UPDATES

കായികം

ട്വന്റി-20 ലോകകപ്പ്; പോരാട്ടം ഇന്നു തുടങ്ങും

Avatar

അഴിമുഖം പ്രതിനിധി

ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികളെ ആവേശം കൊള്ളിക്കുന്ന ട്വന്റി-20 ലോകകപ്പ് സൂപ്പര്‍ പോരാട്ടങ്ങള്‍ ഇന്നു തുടങ്ങും. ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ഇന്ത്യ ന്യൂസിലാന്‍ഡിനെ നേരിടും.നാഗ്പൂരിലാണ് മത്സരം.

രണ്ടുഗ്രൂപ്പുകളിലായി പത്തു രാജ്യങ്ങളാണ് കുട്ടിക്രിക്കറ്റിന്റെ ലോക കിരീടം ചൂടാന്‍ മത്സരിക്കുന്നത്. ഒന്നാം ഗ്രൂപ്പില്‍ വെസ്റ്റിന്‍ഡീസ്, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍ എന്നിവര്‍ ഉള്‍പ്പെടുമ്പോള്‍ രണ്ടാം ഗ്രൂപ്പില്‍ ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ്, ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് എന്നിവര്‍ പോരാടാനിറങ്ങുന്നു.

ടീം ഇന്ത്യ തന്നെയാണ് ടൂര്‍ണമെന്റിന്റെ ഫേവറൈറ്റുകള്‍. സ്വന്തം നാട്ടില്‍ മത്സരങ്ങള്‍ നടക്കുന്നൂവെന്നത് മാത്രമല്ല ഇന്ത്യയ്ക്കു മേല്‍ കിരീട സാധ്യത കൂടുതല്‍ കല്‍പ്പിക്കാന്‍ കാരണം. സമീപകാലത്ത് ട്വന്റി-20 യില്‍ ഇന്ത്യയുടെ പ്രകടനവും ഗംഭീരമായിരുന്നു. ഓസ്‌ട്രേലിയയെ അവരുടെ നാട്ടില്‍ ഏകപക്ഷീയമായി തോല്‍പ്പിച്ച ശേഷം നാട്ടില്‍ നടന്ന പരമ്പരയില്‍ ശ്രീലങ്കയെ തകര്‍ത്തു. ലോകകപ്പിനു തൊട്ടു മുമ്പ് നടന്ന ഏഷ്യ കപ്പ് ട്വന്റി-20 ടൂര്‍ണമെന്റില്‍ കിരീടം നേടിയതും ഇന്ത്യയെ എതിരാളികളുടെ പേടി സ്വപ്‌നമാക്കുന്നു. ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ ഫോം നിലനിര്‍ത്തുന്നതും ഇന്ത്യയുടെ കരുത്താണ്. ഇതിനെല്ലാം പുറമെ സ്വന്തം നാട്ടില്‍ നടക്കുന്ന മത്സരങ്ങളില്‍ ഇന്ത്യയെ തോല്‍പ്പിക്കുക എന്നത് ഏതു ടീമിനും കഠിനമാണ്.

അതേസമയം ഉദ്ഘാടന മത്സരത്തില്‍ നേരിടുന്ന ന്യൂസിലന്‍ഡുമായുള്ള ട്വന്റി-20 ചരിത്രം ഇന്ത്യയെ ഒട്ടും സന്തോഷിപ്പിക്കുന്നതല്ല. ഇരുവരും തമ്മില്‍ ഏറ്റുമുട്ടിയ 10 മത്സരങ്ങളില്‍ ഒന്നില്‍പോലും ഇന്ത്യ ജയിച്ചിട്ടില്ല. ഇന്ത്യ ട്വന്റി-20 ലോകകിരീടം നേടിയ ടൂര്‍ണമെന്റിലും ന്യൂസിലന്‍ഡിനോട് പരാജയപ്പെട്ടിരുന്നു. പക്ഷേ നിലവിലെ ഫോംവച്ച് പരാജയത്തിന്റെ ചരിത്രം തിരുത്തി വിജയത്തോടെ തന്നെ കിരീടത്തിലേക്കുള്ള യാത്ര തുടങ്ങാന്‍ ഇന്ത്യക്ക് കഴിയുമെന്ന് പ്രതീക്ഷിക്കാം. അതേസമയം ലോകകപ്പ് എന്ന സ്വപ്‌നം ഇപ്പോഴും യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയാത്ത ന്യൂസിലന്‍ഡിന് ഈയവസരമെങ്കിലും വിനിയോഗിക്കാന്‍ കഴിയണമെന്ന വാശിയുണ്ട്. ബ്രണ്ടന്‍ മക്കലം എന്ന കളിക്കാരന്റെ അഭാവം അവരെ ഏറെ വലയ്ക്കുന്നുണ്ടെങ്കിലും യുവരക്തമാണ് ടീമിന്റെത്. ആരെയും എവിടെവച്ചും തോല്‍പ്പിക്കാനുള്ള കരുത്ത് അവര്‍ക്കുണ്ട്. അതുകൊണ്ട് ഇന്ത്യ മാത്രമല്ല എല്ലാവരും അവരെ ഭയപ്പെട്ടേ മതിയാകൂ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍