UPDATES

ട്രെന്‍ഡിങ്ങ്

ബിജെപി ഓഫീസിനുനേരെയുള്ള ആക്രമണം നോക്കി നിന്ന രണ്ട് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

സിപിഎം കൗണ്‍സിലര്‍ ഐപി ബിനും എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി പ്രതിന്‍ സാജിനുമെതിരെയും ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്

സിപിഎം-ബിജെപി സംഘര്‍ഷം നടക്കുമ്പോള്‍ അത് നോക്കി നിന്ന രണ്ട് പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു. സംഘര്‍ഷത്തെ തുടര്‍ന്ന് കനത്ത പോലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിരുന്ന ബിജെപി ഓഫീസിന് മുന്നില്‍ ഇന്ന് പുലര്‍ച്ചെ കാവല്‍ നിന്ന രണ്ട് പോലീസുകാരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

കുന്നുകുഴിയിലെ ബിജെപി സംസ്ഥാന ഓഫീസ് സിപിഎം പ്രവര്‍ത്തകര്‍ തല്ലിത്തകര്‍ക്കുമ്പോള്‍ പോലീസ് നോക്കിനില്‍ക്കുകയായിരുന്നുവെന്ന് ബിജെപി നേതാക്കള്‍ ആരോപണം ഉന്നയിച്ചിരുന്നു. ഇതേതുടര്‍ന്നാണ് ഇവര്‍ക്കെതിരെ നടപടിയെടുത്തത്. മ്യൂസിം എസ്‌ഐ ഉള്‍പ്പെടെ അഞ്ചുപേരാണ് സ്ഥലത്തുണ്ടായിരുന്നത്. ഇതില്‍ ഒരു പോലീസുകാരന്‍ മാത്രമാണ് അക്രമികളെ തടയാന്‍ ശ്രമിച്ചതെന്ന് ബിജെപി നേതാക്കള്‍ ചൂണ്ടിക്കാട്ടി. അക്രമം നടക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ബിജെപി നേതാക്കള്‍ പുറത്തുവിട്ടിരുന്നു. ഈ ദൃശ്യങ്ങളില്‍ പോലീസുകാര്‍ നിഷ്‌ക്രിയരായിരിക്കുന്നത് വ്യക്തമാണ്.

പുലര്‍ച്ചെ ഒന്നരയോടെയാണ് ബിജെപി ഓഫീസിന് നേരെ ആക്രമണമുണ്ടായത്. അക്രമികള്‍ വന്ന ബൈക്കിന്റെ നമ്പര്‍ ശേഖരിക്കാന്‍ ശ്രമിച്ച പോലീസുകാരനെ അക്രമികള്‍ ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. ഈ സമയത്തും മറ്റ് പോലീസുകാര്‍ കയ്യുംകെട്ടി നോക്കി നില്‍ക്കുകയായിരുന്നു. പതിനഞ്ച് മിനിറ്റോളം സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമാണ് അക്രമികള്‍ മടങ്ങിയത്.

അതേസമയം സംഘര്‍ഷാവസ്ഥ രൂക്ഷമായ സാഹചര്യത്തില്‍ ജില്ലയിലെ സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്. വിവിധ പ്രദേശങ്ങളിലായി 450 പോലീസുകാരെ വിന്യസിച്ചു. പാര്‍ട്ടി ഓഫീസുകളിലും പ്രധാനകേന്ദ്രങ്ങളിലും കൂടുതല്‍ പോലീസിനെ നിയോഗിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ച് വരികയാണ്. എല്ലായിടത്തും കര്‍ശന ജാഗ്രതയാണ് പുലര്‍ത്തുന്നത്.

അക്രമികളെ പിടികൂടുന്നതിനായി സിറ്റിയിലെ പത്തോളം എസ്‌ഐമാരുടെ നേതൃത്വത്തില്‍ പ്രത്യേക ടീം രൂപീകരിച്ചു. ഇതുവരെ എട്ടുപേരെയാണ് കസ്റ്റഡിയിലെടുത്തത്. പ്രതികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പാണ് ചുമത്തിയിരിക്കുന്നത്. കേസില്‍ സിപിഎം കൗണ്‍സിലര്‍ ഐപി ബിനും എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി പ്രതിന്‍ സാജിനുമെതിരെയും ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. പൊതുസ്ഥലങ്ങളിലെ കൊടിതോരണങ്ങള്‍ പോലീസ് ഇന്ന് നീക്കം ചെയ്യും. മൂന്ന് ദിവസത്തേക്ക് തലസ്ഥാന ജില്ലയില്‍ പ്രകടനങ്ങള്‍ക്ക് കളക്ടര്‍ വിലക്കേര്‍പ്പെടുത്തി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍