UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആ പൊങ്ങച്ചം നിര്‍ത്താം; ഫേസ്ബുക്ക് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ കാവല്‍ മാലാഖയല്ല

Avatar

കെയ്റ്റ്‌ലിന്‍ ഡെവെ
(വാഷിംഗ്ടണ്‍ പോസ്റ്റ്)

അഭിപ്രായ സ്വാതന്ത്ര്യത്തെ കുറിച്ച് ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സൂക്കര്‍ബര്‍ഗ് ശക്തമായ ഭാഷയില്‍ ‘ജെസ്യൂസ്ഷാര്‍ളി പ്രഖ്യാപനം’ നടത്തി രണ്ടാഴ്ച്ചയ്ക്ക് ശേഷം തുര്‍ക്കിയില്‍ പ്രവാചകന്‍ മുഹമ്മദിന്റെ ചിത്രങ്ങള്‍ സെന്‍സര്‍ ചെയ്യാന്‍ ഫേസ്ബുക്ക് സമ്മതിക്കുകയുണ്ടായി. ഷാര്‍ളി ഹെബ്ദോ ആക്രമണത്തിന് വഴിവെച്ച ചിത്രങ്ങളും സെന്‍സര്‍ ചെയ്യപ്പെടുന്നവയില്‍ ഉള്‍പ്പെടും. 

ഓണ്‍ലൈന്‍ പ്രസംഗങ്ങള്‍ യഥാര്‍ത്ഥത്തില്‍ എത്രമാത്രം സങ്കീര്‍ണവും സൂക്ഷ്മഭേദവുമാണെന്നുള്ളതിന് നല്ല ഉദാഹരണമാണ് ഇപ്പോഴത്തെ സംഭവവികാസങ്ങള്‍. സൂക്കര്‍ബര്‍ഗിന്റെ അഭിപ്രായസ്വാതന്ത്ര്യ പ്രഖ്യാപനത്തെ കുറിച്ച് നിരവധി ടെക് വിമര്‍ശകര്‍ ഉന്നയിച്ച അഭിപ്രായങ്ങള്‍ അക്ഷരം പ്രതി ശരിവയ്ക്കുന്ന കാര്യങ്ങളാണ് സംഭവിച്ചിരിക്കുന്നത്: വാഗ്ദാനങ്ങള്‍ കോരിച്ചൊരിയുന്നത് വളരെ നല്ല കാര്യമാണ്, പക്ഷെ ഫെയ്‌സ്ബുക്കിന്റെ ചരിത്രം അതിനെ പൂര്‍ണമായും പിന്തുണയ്ക്കുന്നില്ല എന്ന് മാത്രം. 

റഷ്യയിലെ ഇന്റര്‍നെറ്റ് നിയന്ത്രകരുടെ അഭ്യര്‍ത്ഥന മാനിച്ച് റഷ്യന്‍ നേതാവ് പുടിന്റെ കടുത്ത വിമര്‍ശകനായ അലക്‌സി നാവാല്‍നിയുടെ പേജ് സെന്‍സര്‍ ചെയ്യാന്‍ ഫേസ്ബുക്ക് സമ്മതിച്ചത് കഴിഞ്ഞ ഡിസംബറിലാണ്. (‘പുതിയ രാഷ്ട്രീയ പ്രതിഷേധ പ്രസ്ഥാനങ്ങളുടെ അടിത്തറയായി മാറാനുള്ള ഫേസ്ബുക്കിന്റെ ശേഷിയിലുള്ള പുതിയ പരിമിതികളുടെ’ സൂചനയാണിതെന്ന് വാഷിംഗ്ടണ്‍ പോസ്റ്റില്‍ മോസ്‌കോയില്‍ നിന്നും മൈക്കിള്‍ ബിര്‍ണ്‍ബോം എഴുതുന്നു.) സിറിയയിലേയും ചൈനയിലേയും വിമതരുമായി ബന്ധപ്പെട്ട പേജുകള്‍ എടുത്ത് മാറ്റിയതായി നേരത്തെ വിമര്‍ശകര്‍ സൈറ്റിനെതിരെ ആക്ഷേപം ഉന്നയിച്ചിരുന്നു; ടിബറ്റിന് വേണ്ടിയുള്ള അന്താരാഷ്ട്ര പ്രചാരണ സംഘം ഇപ്പോള്‍ ഫേസ്ബുക്കിന്റെ സെന്‍സര്‍ഷിപ്പിനെക്കുറിച്ചുള്ള ഒരു പരാതി പ്രചരിപ്പിക്കുകയാണ്. ഇതിനകം പരാതിയില്‍ 20,000 പേര്‍ ഒപ്പിട്ടുകഴിഞ്ഞു. 

സാങ്കേതികമായി ഇപ്പോള്‍ ഫേസ്ബുക്ക് ചൈനയില്‍ പ്രവര്‍ത്തിക്കുന്നില്ല. എന്നാല്‍ ചൈനയിലെ നിരവധി രാഷ്ട്രീയ നേതാക്കളുമായും ഇന്റര്‍നെറ്റ് നിയന്ത്രകരുമായും അവര്‍ നിരവധി കൂടിയാലോചനകള്‍ അടുത്തകാലത്ത് നടത്തിയിട്ടുണ്ട്. ചൈനയിലെ 648 മില്യണ്‍ വരുന്ന ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍ക്ക് ഫേസ്ബുക്ക് സൗകര്യം (കടുത്ത സെന്‍സര്‍ഷിപ്പോട് കൂടിയ) ഏര്‍പ്പെടുത്തുക എന്ന താല്‍പര്യമാണ് ഇതിന്റെ പിന്നിലുള്ളത്. അങ്കാറയില്‍ നിന്നുള്ള പ്രാദേശിക കോടതിയുടെ ഉത്തരവ് ലഭിച്ചതിന് ശേഷം ‘പ്രവാചകനായ മുഹമ്മദിനെ അധിഷേപിക്കുന്ന’ എണ്ണിത്തിട്ടപ്പെടുത്തിയിട്ടില്ലാത്ത പേജുകള്‍ ഫേസ്ബുക്ക് തടഞ്ഞ് വച്ചതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. ‘ഉത്തരവാദിത്വമുള്ള നിയമ സ്ഥാപനത്തിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് തുര്‍ക്കിയില്‍ ലഭ്യമാക്കാത്ത രീതിയില്‍ നിരവധി ഉള്ളടക്കങ്ങള്‍ തടഞ്ഞതായി’, വിഷയത്തെ കുറിച്ച് വ്യക്തമായ ധാരണയുണ്ടെങ്കിലും പൊതുവേദിയില്‍ സംസാരിക്കാന്‍ അധികാരമില്ലാത്ത ഒരു വ്യക്തി പോസ്റ്റിനോട് വെളിപ്പെടുത്തി. നേരത്തെ ഇത്തരം അഭ്യര്‍ത്ഥനകള്‍ സ്വീകരിക്കാന്‍ വിസമ്മതിച്ച ട്വിറ്ററും യുട്യൂബും പോലെയുള്ള സാമൂഹിക മാധ്യമങ്ങളെ രാജ്യത്ത് നിന്നു തന്നെ പൂര്‍ണമായും വിലക്കിയിരുന്നു. 

കുറഞ്ഞപക്ഷം സെന്‍സര്‍ഷിപ്പിന്റെ കാര്യത്തിലെങ്കിലും ഫേസ്ബുക്കിന് ഏറ്റവും കൂടുതല്‍ തലവേദന സൃഷ്ടിക്കുന്ന മേഖലകളില്‍ ഒന്നാണ് തുര്‍ക്കി. യുവ ഡിജിറ്റല്‍ വിദഗ്ധരുടെ സംഖ്യയില്‍ വന്നിട്ടുള്ള വര്‍ദ്ധനയും ദ്രുതഗതിയില്‍ പരിവര്‍ത്തനം ചെയ്യപ്പെടുന്ന രാജ്യത്തിന്റെ സാമ്പത്തികരംഗവും ചേര്‍ന്ന് യുഎസ് സാങ്കേതിക കമ്പനികള്‍ക്ക് ഏറ്റവും കൂടുതല്‍ മാനവശേഷി സംഭാവന ചെയ്യാന്‍ കഴിയുന്ന രാജ്യങ്ങളില്‍ ഒന്നാണ് തുര്‍ക്കി. 

എന്നാല്‍ 2014 വര്‍ഷത്തിലെ ആദ്യത്തെ ആറ് മാസത്തെ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഫേസ്ബുക്കിന്റെ സുതാര്യത റിപ്പോര്‍ട്ട് പ്രകാരം, ആ കാലയളവിനുള്ളില്‍ 1893 ഉള്ളടക്കങ്ങള്‍ തടയണമെന്നാണ് തുര്‍ക്കി ഫേസ്ബുക്കിനോട് ആവശ്യപ്പെട്ടത്. ഉള്ളടക്കങ്ങള്‍ തടയുന്നതിന്റെ എണ്ണത്തിന്റെ കാര്യത്തില്‍ തുര്‍ക്കി രണ്ടാം സ്ഥാനത്താണുള്ളത്. തുര്‍ക്കി സ്ഥാപകന്‍ മുസ്തഫ കെമാല്‍ അതാതുര്‍ക്ക്, പ്രസിഡന്റ്, തുര്‍ക്കി രാജ്യം എന്നിവയ്‌ക്കെതിരായ വിമര്‍ശനങ്ങള്‍ നിരോധിക്കുന്ന പ്രാദേശിക നിയമവൃത്തങ്ങളില്‍ നിന്നാണ് ഇതില്‍ മിക്ക ആവശ്യങ്ങളും ഉയര്‍ന്ന് വന്നിട്ടിട്ടുള്ളത്. (ഇത്തരം കാര്യങ്ങളെ തുര്‍ക്കി വളരെ ഗൗരവത്തോടെയാണ് കാണുന്നത്: പ്രസിഡന്റ് തായിപ് എര്‍ദോഗനെ വിമര്‍ശിക്കുന്ന പ്രസ്താവന വായിച്ചു എന്ന ഒറ്റക്കുറ്റത്തിന് ഒരു യുവാവിനെ ഡിസംബറില്‍ തടവിലാക്കിയ കാര്യം നിങ്ങള്‍ കേട്ടിട്ടുണ്ടാവുമല്ലോ).

ഫേസ്ബുക്ക് ഒരു ആഗോള കമ്പനിയാണ്. അത് പ്രവര്‍ത്തിക്കുന്ന ഓരോ രാജ്യങ്ങളിലേയും നിയമങ്ങള്‍ അനുസരിക്കാനുള്ള ബാധ്യതയും അതിനുണ്ട്; തങ്ങള്‍ക്ക് സ്വീകാര്യമായ നിയന്ത്രണങ്ങള്‍ എന്തൊക്കെയാണെന്ന് തിരഞ്ഞെടുക്കാനൊന്നും ഫേസ്ബുക്കിന് സാധിക്കുകയുമില്ല. ‘ഉയര്‍ന്ന നിയമതടസങ്ങള്‍’ എന്ന് ഫേസ്ബുക്ക് വിശേഷിപ്പിക്കുന്ന കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന കോടതി ഉത്തരവുകളും വാറണ്ടുകളും സര്‍ക്കാര്‍ അഭ്യര്‍ത്ഥനകളും അനുസരിക്കുക എന്നത് കമ്പനിയുടെ ദീര്‍ഘകാല നയത്തിന്റെ ഭാഗമാണ് താനും. 

എന്നിരുന്നാലും, സുക്കര്‍ബര്‍ഗിന്റെ അഭിപ്രായ സ്വാതന്ത്ര്യത്തെ കുറിച്ചുള്ള കണ്ണ് ചുവപ്പിച്ചുകൊണ്ടുള്ള തീട്ടൂരം വന്ന് ദിവസങ്ങള്‍ക്കുള്ളില്‍ ഇത്തരത്തിലുള്ള തീരുമാനം വരുമ്പോള്‍ അതില്‍ ചില അഭംഗികളുണ്ട്. ഒരു വിദേശ സര്‍ക്കാരിന്റെ നിയമപരമായ അഭ്യര്‍ത്ഥന മാനിക്കുന്നതിന് ഫേസ്ബുക്കിനെ മാത്രം കുറ്റംപറയുന്നതില്‍ അര്‍ത്ഥമില്ല. അതിന് എത്രത്തോളം അടിച്ചമര്‍ത്തല്‍ സ്വഭാവം ഉണ്ടെങ്കില്‍ പോലും. പക്ഷെ, ഒരേസമയം രാഷ്ട്രീയ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ കാവല്‍ മാലാഖ ചമയുകയും അതേ സമയം ഫേസ്ബുക്ക് സെന്‍സര്‍ഷിപ്പിന് കുടപിടിക്കുകയും ചെയ്യുക? കുറഞ്ഞ പക്ഷം അതൊരു സത്യസന്ധതയില്ലാത്ത പ്രവര്‍ത്തിയാണെന്നെങ്കിലും പറയേണ്ടി വരും. 

‘ആക്രമണഭീതിയില്ലാതെ നിങ്ങള്‍ക്ക് സ്വതന്ത്രമായി അഭിപ്രായപ്രകടനം നടത്താന്‍ പറ്റുന്ന സേവനം പ്രദാനം ചെയ്യുന്നതിന് ഞാന്‍ പ്രതിജ്ഞബദ്ധനാണ’, തന്റെ ഹെബ്ദോ പ്രസ്താവനയില്‍ സുക്കര്‍ബര്‍ഗ് ആണയിടുന്നു. 

എന്നാല്‍ ആ നക്ഷത്ര ചിഹ്നം അദ്ദേഹം മറന്ന് പോകുന്നു: ‘നിങ്ങളുടെ നാട്ടിലെ സെന്‍സര്‍ഷിപ്പ് നിയമങ്ങള്‍ നിങ്ങള്‍ പാലിക്കുകയും, ആ രാജ്യം അത് തടഞ്ഞുവെക്കാന്‍ ഞങ്ങളോട് ആവശ്യപ്പെടുകയും ചെയ്യാതിരിക്കുന്നപക്ഷം,’ എന്നും കൂടി സുക്കര്‍ബര്‍ഗ് കൂട്ടിച്ചേര്‍ക്കുന്നു. 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍