UPDATES

ട്രംപ് ജയിക്കുമെന്ന് ഈ പെണ്‍കുട്ടികള്‍ പ്രവചിച്ചു

Avatar

അഴിമുഖം പ്രതിനിധി

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വന്‍കിട കമ്പനികളുടെയും വാതുവെപ്പുകാരുടെയും പ്രവചനങ്ങള്‍ കാറ്റില്‍പ്പറത്തിക്കൊണ്ട് റിപബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ് വിജയിച്ചപ്പോള്‍, ഉള്ളില്‍ ചിരിക്കുന്ന രണ്ട് വിദ്യാര്‍ത്ഥിനികളുണ്ട്. ട്രംപ് ജയിക്കുമെന്ന് കൃത്യമായി പ്രവചിച്ച അപൂര്‍വം ചിലരില്‍ ന്യൂയോര്‍ക്കിലെ സെന്റ് ലോറന്‍സ് സര്‍വകലാശാലയിലെ സ്റ്റാറ്റിസ്റ്റിക്‌സ് വിദ്യാര്‍ത്ഥിനികളായ മേരി ബെത്ത് ബെന്‍സിംഗ്, സെജ്‌ല പാലിക് എന്നിവര്‍ ഉള്‍പ്പെടുന്നു. അമേരിക്കന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ അസോസിയേഷന്‍ സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ പ്രവചനമത്സരത്തില്‍, ട്രംപ് ജയിക്കുമെന്ന് ഇവര്‍ ഒക്ടോബര്‍ 30ന് തന്നെ പ്രവചിച്ചിരുന്നു. നിലവിലുള്ള കണക്കുകളും വിവരങ്ങളും അവലോകനം ചെയ്ത് ഫലം പ്രവചിക്കാനാണ് അസോസിയേഷന്‍ വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടത്.

പ്രവചനമത്സരത്തില്‍ ഈ രണ്ട് വിദ്യാര്‍ത്ഥിനികള്‍ മാത്രമാണ് ട്രംപ് ജയിക്കുമെന്ന് പ്രവചിച്ചത്. രാജ്യത്താകമാനമുള്ള 193 വ്യക്തികളും ഗ്രൂപ്പുകളും പ്രവചനമത്സരത്തില്‍ പങ്കെടുത്തിരുന്നു. എല്ലാവരും 2016ലെ വിവരങ്ങള്‍ വച്ച് പ്രവചനം നടത്താന്‍ ശ്രമിച്ചപ്പോള്‍ തങ്ങള്‍ 2012ലെ തിരഞ്ഞെടുപ്പ് ഫലങ്ങളെയാണ് ആശ്രയിച്ചതെന്ന് ഇവര്‍ പറയുന്നു. എന്നാല്‍ ഇവരുടെ പ്രവചനത്തില്‍ ഒരു നേരിയ പിഴവ് സംഭവിച്ചു. 39 സംസ്ഥാനങ്ങളില്‍ ട്രംപ് ജയിക്കുമെന്നായിരുന്നു ഇവരുടെ പ്രവചനമെങ്കിലും 33 സംസ്ഥാനങ്ങളിലെ അദ്ദേഹത്തിന് ജയിക്കാന്‍ സാധിച്ചുള്ളു. എന്നാല്‍ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ തങ്ങളെ ഞെട്ടിപ്പിച്ചതായി ഇരുവരും പറയുന്നു. ഹിലരി ജയിക്കണമെന്നായിരുന്നു വ്യക്തിപരമായി തന്റെ ആഗ്രഹമെന്ന് ബെന്‍സിംഗ് പറയുന്നു. ഒരു വിദേശ മുസ്ലീം വിദ്യാര്‍ത്ഥിനിയായ പാലിക്കിന് തിരഞ്ഞെടുപ്പ് ഫലം ഭീതിയാണ് നല്‍കിയിരിക്കുന്നത്. 

ഇവരുടെ സ്റ്റാറ്റിസ്റ്റിക്‌സ് പ്രൊഫസര്‍ മൈക്കള്‍ ഷൂക്കേഴ്‌സ് കുട്ടികളുടെ പ്രകടനത്തില്‍ തൃപ്തനാണെങ്കിലും, ഇക്കൊല്ലത്തെ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പ്രവചിക്കുന്നതില്‍ രാജ്യത്താകമാനമുള്ള സ്റ്റാറ്റിസ്റ്റിക്‌സ് വിദഗ്ധര്‍ക്ക് സംഭവിച്ച പിഴവില്‍ അസ്വസ്ഥനാണ്. കൂടൂതല്‍ കൃത്യമായ പ്രവചനങ്ങള്‍ നടത്തുന്നതിനായി, വിവരങ്ങള്‍ എങ്ങനെ സ്വാംശീകരിക്കുന്നുവെന്നതും ഏത് മാതൃകയാണ് പിന്തുടരേണ്ടത് എന്നതും സംബന്ധിച്ച് രാജ്യവ്യാപകമായ ചര്‍ച്ചകള്‍ ആവശ്യമാണെന്ന് അദ്ദേഹം കരുതുന്നു. എന്നാല്‍ പ്രവചനങ്ങളില്‍ വന്ന പിഴവിനെ ബ്രിംഗം യുങ് സര്‍വകലാശാലയിലെ സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗം തലവന്‍ വില്യം ക്രിസ്റ്റ്യന്‍സണ്‍ ന്യായീകരിച്ചു. ക്ലിന്റണ്‍ ജയിക്കാനുള്ള സാധ്യത 75 ശതമാനമാണെന്ന് എല്ലാവരും പ്രവചിച്ചിരുന്നെങ്കിലും ട്രംപിന്റെ വിജയസാധ്യത നാലില്‍ ഒന്നായി കണക്കാക്കിയിരുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. 30 ശതമാനം മഴ പെയ്യുമെന്ന് പ്രവചിക്കപ്പെടുകയും മഴ പെയ്യുകയും ചെയ്താല്‍ പ്രവചനം തെറ്റാണെന്ന് പറയാനുള്ള ത്വര മനുഷ്യസഹജമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇത്തരത്തിലുള്ള ഒരു വ്യതിയാനം മാത്രമാണ് തിരഞ്ഞെടുപ്പ് ഫല പ്രവചനത്തില്‍ സംഭവിച്ചതെന്നും അദ്ദേഹം വിശദീകരിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍