UPDATES

ട്രെന്‍ഡിങ്ങ്

പശുവിന്റെ പേരില്‍ ആള്‍ക്കൂട്ട കൊല; പ്രതികള്‍ക്ക് മാലയിട്ട് കേന്ദ്ര മന്ത്രി ജയന്ത് സിന്‍ഹ; രൂക്ഷ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ

പ്രതിപക്ഷവും മനുഷ്യാവകാശ പ്രവര്‍ത്തകരും ജയന്ത് സിന്‍ഹയെ കടന്നാക്രമിക്കുമ്പോളും ബിജെപി നേതൃത്വം മിണ്ടുന്നില്ല.

ബീഫിന്റെ പേരില്‍ നടത്തിയ ആള്‍ക്കൂട്ട കൊലയുമായി ബന്ധപ്പെട്ട കേസില്‍ വെറുതെ വിട്ട പ്രതികളെ പൂമാലയിട്ട് സ്വീകരിച്ച കേന്ദ്ര മന്ത്രി ജയന്ത് സിന്‍ഹയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയുടെ രൂക്ഷ വിമര്‍ശനം. തനിക്ക് ജുഡീഷ്യറിയിലും നിയമവാഴ്ചയിലും പൂര്‍ണ വിശ്വാസമുണ്ടെന്ന് കാണിച്ച് ജയന്ത് സിന്‍ഹ ഇട്ട ട്വീറ്റിന് കീഴെയുള്ള കമന്റുകളിലാണ് വിമര്‍ശനങ്ങള്‍ വന്നുനിറഞ്ഞിരിക്കുന്നത്. താന്‍ നിയമവാഴ്ചയെ ആദരിക്കുകയാണ് ചെയ്തിരിക്കുന്നതെന്നും പലരും നിരുത്തരവാദപരമായി തന്നെ വിമര്‍ശിക്കുകയാണെന്നും ജയന്ത് സിന്‍ഹ പറഞ്ഞിരുന്നു. എന്നാല്‍ രാജി വച്ച് പൊയ്ക്കൂടേ എന്നാണ് ട്വീറ്റിന് കീഴെ കാണുന്ന ആദ്യ കമന്റ്. ലിഞ്ചിംഗ് വീഡിയോയും ട്വീറ്റ് ചെയ്തിട്ടുണ്ട്.

ആള്‍ക്കൂട്ടം തല്ലിക്കൊന്ന അല്ലിമുദീന്‍ അന്‍സാരിയുടെ ഭാര്യ, ഓരോ ജീവനും വിലപ്പെട്ടതാണെന്നും അതിനാല്‍ പ്രതികള്‍ക്ക് വധശിക്ഷ നല്‍കരുതെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നതായി ബാബു സാഹിബ് എന്നയാള്‍ ചൂണ്ടിക്കാട്ടുന്നു.

ബീഫ് കടത്തിയെന്ന് ആരോപിച്ച് ജാര്‍ഖണ്ഡിലെ രാംഗഢില്‍ 2017 ജൂണ്‍ 29നാണ് അലിമുദീന്‍ അന്‍സാരിയെ തല്ലിക്കൊന്നത്. ജാര്‍ഖണ്ഡ് ഹൈക്കോടതി ജാമ്യം നല്‍കിയ 8 പ്രതികള്‍ക്കാണ് കേന്ദ്രമന്ത്രി ജയന്ത് സിന്‍ഹയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കിയത്. പ്രതികള്‍ക്ക് മന്ത്രി പൂമാല അണിയിക്കുകയും മധുരം നല്‍കുകയും ചെയ്തിരുന്നു. രാംഗഢിലെ ബിജെപി നേതൃത്വമാണ് ചടങ്ങ് സംഘടിപ്പിച്ചത്. അതേസമയം പ്രതിപക്ഷവും മനുഷ്യാവകാശ പ്രവര്‍ത്തകരും ജയന്ത് സിന്‍ഹയെ കടന്നാക്രമിക്കുമ്പോളും ബിജെപി നേതൃത്വം മിണ്ടുന്നില്ല.

കേസില്‍ 12 പ്രതികളാണുണ്ടായിരുന്നത്. ഇതിലെ എട്ടുപേര്‍ക്കാണ് കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചത്. ചടങ്ങിന്റെ ചിത്രങ്ങള്‍ പ്രചരിച്ചതോടെ സംഭവം വാര്‍ത്താ പ്രാധാന്യം നേടുകയായിരുന്നു. കേന്ദ്ര മന്ത്രി ഉള്‍പ്പെട്ട ബിജെപി നേതൃത്വത്തിന്റെ നടപടിയില്‍ പ്രതിഷേധവും വ്യാപകമാണ്. അതിനിടെ പ്രതികള്‍ക്ക് ജാമ്യം നല്‍കിയതിനെതിരേ സുപ്രീം കോടതിയെ സമീപിക്കുമെന്ന് കൊല്ലപ്പെട്ട അലീമുദ്ദീന്‍ അന്‍സാരിയുടെ ഭാര്യ മറിയം കാത്തൂന്‍ പ്രതികരിച്ചു.

പശുവിന്റെ പേരില്‍ നാട്ടുകാരനെ തല്ലിക്കൊന്നവരെ പൂമാലയിട്ട് സ്വീകരിച്ച ജയന്ത് സിന്‍ഹ, അദ്ദേഹം പഠിച്ച യുഎസിലെ ഹാര്‍വാര്‍ഡ് സര്‍വകലാശാലയ്ക്ക് അപമാനമാണ് എന്ന് ഝാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹേമന്ദ് സോറന്‍ പറഞ്ഞു.

രാജ്യത്തിന്റെ ബഹുസ്വര സാമൂഹ്യഘടനയെ നശിപ്പിക്കുകയാണ് ബിജെപിയെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ചൂണ്ടിക്കാട്ടി. കേന്ദ്ര മന്ത്രിമാര്‍ തന്നെ ഇത്തരം കാര്യങ്ങള്‍ ചെയ്യുമ്പോള്‍ ആരാണ്, അല്ലെങ്കില്‍ ഏത് പ്രത്യയശാസ്ത്രമാണ് രാജ്യത്തെ നശിപ്പിക്കുന്നത് എന്ന കാര്യം വ്യക്തമാണ് എന്നും യെച്ചൂരി പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍