UPDATES

വിദേശം

ഏകാധിപത്യത്തിന് മറുപടി സൈനിക അട്ടിമറിയോ?

ടീം അഴിമുഖം

വെള്ളിയാഴ്ച വൈകുന്നേരം തുര്‍ക്കി സൈന്യത്തിലെ വിഭാഗം പ്രസിഡന്‍റ് റിസെപ് തയ്യിപ് ഏര്‍ദോഗാന്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ലക്ഷ്യമിട്ട് ഒരു പട്ടാള അട്ടിമറിക്ക് ശ്രമിച്ചു. ജനാധിപത്യത്തെ സംരക്ഷിക്കാനാണ് തങ്ങളിത് ചെയ്തതെന്നാണ് അവര്‍ പറഞ്ഞത്-ഏര്‍ദോഗനും കക്ഷിയും ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ടതാണെന്ന യാഥാര്‍ത്ഥ്യം നിലനില്‍ക്കെയാണിത്.

“ഭരണഘടന ക്രമവും മനുഷ്യാവകാശങ്ങളും സ്വാതന്ത്ര്യവും സംരക്ഷിക്കുന്നതിനായി തുര്‍ക്കി സായുധ സേന രാജ്യത്തിന്റെ ഭരണം പൂര്‍ണമായും ഏറ്റെടുത്തിരിക്കുന്നു,” ഒരു പ്രസ്താവനയില്‍ പറയുന്നു.

തുര്‍ക്കിയും ഇന്ത്യയും തമ്മില്‍ വായനക്കാരില്‍ ചിലരെങ്കിലും ചില സമാനതകള്‍ കണ്ടാല്‍ അത്ഭുതമില്ല. വാസ്തവത്തില്‍ പല നിരീക്ഷകരും രണ്ടു രാജ്യങ്ങളെയും വലിയ ഉദാര ജനാധിപത്യങ്ങള്‍ എന്ന രീതിയില്‍ താരതമ്യം ചെയ്യുന്നുണ്ട്. മാധ്യമപ്രവര്‍ത്തകന്‍ ബഷാരത് പീര്‍ എഴുതിയ “A Question of Order: India, Turkey, and the Return of Strongmen,”2017 ഫെബ്രുവരിയില്‍ യു.എസ് വിപണിയില്‍ ഇറങ്ങാനിരിക്കുകയാണ്.

അതാതുര്‍ക്കിന്റെ സ്വപ്നവും ഏര്‍ദോഗാന്റെ ഏകാധിപത്യവും
ഇപ്പോള്‍ കെമാലിസം എന്നറിയപ്പെടുന്ന ജനാധിപത്യ ദേശീയതയും കടുത്ത മതേതരത്വവും ചേര്‍ന്ന ഒരു സമ്പ്രദായത്തില്‍ ഉറച്ചുവിശ്വസിച്ചിരുന്ന മുസ്തഫ കെമാല്‍ അതാതുര്‍ക് എന്ന മുന്‍ സൈനിക ഉദ്യോഗസ്ഥനാണ് 1923-ല്‍ ആധുനിക തുര്‍ക്കി റിപ്പബ്ലിക്ക് സ്ഥാപിച്ചത്.

കെമാലിസത്തിന്റെ സംരക്ഷകരായി സ്വയം കരുതുന്ന തുര്‍ക്കി സൈന്യം, 1960 മുതല്‍ തുര്‍ക്കിയുടെ ജനാധിപത്യത്തെ കുഴപ്പങ്ങളില്‍ നിന്നും ഇസ്ളാമിക സ്വാധീനത്തില്‍ നിന്നും സംരക്ഷിക്കുന്നതിന് എന്ന പേരില്‍ നാല് തുര്‍ക്കി സര്‍ക്കാരുകളെ സൈന്യം അട്ടിമറിച്ചിട്ടുണ്ട്. ഓരോ തവണയും അത് രാജ്യത്തെ ജനാധിപത്യത്തിലേക്ക് തിരികെയെത്തിക്കും- പക്ഷേ കൂടുതല്‍ മോശമായ രീതിയിലാണെങ്കിലും.

തുര്‍ക്കിയിലെ ജനാധിപത്യത്തിനും മതേതരത്വത്തിനും ഏര്‍ദോഗാന്‍ ഒരു ഭീഷണിയാണെന്ന കാര്യത്തില്‍ സംശയമില്ല. തുര്‍ക്കിയിലെ വിദ്യാലയങ്ങളെ ഇസ്ളാമിക രീതിയില്‍ ഏര്‍ദോഗാന്‍ നേതൃത്വം നല്‍കുന്ന മിതവാദ ഇസ്ളാമിക കക്ഷിയായ എ കെ പാര്‍ടി ‘പരിഷ്കരിച്ചു’. തുര്‍ക്കിയിലെ മാധ്യമസ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്തിയ ഏര്‍ദോഗാന്‍, പ്രസിഡന്റിന്റെ കൈകളില്‍ അധികാരം കേന്ദ്രീകരിക്കുന്ന തരത്തില്‍ ഭരണഘടന ഭേദഗതികള്‍ വരുത്തി.

തുര്‍ക്കിയിലെ യാഥാസ്ഥിതിക,മുസ്ലീം വിഭാഗങ്ങളില്‍ ഏര്‍ദോഗാന്റെ എ കെ പാര്‍ട്ടിക്ക് ഉറച്ച പിന്തുണയുണ്ട്. എന്നാല്‍ രാജ്യത്തിന് പുറത്ത് വിമര്‍ശകരെ ബലപ്രയോഗത്തിലൂടെ അടിച്ചമര്‍ത്തുന്ന അയാളുടെ രീതിക്കെതിരെ വലിയ എതിര്‍പ്പുയരുന്നുണ്ട്.

തുര്‍ക്കിയിലെ മാധ്യമപ്രവര്‍ത്തകരെ വിചാരണയ്ക്ക് വിധേയരാക്കുകയും തടവിലിടുകയും ചെയ്യുന്നു. വിദേശ മാധ്യമപ്രവര്‍ത്തകരെ പീഡിപ്പിക്കുകയും രാജ്യത്തുനിന്നും പുറത്താക്കുകയും ചെയ്യുന്നു. കഴിഞ്ഞ മാസം തുര്‍ക്കിയിലെ ഏറ്റവും വലിയ പത്രമായ സമന്‍, പോലീസ് പരിശോധനയ്ക്ക് വിധേയമായി. അതിലെ ജീവനക്കാരെ പോലീസ് മര്‍ദ്ദനത്തിനും ഭീഷണിക്കും ഇരയായി.

സമന്റെ അവസാന സ്വതന്ത്ര മുഖപ്രസംഗത്തില്‍ തുര്‍ക്കിയുടെ മാധ്യമങ്ങള്‍ ഏറ്റവും ഇരുണ്ട നാളുകളാണ് അഭിമുഖീകരിക്കുന്നതെന്ന് എഴുതിയിരുന്നു. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള അതിന്റെ ആദ്യപതിപ്പില്‍ സര്‍ക്കാരിനെ പ്രശംസകള്‍ കൊണ്ട് മൂടുകയും ചെയ്തു.

ഏര്‍ദോഗാന്റെ സ്വേച്ഛാധിപത്യ സമീപനം തുര്‍ക്കിയുടെ അതിരുകളില്‍ ഒതുങ്ങുന്നതല്ല. അയാളുടെ അംഗരക്ഷകര്‍ യു.എസില്‍ വാര്‍ത്താലേഖകരെ ആക്രമിച്ചു. തുര്‍ക്കി പ്രസിഡന്റിനെ ടെലിവിഷനില്‍ കളിയാക്കി എന്നതിന്റെ പേരില്‍ ഒരു ജര്‍മന്‍ ആക്ഷേപഹാസ്യ അവതാരകന്‍ നിയമനടപടികള്‍ നേരിടുകയാണ്.

എ കെ പാര്‍ട്ടി രൂപവത്കരിച്ചതിന് ഒരു വര്‍ഷത്തിന് ശേഷമാണ് 2002-ല്‍ 61 കാരനായ ഏര്‍ദോഗാന്‍ അധികാരത്തിലെത്തിയത്. ആഗസ്ത് 2014-ല്‍ നേരിട്ടു തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ പ്രസിഡണ്ടാകുന്നതിന് –ഒരു ആലങ്കാരിക പദവിയായാണ് അറിയപ്പെടുന്നതെങ്കിലും- 11 വര്‍ഷം അയാള്‍ തുര്‍ക്കി പ്രധാനമന്ത്രിയായി.

ജൂണ്‍ 2015-ല്‍ എ കെ പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പില്‍ വേണ്ടത്ര വിജയം കണ്ടെത്താനായില്ല. ഒരു സഖ്യമുണ്ടാക്കുന്നതില്‍ അവര്‍ പരാജയപ്പെട്ടു. പക്ഷേ, തുര്‍ക്കിയിലെ കുര്‍ദിഷ് വിമതര്‍ക്ക് നേരെ കനത്ത ആക്രമണം അഴിച്ചുവിടാന്‍ ഏര്‍ദോഗാനെ സഹായിച്ച തുര്‍ക്കിയിലുണ്ടായ വലിയ സ്ഫോടനങ്ങളിലൊന്നിന് ശേഷം നവംബറില്‍ നടത്തിയ ഇടക്കാല തെരഞ്ഞെടുപ്പില്‍ അയാളുടെ കക്ഷിക്ക് മികച്ച ഭൂരിപക്ഷം നേടാനായി.

ഒന്നാം ലോക മഹായുദ്ധത്തിന് ശേഷം മതേതര മൂല്യങ്ങളുടെ അടിസ്ഥാനത്തില്‍ കെട്ടിപ്പടുത്ത തുര്‍ക്കിയില്‍ ഇസ്ലാമികതയില്‍ അടിയുറപ്പിച്ച എ കെ പാര്‍ട്ടി സൈനിക,ദേശീയവാദി വിഭാഗങ്ങളുമായി മിക്കപ്പോഴും സംഘര്‍ഷത്തിലായിരുന്നു.

2003 മുതല്‍ അധികാരത്തിലിരിക്കുന്ന ഏര്‍ദോഗാനെതിരായ സൈനിക അട്ടിമറി നീക്കം വിജയിക്കുകയാണെങ്കില്‍, തുര്‍ക്കിയുടെ അതിരുകളില്‍ പോരാട്ടങ്ങള്‍ കനക്കുന്ന ഈ നാളുകളില്‍, യു.എസിന്റെ പ്രധാന സഖ്യകക്ഷികളിലൊന്നായ ഒരു രാജ്യത്തിന്റെ രാഷ്ട്രീയ അധികാര മാറ്റവും വര്‍ഷങ്ങള്‍ക്കിടയില്‍ പശ്ചിമേഷ്യയിലെ വമ്പന്‍ മാറ്റങ്ങളിലൊന്നുമാകും അത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍