UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പെണ്‍കുട്ടികളുടെ മുടി പിന്നിയിടല്‍; ഒരമ്മയ്ക്ക് പറയാനുള്ളത്

Avatar

സഫിയ ഒ സി 

സ്കൂളുകളില്‍ പെണ്‍കുട്ടികളെ മുടി രണ്ടായി പിരിച്ചുകെട്ടാന്‍ നിര്‍ബ്ബന്ധിക്കരുതെന്ന സംസ്ഥാന ബാലാവകാശ കമ്മീഷന്‍ നിര്‍ദേശം പെണ്‍കുട്ടികളുള്ള അമ്മമാര്‍ക്ക് വലിയ ആശ്വാസമായിയിരിക്കും നല്‍കിയിട്ടുണ്ടാവുക. എന്തായാലും സാമാന്യം മുടിയുള്ള പതിനൊന്നു വയസ്സുകാരിയുടെ അമ്മ എന്ന നിലയില്‍ ഈ നിര്‍ദേശം ഒരുപാട് സന്തോഷത്തോടെയാണ് ഞാന്‍ കേട്ടത്. രാവിലെ എട്ട് മണിക്ക് തുടങ്ങുന്ന സ്കൂളില്‍ കൃത്യസമയത്ത് എത്തണമെങ്കില്‍ ഏഴരയ്ക്കെങ്കിലും അവള്‍ വീട്ടില്‍ നിന്നിറങ്ങണം. രാവിലെ അവള്‍ക്ക് കഴിക്കാനുള്ള ഭക്ഷണവും കൊടുത്തുവിടാനുള്ള ഉച്ചഭക്ഷണവും തയാറാക്കുന്ന അടുക്കളയിലെ ഞാണിന്‍മേല്‍ കളികള്‍ക്കിടയിലായിരിക്കും മുടികെട്ടിക്കൊടുക്കാനായി മോളുടെ വിളിവരുന്നത്. അവള്‍ തനിയെ കെട്ടിയാല്‍ ഇന്റെര്‍വെല്‍ ആകുമ്പോഴേക്കും അഴിഞ്ഞുപോകും എന്നാണ് പരാതി. അടുക്കളയില്‍ പറ്റാവുന്ന സഹായങ്ങളൊക്കെ ചെയ്യുമെങ്കിലും മോളുടെ മുടികെട്ടുന്ന കാര്യം വരുമ്പോള്‍ ഞാനീ നാട്ടുകാരനെയല്ല എന്ന മട്ടിലായിരിക്കും മിക്ക ആണുങ്ങളും ഇരിക്കുക. ഇവിടെയും അങ്ങനെതന്നെ. കൂട്ടുകുടുംബ കാലത്ത് കുട്ടികള്‍ക്ക് മുടികെട്ടിക്കൊടുക്കാന്‍ അമ്മ തന്നെ വേണമെന്നില്ല. മുത്തശ്ശിയോ ഇളയമ്മയോ അമ്മായിയോ അങ്ങനെ ആരെങ്കിലുമൊക്കെ ഉണ്ടാവും. രണ്ടുപേര്‍ക്കും ജോലിയുള്ള അണുകുടുംബങ്ങളില്‍ രാവിലത്തെ ഈ മുടിപിന്നിയിടല്‍ അമ്മമാര്‍ക്ക് ഒരു തലവേദന തന്നെയാണ്.

പെണ്‍കുട്ടികള്‍ മുടി വളര്‍ത്തണമെന്നും രണ്ടായി പിന്നിയിട്ട് നടക്കണമെന്നും ആഗ്രഹമുള്ള അഥവാ നീളമുള്ള മുടി പെണ്‍ സ്വത്വമാണെന്ന് വിശ്വസിക്കുന്ന ഒരമ്മയൊന്നുമല്ല ഞാന്‍. ഒരു ആണ്‍കുട്ടിക്ക് അവനിഷ്ടമുള്ള രീതിയില്‍ മുടി വെട്ടാനും വളര്‍ത്താനും അവകാശ മുള്ളതുപോലെ പെണ്‍കുട്ടികള്‍ക്കും അതുണ്ട്. (ആണ്‍കുട്ടികള്‍ അവര്‍ക്കിഷ്ടമുള്ള രീതിയില്‍ മുടി വളര്‍ത്തുന്നത് തടയുന്ന സ്കൂളുകളും ഉണ്ട്).  

ബാലാവകാശ കമ്മീഷന്‍ പരാതി കൊടുത്ത ചീമേനിയിലെ പെണ്‍കുട്ടി പറയുന്നതുപോലെ രാവിലെ തന്നെ കുളിച്ച് നനവോടെ മുടി രണ്ടായി കെട്ടിവെക്കുമ്പോള്‍ മുടിക്ക് ദുര്‍ഗന്ധം ഉണ്ടാവുകയും മുടിക്കായ ഉണ്ടായി അറ്റം പിളര്‍ന്ന് മുടി പൊട്ടിപ്പോകുകയും ചെയ്യും. പേന്‍ വളരുന്നതിനും അത് കാരണമാകും. തലയില്‍ പേന്‍ നിറഞ്ഞാല്‍ കുട്ടികള്‍ക്ക് ക്ലാസില്‍ ശരിയായി ശ്രദ്ധിക്കാന്‍ കഴിയില്ല എന്നു മാത്രമല്ല ആരോഗ്യ പ്രശ്നം കൂടിയാണ്. കൂടാതെ നനഞ്ഞ മുടി കെട്ടിവെക്കുമ്പോഴുണ്ടാകുന്ന ആരോഗ്യ പ്രശ്നം വേറെ. ഇതിന് ഞാനും മോളും കണ്ടെത്തിയ പരിഹാരം രാവിലെ തല കഴുകുന്നത് ഒഴിവാക്കുക എന്നുള്ളതാണ്. പലകുട്ടികളും ഇതുതന്നെയാണ് ചെയ്യുന്നത്. മിക്ക രക്ഷിതാക്കളും കുട്ടികളുടെ മുടി വളര്‍ത്താന്‍ ആഗ്രഹമുണ്ടെങ്കിലും ഇത്തരം ബുദ്ധിമുട്ടുകളോര്‍ത്ത് മുടി വളരുന്തോറും വെട്ടിക്കളയുകയാണ് പതിവ്.

കേരളത്തിലെ പല സ്കൂളുകളിലും പെണ്‍കുട്ടികള്‍ മുടി രണ്ടായി പിന്നിയിടണം എന്നത് നിര്‍ബ്ബന്ധമുള്ള കാര്യമാണ്. അങ്ങനെ ചെയ്തില്ലെങ്കില്‍ ചെറിയ ശിക്ഷ കൊടുക്കുന്ന സ്കൂളുകളും ഉണ്ട്. വലിയ മുടിയുള്ള കുട്ടികള്‍ക്ക് മുടി അഴിച്ചിട്ടാല്‍ കളിച്ച് വിയര്‍ക്കുമ്പോള്‍ ഇത്തിരി ബുദ്ധിമുട്ടൊക്കെ ഉണ്ടാകുമെന്നതൊഴിച്ചാല്‍ മുടി അവര്‍ക്കിഷ്ടമുള്ളതുപോലെ കെട്ടിവെക്കുന്നതുകൊണ്ട് പഠനവുമായി ബന്ധപ്പെട്ടു എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ ഉണ്ടാവുമെന്ന് തോന്നുന്നില്ല. ഞാന്‍ പഠിച്ച സ്കൂളിലൊന്നും മുടി എങ്ങനെ കെട്ടിവെക്കണമെന്ന് കര്‍ശന നിര്‍ദേശമൊന്നും ഇല്ലായിരുന്നു. അതുകൊണ്ടു തന്നെ ചിലപ്പോള്‍ പിന്നിയിട്ടും അല്ലാത്തപ്പോള്‍ എനിക്കിഷ്ടമുള്ളതുപോലെ കെട്ടിവെച്ചുമൊക്കെയാണ് ഞാന്‍നടക്കമുള്ള പെണ്‍കുട്ടികള്‍ അന്ന് സ്കൂളില്‍ പോയിരുന്നത്. ക്ലാസ്സിലിരിക്കുമ്പോള്‍ എഴുതുമ്പോഴും മറ്റും അവനവന് തന്നെയോ മറ്റുകുട്ടികള്‍ക്കൊ ബുദ്ധിമുട്ടുണ്ടാകാത്ത രീതിയില്‍ ഒതുക്കി വെക്കണം എന്നല്ലാതെ ഒരു കുട്ടിയുടെ തലമുടി പഠനത്തെയോ സ്കൂള്‍ ഡിസിപ്ലിനെയോ ബാധിക്കുന്ന ഒരു വിഷയമൊന്നുമല്ല.

ഇന്നുരാവിലെ മോളുടെ തലമുടി രണ്ടായി പിന്നിയിട്ടതിനുശേഷം അവളുടെ മുന്നില്‍ വെച്ചുതന്നെയാണ് മുടി രണ്ടായി പിരിച്ചുകെട്ടാന്‍ നിര്‍ബ്ബന്ധിക്കരുതെന്ന ബാലാവകാശ കമ്മീഷന്റെ നിര്‍ദേശം ഞാന്‍ വായിച്ചത്. അന്നേരം അവളുടെ സന്തോഷം ഒന്നു കാണേണ്ടത് തന്നെയായിരുന്നു. അവള്‍ക്കൊരു കൂട്ടുകാരിയുണ്ട്. മുടി രണ്ടായി പിന്നിയിടുമെങ്കിലും എന്നും മുന്‍ഭാഗത്ത് എന്തെങ്കിലും പ്രത്യേകരീതിയില്‍ കെട്ടിവെക്കും. എല്ലാദിവസവും ടീച്ചര്‍ അവളെ വഴക്കുപറഞ്ഞു ക്ലാസില്‍ വെച്ചുതന്നെ മുടി മാറ്റിക്കെട്ടിക്കും. ഇനിയിപ്പോ അവക്ക് ടീച്ചറെ പേടിക്കാതെ ഇഷ്ടമുള്ളതുപോലെ മുടികെട്ടാമല്ലോ എന്നായി അവള്‍.

മുടി രണ്ടായി പിന്നിയിടല്‍ മാത്രമല്ല കുട്ടികളുടെ സ്വാതന്ത്ര്യത്തിനും ആരോഗ്യത്തിനും ഹാനീകരമായ നിരവധി പരിഷ്ക്കാരങ്ങളുണ്ട് നമ്മുടെ സ്കൂളുകളില്‍. എന്നാണ് ഈ അശാസ്ത്രീയ ശാഠ്യങ്ങളില്‍ നിന്ന് കുഞ്ഞുങ്ങള്‍ രക്ഷപ്പെടുക? 

(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകയാണ് ലേഖിക)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍