UPDATES

കേരളത്തിലെ രണ്ട് പുഴകള്‍ കൂടി ഇല്ലാതായി; കാരണമായത് തമിഴ്‌നാടിന്റെ തിരുമൂര്‍ത്തി ഡാം

തമിഴ്നാട് പാലാര്‍ പുഴക്ക് കുറുകെ തിരുമൂര്‍ത്തിയില്‍ അണകെട്ടിയത്തോടെ ഇല്ലാതായത് കോരയാറും വരട്ടയാറുമാണ്

കേരളത്തിലെ രണ്ട് പുഴകള്‍ കൂടി ഇല്ലാതായി. ഇതിനു തുടക്കം കുറിച്ചത് കേരളം തന്നെയാണെങ്കിലും പുഴകളെ പൂര്‍ണമായും ഇല്ലാതാക്കിയതിന്റെ പ്രധാന പങ്ക് തമിഴ്‌നാടിന്റെ നടപടികളാണ്. ഇതോടെ കേരളത്തിന്റെ നെല്ലറയായ പാലക്കാടിന്റെ അതിര്‍ത്തി പ്രദേശത്തെ പല ഗ്രാമങ്ങള്‍ക്കും കൃഷിക്ക് പോയിട്ട് കുടിവെള്ളം പോലും മുട്ടിയ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. ജലസേചനാവശ്യത്തിനായി തമിഴ്നാട് പാലാര്‍ പുഴക്ക് കുറുകെ തിരുമൂര്‍ത്തിയില്‍ അണകെട്ടിയത്തോടെ ഇല്ലാതായത് കോരയാറും വരട്ടയാറുമാണ്. കോരയാറിനെയും വരട്ടയാറിനെയുമാശ്രയിച്ചു കഴിഞ്ഞിരുന്ന പാലക്കാടിന്റെ കിഴക്കന്‍ മേഖലയായ കൊഴിഞ്ഞാമ്പാറ ഫര്‍ക്കയിലെ പ്രദേശവാസികളുടെ നെല്‍കൃഷി മുടങ്ങി, കുടിവെള്ളമില്ല, നിത്യോപയോഗത്തിനുള്ള വെള്ളത്തിനുപോലും അലയുകയാണ്.

ചിറ്റൂര്‍ മേഖലയിലെ പല പ്രദേശങ്ങളും വേനലിന്റെ തുടക്കത്തില്‍ തന്നെ ദുരിതത്തിലാണ്. കൊഴിഞ്ഞാമ്പാറ, എരുത്തേമ്പതി, വടകരപ്പതി, മുതലമട, പെരുമാട്ടി തുടങ്ങിയ പഞ്ചായത്തുകളില്‍ ടാങ്കറുകളിലാണ് ഇപ്പോള്‍ വെള്ളം എത്തിക്കുന്നത്. അതും രണ്ടു ദിവസത്തിലൊരിക്കലാണ് വെള്ളം എത്തുന്നത്. സ്‌കൂളുകളുള്‍പ്പടെ പലയിടങ്ങളിലും വെള്ളവിതരണം ശരിക്കും അവതാളത്തിലായിരിക്കുകയാണ്. കോരയാറിനും വരട്ടയാറിനും പഴയ പ്രതാപമുണ്ടായിരുന്നെങ്കില്‍ അവര്‍ക്ക് ആശ്വാസമായിരുന്നേനെ ആ പുഴകളിലെ ജലം. എന്നാല്‍ ഒരു തുള്ളി വെള്ളം പോലുമില്ലാതെ കൊടും ദാഹത്തിലാണ് വര്‍ഷങ്ങളായി ഈ പുഴകള്‍.

മണല്‍ ഊറ്റും, നീരൊഴുക്ക് തടഞ്ഞ് വഴി തീര്‍ത്തും വെള്ളമൂറ്റിയും വ്യവസായകേന്ദ്രങ്ങളില്‍നിന്ന് രാസവസ്തു കലര്‍ന്ന വെള്ളമൊഴുക്കിയും അവശേഷിക്കുന്ന ഇടങ്ങളില്‍ വളച്ചുകെട്ടി വെള്ളത്തിന്റെ ഒഴുക്ക് സ്വകാര്യ ആവശ്യങ്ങള്‍ക്കായി അനധികൃതമായി എടുത്തതുമൊക്കെ കോരയാറിനെയും വരട്ടയാറിനെയും ഇല്ലാതാക്കിയതിന് കാരണങ്ങളാണ്. എന്നാല്‍ തമിഴ്‌നാട് ചെയ്തത് ഈ പുഴകളുടെ ഉത്ഭവ സ്ഥാനത്തെ തന്നെ ഇല്ലാതാക്കുകയായിരുന്നു. ഒഴലപ്പതിയില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെയുള്ള കിണറ്റുകടവ് താലൂക്കിലെ കോതവാടി കുളത്തില്‍ നിന്നാണ് കോരയാറും വരട്ടയാറും ഉത്ഭവിക്കുന്നത്.


തമിഴ്‌നാട്ടിലെ കേരള അതിര്‍ത്തിയിലെ 500 ഏക്കറോളം വിസ്തൃതിയുള്ള ഈ കുളത്തില്‍ വെള്ളം നിറയുമ്പോഴാണ് കോരയാറിലേക്കും വരട്ടയാറിലേക്കും ജലം പ്രവാഹമുണ്ടാകുന്നത്. കഴിഞ്ഞ 25 വര്‍ഷമായി തമിഴ്നാട് ഈ കുളത്തിലേക്ക് വെള്ളം എത്തുന്നത് തടസ്സപ്പെടുത്തുകയാണ്, ഇതാണ് പുഴകളുടെ മരണത്തിലേക്ക് നയിച്ചത്. വൃഷ്ടി പ്രദേശത്തു നിന്ന് ഒഴുകിയെത്തുന്ന മഴ വെള്ളവും പാലാറിലെ വെള്ളവുമായിരുന്നു കുളത്തില്‍ എത്തിയിരുന്നത്. എന്നാല്‍ തമിഴ്‌നാട് പാലാറിന് കുറുകെ 2628 മീറ്റര്‍ വീതിയിലും 35 മീറ്റര്‍ ഉയരത്തിലും തിരുമൂര്‍ത്തി ഡാം നിര്‍മിച്ചതോടെ് കുളത്തിലേക്കുള്ള നീരൊഴുക്കില്ലാതായി. ആദ്യ കാലങ്ങളില്‍ കോതവാടി കുളത്തിലേക്കുള്ള വെള്ളത്തില്‍ തമിഴ്‌നാട് വലിയ തോതില്‍ കൈവച്ചിരുന്നില്ല. പിന്നീട് പൂര്‍ണമായും അങ്ങോട്ട് വെള്ളം എത്താതായി. കോയമ്പത്തൂരിലേക്കും മറ്റു ഭാഗങ്ങിലേക്കുള്ള കൃഷിയാവശ്യത്തിനും ഇന്ന് തിരുമൂര്‍ത്തി ഡാമിലെ ജലമാണ് തമിഴ്‌നാട് ഉപയോഗിക്കുന്നത്.

മഴ പെയ്യുമ്പോള്‍ നിറഞ്ഞിരുന്ന കുളത്തിലെ ജലം ഉപയോഗിച്ച് മുമ്പ് താഴ്വരയിലെ 3500 ഹെക്ടറോളം വരുന്ന ഭൂമിയില്‍ നെല്‍കൃഷി ചെയ്തിരുന്നു. പിന്നീട് കുളത്തിന് മീതെ 100 ഏക്കറോളം സ്ഥലം സ്വകാര്യവ്യക്തികള്‍ കൈയേറി കൃഷി തുടങ്ങി. ഇതും കുളത്തിലേക്കുള്ള നീരൊഴുക്കിന് തടസമായി. ഇപ്പോള്‍ വര്‍ഷങ്ങളായി താഴ്വരയിലെ (കുളത്തിന് താഴെയുള്ള) കര്‍ഷകര്‍ക്ക് കൃഷിക്കാവശ്യമായ വെള്ളം ലഭിക്കുന്നില്ല. നിലക്കടലയും പച്ചക്കറികളുമായിരുന്നു ഈ ഭാഗത്ത് കൂടുതലും കൃഷി നടത്തികൊണ്ടിരുന്നത്. കര്‍ഷകര്‍ കുറെനാള്‍ കുഴല്‍ക്കിണറിലെ വെള്ളമുപയോഗിച്ച് കൃഷി നടത്തിയിരുന്നു. ഇപ്പോള്‍ ഭൂഗര്‍ഭ ജലവും വറ്റിതുടങ്ങിയത്തോടെ പലരും കൃഷി നിര്‍ത്തി. കുടിവെള്ളവും മുട്ടി തുടങ്ങിയപ്പോള്‍ ചിലര്‍ വെറെ പ്രദേശങ്ങളിലേക്ക് മാറി താമസിക്കാനും തുടങ്ങി.

കോതവാടി കുളത്തിന് അക്കരെയുള്ള കര്‍ഷകര്‍ക്ക് തിരുമൂര്‍ത്തി ഡാമില്‍ നിന്ന് ആളിയാര്‍ വഴി വെള്ളം എത്തിച്ചു കൊടുക്കുന്നുണ്ട്. എന്നാല്‍ ഒരു തുള്ളി വെള്ളം പോലും കോരയാറിന്റെയും വരട്ടയാറിന്റെയും ഉത്ഭവസ്ഥാനമായ ഈ കുളത്തിലേക്ക് എത്തുന്നില്ല. കുളത്തിന്റെ രണ്ടു വശങ്ങളിലുമുള്ള ഷട്ടറുകളെല്ലാം എടുത്തു മാറ്റിയിരിക്കുകയാണ്. ഇനി കുളത്തില്‍ വെള്ളം നിറഞ്ഞാലും കേരളത്തിലേക്ക് ഒഴുകുന്ന കോരയാറിലും വരട്ടയാറിലും വെള്ളമെത്തിക്കുന്ന കനാലുകളെല്ലാം നാശമായി. ആ കനാലുകള്‍ക്ക് പുഴകളിലേക്ക് വെള്ളം എത്തിക്കാനുള്ള ശേഷി നഷ്ടപ്പെട്ടു. ആളിയാറില്‍ നിന്ന് ആര്‍.ബി കനാല്‍ വഴി വെള്ളം തുറന്നു വിടുമ്പോള്‍ കോരയാറില്‍ വരണ്ടയിടങ്ങള്‍ ഒന്നു നനയും. വരട്ടയാര്‍ വെള്ളത്തിനായി കാത്തുകിടക്കുകയാണ്.


തിരുമൂര്‍ത്തി ഡാം ഈ രണ്ടു പുഴകളെ മാത്രമല്ല ബാധിച്ചിരിക്കുന്നത്, ജില്ലയിലെ മറ്റു പുഴകളുടെ നീരൊഴുക്കിനെയും സാരമായി ബാധിച്ചിട്ടുണ്ട്. കല്‍പ്പാത്തി പുഴയുടെയും ശോകനാശിനിപ്പുഴയുടെയും കണ്ണാടിപ്പുഴയുടെയും ഭാരതപ്പുഴയുടെയും ശക്തി കുറച്ചത് തിരുമൂര്‍ത്തി ഡാമാണ്. കോരയാറും വരട്ടയാറും മേനോന്‍പാറ പുഴപ്പാലത്തില്‍ വെച്ച് ഒരുമിച്ച് കഞ്ചിക്കോട്-മലമ്പുഴ വഴി കല്‍പ്പാത്തി പുഴയില്‍ എത്തും. കാല്‍പ്പാത്തി പുഴ വന്നു ചേരുന്നത് ഭാരതപ്പുഴയിലുമാണ്. തിരുമൂര്‍ത്തി ഡാം കാരണം നീരോഴുക്ക് കുറഞ്ഞ ശോകനാശിനിപ്പുഴയും കണ്ണാടിപ്പുഴയും ഭാരതപ്പുഴയുടെ കൈവഴികളാണ്. ഭാരതപ്പുഴയുടെ ഉത്ഭവസ്ഥാനം തിരുമൂര്‍ത്തി ഡാമിന് മുകളില്‍ നിന്നുള്ള ആനമലയില്‍ നിന്നുമാണ്.

കോരയാറിനെ നശിപ്പിച്ചത്തില്‍ കേരളത്തിനുംപങ്കുണ്ട്. കൊട്ടേക്കാട് കാളിപ്പാറയില്‍ പുഴയില്‍ കരിങ്കല്ല് കെട്ടി ഒഴുക്ക് തടസ്സപ്പെടുത്താന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. മറ്റിടങ്ങളില്‍ അനധികൃതമായി വെള്ളം തടഞ്ഞ് സ്വകാര്യ ആവശ്യത്തിനായി ഉപയോഗിക്കുന്നവരും അതിനെതിരെ കണ്ണടച്ചു നിന്നവരും പുഴയുടെ മരണത്തിന് ഉത്തരവാദികളാണ്. ഭാരതപ്പുഴയുടെ പോഷക നദികള്‍ മാത്രമല്ല അട്ടപ്പാടിയിലെ ഭവാനി പുഴയും, ശിരുവാണി പുഴയും ഇല്ലാതായികൊണ്ടിരിക്കുകയാണ്. കോരയാറിലേക്ക് വെള്ളം തുറന്നുവിടണമെന്നാവശ്യപ്പെട്ട് കൊഴിഞ്ഞാമ്പാറയില്‍ കര്‍ഷകര്‍ സമരത്തിലാണ്. കോതവാടി കുളത്തില്‍ വെള്ളം നിറയ്ക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട്ടിലെ കര്‍ഷകരും സമരരംഗത്തുണ്ട്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍