UPDATES

പുതിയ 500-ന്റെ നോട്ടുകള്‍ രണ്ട് നിറത്തില്‍; പിഴവുകള്‍ സംഭവിച്ചത് തിരക്കിട്ട് പുറത്തിറക്കിയതുകൊണ്ടെന്ന് ആര്‍ബിഐ

അഴിമുഖം പ്രതിനിധി

കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ 500-ന്റെ നോട്ടുകളില്‍ ഗുരുതരമായ പിഴവുകള്‍. അച്ചടി പിഴവുമൂലം പുതിയ 500-ന്റെനോട്ടുകള്‍ രണ്ട് നിറത്തിലാണ് എത്തിയിരിക്കുന്നത്. പുതിയ നോട്ടുകളില്‍ മൂന്നുതരത്തിലുള്ള പിഴവുകള്‍ സംഭവിച്ചിട്ടുണ്ടെന്നാണ് വിവരം. ഇത് ജനങ്ങള്‍ക്ക് ആശയകുഴപ്പം സൃഷ്ടിക്കുമെന്നാണ് കരുതുന്നത്. നിറവിത്യാസം കൂടാതെ ചില നോട്ടുകളില്‍ ഗാന്ധിജിയുടെയും ദേശീയ ചിഹ്നത്തിന്റെയും ചിത്രങ്ങള്‍ ശരിയായ രീതിയില്‍ പതിഞ്ഞിട്ടില്ല. ഗാന്ധിജിയുടെ മുഖത്തിന് നിഴലുകള്‍ കാണപ്പെടുന്നു. മറ്റു ചില നോട്ടുകളില്‍ സീരിയന്‍ നമ്പറുകളിലും പിശകുണ്ട്. തുല്യമല്ലാത്ത അതിരുകളോടു കൂടിയ നോട്ടുകളും കണ്ടെത്തിയിട്ടുണ്ട്.

തിരക്കിട്ട് പുറത്തിറക്കിയതുകൊണ്ടാണ് നോട്ടുകളില്‍ പിഴവുകള്‍ സംഭവിച്ചതെന്ന് റിസര്‍വ് ബാങ്ക് വക്താവ് അല്‍പന കിലാവാല പ്രതികരിച്ചു. കൂടാതെ പിഴവുകളുള്ള നോട്ടുകള്‍ ലഭിക്കുന്നവര്‍ക്ക് ബാങ്കുകളില്‍ നിന്ന് മാറ്റിയെടുക്കുന്നതിന് തടസ്സമില്ലെന്നും അല്‍പന പറയുന്നു. മുന്‍ ആഭ്യന്തര സെക്രട്ടറി ജികെ പിള്ള നോട്ടിന്റെ പിഴവില്‍ പ്രതികരിച്ചിട്ടുണ്ട്. രണ്ട് തരത്തില്‍/നിറത്തിലുള്ള നോട്ടുകള്‍ പ്രചരിക്കുന്നത് ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കുമെന്നും ഇത് കള്ളനോട്ടുകളുടെ പ്രചാരണത്തിന് വഴിയൊരുക്കുമെന്നും ജികെ പിള്ള പറയുന്നു.

ഒരുതരത്തിലുള്ള നോട്ടുകള്‍ മാത്രമേ ഉണ്ടാകാന്‍ പാടുള്ളൂ. ഇന്ത്യയിലേതിന് സമാനമായ രീതിയിലാണ് പാക്കിസ്ഥാന്‍ കള്ളനോട്ടുകള്‍ അച്ചടിക്കുന്നത്. അതുകൊണ്ടുതന്നെ സുരക്ഷാ മാനദണ്ഡങ്ങളെല്ലാം പാലിച്ച് പിഴവുകളില്ലാതെ വേണം നോട്ടുകളിറക്കുവാന്‍. പുതിയ 2000 നോട്ടുകള്‍ അത്തരത്തിലുള്ളതാണെന്നും ജികെ പിള്ള കൂട്ടിച്ചേര്‍ത്തു.

പുതിയ നോട്ടിന്റെ പ്രത്യേകതകള്‍ ജനങ്ങള്‍ മനസ്സിലാക്കി വരുന്നതെയുള്ളൂ. അതിനാല്‍ പലതരത്തിലുള്ള നോട്ടുകള്‍ പ്രചരിക്കുന്നത് ജനങ്ങളെ ബുദ്ധിമുട്ടിലാക്കും. ഈ അവസരത്തില്‍ കള്ളനോട്ടുകള്‍ വ്യാപകമാകുവാന്‍ സാധ്യതയുണ്ടെന്നും അങ്ങനെ വന്നാല്‍ കള്ളനോട്ടുകളെ തിരിച്ചറിയാനുള്ള ശേഷി ജനങ്ങള്‍ക്ക് ഇല്ലാതാക്കുമെന്നും വിദഗ്ദ്ധര്‍ ചൂണ്ടികാണിക്കുന്നുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍