UPDATES

റോഡായി മാറിയ കോരപ്പുഴയും പ്ലാസ്റ്റിക് തിന്നു മരിക്കുന്ന പശുക്കളും; ഒരു പാലക്കാടന്‍ കാഴ്ച

എലപ്പുള്ളിയിലെ തങ്കമ്മയും ചെല്ലമ്മയും തങ്കവേലുവും ചെയ്യുന്നത് ഉപജീവനത്തിനായുള്ള പശു വളര്‍ത്തല്‍ മാത്രമല്ല വംശനാശം നേരിടുന്ന ഹൈറേഞ്ച് ഡ്വാര്‍ഫ് പശുക്കളുടെ സംരക്ഷണവും കൂടിയാണ്

പാലക്കാട് ജില്ലയിലെ എലപ്പുള്ളി പഞ്ചായത്തിലെ മണ്ണൂക്കാട് കഞ്ചിക്കോടും വാളയാറും അതിരിടുന്ന പ്രദേശമാണ്. വാളയാര്‍ പുഴയും കോരയാറ് പുഴയും ഒഴുകിയിരുന്നത് ഈ പ്രദേശത്ത് കൂടിയാണ്. കോരപ്പുഴയുടെ തീരത്തെ കുന്നിന്‍ പ്രദേശത്തു സ്റ്റീല്‍ ഫാക്ടറിക്കടുത്തായാണ്  ഹൈ റേഞ്ച് ഡ്വാര്‍ഫ് ഇനത്തില്‍പ്പെട്ട അപൂര്‍വ്വ ഇനം നാടന്‍ പശുക്കളെ വളര്‍ത്തുന്ന തങ്കമ്മയും ചെല്ലമ്മയും താമസിക്കുന്നത്. കൂടെ തങ്കമ്മയുടെ ഭര്‍ത്താവ് തങ്കവേലുവും ഉണ്ട്.

ഓട്ടോയില്‍ മണ്ണൂക്കാട്ടേക്കുള്ള യാത്രയില്‍ കണ്ടതെല്ലാം കരിഞ്ഞുണങ്ങിയ മരങ്ങളും പുല്ലുകളുമായിരുന്നു. ഇടയ്ക്കു പാറകള്‍ നിറഞ്ഞ ഒരു പ്രദേശത്തെത്തിയപ്പോള്‍ ഓട്ടോ ഡ്രൈവര്‍ പറഞ്ഞു നമ്മളിപ്പോള്‍ കോരപ്പുഴയിലൂടെയാണ് പോയിക്കൊണ്ടിരിക്കുന്നതെന്ന്. ഒരുകാലത്ത് നിറഞ്ഞൊഴുകിയിരുന്ന കോരപ്പുഴ ഇന്ന് വരണ്ടുണങ്ങി റോഡായി മാറിയിരിക്കുന്നു. പുറത്തിറങ്ങിയാല്‍ കത്തിപ്പോകുമോ എന്നു ഭയന്നുകൊണ്ടാണ് ഞങ്ങള്‍ വീടിന് താഴെയുള്ള ചെരുവില്‍ ഓട്ടോ ഇറങ്ങിയത്. ചൂട് കാരണം ഓട്ടോയില്‍ ഇരിക്കാന്‍ പറ്റാത്തത് കൊണ്ട് ഡ്രൈവറോട് വണ്ടി പശുക്കളുടെ ഷെഡിലേക്ക് മാറ്റിയിടാന്‍ തങ്കവേലു പറഞ്ഞു. വീടിന് മുന്നിലെ തുറസ്സായ പറമ്പില്‍ നിറയെ ചിതറിക്കിടക്കുന്ന ചാണകം. ചാണകക്കൂനകള്‍. ഒരു ഭാഗത്ത് പുതുതായി പണികഴിപ്പിച്ച ഷെഡ്. വീടിനോട് ചേര്‍ന്നുള്ള മറ്റൊരു ഷെഡില്‍ നിറയെ ആടുകള്‍, കുറെ പട്ടികളും പട്ടിക്കുഞ്ഞുങ്ങളും വീട്ടു മുറ്റത്തു ഉണക്കപ്പുല്ലുകളുടെ ചെറിയ കെട്ടുകള്‍.

ആറ് പതിറ്റാണ്ടു മുന്‍പ് കോരപ്പുഴയും വാളയാര്‍ പുഴയുടെയും ഇടയില്‍ മണ്ണൂക്കാട് പ്രദേശത്ത് പപ്പാത്തിയമ്മ എന്ന സ്ത്രീ ജീവിച്ചിരുന്നു. നെല്‍കൃഷിയും മാട് വളര്‍ത്തലുമായിരുന്നു പാപ്പാത്തിയുടെ ഉപജീവന മാര്‍ഗ്ഗം. താറാവ് കച്ചവടക്കാരനായ  കന്തസ്വാമി കൌണ്ടറെ വിവാഹം കഴിച്ചു പഴനിയിലേക്ക് പോയ പാപ്പാത്തിക്ക് അവിടെ ജീവിക്കാന്‍ ബുദ്ധിമുട്ട് തോന്നുകയും അവര്‍ ഭര്‍ത്താവിനോടൊപ്പം തിരിച്ചു നാട്ടിലെത്തുകയും ചെയ്തു. പാപ്പാത്തിയുടെ അച്ഛന്‍ പാരമ്പര്യ സ്വത്തായ പതിനൊന്നേക്കര്‍ നിലം അവര്‍ക്ക് എഴുത്തിക്കൊടുത്തു. ഏതാനും പശുക്കളും ഉണ്ടായിരുന്നു. പശുക്കളെ വളത്തിയും കൃഷി ചെയ്തും പപ്പാത്തി മക്കളായ തങ്കമ്മയെയും ചെല്ലമ്മയെയും വളര്‍ത്തി. ഇതിനിടയില്‍ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തതോടെ അവര്‍ക്ക് കോരപ്പുഴയുടെ തീരത്തെ മൊട്ടക്കുന്നിലേക്ക് മാറേണ്ടിയും വന്നു. പപ്പാത്തിയുടെയും മക്കളുടെയും നിശ്ചദാര്‍ഡ്യം കൊണ്ട് അവര്‍ തങ്ങള്‍ക്ക് നഷ്ടപ്പെട്ട കൃഷിസ്ഥലവും മറ്റും വീണ്ടും ഉണ്ടാക്കി.

ഇരുപതു വര്‍ഷം മുമ്പ് പാപ്പാത്തി മരണപ്പെടുന്നത് വരെ അവര്‍ അറിഞ്ഞിരുന്നില്ല വംശനാശം നേരിട്ടു കൊണ്ടിരിക്കുന്ന ഹൈ റേഞ്ച് ഡ്വാര്‍ഫ് ഇനത്തില്‍ പെട്ട അപൂര്‍വ്വയിനം നാടന്‍ പശുക്കളെയാണ് വളര്‍ത്തുന്നതെന്ന്. പാപ്പാത്തിയുടെ മരണത്തോടെ മക്കള്‍ തങ്കമ്മയും ചെല്ലമ്മയും പശുവളര്‍ത്തല്‍ ഏറ്റെടുത്തു. തങ്ങള്‍ വളര്‍ത്തുന്നത് അപൂര്‍വ്വയിനം നാടന്‍ പശുക്കളാണെന്ന് അവര്‍ക്കും അറിയാമായിരുന്നില്ല.

എലപ്പുള്ളി പഞ്ചായത്തിലെ മുന്‍ വെറ്ററിനറി സര്‍ജനായ ഡോ. എന്‍. ശുദ്ധോധനനാണ് യാദൃച്ഛികമായി ഈ മാടുകളെ കാണുന്നതും ഇവ അപൂര്‍വമായ മല്‍നാട് ഗിഡ്ഡയാണെന്ന് തിരിച്ചറിയുന്നതും. പശ്ചിമഘട്ടത്തില്‍ ഉരുത്തിരിഞ്ഞതും കര്‍ണാടകത്തിന്റെ തനതായ പശു ജനുസ്സായി ഇപ്പോള്‍ അംഗീകരിക്കപ്പെട്ടിട്ടുള്ളതുമാണ് മല്‍നാട് ഗിഡ്ഡ. 2012ല്‍ ‘നാഷണല്‍ ബ്യൂറോ ഫോര്‍ അനിമല്‍ ജനറ്റിക് റിസോഴ്സസിന്റെ’ രജിസ്ട്രേഷന്‍ ലഭിച്ച ഈ പശുക്കള്‍ താരതമ്യേന ഉയരം കുറഞ്ഞതാണ്. 95 മുതല്‍ 130 സെന്റീമീറ്ററോളം വരെയേ ഇത് ഉയരം വെക്കാറുള്ളൂ. തവിട്ട്, കറുപ്പ്, വെള്ള തുടങ്ങിയ നിറങ്ങളില്‍ കാണുന്നു. കൂര്‍ത്ത് നീളം കുറഞ്ഞ് വശങ്ങളിലേക്ക് വളര്‍ന്നിരിക്കുന്നതാണ് ഇവയുടെ കൊമ്പുകള്‍. ദുര്‍ഘടമായ മലമ്പാതകള്‍ കയറാനാകും വിധമാണ് ഈ പശുക്കളുടെ കുളമ്പും ശരീരവും. വേഗത്തില്‍ ഓടാനും ഇവയ്ക്കാവും. മഴയും വെയിലും ഒന്നുപോലെ താങ്ങാന്‍ കെല്‍പ്പുള്ള ഈ മാടുകള്‍ക്ക് തീറ്റയായി പച്ചപ്പുല്ലും ഉണക്കപ്പുല്ലും മാത്രം മതി. കുളമ്പുരോഗം ഉള്‍പ്പെടെയൊന്നും പെട്ടെന്നു ബാധിക്കാറില്ലെന്നതാണ് ഇവയുടെ സവിശേഷത.

ഞങ്ങള്‍ എത്തുമ്പോള്‍ തങ്കമ്മയും തങ്കവേലുവും  മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ. ചെല്ലമ്മ പുല്ലു പറിക്കാന്‍ പോയിരുന്നു. ജീവിതത്തെ കുറിച്ചും പശു വളര്‍ത്തലിനെ കുറിച്ചും ചോദിച്ചപ്പോള്‍ തങ്കമ്മ പറഞ്ഞു തുടങ്ങി..

“നേരത്തെ ഇരുന്നത് കൂപ്പില എന്ന സ്ഥലത്തായിരുന്നു. അച്ഛന്‍ താറാകോഴികളെ വാങ്ങി വളര്‍ത്തി വില്‍ക്കുന്ന ആളായിരുന്നു. അമ്മയെ കല്യാണം കഴിപ്പിച്ചു കൊടുത്തത് പഴനിയിലാണ്. അമ്മ അവിടെ തമിഴ്നാട്ടില്‍ ഇരിക്കില്ല എന്നു പറഞ്ഞു. തമിഴ്നാട് എനിക്കു പിടിക്കുന്നില്ല എനിക്കിവിടെ നില്ക്കാന്‍ വയ്യ എന്നു പറഞ്ഞു അമ്മയും അച്ഛനും ഇവിടെ വന്നു. അച്ഛന്‍ ഇടക്കിടെ പോയി വരും. സര്‍ക്കാര്‍ ഒഴിപ്പിച്ച സ്ഥലം അമ്മയുടെ അച്ഛന്‍റെ സ്വത്തായിരുന്നു. അത് അമ്മയുടെ പേരില്‍ എഴുത്തിക്കൊടുത്തതാണ്. ആ സ്ഥലം സര്‍ക്കാര്‍ ഏറ്റെടുത്തപ്പോള്‍ ഇങ്ങോട്ടു പോന്നതാണ്. സര്‍ക്കാര്‍ ഞങ്ങളുടെ  ഒന്‍പതു ഏക്കര്‍ സ്ഥലമാണ് ഏറ്റെടുത്തത്. ഒന്നേകാല്‍ ലക്ഷം രൂപയാണ് തന്നത്. ആ പൈസ കൊണ്ടും വേറെ കടങ്ങള്‍ വാങ്ങിയിട്ടും ഞങ്ങള്‍ കുറച്ചു കൃഷി ഭൂമി വാങ്ങി. അവിടെ നെല്‍ കൃഷി ചെയ്യുന്നുണ്ട്. താമസിക്കുന്ന വീടും സ്ഥലവും അടക്കം രണ്ടര ഏക്കര്‍ ഭൂമിയുണ്ട്. പിന്നെ കുറച്ചു വയലും ഉണ്ട്. ഇത് വെറും മൊട്ടക്കുന്നായിരുന്നു. അന്ന് ഭൂമിക്ക് വില കുറവായിരുന്നു. വാങ്ങിയ കടമെല്ലാം കൃഷിയില്‍ നിന്നും കാലികളില്‍ നിന്നുമുള്ള ആദായം കൊണ്ട് വീട്ടി. ബാങ്കില്‍ വെച്ച ആധാരം ഒക്കെ എടുത്തു. ഇവിടെ വന്നിട്ടിപ്പോള്‍ 33 വര്‍ഷമായി. ഇവിടെ വരുമ്പോ തന്നെ ഞങ്ങക്ക് മാടുകളും കാന്നുകളുമൊക്കെ ഉണ്ടായിരുന്നു. ഇത്രയൊന്നും ഇല്ല. കുറച്ചേയുള്ളൂ. അമ്മയുള്ള സമയത്ത് കുറെ കുറവായിരുന്നു. പത്തു നാല്പതു ഒക്കെയേ ഉണ്ടായിരുന്നുള്ളൂ. അവിടുന്നു വന്നതിനു ശേഷമാണ് കൂടുതല്‍ കന്നുകള്‍ ഉണ്ടായത്.  ഇപ്പോ കുട്ടിയും വലുതും ഒക്കെയായിട്ടു പത്തു നൂറെണ്ണം ഉണ്ട്. കുറേയെണ്ണം മരിച്ചുപോയി. രണ്ടു മൂന്നെണ്ണം ഇവിടെ കിടപ്പുണ്ട്. എന്താണെന്നില്ല. ഞങ്ങള്‍ പൊന്തിച്ചു വിട്ടാലും നടക്കാന്‍ കഴിയില്ല. കിടപ്പാണ്. പുറത്തു പോയിട്ടു വരുമ്പോള്‍ ക്ഷീണിച്ചാണ് വരുന്നത്. രണ്ടു മൂന്നു ദിവസം കിടക്കും. പിന്നെ ചത്തു പോകും. പുറത്തു പോയപ്പോള്‍ രണ്ടെണ്ണം ചത്തുപോയിരുന്നു. പുതിയ ഡോക്ടര്‍ വിളിച്ചാലൊന്നും വരില്ല. ഇപ്പോള്‍ എട്ടൊമ്പത് പശുക്കള്‍ ചത്തുപോയി. മൂന്നെണ്ണം കിടക്കുന്നുണ്ട് വലിയ നഷ്ടമാണ് പറ്റിയത്. പഞ്ചായത്തില്‍ നിന്നും ഒരു നഷ്ടപരിഹാരവും കിട്ടിയില്ല. അവര്‍ കേട്ടതായി പോലും ഭാവിക്കില്ല..” 

കൊടും ചൂടും വരള്‍ച്ചയും കാരണം പശുക്കള്‍ എല്ലാം ക്ഷീണിച്ചു. പുല്ലൊന്നും കിട്ടാനില്ല. പശുക്കള്‍ മേയാന്‍ പോകുന്നിടത്തൊക്കെ ആളുകള്‍ കൊണ്ടിടുന്ന പ്ലാസ്റ്റിക് കവറുകളാണ്. അത് തിന്നിട്ടു പശുക്കള്‍ ചാകുന്ന അവസ്ഥയുമുണ്ട്. ഇവരുടെ വീടിനും സ്റ്റീല്‍ കമ്പനീക്കും ഇടയിലായിരുന്നു കോരപ്പുഴ. വരണ്ടുണങ്ങിയ പുഴയില്‍ പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റും കൊണ്ടിട്ടിരിക്കുന്നത് പോകുന്ന വഴിക്കു കണ്ടിരുന്നു.

“ഞങ്ങളുടെ പശുക്കള്‍ എല്ലാം നാടന്‍ പശുക്കളാണ്. നമ്മള്‍ എന്തു കലക്കി കൊടുത്താലും പശുക്കള്‍ കുടിക്കില്ല. പച്ചവെള്ളം തന്നെ അതുങ്ങക്ക് ഇഷ്ടം. കലക്കി വെച്ചാലും തിരിഞ്ഞു നോക്കില്ല. കന്നുകുട്ടികളാരെങ്കിലും കുടിച്ചാലായി. പണ്ടൊന്നും പശുക്കള്‍ക്ക് അധികം അസുഖങ്ങള്‍ ഒന്നും വരില്ലായിരുന്നു. അന്ന് പ്ലാസ്റ്റിക് ഒന്നും അധികം ഉണ്ടായിരുന്നില്ല. പുല്ലല്ലാതെ വേറൊന്നും തിന്നില്ല. നിങ്ങള്‍ തൊഴുത്തില്‍ പോയി നോക്കൂ. മൂന്നു പശുക്കള്‍ വയ്യാതെ കിടപ്പുണ്ട്. പ്ലാസ്റ്റിക് ചവച്ചു ചവച്ചു തുപ്പും. വയറ്റില്‍ നിന്നു പോകും. ഇനിയിപ്പോ ആരെയെങ്കിലും കൊണ്ട് വന്നു കാണിക്കണം. പഞ്ചായത്തില്‍ വിളിച്ച് പറഞ്ഞിരുന്നു. അവര് വന്നു നോക്കിയൊന്നും ഇല്ല. മരുന്ന് കൊടുത്തു വിട്ടു. അത്രതന്നെ. വറ്റിപ്പോയ പുഴയുടെ കരയില്‍ ഇപ്പോള്‍ എവിടെ നിന്നോ ആളുകള്‍ പ്ലാസ്റ്റിക് വേസ്റ്റ് കൊണ്ടുപോയി ഇടുന്നുണ്ട്. നിങ്ങള്‍ വരുന്ന വഴിക്കു കണ്ടിട്ടുണ്ടാവുമല്ലോ.”

തങ്കമ്മയും ചെല്ലമ്മയും സ്കൂളില്‍ പോയിട്ടില്ല. അക്കാലത്ത് പഠനത്തിനൊന്നും ആരും പ്രാധാന്യം കല്‍പ്പിച്ചിരുന്നില്ലെന്ന് തങ്കമ്മ പറയുന്നു. എപ്പോഴും നിറഞ്ഞൊഴുകുന്ന രണ്ടു പുഴകള്‍ക്കിടയിലായിരുന്നു അവരുടെ വീട്. അതുകൊണ്ട് തന്നെ പുഴകടന്നു സ്കൂളില്‍ പോകാന്‍ പറ്റുമായിരുന്നില്ല. പക്ഷേ പശു വളര്‍ത്തലും കൃഷിയില്‍ നിന്നും കിട്ടുന്ന വരുമാനം കൊണ്ട് അവര്‍ മക്കളെ നന്നായി പഠിപ്പിച്ചു.

“പണ്ട് പുഴവെള്ളമാണ് എല്ലാറ്റിനും ഉപയോഗിച്ചിരുന്നത്. കൃഷി സ്ഥലത്തു കിണറും മോട്ടറും ഉണ്ടായിരുന്നു. ഈ വീട്ടില്‍ വന്നിട്ടിപ്പോള്‍ പന്ത്രണ്ടു വര്‍ഷമേ ആയിട്ടുള്ളൂ. ഞങ്ങള്‍ സ്കൂളില്‍ ഒന്നും പോയില്ല. അന്ന് ആരും അങ്ങനെ പഠിക്കാറൊന്നും ഇല്ല. പിന്നെ വാളയാര്‍ പുഴയുടെയും കോരപ്പുഴയുടെയും നടുക്കായിരുന്നു ഞങ്ങളുടെ വീട്. പുഴ കടന്നു വേണം സ്കൂളില്‍ പോകാന്‍. കഞ്ചിക്കോട് പൊണെങ്കില്‍ വാളയാര്‍ പുഴ കടക്കണം. എലപ്പുള്ളി പോകണമെങ്കില്‍ കോരപ്പുഴ കടക്കണം. പുഴയില്‍ എപ്പോഴും നല്ല വെള്ളമാണ്. അന്ന് പാലം ഒന്നും ഇല്ല. ഞങ്ങളെ ഒന്നാം ക്ളാസ്സില്‍ കൊണ്ടിരുത്തിയിരുന്നു ഒരു ദിവസം. നോക്കുമ്പോള്‍ പെരുവെള്ളം വന്നു. പിന്നെ ആരും സ്കൂളില്‍ പോയിട്ടില്ല. പുഴ കടക്കാന്‍ പറ്റാത്തത് കൊണ്ട് ഞങ്ങളാരും സ്കൂളില്‍ പോയില്ല. ഞങ്ങള്‍ മാത്രമല്ല. ഞങ്ങളുടെ അമ്മാവന്‍റെ മക്കള്‍ ആരും സ്കൂളില്‍ പോയില്ല. പിന്നെ പശുക്കളെ നോക്കിയും ആട് മേച്ചും കൃഷിപ്പണിയില്‍ സഹായിച്ചും കഴിഞ്ഞു കൂടി. 23 വയസ്സിലാണ് എന്‍റെ കല്യാണം കഴിഞ്ഞത്. അമ്മായിയുടെ മകന്‍ തങ്ക വേലുവാണ് എന്നെ കല്യാണം കഴിച്ചത്. ഞങ്ങള്‍ക്ക് രണ്ടു മക്കള്‍. ഒരാണും ഒരു പെണ്ണുമാണ്.രണ്ടു പേരുടെയും കല്യാണം കഴിഞ്ഞു. മക്കളെ ഞങ്ങള്‍ ഇഷ്ടം പോലെ പഠിപ്പിച്ചു. മകന്‍ എംബിഎ കഴിഞ്ഞു. ഇപ്പോള്‍ ജോലിക്കു പോകുന്നു. മകള്‍ ബികോം കഴിഞ്ഞു. പിന്നെ അവളുടെ കല്യാണം കഴിഞ്ഞു. കുട്ടികള്‍ രണ്ടായി. പഴനിയിലേക്കാണ് അവളെ കെട്ടിച്ചത്. കുട്ടികള്‍ ചെറുതായത് കൊണ്ട് അവള്‍ ഇപ്പോള്‍ തത്ക്കാലം ജോലിക്കൊന്നും പോകുന്നില്ല. അനിയത്തി കല്യാണം ഒന്നും കഴിച്ചില്ല. ഞാന്‍ ചേച്ചിയുടെ മക്കളെ നോക്കിയിരുന്നോളാം എന്നു പറഞ്ഞു. ഒരുപാട് ആലോചനകള്‍ ഒക്കെ വന്നു. എനിക്കു കല്യാണമേ വേണ്ട പോയാല്‍ ഏട്ടത്തിയും അനിയത്തിയും പിരിയേണ്ടിവരും എന്നു പറഞ്ഞു. എന്‍റെ അഞ്ചു വയസ്സിന് താഴെയാണ് അനിയത്തി. ചേച്ചിയോടുള്ള സ്നേഹം കൊണ്ട് കല്യാണമേ വേണ്ടെന്ന് വെച്ചു. അവള്‍ എന്‍റെ മക്കളെ വളര്‍ത്തി വലുതാക്കി.”

പശുക്കളെ രാവിലെ അഴിച്ചു വിട്ടാല്‍ അവ മേഞ്ഞു നടന്നു പുഴയിലെ വെള്ളം കുടിച്ചു വൈകുന്നേരം തിരിച്ചു വരും. പച്ചപ്പുല്ല് കുറയുമ്പോള്‍ കൃഷിയില്‍ നിന്നു കിട്ടുന്ന വൈക്കോലും പശുക്കള്‍ക്ക് കൊടുക്കുമായിരുന്നു. നാടന്‍ ചികിത്സയല്ലാതെ കുത്തി വയ്പ്പുകള്‍ ഒന്നും എടുക്കാറും ഇല്ല. തങ്ങള്‍ വളര്‍ത്തുന്ന പശുക്കളുടെ പ്രാധാന്യം ഇവര്‍ മനസ്സിലാക്കുന്നത് പഞ്ചായത്തിലെ ഡോക്ടര്‍ ശുദ്ധോധനന്‍ ഈ പശുക്കളെ കണ്ടെത്തുന്നതോടെയാണ്.

“പഞ്ചായത്തില്‍ നിന്നു പഴയ മൃഗഡോക്ടര്‍ വന്നു നോക്കിയിട്ട് പശുക്കളെ കണ്ടിട്ടു പോയി. ടിവി ക്കാരൊക്കെ വന്നിരുന്നു. അന്ന് പശുക്കള്‍ക്ക് ഷെഡ് ഒന്നും ഇല്ലായിരുന്നു. മഴയത്തൊക്കെ പശുക്കള്‍ പുറത്തു തന്നെയായിരുന്നു. അന്നേരം ഒരു പട്ടച്ചാളയായിരുന്നു. എല്ലാ പശുക്കളും അതില്‍ ഒതുങ്ങില്ല. മഴയത്ത് പശുക്കള്‍ അങ്ങനെ നില്ക്കും. അതോര്‍ക്കുമ്പോള്‍ സങ്കടം വരും.”  

ഡോക്ടര്‍ ഈ പശുക്കളുടെ പ്രാധാന്യം സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡിന്‍റെ ശ്രദ്ധയില്‍ പെടുത്തിയതിന്റെ ഫലമായി ഹൈറേഞ്ച് ഡ്വാര്‍ഫ് ഇനത്തിന്റെ സംരക്ഷണം, വര്‍ഗശുദ്ധി നിലനിര്‍ത്തല്‍, വ്യാപനം എന്നിവ ലക്ഷ്യമിട്ട് പശുക്കളെ സംരക്ഷിക്കാനായി തിരുവനന്തപുരത്ത് നിന്നും 5 ലക്ഷം രൂപ ഷെഡ് കെട്ടുന്നതിനായി പാസാക്കിയിരുന്നു. പഞ്ചായത്ത് വഴി അതില്‍ മൂന്നു ലക്ഷം രൂപ ഇവര്‍ക്ക് ലഭിക്കുകയും ചെയ്തു. ഷെഡ് പണിയാന്‍ അഞ്ചു ലക്ഷം രൂപ ചിലവായെങ്കിലും ബാക്കി തുക രണ്ടു വര്‍ഷമായിട്ടും ഇതുവരെ ലഭിച്ചില്ലെന്നും ഇവര്‍ പറയുന്നു.

“ഇവിടെ വേറെയും ആളുകള്‍ പശു വളര്‍ത്തുന്നുണ്ട്. പക്ഷേ അവര്‍ക്കൊന്നും ഞങ്ങളുടെ അത്രയും പശുക്കളൊന്നും ഇല്ല. അവര്‍ മറ്റ് പശുക്കളെയും വളര്‍ത്തുന്നുണ്ട്. ഞങ്ങള്‍ നാടന്‍ പശുക്കളെ മാത്രമെ വളര്‍ത്തുന്നുള്ളൂ.  ഞങ്ങളുടെ മാടുകള്‍ പേര് കേട്ട മാടുകളാണ്. പാലിന് ഔഷധ ഗുണമുണ്ട്. മറ്റുള്ളവരുടെ പശുക്കള്‍ സങ്കരയിനമാണ് അതിന്റെ പാല് അത്രക്ക് ഗുണമില്ല. ഞങ്ങള്‍ക്ക് മാത്രമേ നാടന്‍ പശുക്കള്‍ ഉള്ളൂ. സൊസൈറ്റിയില്‍ ആണ് പാല് കൊടുക്കുന്നത്. സാധാരണ പാലിനെക്കാള്‍ ഒന്നോ രണ്ടോ രൂപ കൂടുതല്‍ കിട്ടും ഞങ്ങളുടെ പാലിന്. മറ്റുള്ളവര്‍ തവിടും മറ്റ് കൊഴുപ്പുള്ള സാധനങ്ങളും ഒക്കെ കൊടുക്കും. ഞങ്ങള്‍ അതൊന്നും കൊടുക്കാറില്ല. ഞങ്ങളുടെ പാലിന് കൊഴുപ്പ് അധികം കിട്ടില്ല. പശുവിനെ വാങ്ങാന്‍ ആളുകള്‍ വരും. മറ്റ് പശുക്കളെക്കാള്‍ വിലയുണ്ട് ഞങ്ങളുടെ പശുക്കള്‍ക്ക്. ഒരു പശുവിനെയും കുട്ടിയെയും ഒരുമിച്ച് കൊടുക്കുകയാണെങ്കില്‍ 35000 രൂപയൊക്കെ കിട്ടും. ചെനപറ്റിയ ചെറിയ പശുക്കളെ കൊടുക്കുമ്പോള്‍ 25000 ഒക്കെ കിട്ടും. ഇടത്തരം പശുക്കുട്ടിയാണെങ്കില്‍ 15000, 25000 ഒക്കെ കിട്ടും. തിരുവനന്തപുരത്ത് നിന്നും മലപ്പുറത്ത് നിന്നുമൊക്കെ ആളുകള്‍ വന്നു പശുവിനെ വാങ്ങാറുണ്ട്. ഞങ്ങള്‍ കുത്തിവെക്കാറൊന്നും ഇല്ല. ഇണചേര്‍ന്നിട്ടാണ് കുട്ടികള്‍ ഉണ്ടാകുന്നത്. അതിനു കാളകള്‍ ഇവിടെയുണ്ട്. സമയം ആകുമ്പോള്‍ അത് സംഭവിച്ചോളും. നമ്മള്‍ ഒന്നും ചെയ്യണ്ട.”

രൂക്ഷമായ വരള്‍ച്ചയും പുല്ലുകളെല്ലാം കരിഞ്ഞുണങ്ങിയതും പശുക്കളുടെ അതിജീവനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. കൂടാതെ മനുഷ്യര്‍ കൊണ്ടിടുന്ന പ്ലാസ്റ്റിക്കും പശുക്കളുടെ ജീവന് ഭീഷണിയാകുന്നു. തെരുവ് നായ്ക്കളുടെ ശല്യവും കൂടുതലാണ്. ആടുകളെയും പശുക്കുട്ടികളെയും അവ കൊന്നൊടുക്കുന്നു.

“രാവിലെ കറവ കഴിഞ്ഞതും പശുക്കളെ തുറന്നു വിടുകയാണ് ചെയ്യുക. ചിലപ്പോള്‍ ഒന്പതു പത്തു മണിയൊക്കെ ആകും. ആറ് മണിയാകുമ്പോള്‍ തിരിച്ചു ഇവിടെ തന്നെ വരും. പോയി കൊണ്ട് വരികയൊന്നും വേണ്ട. പണ്ട് മുതലേ അങ്ങനെ തന്നെയായിരുന്നു. ഇപ്പോ ചിലപ്പോള്‍ കമ്പനിയുടെ അടുത്തു വന്നു കിടക്കും. ചേട്ടന്‍ പോയി തെളിച്ചു കൊണ്ട് വരും. മേയാന്‍ പോയാലും കാലികള്‍ വയറുനിറയാതെയാണ് വരുന്നത്. ഒരിടത്തും പുല്ലില്ല. കൊടുക്കാനാണെങ്കില്‍ വൈക്കോലും ഇല്ല. കാലിവളര്‍ത്തുന്ന എല്ലാവരുടെയും ഗതി ഇതാണ്. കുടിക്കാനുള്ള വെള്ളത്തിന് ഇവിടെ തന്നെ വരും. രാവിലെ വെള്ളം കുടിച്ചിട്ടാണ് പോകുന്നത്. വൈകുന്നേരം ഇവിടെ വന്നിട്ട് കുടിക്കും. ഇപ്പോ മേയാന്‍ ഒന്നും ഇല്ല. എന്തു മേയാനാ. എന്തെങ്കിലും ഉണ്ടായിട്ടു വേണ്ടേ. ഇവിടുന്നു രണ്ടാമതൊരു പുഴയുണ്ട്. പുത്തൂര്‍ പുഴ. ആ പുഴയുടെ അടുത്തുവരെ മാടുകള്‍ പോകും. തൊട്ടടുത്തുള്ളത് കോരപ്പുഴയാണ്. രണ്ടു പുഴയിലും ഇപ്പോള്‍ വെള്ളം ഇല്ല. ഇവിടെ വെള്ളത്തിന് കുഴല്‍ കിണര്‍ ഉണ്ട്. കുറച്ചു നാള്‍ മുമ്പ് വരെ പുഴയില്‍ ഇത്തിരി വെള്ളം ഉണ്ടായിരുന്നു. കുഴികളില്‍ ഒക്കെ ഉണ്ടായിരുന്ന വെള്ളം കാലികള്‍ വന്നു കുടിച്ചിട്ടു പോകുമായിരുന്നു. ഇത്തവണ നേരത്തെ പുഴ മുഴുവനും വറ്റിപ്പോയി. രണ്ടു പുഴയും വറ്റിയത് കാരണം കാലികള്‍ക്ക് വലിയ ബുദ്ധിമുട്ടാണ്. നന്നായി ദാഹിച്ചാല്‍ നാലുമണിക്കൊക്കെ തിരിച്ചു വന്നുകളയും.

തീറ്റയും വെള്ളവും  ഇപ്പോള്‍ വളരെ കമ്മിയാണ്. മഴ പെയ്തു പുല്ലു ഉണ്ടായി കഴിഞ്ഞാല്‍ പിന്നെ വൈക്കോല്‍ ഒന്നും  തിന്നില്ല. മഴ കുറവായ കാരണം കൊണ്ട് തീറ്റയില്ല. എപ്പോള്‍ കന്നുകള്‍ ഒരുപാട് മെലിഞ്ഞിട്ടുണ്ട്. പാടമാണെങ്കില്‍ കൊയ്യാന്‍ ആകുന്നേയുള്ളൂ. കൊയ്താലേ ഇനി വൈക്കോല്‍ കിട്ടുകയുള്ളൂ. കഴിഞ്ഞ പ്രാവശ്യത്തെ വൈക്കോല്‍ കുറച്ചേ ബാക്കിയുള്ളൂ. അതൊക്കെ കൊടുത്തു കഴിഞ്ഞു. ഇപ്പോള്‍ നാലഞ്ചു പെണ്ണുങ്ങള്‍ പുല്ലരിയുന്നുണ്ട്. പാടത്തെ പുല്ലും കഴിഞ്ഞു. ഇപ്പോള്‍ കന്നുകള്‍ക്കും കുട്ടികള്‍ക്കും വയറ്റില്‍ നിന്നു പോകുന്നു. ഒന്നാമത്തെ കാര്യം ഇവിടെയെല്ലാം പ്ലാസ്റ്റിക് കവറുകളാണ്.  ആളുകള്‍ എന്തെങ്കിലും സാധനങ്ങള്‍ കൊണ്ട് വന്നു കഴിക്കും എന്നിട്ട് കവര്‍ എവിടെയെങ്കിലും ഇടും. അതൊക്കെ കന്നുകള്‍ തിന്നിട്ടാണ് കന്നുകള്‍ക്ക് വയറിളക്കം വരുന്നത്. ഇതിനൊന്നും ഗവണ്‍മെന്‍റിന്റെ ഭാഗത്ത് നിന്നു ഒന്നും ചെയ്യുന്നില്ല.”

ഞങ്ങള്‍ സംസാരിച്ച് കൊണ്ടിരിക്കുമ്പോഴാണ് തങ്കമ്മയുടെ അനിയത്തി ചെല്ലമ്മ പുല്ലിന്‍ കെട്ടും തലയില്‍ വെച്ചു കടന്നു വന്നത്. നിന്നോട് ഇവര്‍ക്ക് സംസാരിക്കാനുണ്ടെന്നും വേഷം മാറി വരണം എന്നു തങ്കവേലുവും തങ്കമ്മയും പറഞ്ഞപ്പോള്‍ ഇത് അദ്ധ്വാനിക്കുന്നവരുടെ വേഷമാണെന്നായിരുന്നു ചെല്ലമ്മയുടെ മറുപടി. അവര്‍ ഞങ്ങളെ ശ്രദ്ധിക്കാതെ .അവരുടെ ജോലികള്‍ ചെയ്തു കൊണ്ടേയിരുന്നു.

എന്നാല്‍ പശുക്കളുടെ അവസ്ഥയെ കുറിച്ചും പഞ്ചായത്തിന്‍റെ ഭാഗത്ത് നിന്നുണ്ടായ അവഗനയുടെയും കഥയാണ് തങ്കവേലുവിന് പറയാന്‍ ഉണ്ടായിരുന്നത്.

“എഗ്രിമെന്‍റില്‍ അഞ്ചുലക്ഷം രൂപയാണ് പറഞ്ഞത്. മൂന്നു ലക്ഷം മാത്രമേ തന്നുള്ളൂ. നേരത്തെ ഉണ്ടായിരുന്ന ഡോക്ടര്‍ റിട്ടയറായി. പുള്ളിയോട് പോയി ചോദിക്കുമ്പോള്‍ പുള്ളി പറഞ്ഞു ഞാന്‍ റിട്ടയറായി എനിക്കു ഇനി പോയി ചോദിക്കാനൊന്നും പറ്റില്ലെന്ന്. ഇത് നിങ്ങള്‍ക്ക് പാസായ പൈസയാണ്. നിങ്ങള്‍ പോയി ചോദിക്ക് എന്ന്. പുതിയ ഷെഡിന് എന്‍റെ കയ്യില്‍ നിന്നു രണ്ടു ലക്ഷം രൂപ ചിലവായി. കടം വാങ്ങിയിട്ടാണ് അത് ചിലവാക്കിയത്. മുഴുവന്‍ കണക്കുകളും ബില്ലുകളും ഞാന്‍ പഞ്ചായത്തില്‍ കൊടുത്തിട്ടുണ്ട്. രണ്ടു വര്‍ഷമായിട്ടും അവര്‍ ബാക്കി തുക തന്നിട്ടില്ല. എഗ്രിമെന്റില്‍ അഞ്ചു ലക്ഷം തരുമെന്നു അവര്‍ കൃത്യമായി പറഞ്ഞിട്ടുണ്ട്. ഞാന്‍ പലതവണ പഞ്ചായത്തില്‍ പോയി ചോദിച്ചു. അവര്‍ തരാം തരാം എന്ന് പറയുന്നതല്ലാതെ ഇതുവരെ തന്നിട്ടില്ല.

പശുക്കള്‍ ചത്തിച്ചിട്ടൊന്നും ഞാന്‍ പഞ്ചായത്തില്‍ പോയി പറഞ്ഞിട്ടില്ല. കടുത്ത വേനലും ചൂടും പശുക്കളെ വല്ലാതെ ബാധിക്കുന്നുണ്ട്. പശുക്കളെല്ലാം വല്ലാതെ ക്ഷീണിച്ചു. പ്ലാസ്റ്റിക്കും മറ്റും തിന്നിട്ടു അവയ്ക്കു വയറിളക്കം പിടിച്ചു. കുറേയെണ്ണം ചത്തുപോയി. പഞ്ചായത്തില്‍ പറഞ്ഞിട്ടു ഒരു കാര്യവും ഇല്ല. നേരത്തെ ഒരു തവണ കുളമ്പു രോഗം വന്നിട്ട് 38 കുട്ടികളാണ് മരിച്ചത്. രണ്ടു കൊല്ലം മുമ്പ്. ഞാന്‍ സൊസൈറ്റിയില്‍ ഒക്കെ പോയി പറഞ്ഞു. കുളമ്പു  രോഗം വന്നു കാലികള്‍ മരിച്ചവര്‍ക്ക് സബ്സിഡി തരാന്നു പറഞ്ഞു. പാലക്കാട് ജില്ലയില്‍ ഒരേ ഒരാള്‍ക്കാണ് നഷ്ട പരിഹാരം കിട്ടിയത്. ഞങ്ങള്‍ക്ക് ഒന്നും കിട്ടിയില്ല. 36 പശുക്കുട്ടികളെയും പാലക്കാട് ജില്ലാ ആശുപത്രിയില്‍ നിന്നു ഡോക്ടര്‍ വന്നു പോസ്റ്റ് മോര്‍ട്ടം ചെയ്തിരുന്നു. കുളമ്പു രോഗം വന്ന പശുക്കളുടെ പാല് കുടിച്ചാല്‍ അതിനും വരും. എല്ലാം എഴുതിക്കൊടുത്തു. ഇതുവരെ പത്തു പൈസ കിട്ടിയിട്ടില്ല. അതുകാരണം കൊണ്ട് ഞാന്‍ മാട് മരിച്ചാലും കുട്ടി മരിച്ചാലും ഞാന്‍ പോയി പറയാറില്ല. പറഞ്ഞിട്ടു എന്തു കാര്യം. അവര് വന്നു നോക്കിയിട്ട് പോകും. എന്നോടു ഇന്‍ഷൂറന്‍സ് ചേരാന്‍ പറഞ്ഞു. എനിക്ക് പത്തെഴുപതു കുട്ടികളും നൂറോളം മാടുകളും ഉണ്ട്. വര്‍ഷാവര്‍ഷം ഇന്‍ഷൂറന്‍സ് അടക്കണം. ഞാന്‍ അതും ചെയ്തിട്ടില്ല. പശുക്കള്‍ക്ക് കുത്തിവെപ്പൊന്നും എടുക്കാറില്ല. ഇവിടെ മൂരികള്‍ ഉണ്ട്. കുളമ്പു രോഗത്തിന് ഈ ഭാഗത്ത് എല്ലാവരും കുത്തിവെക്കും ഞാന്‍ വെക്കാറില്ല. നാടന്‍ പശുക്കളാതുകൊണ്ട് ഞങ്ങടെ  മാടുകള്‍ക്ക് എളുപ്പമൊന്നും കുളമ്പു രോഗം  വരില്ല.”

തികച്ചും നാടന്‍ രീതിയിളാണ് തങ്കമ്മയും ചെല്ലമ്മയും തങ്കവേലുവും തങ്ങളുടെ പശുക്കളെ വളര്‍ത്തുന്നത്. മുന്‍പ് ഇവരുടെ വീടും പശുക്കളും ഒറ്റപ്പെട്ട സ്ഥലത്തായിരുന്നതിനാല്‍ മറ്റ് പശുക്കളുമായി ഇടപെടാനൊന്നും ഇവരുടെ പശുക്കള്‍ക്ക് കഴിഞ്ഞിരുന്നില്ല. ഇണചേരല്‍ ഒക്കെ സ്വാഭാവിക പ്രക്രിയയായി നടക്കുമായിരുന്നു. കുത്തി വെപ്പൊന്നും ഇവര്‍ എടുത്തിരുന്നില്ല. ഇപ്പോള്‍ പ്രദേശത്തെ മറ്റ് പലരും സങ്കരയിനം പശുക്കളെ വളര്‍ത്തുന്നുണ്ട്. വേനലിനെ അതിജീവിക്കാന്‍ മറ്റ് പശുക്കളെ അപേക്ഷിച്ച് ഒരു പരിധിവരെ ഈ ഇനത്തില്‍പ്പെട്ട പശുക്കള്‍ക്ക് കഴിയുമായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ കടുത്ത വേനലിനെ അതിജീവിക്കാന്‍ ഈ പശുക്കള്‍ക്കും കഴിയാത്ത അവസ്ഥയാണ്. പുല്ലുകള്‍ കരിഞ്ഞുണങ്ങിയതും വൈക്കോലിന്‍റെ അപര്യാപ്തയും ജലക്ഷാമവും പ്ലാസ്റ്റിക് മാല്യങ്ങളും  ഒക്കെ പശുക്കളുടെ അതിജീവനത്തെ പ്രതിസന്ധിയിലാക്കുന്നുണ്ട്.

തങ്കമ്മയും ചെല്ലമ്മയും തങ്കവേലുവും ചെയ്യുന്നത് വെറും ഉപജീവനത്തിനായുള്ള പശു വളര്‍ത്തല്‍ മാത്രമല്ല വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന അപൂര്‍വ്വയിനം നാടന്‍ പശുക്കളുടെ സംരക്ഷണവും കൂടിയാണെന്ന് ഗവണ്‍മെന്റെന്താണ് മനസിലാകാത്തത്?

ചിത്രങ്ങള്‍: രാഖി സാവിത്രി

സഫിയ ഫാത്തിമ

സഫിയ ഫാത്തിമ

എഡിറ്റോറിയല്‍ അസിസ്റ്റന്‍റ്, കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍