UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബ്രസ്സല്‍സിലെ വിമാനത്താവളത്തിലും മെട്രോ സ്റ്റേഷനിലും സ്‌ഫോടന പരമ്പര

അഴിമുഖം പ്രതിനിധി

ബല്‍ജിയം തലസ്ഥാനമായ ബ്രസ്സല്‍സില്‍ പ്രാദേശിക സമയം രാവിലെ എട്ടുമണിക്കുണ്ടായ പരമ്പര സ്‌ഫോടനങ്ങളില്‍ 28 പേര്‍ മരിക്കുകയും 35 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബ്രസ്സല്‍സിലെ സാവെന്റം വിമാനത്താവളത്തിലും മെട്രോ സ്റ്റേഷനിലുമാണ് ഭീകരാക്രമണങ്ങള്‍ ഉണ്ടായത്. വിമാനത്താവളത്തിലുണ്ടായത് ചാവേറാക്രമണം ആണെന്ന് റിപ്പോര്‍ട്ടുണ്ട്.

വിമാനത്താവളത്തിലെ അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ ചെക്ക്-ഇന്‍-ഡെസ്‌കിന് സമീപത്താണ് ബോംബ് സ്‌ഫോടനമുണ്ടായത്. ഒരു മണിക്കൂറിനുശേഷമാണ് മെട്രോ സ്റ്റേഷനിലെ ആക്രമണം.മയെല്‍ബീക്ക് മെട്രോ സ്റ്റേഷനിലാണ് ആക്രമണം ഉണ്ടായത്. മെട്രോ റെയില്‍ സ്റ്റേഷനിലെ സ്‌ഫോടനത്തില്‍ 15 പേര്‍ മരിക്കുകയും 55 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തപ്പോള്‍ വിമാനത്താവളത്തിലെ സ്‌ഫോടനത്തില്‍ 13 പേര്‍ മരിക്കുകയും 35 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ഇന്ത്യന്‍ വ്യോമയാന കമ്പനിയായ ജെറ്റ് എയര്‍വേസിന്റെ രണ്ട് ജീവനക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. എന്നാല്‍ ഇവര്‍ ഇന്ത്യക്കാരാണോയെന്ന് സ്ഥിരീകരിച്ചിട്ടില്ല. പരിക്കേറ്റവരില്‍ ഒരാള്‍ വനിതയാണ്. ജെറ്റ് എയര്‍വേസിന്റെ മൂന്ന് ഷെഡ്യൂളുകള്‍ റദ്ദാക്കിയതായി കമ്പനി അറിയിച്ചു. ജെറ്റിന്റെ വിമാനമായ എയര്‍ബസ് എ330-ന് തകരാറൊന്നും സംഭവിച്ചിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു. യൂറോപ്പിലെ ജെറ്റിന്റെ പ്രധാന കേന്ദ്രമാണ് ബ്രസ്സല്‍സ്.

ഏപ്രില്‍ ഒന്നു മുതല്‍ ഹബ്ബ് ആംസ്റ്റര്‍ഡാമിലേക്ക് മാറ്റാനിരിക്കുകയായിരുന്നു കമ്പനി. ഇക്കാര്യം ജനുവരിയില്‍ തീരുമാനിച്ചതായിരുന്നു.

സാവെന്റത്തില്‍ നിന്നുള്ള എല്ലാ വിമാന സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്. ഇങ്ങോട്ടേക്കുള്ള വിമാനങ്ങള്‍ വഴി തിരിച്ചു വിടുകയും ചെയ്തു. ഏകദേശം 200-ല്‍ അധികം വിമാനങ്ങളാണ് റദ്ദാക്കുകയോ വഴി തിരിച്ചു വിടുകയോ ചെയ്തിട്ടുള്ളത്.

ബെല്‍ജിയത്തിന് ഇന്ന് കറുത്ത ദിനമാണിതെന്ന് പ്രധാനമന്ത്രി ചാള്‍സ് മൈക്കേല്‍ പറഞ്ഞു. നമ്മള്‍ ഭയന്നിരുന്നത് സംഭവിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആക്രമണത്തെ തുടര്‍ന്ന് ബ്രസ്സല്‍സിലെ ജനജീവിതം സ്തംഭിച്ചിരിക്കുകയാണ്. ബസ്, ട്രാം, മെട്രോ സര്‍വീസുകള്‍ റദ്ദാക്കി. തിരക്കേറിയ സമയത്താണ് വിമാനത്താവളത്തില്‍ ആക്രമണം ഉണ്ടായത്. ആക്രമണത്തിന് മുമ്പ് വെടിവയ്പ്പുണ്ടായി. കൂടാതെ അറബിയിലുള്ള അലര്‍ച്ചയും കേട്ടതായി റിപ്പോര്‍ട്ടുണ്ട്.

പാരീസില്‍ കഴിഞ്ഞ വര്‍ഷം നവംബറില്‍ 130 പേരുടെ മരണത്തിന് കാരണമായ ആക്രമണത്തിന്റെ സൂത്രധാരന്‍ സാലാ അബ്ദെസ്ലാമിനെ നാലുദിവസം മുമ്പ് ബ്രസ്സല്‍സില്‍ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. ഇതേതുടര്‍ന്ന് ബല്‍ജിയം ഭീകരാക്രമണ മുന്നറിയിപ്പ് നല്‍കിയിരുന്നു. പാരീസില്‍ എല്ലാ വിമാനത്താവളങ്ങളിലും സുരക്ഷ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ബ്രസ്സല്‍സിലെ ആക്രമണത്തെ തുടര്‍ന്ന് അതിര്‍ത്തിയില്‍ 1,600 പൊലീസുകാരെ ഫ്രാന്‍സ് വിന്യസിച്ചു.

ബ്രസ്സല്‍സ് ഭീകരാക്രമണത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി അപലപിച്ചു.


മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍