UPDATES

വിദേശം

ജപ്പാന് കൂടുതല്‍ കുട്ടികളെ വേണം; രണ്ടു വഴികള്‍

Avatar

നോവ സ്മിത്ത് 
(ബ്ലൂം ബര്‍ഗ്)

ദ്രുതഗതിയില്‍ വൃദ്ധരായിക്കൊണ്ടിരിക്കുന്ന ജനസംഖ്യയ്ക്ക് ഒരു സന്തുലനം കൊണ്ടുവരാന്‍ ആഗ്രഹിക്കുകയാണ് ജപ്പാന്‍. ഇതിനു രണ്ടുവഴികളാണ് ഉള്ളത്. ഒന്നുകില്‍ വളരെയധികം പ്രവാസികളെ സ്വീകരിക്കാം, അല്ലെങ്കില്‍ ജനനനിരക്ക് കൂട്ടാന്‍ എന്തെങ്കിലും ചെയ്യാം. ഇതല്ലെങ്കില്‍ ദശാബ്ദങ്ങള്‍ നീളുന്ന സാമ്പത്തിക മെല്ലെപ്പോക്കിലേയ്ക്ക് മറയാം, കാരണം കഠിനമായി ജോലി ചെയ്യുന്ന യുവാക്കള്‍ക്ക് കൂടുതല്‍ റിട്ടയര്‍ ചെയ്ത വയോജനങ്ങളെ ചുമക്കേണ്ടിവരും. ജപ്പാന്റെ സാമൂഹ്യ സുരക്ഷാ സംവിധാനം പാപ്പരാകും, ആരോഗ്യരംഗം താറുമാറാകും. പലിശനിരക്കുകള്‍ സ്ഥിരമായി പൂജ്യത്തില്‍ നിന്നുപോകും.

അതൊഴിവാക്കാന്‍ ജപ്പാന്‍ ഇമിഗ്രേഷന്‍ പാത തെരഞ്ഞെടുക്കുമോ അതോ ജനനനിരക്ക് കൂട്ടാന്‍ ശ്രമിക്കുമോ? അമേരിക്ക, കാനഡ, ഓസ്ട്രേലിയ തുടങ്ങിയ ഇംഗ്ലീഷ് സംസാരിക്കുന്ന പല വലിയ രാജ്യങ്ങളും സിംഗപ്പൂര്‍ പോലെയുള്ള ചില സിറ്റി സ്റ്റേറ്റുകളും ഈ മാര്‍ഗം സ്വീകരിച്ചുകഴിഞ്ഞു. എന്നാല്‍ യൂറോപ്പിലെയ്ക്കുള്ള കൂട്ടപ്രവാസത്തിലെ പ്രശ്നങ്ങളും പൊതുവേ വികസിതസമൂഹത്തില്‍ ആഗോളവല്‍ക്കരണത്തിനെതിരെയുള്ള നീക്കവും ഒക്കെ നിമിത്തം ജപ്പാനിലേയ്ക്ക് ഒരു വലിയ കൂട്ടം മനുഷ്യരെ മറ്റുരാജ്യങ്ങളില്‍ നിന്ന് സ്വീകരിക്കുന്ന കാര്യത്തിനു സാധ്യത കുറവാണ്. അപ്പോള്‍ മുന്നിലുള്ള പ്രധാന പരിഹാരം ജനനനിരക്കാണ്.

പ്രധാനമന്ത്രി ഷിന്‍സോ ആബെയ്ക്കും മന്ത്രിസഭയ്ക്കും ഇത് അറിയാം. അവര്‍ ജനനനിരക്കിന് വലിയ പ്രാധാന്യം കൊടുക്കുന്നുണ്ട്:

“താഴ്ന്നുകൊണ്ടിരിക്കുന്ന ജനനനിരക്കിനെ പരിഹരിക്കാനുള്ള  പദ്ധതികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നു… ഇതൊരു ഗുരുതരപ്രശ്നമാണ്… കുട്ടികളെ വളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കാനായി ഡേ കെയര്‍ സെന്ററുകളിലെ വെയിറ്റിംഗ് ലിസ്റ്റ് 2017ഓടെ ഇല്ലാതാക്കും. സ്കൂളിനു ശേഷമുള്ള ഡേ കെയര്‍ സെന്ററുകളിലെ പ്രവേശനവും 2019ഓടെ എളുപ്പമാകും. ഡേ കെയര്‍ ജീവനക്കാരുടെ തൊഴില്‍ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനും കൂടുതല്‍ ജീവനക്കാരെ നിയമിക്കാനും സര്‍ക്കാര്‍ തലത്തില്‍ ഇടപെടലുകള്‍ ഉണ്ടാകും.

താല്‍ക്കാലിക ജോലിക്കാരുടെ തൊഴില്‍സാഹചര്യങ്ങളും മെച്ചപ്പെടുത്തും, തുല്യജോലിക്ക് തുല്യവേതനം എന്ന നയം നടപ്പിലാക്കും. നീണ്ട ജോലി സമയങ്ങള്‍ ഇല്ലാതാക്കും.”

ഇത് രണ്ടും നല്ല നടപടികളാണ്. കുട്ടികള്‍ വേണോ എന്ന തീരുമാനത്തില്‍ പണം ഒരു പ്രധാനഘടകം തന്നെയാണ്. ഓരോ കുട്ടിയെ വളര്‍ത്താനും ചെലവ് കൂടും തോറും ആളുകള്‍ കുട്ടികള്‍ ജനിക്കുന്നത് കുറയ്ക്കും. കുട്ടികള്‍ ഉണ്ടാകാനായി കാലതാമസം ഉണ്ടാകുകയും ചെയ്യും. കുട്ടികളെ വളര്‍ത്തുന്നത് ചെലവ് കുറഞ്ഞ കാര്യമാക്കിയാല്‍ ആളുകള്‍ കൂടുതല്‍ കുട്ടികള്‍ ഉണ്ടാകാന്‍ ശ്രമിച്ചേക്കും.

ഡേ കെയര്‍ പ്രധാനമാണ്. കാരണം കുട്ടിയെ വളര്‍ത്തുന്നതിന്റെ സാമ്പത്തികബാധ്യത പണത്തിലും ഒപ്പം സമയത്തിലുമാണ് അളക്കുന്നത്. ഡേ കെയര്‍ ഇല്ലെങ്കില്‍ മാതാപിതാക്കള്‍ക്ക്- പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് ജോലിയില്‍ നിന്ന് മാറിനില്‍ക്കേണ്ടിവരും, തുടര്‍ച്ചയായി ജോലി ചെയ്യുന്നത് കൊണ്ടുള്ള ആനുകൂല്യങ്ങള്‍ നഷ്ടമാകും. മാത്രമല്ല സ്വകാര്യ ഡേകെയറുകളെ ആശ്രയിക്കാനും ആളുകള്‍ക്ക് മടിയുണ്ട്—കുട്ടികളെ മറ്റൊരാളെ ഏല്‍പ്പിക്കുന്നത് മാതാപിതാക്കള്‍ക്ക് എപ്പോഴും ഒരു വേവലാതിയാണ്. അതുകൊണ്ടാണ് ജപ്പാനില്‍ സര്‍ക്കാര്‍ ഡേകെയര്‍ സംവിധാനങ്ങളെ ആളുകള്‍ ആശ്രയിക്കുന്നത്.അതുകൊണ്ട് തന്നെയാണ് ആബെയുടെ ഈ വാഗ്ദാനം പ്രസക്തമാകുന്നതും.

സ്ത്രീ ജീവനക്കാരുടെ പങ്കിനെ സര്‍ക്കാര്‍ കൂടുതല്‍ പ്രാധാന്യത്തോടെ കാണുന്നതും സ്വാഗതാര്‍ഹമാണ്. എന്പതുകള്‍ മുതല്‍ സ്ത്രീകള്‍ ജോലി ചെയ്യുന്നതിന്റെ നിരക്ക് കൂടുകയും ഒപ്പം ജനസംഖ്യാനിരക്ക് കുറയുകയും ചെയ്തിട്ടുണ്ട്. കുട്ടികളെ വളര്‍ത്താനുള്ള ചെലവ് കൂടുമ്പോള്‍ രണ്ടുപേരുടെ ശമ്പളമുള്ള കുടുംബങ്ങള്‍ക്ക് മാത്രം ഇത് താങ്ങാനാകുന്നതാകാം കാരണം, അല്ലെങ്കില്‍ സ്ത്രീകള്‍ക്ക് കുടുംബവും ജോലിയും തമ്മില്‍ തെരഞ്ഞെടുപ്പ് നടത്തേണ്ടിവരുന്നതാകാം. ആബെയുടെ സര്‍ക്കാര്‍ ഗോള്‍ഡ്‌മാന്‍ സാക്സിലെ കാത്തി മാറ്റ്‌സുയിയെപ്പോലെയുള്ള ആളുകളുടെ അഭിപ്രായം മാനിച്ച് തൊഴില്‍ സ്ഥലത്ത് ലിംഗസമത്വനടപടികള്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നുണ്ട്—ഇതൊരു സ്വീകാര്യമായ പോളിസിയാണ്.

ഇത്തരം നല്ല നടപടികള്‍ ഉണ്ടെങ്കിലും ജനനനിരക്ക് പ്രോത്സാഹിപ്പിക്കാന്‍ ജപ്പാന് ഇനിയും ഏറെ കാര്യങ്ങള്‍ ചെയ്യാനാകും. 

പ്രധാനമായ ഒരു കാര്യം ഹൌസിംഗ് നിരക്ക് കുറയ്ക്കുക എന്നതാണ്. ഉയര്‍ന്ന വാടകകള്‍ക്ക് ജനനനിരക്കുമായി ബന്ധമുണ്ട്. അമേരിക്കന്‍ നഗരങ്ങളുമായി തട്ടിച്ചാല്‍ ജപ്പാനില്‍ വാടകനിരക്ക് കുറവാണെങ്കിലും അല്‍പ്പം കൂടി നഗര പ്രാന്ത പ്രദേശങ്ങള്‍ വികസിപ്പിക്കുന്നതില്‍ ശ്രദ്ധ കൊടുക്കാവുന്നതാണ്.

ഏറെ പ്രധാനമായി ചെയ്യാന്‍ കഴിയുന്ന മറ്റൊരു നയം ഫ്ലെക്സിബിളായ ജോലിസമയം കൊണ്ടുവരിക എന്നതാണ്. ആബെ സര്‍ക്കാര്‍ ഇപ്പോള്‍ തന്നെ തൊഴില്‍സമയം കുറയ്ക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ട്. എങ്കിലും ഇതിനെതിരെ എതിര്‍പ്പുകളും ശക്തമാണ്. സാംസ്കാരികമായി തന്നെ കൂടുതല്‍ സമയം ജോലി ചെയ്യാന്‍ താല്‍പ്പര്യപ്പെടുന്നവരാണ് ജപ്പാന്‍കാര്‍. കമ്പനികളിലെ മാനേജ്മെന്റ് നിലപാടുകളിലെ പോരായ്മകള്‍ കാരണം പല കമ്പനികള്‍ക്കും പിടിച്ചുനില്‍ക്കാന്‍ ആളുകള്‍ കൂടുതല്‍ സമയം ജോലി ചെയ്യേണ്ടതായി വരുന്നു.

മികച്ച ഒരു മാര്‍ഗം കമ്പനികളെ ജോലിക്കാര്‍ക്ക് ജോലി വീട്ടില്‍ കൊണ്ടുപോകാന്‍ അനുവദിക്കുക എന്നതാണ്. വീട്ടില്‍ ഇരുന്ന് ജോലി ചെയ്യുന്ന മാതാപിതാക്കള്‍ക്ക് ജോലി ചെയ്യുന്നതിനിടെ കുട്ടികളെ നോക്കാന്‍ കഴിയും. കുടുംബങ്ങള്‍ക്ക് കൂടുതല്‍ സമയം ഒരുമിച്ചുണ്ടാകാന്‍ കഴിയുകയും ചെയ്യും. ജപ്പാനിലെ പ്രത്യേകതരം ജോലിസമയങ്ങള്‍ കാരണം പല കുടുംബങ്ങളും ഒരുമിച്ചു അത്താഴം കഴിക്കാറില്ല. വീട്ടില്‍ ഇരുന്ന് ജോലി ചെയ്യാനായാല്‍ ആളുകള്‍ക്ക് അതൊക്കെ സാധിക്കും, കുട്ടികള്‍ ഉറങ്ങിയതിനു ശേഷം ഓഫീസ് ജോലികള്‍ തീര്‍ക്കാന്‍ കഴിയും. വൈകുന്നേരങ്ങളില്‍ ഒരേസമയത്ത് മാതാപിതാക്കള്‍ക്ക് വീട്ടില്‍ ഉണ്ടാകാന്‍ കഴിഞ്ഞാലും സ്വാഭാവികമായി കൂടുതല്‍ കുട്ടികള്‍ ഉണ്ടാകാനുള്ള സാധ്യതയേറും.

എന്നാല്‍ ഇത്തരം ജോലികള്‍ ജപ്പാനില്‍ അപൂര്‍വമാണ്. കോര്‍പ്പറേറ്റ് മാനേജര്‍മാര്‍ പലരും സെക്യൂരിറ്റി കാരണങ്ങള്‍ കൊണ്ട് വീടുകളില്‍ ജോലി അനുവദിക്കില്ല. പലര്‍ക്കും ജോലിക്കാരെ ഇടയ്ക്ക് മേല്‍നോട്ടം നടത്താന്‍ ആഗ്രഹവുമുണ്ട്. എന്നാല്‍ കൂടുതല്‍ കമ്പനികള്‍ ജോലികള്‍ വീട്ടില്‍ കൊണ്ടു പോകാന്‍ അനുവദിക്കുന്നതിന് സര്‍ക്കാര്‍ ഇടപെടലുകള്‍ നടത്തിയാല്‍ ഈ നിലപാട് മാറിയേക്കാം.

ഇത്തരത്തില്‍ ജോലി ചെയ്യാന്‍ അനുവദിക്കുന്നത് ഉല്‍പ്പാദനക്ഷമതയും ജീവിതസംതൃപ്തിയും വര്‍ദ്ധിപ്പിക്കും. ഇതാണ് ജപ്പാന് അത്യാവശ്യമായി വേണ്ട ഒരു കാര്യം. സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയിലെ നിക്കോളാസ് ബ്ലൂം, ജെയിംസ് ലിയാംഗ് എന്നിവര്‍ ഗവേഷണത്തിലൂടെ പറയുന്നത് ഇത്തരം റിമോട്ട് ജോലികള്‍ തൊഴില്‍ക്ഷമതയും സന്തോഷവും ആരോഗ്യവും വര്‍ധിപ്പിക്കും എന്നാണ്.

ജപ്പാന്‍ ആളുകളെ വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അനുവദിക്കണം. ആബെ മന്ത്രിസഭ കമ്പനികളെ ഈ സമ്പ്രദായം തുടങ്ങാന്‍ പ്രോത്സാഹിപ്പിക്കണം.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍