UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പത്മ അവാര്‍ഡ് പട്ടികയില്‍ ‘ഭക്തിയുടെ ശക്തി’യെന്ന് ആക്ഷേപം

അഴിമുഖം പ്രതിനിധി

അവാര്‍ഡ് പ്രഖ്യാപനങ്ങള്‍ എക്കാലവും വിവാദങ്ങളുടെ വിളയാട്ടകാലമാണ്. ഇക്കാര്യത്തില്‍ ഭാരതരത്‌ന മുതല്‍ പ്രാദേശിക ക്ലബുകള്‍ നല്‍കുന്ന ലോക്കല്‍ രത്‌ന വരെ മാറ്റമില്ല. കിട്ടാത്തവര്‍ കിട്ടിയില്ലേയെന്ന് പറഞ്ഞു നെഞ്ചത്തടിച്ചു കരയും. കൂടെക്കരയാന്‍ കുറച്ചുപേരും ഉണ്ടാകും. അവാര്‍ഡു ജേതാക്കളുടെ യോഗ്യതയും യോഗ്യരായവര്‍ക്ക് കിട്ടാതെ പോയതും ചര്‍ച്ചയാകും.

റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് എല്ലാ വര്‍ഷവും നല്കുന്ന പത്മ അവാര്‍ഡുകള്‍ പതിവു പോലെ പ്രഖ്യാപിച്ചു കഴിഞ്ഞു. വിവാദങ്ങളും തൊട്ടുപിന്നാലെയെത്തി. ഹാഷ് ടാഗുകളും. #PadmaAward4Bhakts എന്ന ഹാഷ് ടാഗാണ് സോഷ്യല്‍ മീഡിയയിലെ ട്രെന്‍ഡിങ്. അതായത് ഭക്തമാര്‍ക്ക് പത്മ അവാര്‍ഡുകള്‍ വാരിക്കോരി നല്‍കിയെന്ന് സോഷ്യല്‍ മീഡിയയില്‍ എല്ലാവരും നെഞ്ചത്തടിച്ചു നിലവിളിക്കുന്നു. സോഷ്യല്‍ മീഡിയയില്‍ ഭക്തന്‍ എന്നാല്‍ മോദിയനുകൂലിയെന്ന് വ്യംഗ്യം. ഭക്തിയുടെ ശക്തിയാണ് 118 പേരടങ്ങിയ പത്മപട്ടികയില്‍ കാണുന്നത് എന്ന വിമര്‍ശനമാണ് ഉയരുന്നത്.

സോഷ്യല്‍ മീഡിയയിലെ ഖനന വിദഗ്ദ്ധര്‍ ക്രിസ്തുവിന് മുമ്പുള്ള കാലത്തെ ട്വീറ്റുകളും പോസ്റ്റുകളും വരെ പൊക്കിയെടുത്തു കൊണ്ടു വരിക പൊങ്കാല കാലത്ത് പതിവാണ്. മികവു തെളിയിച്ചാല്‍ നിങ്ങള്‍ക്ക് അവാര്‍ഡ് കിട്ടുമെന്ന് കുട്ടിക്കാലത്ത് പഠിപ്പിക്കും. എന്നാല്‍ ഇക്കാലത്ത് മികവ് മാത്രമല്ല പരിഗണിക്കപ്പെടുന്നതെന്നത്‌  സങ്കടം എന്ന് 2010 ജനുവരി ഒമ്പതിന് വൈകുന്നേരം 7.53-ന് സിനിമാ താരം അനുപം ഖേര്‍ ട്വീറ്റിയത് ഖനനം ചെയ്തു എടുത്തിട്ടുണ്ട്. മാത്രമല്ല ഖേര്‍ പത്മഭൂഷന്‍ പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. മികവു കൊണ്ട് തനിക്ക് അവാര്‍ഡ് ലഭിക്കില്ലെന്നും കുറച്ചു ഭക്തി കൂടി വേണമെന്നുമാണ് ഖേര്‍ ഉദ്ദേശിച്ചതെന്നാണ് ട്വിറ്ററാറ്റികളുടെ കണ്ടു പിടിത്തം. അതുകൊണ്ട് മാത്രമല്ല അദ്ദേഹത്തിന് ലഭിച്ചത്, അസഹിഷ്ണുതാ, അവാര്‍ഡ് വാപ്‌സി വിവാദ കാലത്ത്‌ അദ്ദേഹം അസഹിഷ്ണുതാ മാര്‍ച്ച് നടത്തി. മാര്‍ച്ചില്‍ മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ചുവെന്നതും അവാര്‍ഡിന് അര്‍ഹരാക്കിയെന്നും 2019-ല്‍ ഖേറിന് അവാര്‍ഡ് വാപസി നടത്താമെന്ന പരിഹാസവുമുണ്ട്.

സിഎജി ആയിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ കാല്‍ക്കുലേറ്ററില്‍ മാത്രം പതിയുന്ന ലക്ഷങ്ങള്‍ കണ്ടെത്തിയതിനാണ് വിനോദ് റായിക്ക് പത്മവിഭൂഷന്‍ നല്‍കിയതെന്ന കണ്ടെത്തലുമുണ്ട്. അദ്ദേഹമായിരുന്നു യുപിഎ സര്‍ക്കാരിന് തിരിച്ചടിയായ ടുജിയിലെ ക്രമക്കേടുകള്‍ പുറത്തു കൊണ്ടുവന്നത്.

ജീവനകലാചാര്യന്‍ ശ്രീശ്രീ രവിശങ്കറിനുമുണ്ട് പൊങ്കാല. മോദി അധികാരത്തിലെത്തിയാല്‍ രൂപയുടെ ഡോളറുമായുള്ള മൂല്യം 40 രൂപയാക്കുമെന്ന് യുപിഎ സര്‍ക്കാരിന്റെ കാലത്ത് രവിശങ്കര്‍ പ്രഖ്യാപിച്ചിരുന്നു. ഇപ്പോള്‍ രൂപയുടെ മൂല്യം 65-ന് മുകളിലാണ്. രവിശങ്കറിന്റെ ഈ പ്രസ്താവന കുറെക്കാലമായി മോദി, ആര്‍എസ് എസ്, ബിജെപി വിരുദ്ധ ട്രോളേഴ്‌സിന്റെ പ്രിയപ്പെട്ട ഡയലോഗായിരുന്നു. രൂപയുടെ മൂല്യം ഒരു ഡോളറിന് 40 രൂപയാക്കിയതിനാണ് രവിശങ്കറിന് പത്മ അവാര്‍ഡ് നല്‍കിയത് എന്നാണ് ട്വിറ്ററാറ്റികള്‍ പരിഹസിക്കുന്നത്.

സയന്‍സ്, ആര്‍ട്‌സ്, സാഹിത്യ മേഖലകളില്‍ നിന്നുള്ളവര്‍ക്ക് പത്മ പട്ടികയില്‍ ഇടം ലഭിക്കാത്തതും വിമര്‍ശനവിധേയമായി. മോദി ഹൈസ്‌കൂളിന് അപ്പുറത്തേക്ക് പഠനം നടത്താത്തതിനാലാണ് ഇതെന്നാണ് കളിയാക്കല്‍.

ആഴ്ചയില്‍ ഇരുപത്തിനാല് മണിക്കൂറും ഭക്തി പ്രകടിപ്പിച്ചു കൊണ്ടിരിക്കുന്ന മാധ്യമപ്രവര്‍ത്തകരായ അര്‍ണാബ് ഗോസാമി, രാഹുല്‍ കണ്‍വല്‍, കാഞ്ചന്‍ ഗുപ്ത തുടങ്ങിയവര്‍ക്ക് എന്തുകൊണ്ട് പത്മ അവാര്‍ഡുകള്‍ കൊടുത്തില്ലെന്ന സംശയവും ട്വിറ്ററാറ്റികള്‍ ഉയര്‍ത്തുന്നു. ബാബാ രാംദേവിന് എന്തുകൊണ്ട് പത്മ കിട്ടിയില്ലെന്ന് ചോദിക്കുന്ന നെറ്റിസണ്‍മാര്‍ക്ക് മറുപടി അവരുടെ കൂട്ടത്തില്‍പ്പെട്ടവര്‍ തന്നെ നല്‍കുന്നുണ്ട്. ഒന്നു കാത്തിരിക്കൂ, ഭാരതരത്‌ന പിന്നാലെ വരുന്നുണ്ട്.

ടൈംസ് ഓഫ് ഇന്ത്യയുടെ ഉടമകളായ ബെന്നറ്റ് ആന്റ് കോള്‍മാന്റെ ഇന്ദുമതി ജെയ്‌നിന് അവാര്‍ഡ് ലഭിച്ചത് അവര്‍ പെയ്ഡ് മീഡിയ ഉടമയായത് കൊണ്ടാണെന്ന് സോഷ്യല്‍ മീഡിയയില്‍ വിവാദം ആയിക്കഴിഞ്ഞു.

ബിഹാര്‍ തെരഞ്ഞെടുപ്പില്‍ പ്രചാരണത്തിന് ഇറങ്ങിയതിനാണ് അജയ് ദേവ്ഗണിനും ഉദിത് നാരായണനും പത്മ കിട്ടിയതെന്നാണ് മറ്റൊരു ആരോപണം. അച്ഛാ ദിന്‍ ആനേവാലാ ഹേ എന്ന പാട്ടും ഉദിത് പാടിയിരുന്നു. വഡോദരയില്‍ ശില്‍പ ഷെട്ടി ഗോരക്ഷാ യാത്ര നടത്തിയിട്ടും പത്മ കിട്ടിയില്ലെന്നും പത്മ കിട്ടാന്‍ അതുപോരെയെന്നും ഒരു സരസന്‍ ചോദിക്കുന്നുണ്ട്.

ഭക്തന്മാരെ പ്രചോദിപ്പിക്കുന്ന നീക്കമാണ് കേന്ദ്ര സര്‍ക്കാരില്‍ നിന്നും ഉണ്ടായിരിക്കുന്നതെന്നും ഭക്തമാരേ കഠിന പ്രയത്‌നം തുടരൂ, പത്മ അവാര്‍ഡ് നിങ്ങള്‍ക്കായി കാത്തിരിക്കുന്നുവെന്ന ആഹ്വാനവുമുണ്ട്. കശ്മീരില്‍ നിന്ന് പണ്ഡിറ്റുകളെ ആട്ടിയോടിച്ചതിനാണോ മുന്‍ ഗവര്‍ണര്‍ ജഗമോഹന് പത്മ നല്‍കിയത് എന്ന് ചോദിച്ച് അദ്ദേഹത്തിന്റെ ഭൂതകാലവും ട്വിറ്ററാറ്റികള്‍ ഓര്‍മ്മിപ്പിക്കുന്നു.

പദ്മ അവാര്‍ഡിന്റെ വില പോയിയെന്നാണ് ട്വിറ്ററാറ്റികളുടെ വിലാപം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍