UPDATES

കായികം

കോഹ്ലിയുടെ ചിറകിലേറി ഇന്ത്യന്‍ ജയം

Avatar

മഴ വൈകിപ്പിച്ച ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരത്തില്‍ ഈഡന്‍ ഗാര്‍ഡന്‍സില്‍ ഇന്ത്യയ്ക്ക് ഉജ്ജ്വല വിജയം.  വിരാട് കോഹ്ലിയുടെ അര്‍ദ്ധ ശതകത്തിന്റെ മികവില്‍ 6 വിക്കറ്റിനാണ് ഇന്ത്യയുടെ ജയം. കോഹ്ലി 37 പന്തില്‍ 55 റണ്‍സ് എടുത്തു.

ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ 18 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 118 റണ്‍സ് എടുത്തു. റണ്‍ വിട്ടു കൊടുക്കുന്നതില്‍ ഇന്ത്യന്‍ ബൌളര്‍മാര്‍ പിശുക്ക് കാട്ടിയപ്പോള്‍ ഓപ്പണര്‍മാരായ ഷര്‍ജീല്‍ ഖാനും അഹമ്മദ് ഷെഹാസാദിനും പ്രത്യേകിച്ചു ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. ഷെര്‍ജീല്‍ ഖാനെ (17)  സുരേഷ് റെയ്‌നയുടെ പന്തില്‍ പാണ്ഡ്യെയുടെ മനോഹര ക്യാച്ചില്‍ പുറത്താക്കിയപ്പോള്‍ 25 റണ്‍സ് എടുത്ത അഹമ്മദ് ഷെഹഷാദിനെ ബുംമ്ര പുറത്താക്കി. അജയ് ജഡേജയാണ് ക്യാച്ച് എടുത്തത്. പാണ്ഡ്യെയുടെ പന്തില്‍ കോഹ്ലിയുടെ ക്യാച്ചില്‍ അഫ്രീദി പുറത്തായതോടെ പാക്കിസ്ഥാന്റെ നില പരുങ്ങലിലായി. എന്നാല്‍ പിന്നീട് വന്ന ഉമര്‍ അക്മലും ഷൊയിബ് മാലികും ചേര്‍ന്ന് 40 റണ്‍സ് കൂട്ടിച്ചേര്‍ത്തു പാക്കിസ്ഥാനെ ഭേദപ്പെട്ട നിലയില്‍ എത്തിച്ച്. ഉമര്‍ അക്മല്‍ 22(16), ഷോയിബ് മാലിക് 26(16) എന്നിങ്ങനെയാണ് ഇരുവരുടെയും സംഭാവന.

തകര്‍ച്ചയോടെയായിരുന്നു ഇന്ത്യന്‍ ടീമിന്റെ തുടക്കം 10 റണ്‍സ് എടുത്ത രോഹിത് ശര്‍മ്മ,6 റണ്‍സ് എടുത്ത ശിക്കര്‍ ധവാന്‍, റണ്‍സ് ഒന്നും എടുക്കാതെ സുരേഷ് റെയ്ന എന്നിവര്‍ പെട്ടെന്നു തന്നെ മടങ്ങിയതോടെ ഉദ്ഘാടന മത്സരത്തിന്റെ തനി ആവര്‍ത്തനമാകുകയാണോ കളി എന്നു തോന്നിപ്പിച്ചു. ധവാനും റെയ്നയും അടുത്തടുത്ത പന്തില്‍ മുഹമ്മദ് സമിക്ക് ഹാട്രിക്ക് പ്രതീക്ഷ നല്കി. എന്നാല്‍ തുടര്‍ന്ന് വന്ന യുവരാജ് സിംഹുമായി ചേര്‍ന്ന് വിരാട് കോഹ്ലി സ്കോര്‍ ബോര്‍ഡ് ചലിപ്പിക്കാന്‍ തുടങ്ങിയതോടെ കളി ഇന്ത്യയുടെ വരുതിയിലായി. എന്നാല്‍ ഇന്ത്യന്‍ സ്കോര്‍ 84ല്‍ എത്തിയപ്പോള്‍ വഹാബ് റിയാസിന്‍റെ പന്തില്‍ യുവരാജ് സിംഹ് പുറത്തായി. മുഹമ്മദ് സമി ബൌണ്ടറി ലൈനില്‍ വെച്ച് പിടിക്കുമ്പോള്‍ 23 പന്തില്‍ 24 റണ്‍സ് ആയിരുന്നു യുവരാജിന്റെ സമ്പാദ്യം. എന്നാല്‍ സ്വതസിദ്ധമായ ശൈലിയില്‍ കളിച്ച കോഹ്ലി റണ്‍ റേറ്റ് ഉയര്‍ത്തിക്കൊണ്ടിരുന്നു. പന്ത് ഉയര്‍ത്തി അടിക്കാതെ  കൂടുതല്‍ ഗ്രൌണ്ട് ഷോട്ടുകള്‍ കളിച്ച കോഹ്ലി 7 ബൌണ്ടറികളും ഒരു സിക്സും അടിച്ചു. എന്നത്തേയും പോലെ  16-മത്തെ ഓവറില്‍ മുഹമ്മദ് ഇര്‍ഫാനെ സിക്സറിന് പറത്തിക്കൊണ്ട് ധോണി ഇന്ത്യയെ വിജയത്തിലേക്ക് കൈ പിടിച്ചുയര്‍ത്തി. 13 പന്തുകള്‍ ബാക്കി നില്‍ക്കെയാണ് ഇന്ത്യയുടെ വിജയം.  

വിരാട് കോഹ്ലിയാണ് മാന്‍ ഓഫ് ദി മാച്ച്. ഗ്രൂപ്പ് രണ്ടില്‍ ഇന്ത്യ ഇപ്പോള്‍ മൂന്നാം സ്ഥാനത്താണ്.  

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍