UPDATES

വിദേശം

രണ്ടു കോളവും ഒരു വാര്‍ത്തയും: ഇതാണോ എനിക്കെതിരെയുള്ള തെളിവുകള്‍? ഒരു പത്രാധിപര്‍ ചോദിക്കുന്നു

Avatar

എക്രെം ദുമാന്‍ലി
(വാഷിംഗ്ടണ്‍ പോസ്റ്റ്)

ഒരു മാസം മുമ്പ് ഇസ്താംബുളില്‍ ഉള്ള എന്റെ പത്രത്തില്‍ നടന്ന പരിശോധനയ്ക്കും 80 മണിക്കൂര്‍ നേരത്തെ തടങ്കലിനും ശേഷം ആദ്യമായി കോടതിയില്‍ എത്തിയപ്പോള്‍ ഞാന്‍ ന്യായാധിപനോടു  ചോദിച്ചു: “രണ്ടു കോളവും ഒരു വാര്‍ത്തയും: ഇതാണോ എനിക്കെതിരെ ആകെയുള്ള തെളിവുകള്‍?” അദ്ദേഹം മറുപടി നല്കി, “അതേ.” നിശ്ചയമായും എന്നെ സംബന്ധിച്ചു ആ കേസില്‍ പിന്നെ ആശയൊന്നും വേണ്ട എന്നു തെളിഞ്ഞ നിമിഷം. പ്രസിഡണ്ട് റിസെപ് ടയ്യിപ് ഏര്‍ദോഗാന്റെ കീഴില്‍ തുര്‍ക്കിയിലെ ജനാധിപത്യത്തിന്റെ നിരാശാജനകമായ അവസ്ഥയ്ക്കും.

കഴിഞ്ഞ 12 വര്‍ഷമായി തുര്‍ക്കിയുടെ നേതാവായ ഏര്‍ദോഗാന്‍ തന്റെ ഒന്നും രണ്ടും ഭരണകാലത്ത് സാമ്പത്തിക പുരോഗതിക്കും ജനാധിപത്യ പരിഷ്കരണങ്ങള്‍ക്കും സംഭാവനകള്‍ നല്കി. എന്നാല്‍ തുടര്‍ച്ചയായ തെരഞ്ഞെടുപ്പ് വിജയങ്ങളും, പിടിപ്പുകെട്ട പ്രതിപക്ഷവും ചേര്‍ന്നപ്പോള്‍  തുര്‍ക്കിയെ ഒരു ഏകാധിപത്യ, ഏക-കക്ഷി ഭരണത്തിലേക്കാണ് അയാള്‍ നയിക്കുന്നത്.

രണ്ടു നിര്‍ണായക വഴിത്തിരിവുകള്‍ വന്നത് 2013-ലാണ്: ഗെസി പാര്‍കിലെ പ്രതിഷേധക്കാര്‍ക്ക് നേരെ അയാളുടെ സര്‍ക്കാര്‍ നടത്തിയ കടുത്ത അടിച്ചമര്‍ത്തല്‍ നടപടികളും, ഒരു വന്‍ അഴിമതി വിവാദത്തിന് ശേഷം നീതിനിര്‍വഹണത്തെ മുറയ്ക്ക് തടസപ്പെടുത്തിയതും. അതിനുശേഷം, വിമര്‍ശകരും വിമതരുമെല്ലാം തന്നെ അട്ടിമറിക്കാനുള്ള അന്താരാഷ്ട്ര ഗൂഡാലോചനയുടെ ഭാഗമായ ദേശവിരുദ്ധരാണെന്നും ഏര്‍ദോഗാന്‍ മുദ്രകുത്തി. അഴിമതി ചൂണ്ടിക്കാണിച്ചതിന് കഴിഞ്ഞയാഴ്ച്ചയാണ് ഒരു 16-കാരനെ തടവിലാക്കിയത്. ട്വീറ്റ് ഇട്ടതിനാണ് സെദെഫ് കബാസിനെയും മെഹ്മെതിനെയും തടങ്കലില്‍ വെച്ചത്. ഏര്‍ദോഗാന്റെ വിപക്ഷവേട്ടയിലെ പുതിയ ഇരകളാണ് ഞാനും,‘സമന്‍’ എന്ന എന്റെ ദിനപത്രവും.


റിസെപ് ടയ്യിപ് ഏര്‍ദോഗന്‍

ഭരണകൂടത്തിന്റെ കണ്ണില്‍, ഡിസംബര്‍ 14-നു പൊലീസ് തടവില്‍ വെച്ച മാധ്യമപ്രവര്‍ത്തകരും, ടെലിവിഷന്‍ പരിപാടികളുടെ നിര്‍മാതാക്കളും,തിരക്കഥാകൃത്തുക്കളുമെല്ലാം രാഷ്ട്രത്തിന്റെ പരമാധികാരത്തെ അപകടത്തിലാക്കുന്ന ഒരു “സായുധ ഭീകരവാദി സംഘത്തിലെ” അംഗങ്ങളാണ്. പിടിച്ചെടുത്ത ആയുധങ്ങള്‍ക്കോ, ആക്രമണ പദ്ധതികള്‍ക്കോ, മാധ്യമപ്രവര്‍ത്തകരായി വേഷമിട്ട ചാവേറുകള്‍ക്കോ വേണ്ടി തെരയേണ്ട. ജനാധിപത്യ തുര്‍ക്കിയുടെ അടിത്തറയിളക്കുന്ന സര്‍ക്കാര്‍ നടപടികള്‍ വാര്‍ത്തയാക്കി എന്നതാണ് ഞങ്ങളുടെ തെറ്റ്.

ഇപ്പോള്‍ തുര്‍ക്കിയില്‍ സര്‍ക്കാരിനോടുള്ള മാധ്യമ വിധേയത്വം ഇതുവരെയില്ലാത്തവിധമാണ്. വാര്‍ത്തകളും ലേഖനങ്ങളും സര്‍ക്കാര്‍ മേല്‍നോട്ടക്കാര്‍ നിരീക്ഷിക്കുംവിധത്തില്‍ സര്‍ക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ്. ആരെങ്കിലും അതിരുകടന്നാല്‍ പീഡനവും പുറത്താക്കലും. പക്ഷേ സ്വതന്ത്ര മാധ്യമലോകത്തെ അംഗങ്ങളെന്ന നിലയില്‍ അല്ലെങ്കില്‍ തുര്‍ക്കിയില്‍ അങ്ങനെ അവശേഷിക്കുന്ന ഒന്നില്‍, ഞങ്ങള്‍ ഞങ്ങളുടെ ജോലി ചെയ്യുകയാണ്. സര്‍ക്കാരിന്റെ അഴിമതിക്കും അധികാര ദുര്‍വിനിയോഗത്തിനും എതിരെ സംസാരിച്ചാല്‍ ഏര്‍ദോഗാന്റെ ഭരണത്തില്‍ അതുമതി ഭീകരവാദിയാകാന്‍. അധിക്ഷേപങ്ങള്‍,സര്‍ക്കാരിന്റെ ഏറാന്‍മൂളികളായ മാധ്യമങ്ങള്‍ വക കുശുകുശുപ്പ് പ്രചരണങ്ങള്‍, നിയമനടപടികളുടെ പീഡനം എല്ലാം പിറകെ വരും.

അഴിമതി വിവാദം ഉയര്‍ന്നുവന്നതിനുശേഷം, ജനാധിപത്യം, വിദ്യാഭ്യാസം, സാമൂഹ്യസേവനം തുടങ്ങിയ മേഖലകളില്‍  പ്രവര്‍ത്തിക്കുന്ന ഹിസ്മെത് അഥവാ സേവനം എന്ന പൌരസമൂഹ മുന്നേറ്റം ഏര്‍ദോഗാന്റെ പ്രധാന നോട്ടപ്പുള്ളിയായി. അമേരിക്കയിലെ പൌരാവകാശ മുന്നേറ്റത്തിനോട് സമാനമാണ് ഹിസ്മെത് എന്നു പറയാം. പൊതു,സ്വകാര്യ മേഖലകളിലെ സാധാരണക്കാരായ മനുഷ്യരാണ് അതിലുള്ളത് എന്നാല്‍ ഒരു നിയമ അട്ടിമറിക്കായി ഉദ്യോഗസ്ഥവൃന്ദത്തിലെ സാന്നിധ്യമായാണ് ഏര്‍ദോഗാന്‍ ഇതിനെ കാണുന്നത്. ആയിരക്കണക്കിന് പൊലീസ്, പ്രോസിക്യൂട്ടര്‍, മറ്റ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവരെ സര്‍ക്കാര്‍ പുറത്താക്കി. സ്വകാര്യ മേഖലയിലും തങ്ങളുടെ അനുഭാവികളുടെ വ്യാപാര സ്ഥാപനങ്ങളും മറ്റും ഉപയോഗിച്ച് സര്‍ക്കാര്‍ ഇതേ പണി തുടര്‍ന്നു.

ഹിസ്മെത് അനുഭാവികളുടെ അതേ ജനാധിപത്യമൂല്യങ്ങള്‍ പങ്കുവെക്കുന്ന സംരംഭകരുടെ സ്ഥാപനങ്ങളായ സമന്‍, സമന്യോലു ടെലിവിഷന്‍ നിലയം എന്നിവയെയായിരുന്നു ഒരുമാസം മുമ്പ് ലക്ഷ്യം വെച്ചത്. സമന്യോലുവിന്റെ അദ്ധ്യക്ഷന്‍ ഹിദായത് കരാകയെ തടവിലാക്കി. എന്നെ വിട്ടയച്ചെങ്കിലും ഭീകരവാദകുറ്റങ്ങള്‍ക്ക് ഇനിയും വിചാരണ ചെയ്യും. ഹിസ്മെത്തിന് പ്രചോദനമായ യു എസ് കേന്ദ്രമാക്കിയ തുര്‍ക്കി ചിന്തകന്‍ ഫെത്തുല്ലാ ഗുലാനെതിരെ വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നു.

പൊലീസും നീതിന്യായസംവിധാനവും തുര്‍ക്കി ഭരണഘടനയും അന്താരാഷ്ട്ര നിയമങ്ങളുമായി ഒത്തുപോകാത്ത പുതിയ നിയമങ്ങളെ കയറിപ്പിടിക്കുകയാണ്. ഏര്‍ദോഗാന്‍  ആഗ്രഹിക്കുന്ന ആരെയും കുറ്റവിചാരണ ചെയ്യാന്‍ സഹായിക്കുന്നതാണ് പുതിയ നിയമങ്ങള്‍. വ്യക്തമായ തെളിവുകള്‍ കൂടാതെ ‘ന്യായമായ സംശയത്തിന്റെ’ അടിസ്ഥാനത്തില്‍ ആരെയും തടവില്‍ വെക്കാന്‍ സര്‍ക്കാരിന് അനുമതി നല്‍കുന്ന ഒരു നിയമത്തിന് അംഗീകാരം നല്കിയതിന് കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ ഞങ്ങള്‍ അകത്തായി എന്നതും യാദൃശ്ചികമല്ല.

ഏര്‍ദോഗാന്റെ ഈ ഏകാധിപത്യ നീക്കങ്ങള്‍ അയാളുടെ പ്രതിച്ഛായയെ മാത്രമല്ല തുര്‍ക്കിയേയും അതിന്റെ സഖ്യകക്ഷികളെയും പ്രതികൂലമായി ബാധിക്കുന്നു. വ്യക്തിഹത്യയുടെയും, ധ്രുവീകരണത്തിന്റെയും, അടിച്ചമര്‍ത്തലിന്റെയും രാഷ്ട്രീയം അപകടകരമായ സാമൂഹ്യ സംഘര്‍ഷമാണ് സൃഷ്ടിക്കുക. അന്താരാഷ്ട്ര സമൂഹത്തില്‍ തുര്‍ക്കിയെ ഒരു വിശ്വസിക്കാവുന്ന പങ്കാളിയായി കാണാന്‍ കഴിയില്ല. ഏര്‍ദോഗാന്റെ ഈ സ്വേച്ഛാധിപത്യ നീക്കങ്ങള്‍ യൂറോപ്യന്‍ യൂണിയനില്‍ ചേരാനുള്ള തുര്‍ക്കിയുടെ ഏറെ നാളായുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടിയാകും.

ഇതൊക്കെയായാലും എനിക്ക് തുര്‍ക്കിയില്‍ പ്രതീക്ഷ നഷ്ടപ്പെടുന്നില്ല. ഇതാദ്യമായല്ല രാജ്യം തിരിച്ചടികളിലൂടെ കടന്നുപോകുന്നത്. സമന്‍ പരിശോധനക്കുശേഷം ദേശീയ,അന്തര്‍ദേശീയ തലത്തില്‍ ഉയര്‍ന്ന പ്രതിഷേധങ്ങള്‍ എനിക്ക് കൂടുതല്‍ ശുഭാപ്തിവിശ്വാസം പകരുന്നു.  ഞാന്‍ തടവിലായിരിക്കെ ഞങ്ങള്‍ക്ക് പിറന്ന കുഞ്ഞിന് ഞാനും ഭാര്യയും, പരമാനന്ദവും സന്തോഷവും എന്നര്‍ത്ഥമുള്ള സാദേത് എന്നു പേരിട്ടു. തുര്‍ക്കി ജനാധിപത്യത്തിന്റെ തെളിച്ചമുള്ള ഭാവിയില്‍ ഞങ്ങള്‍ക്കുള്ള വിശ്വാസത്തിന്റെ പ്രതീകമാണ് സാദേത്. രാത്രിയിലെ ഏറ്റവും ഇരുണ്ട നാഴിക പ്രഭാതത്തിന് തൊട്ടുമുമ്പാണ്.

(തുര്‍ക്കിയിലെ സമന്‍ പത്രത്തിന്റെ പത്രാധിപരാണ് ലേഖകന്‍)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍