UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഗോവധമാരോപിച്ച് ആന്ധ്രയില്‍ ദളിത്‌ സഹോദരങ്ങള്‍ക്ക് ക്രൂരമര്‍ദ്ദനം

അഴിമുഖം പ്രതിനിധി

ഗോവധം ആരോപിച്ച് ആന്ധ്രാപ്രദേശില്‍ രണ്ടു ദളിത്‌ സഹോദരന്മാര്‍ക്ക് ക്രൂര മര്‍ദനം. ഈസ്റ്റ് ഗോദാവരി ജില്ലയില്‍ ചൊവാഴ്ച ഉച്ചകഴിഞ്ഞായിരുന്നു സംഭവം. വൈദ്യുതാഘാതമേറ്റ് ചത്ത പശുവിനെ കുഴിച്ചിടുന്നതിനിടയിലാണ് ഇവര്‍ക്ക് മര്‍ദനമേറ്റത്.

മൊകാടി ഇലൈയ്യ, മൊകാടി വെങ്കിടേഷ് എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. പശുവിനെ കൊന്നു എന്നാരോപിച്ച് ഇവരെ വിവസ്ത്രരാക്കിയ ശേഷം മരത്തില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ചു. ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട ഇവരുടെ നില ഗുരുതരമാണെന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തില്‍ ഉപ്പലാപുരം സ്വദേശികളായ ഏഴ് പേര്‍ അറസ്റ്റിലായതായും പോലീസ് അറിയിച്ചു.

കഴിഞ്ഞ ദിവസം പ്രദേശത്ത് നിന്ന് മൂന്ന് പശുക്കളെ കാണാതായിരുന്നു. കാണാതായ പശുക്കളില്‍ രണ്ടെണ്ണത്തെ പിന്നീട് മറ്റൊരിടത്ത് നിന്ന് കണ്ടെത്തി. എന്നാല്‍ ഒന്ന് വൈദ്യുതാഘാതമേറ്റ് ചത്തിരുന്നു. പശുവിന്‍റെ ജഡം സംസ്കരിക്കുന്നതിനു മുമ്പ് തോല്‍ ഉരിച്ചെടുക്കുന്നതിനിടെയാണ് പശുവിനെ കൊന്നുവെന്ന് ആരോപിച്ച് ഗ്രാമവാസികളില്‍ ചിലര്‍ ചേര്‍ന്ന്‍ ഇവരെ ക്രൂര മര്‍ദനത്തിനിരയാക്കിയത്.

രാജ്യത്ത് ദളിതര്‍ക്കെതിരായി നടക്കുന്ന അക്രമ സംഭവങ്ങള്‍ക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം ശക്തമായി പ്രതികരിച്ചതിന്റെ തൊട്ടു പിന്നാലെയാണ് പുതിയ സംഭവം. സാമൂഹ്യ വിരുദ്ധരായ ചിലര്‍ ഗോസംരക്ഷകരായി രംഗത്തെത്തിയിട്ടുണ്ടെന്നും ദളിത്‌ പീഡനം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നിലപാടെടുക്കുമെന്നും മോദി പറഞ്ഞിരുന്നു.  

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍