UPDATES

വിദേശം

നിയമരഹിത കൊട്ടാരത്തിന്റെ മോഷ്ടിക്കുന്ന ഉടമസ്ഥന്‍-ഇഷാന്‍ തരൂര്‍ എഴുതുന്നു

Avatar

ഇഷാന്‍ തരൂര്‍
(വാഷിംഗ്ടണ്‍പോസ്റ്റ്)

 

തുര്‍ക്കി പ്രസിഡന്റ് റസെപ് തായിപ്പ് ഇര്‍ഡോഗനെ ‘ആക്ഷേപിച്ചിതിന്റെ’ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ട ഒരു പതിനാറുകാരനെ രണ്ട് ദിവസത്തിന് ശേഷം മാധ്യമങ്ങളിലുണ്ടായ വിവാദങ്ങള്‍ മൂലം വിട്ടയച്ചു. തുര്‍ക്കിയുടെ വിവാദ നേതാവിന്റെ ഏകാധിപത്യ പ്രവണതയുടെ മറ്റൊരു ഉദാഹരണമായാണ് ഈ കൗമരാക്കാരനെ തുറങ്കിലടയ്ക്കാനുള്ള തീരുമാനമെന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നത്.

മധ്യ അനറ്റോളിയന്‍ നഗരമായ കോന്യയില്‍ ഒരു ചെറിയ ഇടതുപക്ഷ റാലിയില്‍ സംസാരിച്ചതാണ് എം ഇ എ എന്ന ഇനിഷ്യലുകളില്‍ മാത്രം അറിയപ്പെടുന്ന വിദ്യാര്‍ത്ഥി ചെയ്ത കുറ്റം. ഇസ്ലാമിക തീവ്രവാദികളുടെ കൈകൊണ്ട് കൊല്ലപ്പെട്ട മതേതരത്വത്തെ അനുകൂലിക്കുന്ന പട്ടാള ഓഫീസറുടെ 84-ാം ചരമ വാര്‍ഷികദിനത്തിലാണ് റാലി സംഘടിപ്പിക്കപ്പെട്ടത്. തുര്‍ക്കി റിപ്പബ്ലിക്കിന്റെ രാഷ്ട്രപിതാവായ മുസ്തഫ കമാല്‍ അതാതുര്‍ക്ക് ഉയര്‍ത്തിപ്പിടിച്ച മതേതരത്വ മൂല്യങ്ങളെ വാഴ്ത്തുകയും ഇപ്പോഴത്തെ ഭരണകക്ഷിയായ ഇര്‍ഡോഗന്റെ ജസ്റ്റിസ് ആന്റ് ഡവലപ്‌മെന്റ് പാര്‍ട്ടിയുടെ അഴിമതിയെയും കൈക്കൂലിയെയും വിമര്‍ശിക്കുകയും ചെയ്യുന്ന ഒരു പ്രസ്താവന റാലിയില്‍ ഈ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥി വായിച്ചിരുന്നു.

‘നിയമരഹിത കൊട്ടാരത്തിന്റെ മോഷ്ടിക്കുന്ന ഉടമസ്ഥന്‍’ എന്നാണ് ഇര്‍ഡോഗനെ ഈ വിദ്യാര്‍ത്ഥി വിശേഷിപ്പിച്ചത്. അധികം താമസിയാതെ തന്നെ പ്രസിഡന്റിനെ അധിക്ഷേപിച്ചതിന്റെ പേരില്‍ ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തു. പ്രസിഡന്റിനെ അധിക്ഷേപിക്കുന്നത് തുര്‍ക്കിയില്‍ ക്രിമിനല്‍ കുറ്റമാണ്. ഒരു ദശാബ്ദത്തിലേറെയായി അധികാരത്തില്‍ തുടരുന്ന ഇര്‍ഡോഗന്റെ ഭരണത്തിന് കീഴില്‍ വളര്‍ന്ന് വരുന്ന ‘ഭയത്തിന്റെയും അടിച്ചമര്‍ത്തലിന്റെയും ഭീഷണിയുടെയും അന്തരീക്ഷത്തിന്റെ’ ഭാഗമാണ് അറസ്‌റ്റെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു.

എന്നാല്‍ പോലീസ് നടപടിയെ തുര്‍ക്കി പ്രധാനമന്ത്രി അഹമദ് ദേവുറ്റോഗ്ലു ന്യായീകരിച്ചു: ‘ആരായാലും പ്രസിഡന്റിന്റെ ഓഫീസിനോട് ആദരവ് പുലര്‍ത്തണം,’ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി ഇര്‍ഡോഗന്റെ സര്‍ക്കാര്‍ അഴിമതി ആരോപണങ്ങളില്‍െപ്പട്ട് ഉഴലുകയാണ്. നാലു മന്ത്രിമാര്‍ കൈക്കൂലി വാങ്ങിയതിനും നിയമവിരുദ്ധമായി സ്വാധീനം ചെലുത്തിയതിനും കുറ്റവിചാരണ നേരിടുകയാണ്. ഇര്‍ഡോഗനെ അദ്ദേഹത്തിന്റെ എതിരാളികള്‍ വളഞ്ഞിരിക്കുകയാണ്: രാജ്യത്തെ മാധ്യമങ്ങളിലും നീതിന്യായ വ്യവസ്ഥയിലും പോലീസിലും സ്വാധീനമുള്ള ഗുലെനിസ്റ്റുകള്‍ അദ്ദേഹത്തിന്റെ സര്‍ക്കാരുമായി ഇപ്പോള്‍ പോരാട്ടത്തിലാണ്.

നവ-ഒട്ടോമന്‍ രൂപകല്‍പനയില്‍ ആയിരത്തിലേറെ മുറികള്‍ ഉള്ള അംഗാറയിലെ ഇര്‍ഡോഗന്റെ പുതിയ ഗൃഹത്തെയാണ് വിദ്യാര്‍ത്ഥി ‘നിയമവിരുദ്ധ കൊട്ടാരം’ എന്ന് വിശേഷിപ്പിച്ചത്. കെട്ടിടത്തിന്റെ വലിപ്പം മാത്രമല്ല അതിനെ ശ്രദ്ധേയമാക്കുന്നത്: അതാര്‍തുര്‍ക് നേരത്തെ താമസിച്ചിരുന്ന ഒരു പഴയ കെട്ടിടത്തിന് പകരമാണ് പുതിയത് നിര്‍മിച്ചിരിക്കുന്നത്.

അതാര്‍തുര്‍ക്ക് കഴിഞ്ഞാല്‍ തുര്‍ക്കിയില്‍ ഏറ്റവും സ്വാധീനമുള്ള നേതാവാണ് ഇര്‍ഡോഗന്‍ എന്ന് മാത്രമല്ല, അതാര്‍തുര്‍ക്കിന്റെ പാരമ്പര്യത്തെ മാറ്റിയെഴുതാനും ഇര്‍ഡോഗന്‍ ശ്രമിക്കുന്നു. അതാര്‍തുര്‍ക്ക് മുന്നോട്ട് വച്ച മതേതരത്വത്തിന്റെ പേരില്‍ പതിറ്റാണ്ടുകളോളം അടിച്ചമര്‍ത്തപ്പെട്ടിരുന്ന രാജ്യത്തിന്റെ ഇസ്ലാമിക, ഒട്ടോമന്‍ ഭൂതകാലത്തെ മടക്കിക്കൊണ്ടുവരാന്‍ ഇര്‍ഡോഗന്‍ ശ്രമിക്കുന്നു.

‘ഞങ്ങള്‍ ഭീകരവാദികളല്ല,’ എന്നാണ് വെള്ളിയാഴ്ച സ്വതന്ത്രനായ ശേഷം ഇര്‍ഡോഗന്‍ സര്‍ക്കാരിനെതിരെ തന്റെ പരാമര്‍ശങ്ങളില്‍ തെല്ലും മയം വരുത്താതെ വിദ്യാര്‍ത്ഥി പ്രതികരിച്ചത്. ‘ഇങ്ങനെ ഒരു വഴി സ്വീകരിച്ചപ്പോള്‍ തന്നെ ഇനി പിന്നോട്ടില്ലെന്ന് ഞങ്ങള്‍ തീരുമാനിച്ചിരുന്നു. ഫാസിസ്റ്റുകളുടെ വികസന വിരുദ്ധ സമ്മര്‍ദങ്ങള്‍ക്ക് ഞങ്ങള്‍ വശംവദരാവില്ല.’

പ്രസിഡന്റിനെ അധിഷേപിച്ചതിന്റെ പേരില്‍ കുറ്റം ചുമത്തപ്പെടുകയും ശിക്ഷിക്കപ്പെടുകയും ചെയ്താല്‍ ഈ യുവാവിന് നാല് വര്‍ഷം തടവ് ശിക്ഷ അനുഭവിക്കേണ്ടി വരും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍