UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കിഴക്കമ്പലം പഞ്ചായത്ത് പിടിക്കാന്‍ കിറ്റക്‌സിന്റെ അരാഷ്ട്രീയ പരീക്ഷണങ്ങള്‍

Avatar

അഭിമന്യു

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ട്വന്റി 20യെക്കുറിച്ച് ചര്‍ച്ച ചെയ്യേണ്ട കാര്യമുണ്ടോ. ട്വന്റി 20യുടെ ഏറ്റവും വലിയ മാമാങ്കമായ ഐപിഎല്ലിന്റെ വരെ തിളക്കം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. എന്നാല്‍ എറണാകുളം ജില്ലയിലെ കഴിക്കമ്പലം പഞ്ചായത്തില്‍ തെരഞ്ഞെടുപ്പ് ശരിക്കുമൊരു ട്വിന്റി 20 മത്സരത്തിന്റെ ആവേശത്തിലാണ്. ഇവിടെ ഇരുമുന്നണികള്‍ക്കും ഭീഷണി ഉയര്‍ത്തി തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയാണ് ട്വന്റി 20 എന്ന സംഘടന. പ്രമുഖ ബിസിനസ് ഗ്രൂപ്പായ കിറ്റെക്‌സാണ് ട്വന്റി 20യുടെ പിന്നില്‍. കിഴക്കമ്പലം നിവാസികള്‍ ഉള്‍പ്പെട്ട സംഘമാണ് ട്വന്റി 20യുടെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. കിറ്റെക്‌സ് ഗ്രൂപ്പ് സാമൂഹ്യ പ്രതിബദ്ധതയുടെ പേരില്‍ ചെലവഴിക്കുന്ന കോടികള്‍ തന്നെയാണ് ഈ സംഘടനയുടെ പ്രധാന ശക്തി.

എന്താണ് ട്വന്റി 20?
കിഴക്കമ്പലത്തെ ജനകീയ കൂട്ടായ്മ എന്നു അച്ചടി ഭാഷയില്‍ ഈ സംഘടനയെ വിളിക്കാം. എന്നാല്‍ അരാഷ്ട്രീയം വളര്‍ത്തുന്ന സംഘടനയെന്ന് ഇടതും വലതും ഒറ്റ ശ്വാസത്തില്‍ ആരോപിക്കും. പക്ഷെ കഴിഞ്ഞ മാസം ട്വന്റി 20 നടത്തിയ പഞ്ചായത്ത് തല തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ 10,000 പേരോളം പങ്കെടുത്തു എന്നാണ് സംഘാടകര്‍ പറയുന്നത്. അതുതന്നെയാണ് എല്‍ഡിഎഫ്-യുഡിഎഫ് മുന്നണികളെ ഭയപ്പെടുത്തുന്നതും. ഇത് രാഷ്ട്രീയം. കിറ്റെക്‌സിന്റെ നേതൃത്വത്തിലുള്ള സംഘടന എങ്ങനെ ജനങ്ങളെ കൈയിലെടുത്തുവെന്ന് അറിയേണ്ടെ? കോര്‍പറേറ്റ് ലോകത്ത് പണമുണ്ടെങ്കില്‍ എന്തും നടക്കുമെന്നതിന് തെളിവാണ് ഈ സംഘടന. ഈ മാസം ആദ്യം മലയാളത്തിലെ പല പ്രമുഖ പത്രങ്ങളുടേയും ഞായറാഴ്ച സപ്ലിമെന്റില്‍ വലിയ വാര്‍ത്തയായിരുന്നു ട്വന്റി 20യുടെ സേവനങ്ങള്‍. തെരഞ്ഞെടുപ്പ് അടുത്തതോടെ വരുന്ന പെയ്ഡ് ന്യൂസുകളുടെ കൂട്ടത്തില്‍ ഇവയെ ഉള്‍പ്പെടുത്താം.

മാധ്യമ മുത്തശ്ശിമാര്‍ പാടിപുകഴ്ത്തുന്ന ട്വന്റി 20യുടെ സേവനങ്ങള്‍ നോക്കാം- പാവപ്പെട്ടവര്‍ക്ക് വീടു നിര്‍മിച്ചു നല്‍കല്‍, നിത്യോപയോഗ സാധനങ്ങള്‍ കുറഞ്ഞ വിലയ്ക്ക് നല്‍കുന്ന സൂപ്പര്‍മാര്‍ക്കറ്റ്, ചികിത്സാ സഹായം, റോഡ് നിര്‍മാണം, കുടിവെള്ള പദ്ധതി എന്നിവ. ജൈവ കൃഷിയിലും മികച്ച പ്രവര്‍ത്തനമാണ് സംഘടന നടത്തിയത്. കാര്‍ഷിക മേഖലയായ കിഴക്കമ്പലത്ത് വ്യവസായത്തിന്റെ വിത്തെറിഞ്ഞത് കിറ്റക്‌സ് ഗ്രൂപ്പാണ്. വീണ്ടും കൃഷിയിലേക്ക് തിരിച്ചുവരാനുള്ള തൈകളും ഇവര്‍ തന്നെ നല്‍കി. 1,167 ഏക്കര്‍ സ്ഥലാണ് സംഘടനയുടെ നേതൃത്വത്തില്‍ കൃഷിയിറക്കിയത്. 2,800 കുടുംബങ്ങള്‍ക്കായി 14,000 മുട്ടക്കോഴികളെ വിതരണം ചെയ്തു. ആടുകളും താറാവുകളും പ്രദേശത്ത് മിക്ക വീട്ടിലുമുണ്ട്. പ്രമുഖ സ്വകാര്യബാങ്കുമായി സഹകരിച്ചു യുവാക്കള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കി. ഇതിലൂടെ 2000 പേര്‍ക്ക് തൊഴിലുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചു. 14,000 ജാതി തൈകളാണ് കര്‍ഷകര്‍ക്ക് വിതരണം ചെയ്തത്. 10,000 തെങ്ങിന്‍ തൈകള്‍, 2,000 റമ്പൂട്ടാന്‍ തൈ, 1500 പേര-സപ്പോട്ട തൈകള്‍, ഒന്നരലക്ഷം ഞാലിപ്പൂവന്‍ തൈകള്‍ എന്നിവയും ഇതിനിടയില്‍ സംഘടന വിതരണം ചെയ്തു. ഇനി ഇതെല്ലാം മറന്നേക്കൂ… ഏഴുലക്ഷം പച്ചക്കറി തൈകളും ട്വന്റി 20 വിതരണം ചെയ്തു. അഞ്ചു വര്‍ഷത്തിനകം കിഴക്കമ്പലത്തെ ഹരിതമനോഹര പഞ്ചായത്താക്കി മാറ്റുകയാണ് ഉദ്ദേശം. 2020-ല്‍ കിഴക്കമ്പലം നിവാസികള്‍ കൃഷിയില്‍ നിന്നുമാത്രം പ്രതീക്ഷിക്കുന്നത് 75 മുതല്‍ 100 കോടി രൂപയുടെ വരുമാനമാണ്. എത്ര മനോഹരമായ സ്വപ്നം, ട്വന്റി 20 പോലുള്ള സംഘടനകള്‍ നാടു മുഴുവന്‍ ഉണ്ടാകട്ടെ എന്നൊക്കെ മനസില്‍ ചിന്തിക്കാന്‍ വരട്ടെ.

എന്നാല്‍ കോര്‍പ്പറേറ്റുകള്‍ ജനകീയ ഭരണം പിടിച്ചെടുക്കുവാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായി മാത്രമേ ട്വന്റി ട്വന്റിയെ കാണുന്നുള്ളു എന്ന് സിപിഎം പറയുന്നു. ജനോപകാര പ്രവര്‍ത്തനങ്ങള്‍ക്കായി വ്യവസായികളും കച്ചവടക്കാരുമായ 43 പേര്‍ ചേര്‍ന്ന് ആരംഭിച്ച ട്വന്റി-20യെ കിറ്റെക്‌സ് ഉടമ കൈപ്പിടിയിലാക്കുകയായിരുന്നെന്നും സിപിഎം കിഴക്കമ്പലം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി.പി. ബേബി പറഞ്ഞു. നാട്ടുകാര്‍ക്ക് സാമ്പത്തിക സഹായം നല്‍കി പഞ്ചായത്ത് ഭരണം പിടിച്ചെടുക്കുകയാണ് സംഘടനയുടെ തലപ്പത്തിരിക്കുന്നവരുടെ ലക്ഷ്യമെന്നും ബേബി ആരോപിക്കുന്നു. അത് അരാഷ്ട്രീയത വളര്‍ത്തുമെന്നും ബേബി പറയുന്നു.

ട്വന്റി 20യുടെ തലകള്‍
കിറ്റക്‌സ് ഗാര്‍മെന്റ്‌സ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ സാബു എം. ജേക്കബാണ് ട്വന്റി 20യുടെ ചീഫ് കോര്‍ഡിനേറ്റര്‍. ഇവരുടെ നേതൃത്വത്തിലാണ് സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍. തങ്ങളുടെ പിതാവിന്റെ ആഗ്രഹമായിരുന്നു കിഴക്കമ്പലത്തിന്റെ സമഗ്രവികസനമെന്ന് പറയുന്നു സാബു എം. ജേക്കബ്. “വ്യവസായം തുടങ്ങിയ കാലം മുതല്‍ ഇതിനായി ശ്രമം നടത്തിയിരുന്നു. ആദ്യകാലത്ത് ഇതിനുള്ള സാമ്പത്തികമുണ്ടായിരുന്നില്ല. പിന്നീട് ഇതിനുള്ള അവസ്ഥയായതോടെ നാട്ടിലെ പ്രമുഖരെ എല്ലാം വിളിച്ചു കൂട്ടി ചര്‍ച്ച നടത്തി. പ്രശ്‌നങ്ങള്‍ കണ്ടെത്തി. ആദ്യ യോഗത്തിന് ആവേശപൂര്‍വം നിരവധി പേരെത്തി. പിന്നീട് ആവേശം കുറഞ്ഞു വന്നു. എന്നാല്‍ പിന്മാറാന്‍ ഞങ്ങള്‍ തയാറായിരുന്നില്ല. ഒടുവില്‍ ഇരുപതോളം പേര്‍ ചേര്‍ന്ന് സംഘടന തുടങ്ങി. ചാരിറ്റബിള്‍ സൊസൈറ്റിയായിട്ടാണ് പ്രവര്‍ത്തനം. 2020-ഓടെ പ്രവര്‍ത്തനം പൂര്‍ത്തിയാക്കുക എന്ന ഉദ്ദേശത്തോടെയാണ് പേരു പോലും നിശ്ചയിച്ചിരിക്കുന്നത്. നാട്ടുകാരുടെ ഇടയില്‍ സര്‍വെ നടത്തുകയും സാമ്പത്തിക അവസ്ഥയുടെ അടിസ്ഥാനത്തില്‍ കാര്‍ഡ് നല്‍കുകയും ചെയ്തു. നാലു നിറമുള്ള കാര്‍ഡുകളാണ് വിതരണം ചെയ്തിരിക്കുന്നത്. ഈ നിറം അടിസ്ഥാനമാക്കിയാണ് സഹായം നിശ്ചയിക്കുക. കാര്‍ഡുള്ള വ്യക്തികളെ കുറിച്ചുള്ള എല്ലാം വിവരങ്ങളും കമ്പ്യൂട്ടറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്”, അദ്ദേഹം പറയുന്നു.

ഇരുപതംഗ എക്‌സിക്യൂട്ടീവ് ബോര്‍ഡാണ് സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഓരോ വാര്‍ഡിലും 50 പേരുള്‍പ്പെട്ട എക്‌സിക്യൂട്ടീവ് കമ്മിറ്റി. അതിനു താഴെ 200 പേരുള്‍പ്പെട്ട മറ്റൊരു സമിതി. എല്ലാ പദ്ധതികളും ഈ കമ്മിറ്റികളില്‍ ചര്‍ച്ച ചെയ്യും. സമൂഹത്തിലെ എല്ലാ മേഖലയില്‍ നിന്നുള്ളവര്‍ കമ്മിറ്റിയിലുണ്ട്. ആംബുലന്‍സും ട്രക്കും ലോറിയുമടക്കം വാഹനങ്ങളും ഈ സംഘടനയ്ക്കുണ്ട്.



അരാഷ്ട്രീയത്തില്‍ പൂക്കുന്ന കോര്‍പറേറ്റ് സ്വപ്‌നങ്ങള്‍

കിറ്റക്‌സ് ഗ്രൂപ്പിന്റെ ദേശ സ്‌നേഹത്തിനു പിന്നില്‍ മറ്റൊരു കഥയുമുണ്ടെന്നു നാട്ടുകാരില്‍ ചിലര്‍ പറയുന്നു. കോണ്‍ഗ്രസാണിപ്പോള്‍ കഴിക്കമ്പലം പഞ്ചായത്ത് ഭരിക്കുന്നത്. തങ്ങളുടെ പല വികസന പ്രവര്‍ത്തനങ്ങള്‍ക്കും പഞ്ചായത്ത് ഇടംകോടിലിടുന്നുവെന്ന പരാതി കിറ്റക്‌സ് ഗ്രൂപ്പിനുണ്ട്. മലിനീകരണ പ്രശ്‌നങ്ങള്‍ ഉന്നയിച്ച് പല പദ്ധതികള്‍ക്കും പഞ്ചായത്തും നാട്ടുകാരും തടസവുമായി രംഗത്ത് വന്നിരുന്നു. കിറ്റക്‌സിന്റെ പണിശാലകളില്‍ ഇതര സംസ്ഥാനത്ത് നിന്നുള്ളവരെ ക്രൂരമായി ജോലി ചെയ്യിക്കുന്നുവെന്ന വാര്‍ത്തകളും പുറത്ത് വന്നിരുന്നു. മലിനീകരണ പ്രശ്‌നങ്ങള്‍ മൂലം നിരവധി പ്രക്ഷോഭങ്ങള്‍ ഇവിടെ നടന്നിരുന്നു. ഇതിനെയെല്ലാം പിന്നിലാക്കി ജനപിന്തുണ നേടാന്‍ ട്വന്റി 20യിലൂടെ കിറ്റക്‌സ് നടത്തുന്ന ശ്രമാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നിലെന്നും ആരോപണമുണ്ട്. കോര്‍പറേറ്റുകള്‍ക്ക് സാമൂഹ്യപ്രതിബദ്ധത നല്ലതാണ്. അതു വളഞ്ഞ വഴിയിലൂടെ കാര്യങ്ങള്‍ കാണാനല്ല ഉപയോഗിക്കേണ്ടത്. സാമൂഹ്യപ്രവര്‍ത്തനങ്ങളിലൂടെ പാവപ്പെട്ട ജനങ്ങളെ കൈയിലെടുക്കുക. ഇതു ഉപയോഗിച്ച് പഞ്ചായത്തു പോലുള്ള പ്രാദേശിക ഭരണ സംവിധാനങ്ങളില്‍ നിര്‍ണായക സ്ഥാനം നേടുക. പ്രകൃതിയെ ചൂഷണം ചെയ്യാനും മറ്റും ഇതിനെ ഉപയോഗിക്കുക. ഒരിക്കലും മാതൃകയാക്കാവുന്നതല്ല ഈ മാതൃകകള്‍. അടിസ്ഥാന സൗകര്യങ്ങള്‍, കുറഞ്ഞവിലയ്ക്ക് ഭക്ഷ്യവസ്തുക്കള്‍- ഏതൊരു സാധാരണക്കാരനും ജീവിക്കാന്‍ ഇത്രയും മതി. എന്നാല്‍ ഈ സൗകര്യങ്ങള്‍ ലഭ്യമാക്കാന്‍ ഭരണകൂടങ്ങള്‍ സ്ഥിരമായി പരാജയപ്പെടുന്നു. ഇവിടെയാണ് ട്വന്റി 20യെപ്പോലുള്ള സംഘടനകള്‍ ഉയര്‍ന്നുവരുന്നത്. പഞ്ചായത്ത് അംഗമായാല്‍പ്പോലും ജനത്തെ മറക്കുന്ന രാഷ്ട്രീയക്കാരാണ് യഥാര്‍ത്ഥത്തില്‍ പ്രതികള്‍. കോര്‍പറേറ്റ് ലോകം ഇത്തരത്തില്‍ ജനത്തെ സംഘടിപ്പിച്ചാല്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്.

കിഴക്കമ്പലത്തിന്റെ രാഷ്ട്രീയം
19 വാര്‍ഡുകളിലായി 25,000 വോട്ടര്‍മാരോളമാണ് കിഴക്കമ്പലം പഞ്ചായത്തിലുള്ളത്. ഇതില്‍ പകുതിയോളം പേര്‍ ട്വന്റി-ട്വന്റിക്കൊപ്പമെന്ന സംഘാടകരുടെ അവകാശവാദം ശരിയായാല്‍ പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പഞ്ചായത്തിന്റെ ഭരണസമിതിയിലേക്കുള്ള വഴി തുറക്കാന്‍ കഷ്ടപ്പെടും. പഞ്ചായത്തിലെ 19 വാര്‍ഡുകള്‍ക്കു പുറമേ, പൂക്കാട്ടുപടി, കിഴക്കമ്പലം ബ്ലോക്ക് ഡിവിഷനിലും ജില്ലാ പഞ്ചായത്ത് വെങ്ങോല ഡിവിഷനിലും ട്വന്റി ട്വന്റിയുടെ ബാനറില്‍ സ്ഥാനാര്‍ഥികള്‍ ഇറങ്ങുന്നുണ്ട്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍