UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജെല്ലിക്കെട്ടിനിടെ കാളയുടെ കുത്തേറ്റ് രണ്ട് മരണം

പുതുക്കോട്ടൈയില്‍ നടന്ന ജെല്ലിക്കെട്ടിനിടെയാണ് ദുരന്തമുണ്ടായത്

തമിഴ്‌നാട് ജനത ഒന്നടങ്കം സമരം ചെയ്ത് നടത്തിയ ജെല്ലിക്കെട്ടിനിടെ രണ്ട് മരണം. കാളയുടെ കുത്തേറ്റാണ് രണ്ട് പേരും മരിച്ചത്. രാജാ, മോഹന്‍ എന്നിവരാണ് മരിച്ചത്.

പുതുക്കോട്ടൈയില്‍ നടന്ന ജെല്ലിക്കെട്ടിനിടെയാണ് ദുരന്തമുണ്ടായത്. 83 പേര്‍ക്ക് നിസാര പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. ഒരാളുടെ പരിക്ക് ഗുരുതരമാണ്. കാളയുടെ കുത്തേറ്റ് രക്തത്തില്‍ കുളിച്ച ഇരുവരെയും തൊട്ടടുത്തുള്ള പ്രാധമിക ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

ജെല്ലിക്കെട്ട് നിരോധിച്ചുള്ള സുപ്രിംകോടതി ഉത്തരവ് മൂലം കഴിഞ്ഞ രണ്ട് വര്‍ഷമായി ജെല്ലിക്കെട്ട് നടക്കുന്നുണ്ടായിരുന്നില്ല. എന്നാല്‍ ഈ വര്‍ഷവും ജെല്ലിക്കെട്ട് നിരോധിച്ച് സുപ്രിംകോടതി ഉത്തരവിറക്കിയതോടെ തമിഴ് ജനത ഒന്നടങ്കം പ്രതിഷേധവുമായി രംഗത്തെത്തി. തുടര്‍ന്ന് ജെല്ലിക്കെട്ടിന് അനുമതി നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. സംസ്ഥാന സര്‍ക്കാര്‍ ഇന്നലെ അടിയന്തരമായി ഇത് സംബന്ധിച്ച പ്രത്യേക ഓഡിനന്‍സ് പുറത്തിറക്കിയതോടെ ഇന്ന് മുതല്‍ ജെല്ലിക്കെട്ട് നടത്താനും തീരുമാനമായി. ഇന്ന് രാവിലെ പത്ത് മണിക്ക് മധുരയിലെ അളകാനെല്ലൂരില്‍ മുഖ്യമന്ത്രി പനീര്‍സെല്‍വം ജെല്ലിക്കെട്ട് ഉദ്ഘാടനം ചെയ്യാനിരിക്കെയായിരുന്നു.

എന്നാല്‍ ആറ് മാസം മാത്രം കാലാവധിയുള്ള ഓഡിനന്‍സ് കൊണ്ട് യാതൊരു പ്രയോജനവുമില്ലെന്നും ഒരു കോടതിക്കും തടയാന്‍ സാധിക്കാത്ത വിധം ശക്തമായ നിയമനിര്‍മ്മാണമാണ് വേണ്ടതെന്നും ആവശ്യപ്പെട്ട് ജനങ്ങള്‍ ഇന്നും പ്രതിഷേധം തുടരുകയായിരുന്നു. ഇതേ തുടര്‍ന്ന് മധുരയില്‍ ജെല്ലിക്കെട്ട് നടത്തിയിട്ടില്ല. സേലത്തും സമാനരീതിയിലുള്ള പ്രതിഷേധം നടക്കുന്നതിനാല്‍ ഇവിടെയും ജെല്ലിക്കെട്ട് നടന്നില്ല. ഇതിനിടെയിലാണ് ജെല്ലിക്കെട്ടിനിടെ രണ്ട് പേര്‍ മരിച്ച വാര്‍ത്തയും പുറത്തുവന്നിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍