UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കണ്ണാടി നോക്കി വിധി പ്രഖ്യാപിക്കുന്ന വാർത്താ അവതാരകർ

Avatar

ആർ.സുരേഷ് കുമാർ

“പത്രങ്ങൾ ലോകത്തിന്റെ കണ്ണാടിയാണ്; പുറകിൽ മെർക്കുറിയില്ലാത്ത കണ്ണാടി” – ചാനലുകളും വാർത്താ ചാനലുകളുടെ ആക്ടിവിസവും സജീവമാകുന്നതിന് പതിറ്റാണ്ടുകൾക്ക് മുമ്പ് മൊറാർജി ദേശായി പത്രങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് പറഞ്ഞതായി കേട്ടിട്ടുള്ള വരികളാണിത്. പുറകിൽ മെർക്കുറി തേച്ച കണ്ണാടിയിൽ നോക്കിയാൽ കാണുന്നത് സ്വന്തം മുഖമായിരിക്കും. ചാനലുകൾ സജീവമായ ഇന്നത്തെ കാലത്ത് മൊറാർജിയുണ്ടായിരുന്നെങ്കിൽ മാധ്യമങ്ങളെ എങ്ങനെ നിർവചിക്കുമായിരുന്നുവെന്നത് ചിന്തനീയമാണ്. വാർത്തകൾ സംഭവിക്കുന്നതോ കണ്ടെത്തുന്നതോ അല്ലാതെ അവതരിപ്പിച്ച് വില്പനച്ചരക്കാക്കുന്ന കാലഘട്ടമാണിത്. അതിലൂടെ പ്രേക്ഷകന്റെ ചിന്തകളെ തങ്ങൾക്കിണങ്ങുന്ന വിധം പരുവപ്പെടുത്തുന്നതിന് അവതാരകർ നടത്തുന്ന പരിശ്രമങ്ങൾ പരാക്രമ കരങ്ങളായി ടി.വി.ക്ക് പുറത്തേക്ക് നീണ്ടു വരികയാണ്.

ഗ്ളിസറിൻ വെള്ളം ധാരധാരയായി ഒഴുകുന്ന ചാനൽ പരമ്പരകളുടെ മനം മടുപ്പിക്കുന്ന കാഴ്ചകൾക്കിടയിൽ  ഗൗരവമേറിയ സാമൂഹ്യ രാഷ്ട്രീയ വിഷയങ്ങളെക്കുറിച്ച് ചർച്ച നടത്തുന്ന ന്യൂസ് ചാനലുകളുടെ വരവിനെ ആശ്വാസത്തോടെയാണ് ഒരുവിഭാഗം പ്രേക്ഷകർ കണ്ടത്. അതിപ്പോൾ വെറുതെയായോ എന്ന സംശയം ശക്തമായിക്കൊണ്ടിരിക്കുന്നു. ന്യൂസ് വാല്യു സൃഷ്ടിക്കാനും അത് നല്ല വിലയ്ക്ക് വിറ്റുപോകാനും ചാനലുകൾ നടത്തുന്ന മത്സരം എല്ലാ സാമൂഹ്യ മര്യാദകളെയും ലംഘിക്കുന്ന തരത്തിലേക്ക് മാറിയിട്ട് കാലമേറെയായി. ഇപ്പോൾ പ്രേക്ഷകന്റെയും ചർച്ചകളിൽ പങ്കെടുക്കാൻ വിധിക്കപ്പെടുന്നവരുടെയും ചാനൽ ചർച്ചാതൊഴിലാളികളുടെയും മേൽ ആധിപത്യം സ്ഥാപിക്കാൻ അവതാരകന്മാർ ശ്രമിക്കുന്ന കാഴ്ച അസഹനീയമായി മാറിക്കൊണ്ടിരിക്കുന്നു. അവർ കോടതികളിലെ (വാദിയുടെയും പ്രതിയുടെയും) വക്കീലന്മാരുടെയും ജഡ്ജിമാരുടേയും റോളുകൾ ഒന്നിച്ച് ഏറ്റെടുത്ത പോലുണ്ട്. പലരുടെയും ശരീരഭാഷയും വാക്കുകളും ഈ ലോകത്ത് തന്നെക്കഴിഞ്ഞ് ആരുണ്ട് എന്നു ചോദിക്കുന്ന തരത്തിലാണ്. 

തൊണ്ണൂറുകൾക്ക് ശേഷം സാമൂഹ്യ, രാഷ്ട്രീയ, സാമ്പത്തിക, തൊഴിൽപരമായ കാര്യങ്ങളിൽ  ഇടപെടലുകൾ നടത്തുന്നതിലും കേരളത്തിന്റെ പൊതുമണ്ഡലങ്ങളിൽ അഭിപ്രായ രൂപീകരണങ്ങൾക്ക് വഴിയൊരുക്കുന്നതിനും ന്യൂസ് ചാനലുകൾ വളരെയേറെ പങ്ക് വഹിച്ചിട്ടുണ്ടെന്ന കാര്യം വിസ്മരിക്കുന്നില്ല. എന്നാലിപ്പോൾ സാഹചര്യങ്ങൾ മാറിയിരിക്കുന്നു. പ്രേക്ഷകൻ എങ്ങനെ ചിന്തിക്കണമെന്ന് ചാനലും അവതാരകരും തീരുമാനിക്കുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങളുടെ പോക്ക്.

 

 

ഒരു വിഷയം ചർച്ച ചെയ്യുമ്പോൾ പല അഭിപ്രായങ്ങൾ വച്ച് പുലർത്തുന്നവരെയും വിവിധ രാഷ്ട്രീയ കക്ഷികളെ പ്രതിനിധീകരിക്കുന്നവരെയും വിളിക്കുന്നത് അവരുടെ ഭാഗം പറയുന്നതിനും കാഴ്ചപ്പാടുകൾ പങ്കുവയ്ക്കുന്നതിനുമാണ്. അതിനുള്ള അവസരം അവർക്കു നൽകി, അവർ പറയുന്നതിലെ ശരിതെറ്റുകൾ വിലയിരുത്താനുള്ള അവസരം പ്രേക്ഷകർക്ക് നൽകുകയാണ് വേണ്ടത്. എന്നാല്‍ അവതാരകൻ പക്ഷം പിടിക്കുകയാണെന്ന് പ്രേക്ഷകർക്ക് തോന്നുന്ന അവസരങ്ങളാണ് മിക്ക അവതരണങ്ങളിലും സംഭവിക്കുന്നത്. നിഷ്പക്ഷത എന്നത് കാപട്യമാണെന്നും ശരിയുടെ പക്ഷം പിടിക്കുക തന്നെയാണ് വേണ്ടതെന്നും അറിഞ്ഞുകൊണ്ടു തന്നെ പറയട്ടെ, ചാനൽ ചർച്ചകളിലെ പക്ഷം പിടിക്കൽ അരോചകമായിട്ടാണ് തോന്നുന്നത്. പങ്കെടുക്കുന്നവരിൽ പലരും കാര്യങ്ങൾ പറഞ്ഞു തുടങ്ങുമ്പോൾ തന്നെ അവതാരകൻ ഇടപെട്ടുതുടങ്ങുന്നു. അഭിപ്രായം സ്വയം പറഞ്ഞിട്ട് ശരിയല്ലേയെന്ന് ചോദിക്കുന്നു. ഒരുവിഭാഗത്തിന്റെ വാദം മാത്രമാണ് ശരിയെന്ന് തോന്നുന്നുവെങ്കിൽ അതിനോടൊപ്പം നിൽക്കാനും പിന്തുണയ്ക്കാനും ആർക്കും അവകാശമുണ്ട്. എങ്കിൽ മറുഭാഗത്തെ വിളിക്കാതിരിക്കുക. അഭിപ്രായങ്ങളിൽ അസഹിഷ്ണുതയുണ്ടാവുക സ്വാഭാവികം. അത് പ്രകടിപ്പിക്കുന്നത് എതിർപക്ഷത്തെ പ്രതിനിധീകരിക്കുന്നവരാണെങ്കിൽ മനസ്സിലാക്കാം. എന്നാൽ അസഹിഷ്ണുത ശരീരഭാഷയിലൂടെയും വാക്കുകളിലൂടെയും പ്രകടിപ്പിക്കുന്നത് മോഡറേറ്ററായ അവതാരകനാവുമ്പോൾ അത് പ്രേക്ഷകനെ കൂടി അപമാനിക്കുന്ന പ്രവൃത്തിയാണ്. ഒരു ചാനൽ ചർച്ചയിൽ കൂടുതൽ സമയവും അവതാരകൻ സംസാരിക്കുകയും സ്വയം വിശകലനം നടത്തുകയും ചെയ്യുമ്പോൾ പങ്കെടുക്കുന്നവരിൽ പലരും നിസ്സഹായരായി ഇരിക്കുന്നത് ദയനീയ കാഴ്ചയാണ്. അവസാനം വിധികർത്താവിനെപ്പോലെ സ്വയംചോദിച്ച ചോദ്യങ്ങൾക്ക് ഉത്തരവും പറഞ്ഞ് വിജയിച്ചവന്റെ സംതൃപ്തിയോടെ അവതാരകന്‍ തല ഉയർത്തുമ്പോൾ പ്രേക്ഷകൻ വാ പിളർന്നിരിക്കേണ്ട അവസ്ഥയിലാവുന്നു.

അടുത്ത കാലത്ത് മൂന്നാറിലെത്തിയ ഒരു വനിതാ ആക്ടിവിസ്റ്റ് പെണ്ണൊരുമ സമരത്തെ നിയന്ത്രിച്ചിരുന്നത് ചില ന്യൂസ് ചാനലുകളും പോലീസുകാരും ചേർന്നാണെന്ന് എഴുതിയിരുന്നു. പാവപ്പെട്ട സ്ത്രീ തൊഴിലാളികളുടെ ന്യൂസ് വാല്യു തിരിച്ചറിഞ്ഞു ചാനലിലൂടെ നയിക്കാൻ ചാനൽ ആക്ടിവിസത്തിന് കഴിഞ്ഞുവെന്നാണ് അതിൽ നിന്നും മനസ്സിലാകുന്നത്. സമരത്തിന്റെ രണ്ടാം ഘട്ടത്തിൽ തോട്ടമുടമകളും സർക്കാരും തൊഴിലാളി സംഘടനകളും മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്ന തോന്നലുളവാക്കുന്നരീതിയിൽ മുന്നോട്ടു പോയിരുന്നപ്പോൾ കൃത്യമായ സംഘടനാശേഷിയില്ലാത്ത, ഒത്തുതീർപ്പുകളിലെ ലോകപരിചയം കുറവായിരുന്ന പാവപ്പെട്ട പെണ്ണൊരുമക്കാർ പട്ടിണിയിലേക്ക് കൂപ്പുകുത്തിയപ്പോൾ അവരെ നയിക്കാൻ പോയ ചാനലുകൾ ക്രമേണ രംഗം വിടുന്ന മട്ടിലേക്ക് എത്തുകയും ചെയ്തു. സമരമവസാനിക്കുന്നതിനു മുമ്പ് തന്നെ ഒമ്പത് മണി ചർച്ചകൾ ക്രമേണ അവസാനിച്ചു. സമരത്തിന്റെ ആദ്യഘട്ടത്തിൽ മാധ്യമങ്ങൾ നൽകിയ പിന്തുണയും അതിന്റെ പ്രാധാന്യവും ഉൾക്കൊള്ളുന്നുണ്ടെങ്കിലും നിരാലംബരായ സ്ത്രീകളെ വാർത്തകളാക്കി വിൽക്കുന്ന പ്രവണതയായിരുന്നു കൂടുതൽ മുഴച്ചു നിന്നതെന്നാണ് പ്രസ്തുത പ്രതികരണത്തിൽ നിന്ന് മനസ്സിലാകുന്നത്.

എഡിറ്റ് പേജിലെ നിഷ്പക്ഷമെന്ന് ഓരോ പത്രവും സ്വയംഭാവിക്കുന്ന കാഴ്ചപ്പാടുകളും വിശകലനങ്ങളും ആകാമെങ്കിൽ എന്തുകൊണ്ട് ചാനൽ അവതാരകരെ സഹിച്ചുകൂടായെന്ന് സംശയിച്ചേക്കാം. അവിടെയൊന്നും ലൈവ് ആയി ഇരകളെയോ ചർച്ചാ തൊഴിലാളികളെയോ ഇരുത്തി പ്രേക്ഷകന്റെ സാമാന്യബോധത്തെ വെല്ലുവിളിക്കുന്നില്ല എന്നതു തന്നെ ആശ്വാസം. വാർത്തകൾക്കിടയിൽ നിന്നും വ്യത്യസ്ത അഭിപ്രായങ്ങൾക്കിടയിൽ നിന്നും സ്വന്തം നിഗമനങ്ങളിലേക്കെത്താൻ പ്രേക്ഷകനുള്ള അവസരത്തെയും സ്വാതന്ത്ര്യത്തെയും വെറുതെ വിടാൻ വാർത്താ അവതാരകർ സൗമനസ്യം കാണിക്കേണ്ടത് സാമാന്യ മര്യാദകളിലൊന്നാണ്.

(സാമൂഹ്യ നിരീക്ഷകനാണ് ലേഖകൻ)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 


അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍