UPDATES

വിദേശം

തുര്‍ക്കിയില്‍ മാധ്യങ്ങള്‍ക്ക് കൂച്ചുവിലങ്ങ്

എറിന്‍ കണ്ണിങ്ഹാം
(വാഷിംഗ്ടണ്‍ പോസ്റ്റ്)

ജൂലൈ 15 ന്റെ പരാജയപ്പെട്ട സൈനിക അട്ടിമറി ശ്രമത്തിന് ശേഷം നിരവധി മാധ്യമ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാന്‍ ഉത്തരവിട്ടിരിക്കുകയാണ് തുര്‍ക്കി സര്‍ക്കാര്‍. വാര്‍ത്താ ഏജന്‍സികള്‍, തെളിവിഷന്‍ നിലയങ്ങള്‍, റേഡിയോ നിലയങ്ങള്‍, ദിനപത്രങ്ങള്‍ എന്നിവയെല്ലാം ഇതില്‍പ്പെടും. രാജ്യത്തെ നീതിന്യായ, വിദ്യാഭ്യാസ, ആരോഗ്യ, സാമ്പത്തിക മേഖലകളില്‍ ജോലിചെയ്യുന്ന ആയിരക്കണക്കിനാളുകളെയാണ് സര്‍ക്കാര്‍ പുറത്താക്കിയിരിക്കുന്നത്. മേഖലയില്‍ ജനാധിപത്യ മാതൃകയായി കരുതിയിരുന്ന ഒരു രാജ്യത്താണ് മാധ്യമസ്ഥാപനങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും എതിരായ നടപടികള്‍.  

ഏതാണ്ട് 90-ഓളം വാര്‍ത്താ ലേഖകന്‍മാരേയും പംക്തിയെഴുത്തുകാരെയും തടവിലാക്കാന്‍ ഉത്തരവിട്ടിരിക്കുന്നു. മനുഷ്യാവകാശ സംഘടന ആംനെസ്റ്റി ഇന്റര്‍നാഷണല്‍ ഇതിനെ ‘മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നാക്രമണം’ എന്നാണ് വിശേഷിപ്പിച്ചത്.

അടച്ചുപൂട്ടാനുള്ള തുര്‍ക്കി മന്ത്രിസഭ ഉത്തരവ് കഴിഞ്ഞ ഔദ്യോഗിക ഗസറ്റില്‍ ബുധനാഴ്ച്ച വൈകീട്ടാണ് വിജ്ഞാപനം പ്രസിദ്ധീകരിച്ചത്. ഇവയിനി പാര്‍ലമെന്റിന്റെ അംഗീകാരത്തിനായി അയക്കും.

ബുധനാഴ്ച്ച രാവിലെ മാര്‍ച്ച് മാസത്തില്‍ അധികൃതര്‍ അടച്ചുപൂട്ടിയ സമന്‍ ദിനപത്രത്തിലെ 50-ഓളം മാധ്യമപ്രവര്‍ത്തകരെയും ലേഖകരേയും തടങ്കലില്‍ വെക്കാന്‍ നിര്‍ദേശമിറങ്ങി. തിങ്കളാഴ്ച്ച 42 മാധ്യമപ്രവര്‍ത്തകരെയും പംക്തിയെഴുത്തുകാരെയും തടവിലാക്കാന്‍ ഉത്തരവിട്ടിരുന്നു.

പ്രസിഡണ്ട് റിസപ് തയ്യിപ് ഏര്‍ദോഗാന്റെ എതിരാളിയെന്ന് കരുതുന്ന  മുസ്ലീം പുരോഹിതന്‍ ഫെത്തുല്ലാ ഗുലേനുമായ് ബന്ധമുണ്ടെന്ന് കരുതുന്ന, തുര്‍ക്കിയിലെ ഏറ്റവും പ്രചാരമുള്ള ദിനപത്രമാണ് സമന്‍. ഇരുന്നൂറിലേറെപ്പേര്‍ കൊല്ലപ്പെട്ട പരാജയപ്പെട്ട സൈനിക അട്ടിമറി ശ്രമത്തിന് പിന്നില്‍ യു.എസില്‍ സ്വയം തെരഞ്ഞെടുത്ത പ്രവാസത്തില്‍ ഗുലെന്‍ ആണെന്നാണ് പ്രസിഡണ്ടും അനുയായികളും ആരോപിക്കുന്നത്.

ഗുലേനെ തങ്ങള്‍ക്ക് കൈമാറാന്‍ യു.എസിനോട് ഔദ്യോഗികമായി ആവശ്യപ്പെടുമെന്ന് തുര്‍ക്കി പറഞ്ഞുകഴിഞ്ഞു. ആരോപണങ്ങള്‍ ഗുലെന്‍ നിഷേധിച്ചിട്ടുണ്ട്.

ഒരുകൂട്ടം സൈനികോദ്യഗസ്ഥര്‍ ഒരു യുദ്ധവിമാനം പിടിച്ചെടുക്കുകയും പാലങ്ങളില്‍ തടസം സൃഷ്ടിച്ചു നിരായുധരായ പ്രതിഷേധക്കാര്‍ക്കുനേരെ വെടിവെക്കുകയുമായിരുന്നു. സായുധ അട്ടിമറി ശ്രമത്തെ സര്‍ക്കാര്‍ അതിജീവിച്ചെങ്കിലും അതിനുശേഷം തുര്‍ക്കിയിലെ സുരക്ഷാ വിഭാഗങ്ങളിലും ഉദ്യോഗസ്ഥതലത്തിലും വലിയ അടിച്ചമര്‍ത്തലും ശുദ്ധീകരണവുമാണ് സര്‍ക്കാര്‍ നടത്തുന്നത്.

ആയിരക്കണക്കിന് ന്യായാധിപന്മാരെയും ഉദ്യോഗസ്ഥരെയും മാധ്യമപ്രവര്‍ത്തകരെയും പുറത്താക്കുന്നതും അടിച്ചമര്‍ത്തുന്നതും ‘പൌരസമൂഹത്തെ എന്നെന്നേക്കുമായി അടിച്ചമര്‍ത്തുന്നതിനും ശുദ്ധീകരണത്തിനുമുള്ള നഗ്നമായ നീക്കാമാണെന്ന്’ ന്യൂ യോര്‍ക് ആസ്ഥാനമായ ഹ്യൂമന്‍ റൈറ്റ് വാച്ച് ആരോപിക്കുന്നു.

നൂറുകണക്കിനു മാധ്യമപ്രവര്‍ത്തകരെ തടവിലാക്കിയ നടപടിയോട് പ്രതികരിച്ച ആമ്നെസ്റ്റിയുടെ യൂറോപ്പിലെ ഡെപ്യൂട്ടി ഡയറക്ടര്‍ ഗൌറി വാന്‍ ഗുയില്‍ക് പറഞ്ഞത്, തുര്‍ക്കി സര്‍ക്കാര്‍ “നീതിയുക്തമായ വിമര്‍ശനത്തെയും കുറ്റകൃത്യങ്ങളെയും വേര്‍തിരിച്ചുകാണുന്നതില്‍ പരാജയപ്പെടുന്നു,” എന്നാണ്.

“മാധ്യമങ്ങളെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കുകയും അഭിപ്രായ സ്വാതന്ത്ര്യത്തിന് നേരെയുള്ള ഈ പൈശാചികമായ അടിച്ചമര്‍ത്തല്‍ അവസാനിപ്പിക്കുകയും വേണം,” അവര്‍ പറഞ്ഞു.

ബുധനാഴ്ച്ച അടച്ചുപൂട്ടാന്‍ ഉത്തരവിട്ടവയില്‍ 16 ടെലിവിഷന്‍ നിലയങ്ങള്‍, 23 റേഡിയോ നിലയങ്ങള്‍, 45 ദിനപത്രങ്ങള്‍ എന്നിവയും ഉള്‍പ്പെടും. 

മാധ്യമങ്ങളും പല സര്‍ക്കാര്‍ വിഭാഗങ്ങളുമടക്കം വിദേശത്തു രാജ്യത്തിനകത്തും പ്രവര്‍ത്തിക്കുന്ന ഗുലെന്‍ അനുഭാവികളാണ് അട്ടിമറി ശ്രമത്തിന് പിന്നിലെന്ന് തുര്‍ക്കി സര്‍ക്കാര്‍ കുറ്റപ്പെടുത്തുന്നു. സൈന്യത്തില്‍ നുഴഞ്ഞുകയറിയ ഇക്കൂട്ടരാണ് അട്ടിമറിക്കാവശ്യമായ ആള്‍ബലം ഉണ്ടാക്കിയതെന്നാണ് സര്‍ക്കാര്‍ പറയുന്നത്.

അട്ടിമറിയോട് ‘മൃദുസമീപനം’ കൈക്കൊണ്ടതിന് ബുധനാഴ്ച്ച 2400 സൈനിക ഉദ്യോഗസ്ഥരെ തുര്‍ക്കി പുറത്താക്കിയതായും അധികൃതര്‍ അറിയിച്ചു.

വ്യോമ, നാവിക, കര സേനകളിലെ 1200 ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ഇതില്‍പ്പെടും. 8651 ഉദ്യോഗസ്ഥര്‍, അതായത് സൈന്യത്തിന്റെ 1.5% പേര്‍ അട്ടിമറി ശ്രമത്തില്‍ പങ്കെടുത്തതായി സൈനികകേന്ദ്രങ്ങള്‍ പറയുന്നു. 35 വിമാനങ്ങള്‍, 37 ഹെലികോപ്റ്ററുകള്‍, 74 ടാങ്കുകള്‍, 3 കപ്പലുകള്‍ എന്നിവ അട്ടിമറിശ്രമത്തിനായി ഇവര്‍ ഉപയോഗിച്ചു.

തീരസേനയും ഗ്രാമീണ മേഖലകളിലെ സുരക്ഷാ ചുമതലയുള്ള വിഭാഗവും ഇനിമുതല്‍ സൈനിക നിയന്ത്രണത്തിലായിരിക്കില്ല. ആഭ്യന്തര മന്ത്രാലയമായിരിക്കും അവരെ നിയന്ത്രിക്കുക. ഒരുകാലത്ത് തുര്‍ക്കി ഭരണകൂടത്തിന്റെ നെടുംതൂണുകളായിരുന്ന രാജ്യത്തെങ്ങുമുള്ള സൈനിക സ്കൂളുകള്‍ അടച്ചുപൂട്ടിയേക്കാം എന്നും ആല്‍ ജസീറ തുര്‍ക് റിപ്പോര്‍ട്ട് ചെയ്യുന്നു. 

അതിനുശേഷമാണ് അട്ടിമറിക്ക് ഒത്താശ ചെയ്തു എന്നാരോപിച്ചു ആയിരക്കണക്കിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ പിരിച്ചുവിടുകയും തടവിലാക്കുകയും ചെയ്തത്. തുര്‍ക്കിയിലെ പ്രതിപക്ഷകക്ഷികള്‍ സൈനിക അട്ടിമറിയെ അപലപിച്ചെങ്കിലും ഈ അടിച്ചമര്‍ത്തലിനെതിരെ മുന്നറിയിപ്പ് നല്കുന്നു.

“കുറ്റക്കാരോടൊപ്പം നിരപരാധികളെയും തീയിലെറിയരുത്,” ഇടതുപക്ഷ റിപ്പബ്ലിക്കന്‍ പീപ്പിള്‍സ് പാര്‍ടി (CHP) നേതാവ് കെമാല്‍ കിളിസ്ദാരോഗ്ല് പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍