ഞങ്ങളവനോടു പറഞ്ഞു. പോരാട്ടവും, ആയുധങ്ങളും മാത്രല്ല ജിഹാദ്’.

ബെസ്റ്റ് ഓഫ് അഴിമുഖം 

ബിന്‍ ലാദനെ വെടിവച്ച നിമിഷങ്ങള്‍
ഇസ്ലാമിക് സ്റ്റേറ്റിന് ആളെക്കൂട്ടിയതിന് പിന്നില്‍ ടുണീഷ്യയുടെ അറബ് വസന്തവും
ഒരു കുഞ്ഞ്, അറ്റുമാറിയ ഒരു ശിരസ്; സിറിയന്‍ ആഭ്യന്തരയുദ്ധത്തിന്റെ ചില ഭീകര ഓര്‍മകളും
ലോകത്തിലെ ഏറ്റവും വലിയ രാസായുധ ശേഖരങ്ങളിലൊന്ന് ഇല്ലാതാക്കുമ്പോള്‍
യാഥാസ്ഥിതിക മതപഠനം ചോദ്യം ചെയ്യപ്പെടുമ്പോള്‍

അയ്മനെ അവര്‍ പറഞ്ഞയച്ചില്ല. അവനത് അംഗീകരിച്ചപോലെ തോന്നിച്ചു. പക്ഷേ അത് അഭിനയമാണെന്ന് അവര്‍ക്ക് മനസ്സിലായി. മതതീവ്രവാദ ആശയങ്ങളുള്ള വെബ്‌സൈറ്റുകളില്‍ അവന്‍ കൂടുതല്‍ സമയം ചെലവിട്ടു.

കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് അയല്‍പക്കത്ത് താമസമാക്കിയ ഒരാളുമൊത്ത് അവന്‍ അധികമായി ഇടപഴകാന്‍ തുടങ്ങി. അയാള്‍ അയ്മനേക്കാള്‍ പ്രായമുള്ള, വിവാഹിതനായ ഒരാളായിരുന്നു. തീവ്രവാദത്തിന്റെ കേന്ദ്രമെന്നറിയപ്പെടുന്ന മറ്റൊരു പള്ളിയില്‍ പ്രാര്‍ത്ഥിക്കാന്‍ അയാള്‍ അയ്മനെ പ്രേരിപ്പിച്ചു. 

അയ്മനില്‍ നിന്നും അകലം പാലിക്കാന്‍ അയ്മന്റെ അച്ഛന്‍ അയാളുടെ വീട്ടില്‍പ്പോയി പറഞ്ഞു. പക്ഷേ ഒന്നിച്ചു പ്രാര്‍ത്ഥിക്കുന്നതില്‍ തെറ്റൊന്നുമില്ലെന്നായിരുന്നു അയാളുടെ നിലപാട്. എസ്സാദി കുടുംബം അയാളെക്കുറിച്ച് കൂടുതല്‍ അന്വേഷിച്ചു. ജോലിയൊന്നുമില്ലെങ്കിലും ധാരാളം പണം കയ്യിലുള്ള ഒരാള്‍. സൗദി അറേബ്യയിലും ഖത്തറിലും നിന്നു പണം ലഭിക്കുന്ന, തീവ്രവാദി സംഘത്തിലേക്ക് ആളെ ചേര്‍ക്കുന്ന ഒരു ശൃംഖലയുടെ ഭാഗമാണ് അയാളെന്ന് അവര്‍ സംശയിക്കുകയും ചെയ്തു.

‘ഞങ്ങളുടെ രാജ്യത്തു പുറത്തുനിന്നുള്ള ആശയങ്ങളുടെ കടന്നുകയറ്റമാണ്’- അയ്മന്റെ അച്ഛന്‍ പറയുന്നു. ‘സിറിയന്‍ പ്രശ്‌നം എല്ലാത്തിനെയും തകിടം മറിച്ചു. ഇത്തരം മതതീവ്രവാദത്തിലേക്ക് ആകര്‍ഷിക്കപ്പെടുന്ന ഞങ്ങളുടെ കുട്ടികള്‍ കൈവിട്ടുപോവുകയാണ്’.

2013 മാര്‍ച്ച് മാസത്തിലെ ഒരു ദിവസം അയ്മന്‍ അപ്രത്യക്ഷനായി. അയാളുടെ അച്ഛനമ്മമാര്‍ പോലീസില്‍ വിവരമറിയിച്ചു. അയ്മന്റെ ഫെയ്‌സ്ബുക് വിലാസത്തില്‍ പരതിയ ഒരു സുഹൃത്ത്, അവന്‍ അയല്‍ക്കാരനായ അപരിചിതന്‍ നല്‍കിയ പണമുപയോഗിച്ചു സിറിയയിലേക്ക് പോയിരിക്കും എന്നു സൂചിപ്പിക്കുന്ന സന്ദേശങ്ങള്‍ കണ്ടു.

അന്ന് രാത്രി, സിറിയയിലേക്ക് പോകാനായി ആദ്യം ലിബിയന്‍ അതിര്‍ത്തി കടക്കാനുള്ള ശ്രമത്തിനിടെ പോലീസ് അയ്മനെ പിടികൂടി. അവന്റെ അച്ഛന്‍ അവനെ തിരികെ കൊണ്ടുവന്നു. ‘രക്തസാക്ഷിത്വം നിഷേധിച്ചതിന് അവന് തങ്ങളോടു കടുത്ത ദേഷ്യമായിരുന്നു’ എന്നു അയ്മന്റെ അമ്മ പറയുന്നു. അയ്മന്‍ പിന്നേയും അസ്വസ്ഥനായി തുടര്‍ന്നു. ഇന്റര്‍നെറ്റും, തീവ്രവാദി പള്ളിയിലെ പ്രാര്‍ത്ഥനയുമായി ദിവസങ്ങള്‍ കഴിഞ്ഞുപോയി. വീട്ടില്‍ മതഗ്രന്ഥങ്ങള്‍ കൊണ്ടുവന്നു വായിച്ചു. വീട്ടുകാര്‍ക്കൊപ്പം കടല്‍ത്തീരത്ത് പോകാന്‍ അമ്മ പറഞ്ഞെങ്കിലും അവന്‍ തയ്യാറായില്ല. ആണുങ്ങളും പെണ്ണുങ്ങളും കൂടിക്കലരുന്ന സ്ഥലമെന്നാണ് അവന് കാരണം പറഞ്ഞത്. അച്ഛനമ്മമാര്‍ എതിര്‍ത്തിട്ടും അയല്‍ക്കാരനൊപ്പം അവന്‍ കൂടുതല്‍ സമയം പോയിരുന്നു. 

ആഗസ്തില്‍ അവന്‍ വീണ്ടും അപ്രത്യക്ഷനായി. ഇത്തവണ ലിബിയയിലെ ഒരു ഫോണില്‍ നിന്നും അമ്മയെ വിളിച്ചു. തനിക്കിനി ഏറെയൊന്നും ചെയ്യാനില്ലെന്ന് അവര്‍ക്ക് മനസ്സിലായി. സിറിയയില്‍ മകന്‍ കൊല്ലപ്പെടുമെന്നുള്ള സാധ്യതയെ ഉള്‍ക്കൊള്ളാന്‍ അവര്‍ മനസ്സുറപ്പിക്കാന്‍ തുടങ്ങി. 

ഒക്ടോബര്‍ 30നു ടുണീഷ്യയിലെ സുഖവാസ തീരനഗരമായ സോസ്സില്‍ ഒരു ചാവേര്‍ പൊട്ടിത്തെറിച്ചു. സ്‌ഫോടനത്തില്‍ ചാവേര്‍ മാത്രമാണ് കൊല്ലപ്പെട്ടത്. അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍, 17കാരനായ അയ്മന്‍ എസ്സാദി, പ്രമുഖ വിനോദസഞ്ചാരകേന്ദ്രമായ മോനാസ്റ്റിര്‍ പട്ടണത്തിലെ, സ്വതന്ത്ര ടുണീഷ്യയുടെ ആദ്യ പ്രസിഡണ്ട് ഹബീബ് ബൌര്‍ഗൈബയുടെ ശവകുടീരത്തിലേക്ക് നടന്നെത്തി. ചാവേര്‍ ബോംബായി സ്വയം പൊട്ടിത്തെറിക്കാന്‍ ശ്രമിച്ച അയാളെ സുരക്ഷാ ഭടന്മാര്‍ തടഞ്ഞു. 

ഒരു സിനഗോഗില്‍ 21 പേര്‍ കൊല്ലപ്പെട്ട 2002ലെ സ്‌ഫോടനത്തിനുശേഷം ടുണീഷ്യയിലുണ്ടായ ആദ്യ ചാവേര്‍ സ്‌ഫോടന ശ്രമമായിരുന്നു അത്.

‘അവനെ കാണാന്‍ ഞാന്‍ ജയിലില്‍ പോയി. എനിക്കവനെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല,’ഹയെത് എസ്സാദി പറഞ്ഞു. ‘അവന്റെ ഇടത് കണ്ണ് നീരുകെട്ടി ചുവന്നിരുന്നു. അവരവനെ മര്‍ദിച്ചു. അവനിപ്പോഴും ഇടതുചെവി കേള്‍ക്കാനാവില്ല. ഞാന്‍ വാവിട്ടുകരയാന്‍ തുടങ്ങി. എനിക്കത് സഹിക്കാനായില്ല. അവനൊരു യന്ത്രമനുഷ്യനെപ്പോലെയായി. ആകെ തകര്‍ന്നുപോയി’. അവന്‍ തന്നോട് മാപ്പ് ചോദിച്ചെന്നും, ചെയ്തത് തെറ്റായെന്ന് അറിയാമെന്നു പറഞ്ഞെന്നും അയ്മന്റെ അമ്മ പറഞ്ഞു.

‘ഇങ്ങനെയൊക്കെ ബുദ്ധിമുട്ടിച്ചതിന് എന്നോടു പൊറുക്കണം. എനിക്കു പഠിക്കണം. എന്റെ കണക്ക് പുസ്തകങ്ങള്‍ കൊണ്ടുതരൂ’. ലിബിയയില്‍ ഇസ്‌ളാമിക തീവ്രവാദികളെ കണ്ടുമുട്ടിയെന്നും എന്നാല്‍ സിറിയയിലേക്ക് പോകാന്‍ അവര്‍ സഹായിച്ചില്ലെന്നും അയ്മന്‍ അമ്മയോട് പറഞ്ഞു. ടുണീഷ്യയില്‍ ശരിയാ നിയമം നടപ്പാക്കുന്ന ഒരു ഖിലാഫത് സ്ഥാപ്പിക്കാനാണ് അവര്‍ ശ്രമിക്കുന്നത്. അതുകൊണ്ട് അവിടെ ആക്രമണം നടത്താനായി അവരവനെ തിരിച്ചയച്ചു.

ഇപ്പോള്‍ 18 വയസ്സുള്ള അയ്മന്‍ തന്റെ പേരിലുള്ള കുറ്റവിചാരണ തീരുന്നതും കാത്ത് ടുണീഷ്യയില്‍ തടവിലാണ്. പശ്ചാത്താപം നിറഞ്ഞ ഒരു കൗമാരക്കാരനോടു ന്യായാധിപന്‍ പൊറുക്കുമെന്നാണ് അയ്മന്റെ അമ്മയുടെ പ്രതീക്ഷ.

‘നിരവധി ടുണീഷ്യന്‍ ചെറുപ്പക്കാര്‍ക്ക് സംഭവിച്ചതാണ് അവനും സംഭവിച്ചത്,’ ഒരു സാമ്പത്തിക ശാസ്ത്ര പുസ്തകത്തിനൊപ്പം മുഷിഞ്ഞ ഒരു ഖുറാനിരിക്കുന്ന അയ്മന്റെ മുറി സന്ദര്‍ശകനെ കാണിക്കവേ അയ്മന്റെ അമ്മ പറഞ്ഞു. ‘സര്‍ക്കാര്‍ മതത്തെ അടിച്ചമര്‍ത്തുമ്പോള്‍ ഈ കുട്ടികള്‍ അതിന് പകരം വീട്ടാന്‍ തുടങ്ങുന്നു. നാം മതത്തെ ബഹുമാനിക്കണം. നമ്മളൊരു ജനാധിപത്യ രാജ്യമാണെങ്കില്‍ എല്ലാ പ്രസ്ഥാനങ്ങളേയും ഉള്‍ക്കൊള്ളണം. അടിച്ചമര്‍ത്തല്‍ കൂടാതെ ഇത്തരം സംഘര്‍ഷധാരകളെ നിയന്ത്രിക്കാന്‍ വഴി കണ്ടെത്തണം. താടിവെച്ചവരെയും നീളന്‍ കുപ്പായം ധരിച്ചവരെയുമൊക്കെ പിടികൂടുകയാണിപ്പോള്‍. ഇത് പീഡനമാണ്.’

ഓറഞ്ചും ഒലീവ് മരങ്ങളും നിറഞ്ഞ തോട്ടത്തിലൂടെ അവര്‍ സന്ദര്‍ശകനെയും കൂട്ടി നടന്നു. അറബിയിലായിരുന്നു അവര്‍ സംസാരിച്ചുകൊണ്ടിരുന്നത്. പെട്ടന്ന് അവര്‍ തപ്പിത്തടഞ്ഞു ഇംഗ്ലീഷിലേക്ക് മാറി.’എന്റെ അവസാന വാക്ക് ഇതാണ്: എന്റെ മകന്‍ ഭീകരവാദിയല്ല.’പിന്നെ,നിര്‍ത്താത്ത വലിയൊരു തേങ്ങിക്കരച്ചിലിലേക്ക് അയ്മന്റെ അമ്മ വിതുമ്പിവീണു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍